രാച്ചിയമ്മ വിവാദം; പാര്‍വതിയെ അനുകൂലിച്ച് ആരാധകര്‍, അക്കമിട്ട് മറുപടിയുമായി ഡോ. ബിജു

മലയാള സിനിമയില് വെളുത്ത തൊലിയുള്ള നിരവധി നടീ-നടന്മാര് കറുത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുട്ട്.
 | 
രാച്ചിയമ്മ വിവാദം; പാര്‍വതിയെ അനുകൂലിച്ച് ആരാധകര്‍, അക്കമിട്ട് മറുപടിയുമായി ഡോ. ബിജു

കൊച്ചി: ഛായാഗ്രാഹകന്‍ വേണുവിന്റെ പുതിയ ചിത്രം രാച്ചിയമ്മ വിവാദത്തില്‍. ഉറൂബിന്റെ പ്രശസ്ത നോവല്‍ രാച്ചിയമ്മയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് നടി പാര്‍വതിയെയാണ്. എന്നാല്‍ രാച്ചിയമ്മയെ കറുത്ത നിറമുള്ള ദളിത് സ്ത്രീയാണെന്നും പാര്‍വതിയെപ്പോലുള്ള വെളുത്ത നിറമുള്ള നടിയെ അത്തരമൊരു കഥാപാത്രമാക്കി മാറ്റുന്നത് ഉചിതമല്ലെന്നുമാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

വിഷയത്തില്‍ സംവിധായകന്‍ കൂടിയായ ഡോ. ബിജു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജുവിന്റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ചില പ്രേക്ഷകരും രംഗത്ത് വന്നിട്ടുണ്ട്.

‘കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ്സ് നടത്തുന്ന കാലത്തില്‍ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതില്‍ വലിയ അത്ഭുതം ഒന്നുമില്ല..മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പി.കെ.റോസി മുതല്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയില്‍ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്..എന്നിട്ടും…’ ഇങ്ങനെ നീളുന്നു ബിജുവിന്റെ വിമര്‍ശനം.

മലയാള സിനിമയില്‍ വെളുത്ത തൊലിയുള്ള നിരവധി നടീ-നടന്‍മാര്‍ കറുത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ ബിജുവിന് മറുപടിയായി കമന്റ് ചെയ്തു. മമ്മൂട്ടിയുടെ പൊന്തന്മാടയിലെ കഥാപാത്രത്തെയും കന്മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനുവിനെയും ഉദാഹരിച്ചാണ് മിക്ക കമന്റുകളും. എന്നാല്‍ പൊന്തന്മാട ഉള്‍പ്പെടെയുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട കാലഘട്ടത്തില്‍ നിന്നും ഏറെ നാം മാറികഴിഞ്ഞുവെന്നും പുതിയ സാഹചര്യവുമായി അവയെ രാച്ചിയമ്മയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും ബിജു മറുപടി പറയുന്നു.

ഡോ. ബിജുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ്സ് നടത്തുന്ന കാലത്തില്‍ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതില്‍ വലിയ അത്ഭുതം ഒന്നുമില്ല..മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പി.കെ.റോസി മുതല്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയില്‍ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്..എന്നിട്ടും…ഓ മറന്നു പോയി..മലയാള സിനിമ എന്നാല്‍ വെളുത്ത ശരീരം, സവര്‍ണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ..ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തില്‍ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമ്പോള്‍ വെളുത്ത ശരീരം കറുപ്പിക്കാന്‍ ബ്‌ളാക്ക് പെയിന്റും ബ്രഷും വാങ്ങാന്‍ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവര്‍ത്തകരും ആ പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്..

കലയും രാഷ്ട്രീയവും ഒക്കെ ലോകമെമ്പാടും സാമ്പ്രദായിക സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന ഒരു കാലമാണ്..ലോകത്തെ ഏറ്റവും പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയില്‍ ഈ വര്‍ഷം ജൂറി പ്രസിഡന്റ് ആകുന്നത് സ്‌പൈക് ലീ എന്ന കറുത്ത വംശജനായ സംവിധായകന്‍ ആണ്..

ഹാറ്റി മക് ഡാനിയേല്‍ എന്ന കറുത്ത വംശജയായ അമേരിക്കന്‍ നടി ചരിത്രത്തില്‍ ആദ്യമായി ഒരു ഓസ്‌കാര്‍ നേടിയിട്ട് 80 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു..(1939 ല്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം).2018 ല്‍ ഒപ്‌റാഹ് വിന്‍ഫ്രി എന്ന കറുത്ത വംശജയായ നടിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ്നുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുമ്പോള്‍ അവര്‍ നടത്തിയ മറുപടി പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. കറുത്ത നിറമുള്ള.ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നില്‍ക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല.

അത് ഇവിടെ മലയാള സിനിമയില്‍ നില നില്‍ക്കുന്ന സോഷ്യല്‍ ക്‌ളാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണ്. നിങ്ങളുടെ സിനിമയില്‍ ആരഭിനയിക്കണം എന്നതും വെളുത്ത ശരീരം കറുപ്പടിച്ചു നിറം മാറ്റി അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം..നിങ്ങളുടെ അവകാശം..അതിനൊന്നും കുഴപ്പമില്ല പക്ഷെ നാളെ വീണ്ടും പുരോഗമന സാമൂഹിക കാഴ്ചപ്പാടും നിറത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രസക്തിയും പി.കെ.റോസിയുടെ പേരും ഒക്കെ നിങ്ങള്‍ തന്നെ പറയുന്നത് കേള്‍ക്കേണ്ടി വരുമല്ലോ എന്ന് വെറുതെ ഓര്‍ത്തു പോയി…