കാവേരി, തൂത്തുക്കുടി നിലപാടുകള്‍; രജനികാന്തിന്റെ പേരില്‍ പാ രഞ്ജിത്തിന്റെ സിനിമ ആക്രമിക്കപ്പെടുന്നു

തമിഴ് സൂപ്പര്സ്റ്റാര് രജനികാന്തിന്റെ രാഷ്ട്രീയ നിലപാടുകളില് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങള് രജനിയുടെ പുതിയ സിനിമകളെ സാരമായി ബാധിക്കുമെന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുള്ള വാര്ത്തകള്. കബാലി, മദ്രാസ് തുടങ്ങിയ ദളിത് രാഷ്ട്രീയ കാഴ്ച്ചപ്പാടുകള് അവതരിപ്പിച്ച സിനിമയുടെ സംവിധായകനായ പാ രഞ്ജിത്താണ് രജനിയുടെ പുതിയ സിനിമയായ കാല ഒരുക്കിയിരിക്കുന്നത്. രജനിയുടെ നിലപാടുകള് പ്രതികൂലമായി ബാധിക്കാന് പോകുന്നതും ജൂണ് ആദ്യവാരം റിലീസ് ചെയ്യുന്ന ഈ സിനിമയെ ആയിരിക്കും. ഷങ്കറിന്റെ 2.0 ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
 | 

കാവേരി, തൂത്തുക്കുടി നിലപാടുകള്‍; രജനികാന്തിന്റെ പേരില്‍ പാ രഞ്ജിത്തിന്റെ സിനിമ ആക്രമിക്കപ്പെടുന്നു

കൊച്ചി: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങള്‍ രജനിയുടെ പുതിയ സിനിമകളെ സാരമായി ബാധിക്കുമെന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. കബാലി, മദ്രാസ് തുടങ്ങിയ ദളിത് രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ച സിനിമയുടെ സംവിധായകനായ പാ രഞ്ജിത്താണ് രജനിയുടെ പുതിയ സിനിമയായ കാല ഒരുക്കിയിരിക്കുന്നത്. രജനിയുടെ നിലപാടുകള്‍ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നതും ജൂണ്‍ ആദ്യവാരം റിലീസ് ചെയ്യുന്ന ഈ സിനിമയെ ആയിരിക്കും. ഷങ്കറിന്റെ 2.0 ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

കാവേരി വിഷയവുമായി ബന്ധപ്പെട്ട് രജനി കര്‍ണാടക സര്‍ക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്ന വിമര്‍ശനം കന്നട നാടിനെ ചൊടിപ്പിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ കാല പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് കന്നട ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പ്രശ്‌നപരിഹാരത്തിനായി തമിഴ് നിര്‍മാതാക്കളുടെ സംഘടനയിലെ നേതാവ് വിശാലും നടന്‍ പ്രകാശ് രാജും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പുതിയ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കാല പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ്.

തൂത്തുക്കുടി വെടിവെപ്പിന് കാരണം സമര പ്രവര്‍ത്തകരാണെന്ന് രജനി ആരോപിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. രജനിയുടെ ഇത്തരം നിലപാടുകള്‍ അദ്ദേഹം അഭിനയിക്കുന്ന സിനിമകളെ ബാധിക്കുമെന്നും സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയ പ്രവേശത്തിന് ശേഷം രജനി നടത്തിയ പല പ്രസ്താവനകളും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രജനി ഒരു അഭിനേതാവ് മാത്രമായിരിക്കെ അദ്ദേഹത്തിന്റെ സിനിമയെന്ന പട്ടം നല്‍കി കാലയെ ബഹിഷ്‌കരിക്കേണ്ടതില്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. തമിഴ് ദളിത് സിനിമാവിഷ്‌കാരങ്ങളുടെ ആധുനിക രൂപമാണ് പാ രഞ്ജിത്തിന്റെ സിനിമകളെന്നാണ് പൊതുവെ നിലനില്‍ക്കുന്ന നിരീക്ഷണം. അതുകൊണ്ടു തന്നെ രജനിയുടെ സിനിമ എന്ന രീതിയില്‍ കാലയെ ആക്രമിക്കരുതെന്ന് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.