ആടൈ റിലീസ് അവസാന നിമിഷം റദ്ദാക്കി; കാരണം സാമ്പത്തിക പ്രതിസന്ധി

അഭിനയ ജീവിതത്തില് അമല പോളിന്റെ തലവര മാറ്റുമെന്ന് കരുതിയിരുന്ന ആടൈയുടെ റിലീസ് അവസാന നിമിഷം മുടങ്ങി.
 | 
ആടൈ റിലീസ് അവസാന നിമിഷം റദ്ദാക്കി; കാരണം സാമ്പത്തിക പ്രതിസന്ധി

ചെന്നൈ: അഭിനയ ജീവിതത്തില്‍ അമല പോളിന്റെ തലവര മാറ്റുമെന്ന് കരുതിയിരുന്ന ആടൈയുടെ റിലീസ് അവസാന നിമിഷം മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ റിലീസ് മുടങ്ങിയതെന്നാണ് സൂചന. പണം നല്‍കാത്തതിനെത്തുടര്‍ന്ന് തീയേറ്ററുകളിലേക്ക് സ്‌ക്രീനിംഗ് ഡെലിവറി മെസേജ് ലഭിച്ചില്ല. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

മോണിംഗ് ഷോയും മീഡിയ ഷോയും മുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് വ്യാഴാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലും ഇന്ന് റിലീസ് ചെയ്യാനിരുന്നതാണ്. അമലയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും റിലീസിനായി കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും അമലയുടെ ബോള്‍ഡ് ലുക്കിനാല്‍ വ്യത്യസ്തമായിരുന്നു.

തമിഴ് ചിത്രങ്ങള്‍ക്ക് സ്ഥിരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് ആടൈക്കും സംഭവിച്ചതെന്നാണ് വിലയിരുത്തുന്നത്. വിജയ് സേതുപതി നായകനായ സിന്ധുബന്ധ് എന്ന ചിത്രത്തിന്റെ റിലീസും ഈ വിധത്തില്‍ അടുത്തിടെ മുടങ്ങിയിരുന്നു. ആടൈ നഗ്നതാ പ്രദര്‍ശനമാണെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് അനൈത് മക്കള്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ പരാതി നല്‍കിയിരുന്നു.