രജനികാന്തിനേയും കമലഹാസനേയും സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകൻ കെ.ബാലചന്ദർ ഗുരുതര നിലയിൽ

തമിഴ് സിനിമയിലെ ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.ബാലചന്ദർ ഗുരുതര നിലയിൽ. മൂത്രാശയത്തിലെ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ഐ.യി.യുവിലേയ്ക്ക് മാറ്റിയത്.
 | 

രജനികാന്തിനേയും കമലഹാസനേയും സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകൻ കെ.ബാലചന്ദർ ഗുരുതര നിലയിൽ

തിരുച്ചി: തമിഴ് സിനിമയിലെ ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.ബാലചന്ദർ ഗുരുതര നിലയിൽ. മൂത്രാശയത്തിലെ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ഐ.യി.യുവിലേയ്ക്ക് മാറ്റിയത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാലചന്ദറിനെ തിരിച്ചിയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രജനികാന്തിനേയും കമലഹാസനേയും തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ ഡയറക്ടറാണ് കെ.ബാലചന്ദർ. അദ്ദേഹം 1974ൽ സംവിധാനം ചെയ്ത ‘അവൾ ഒരു തുടർക്കഥൈ’ എന്ന ചിത്രത്തിലാണ് കമലഹാസൻ ആദ്യമായി സിനിമയിലെത്തിയത്. ബാലചന്ദറിന്റെ 1975ലെ ചിത്രമായ ‘അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു രജനീകാന്തിന്റെ രംഗപ്രവേശം. നടൻ പ്രകാശ് രാജിനേയും അഭിനയ രംഗത്തേക്ക് കൊണ്ടുവന്നത് ബാലചന്ദറാണ്. 45 വർഷം നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2006ൽ ഇറങ്ങിയ ‘പൊയ്’ ആണ് അവസാന ചിത്രം. ‘അപൂർവ്വ സഹോദരങ്ങൾ’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ബാലചന്ദർ.

സിനിമയിലേക്ക് തന്നെ കൈപിടിച്ച് ഉയർത്തിയ പ്രിയ സംവിധായകന്റെ രോഗവിവിരമറിഞ്ഞ് കമലഹാസൻ ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഉത്തമവില്ലന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചൽസിലുള്ള കമൽ, ദിവസങ്ങൾ മുൻപ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം മാത്രം മടങ്ങിയാൽ മതിയെന്നും അപ്പോൾ നേരിൽ കാണാമെന്നും ബാലചന്ദർ പറഞ്ഞതായി കമൽ അറിയിച്ചു. സംസാരത്തിനിടെ അദ്ദേഹം ഉത്തമവില്ലൻ കാണണമെന്ന താൽപര്യം പ്രകടിപ്പിച്ചതായും കമൽ പറഞ്ഞു.

പ്രമുഖ തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു ബാലചന്ദറിനെ ആശുപത്രിയിൽ സന്ദർശിച്ചു. അദ്ദേഹം വേഗം സുഖം പ്രാപി്ക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഖുശ്ബു പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.