വിജയ് ചിത്രം മാസ്റ്ററിന്റെ നിര്‍മാതാവിന് എതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ്

ഇന്ന് തീയേറ്ററുകളില് എത്തിയ വിജയ് ചിത്രം മാസ്റ്ററിന്റെ നിര്മാതാവിന് എതിരെ കോപ്പിറൈറ്റ് കേസ്.
 | 
വിജയ് ചിത്രം മാസ്റ്ററിന്റെ നിര്‍മാതാവിന് എതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ്

ഇന്ന് തീയേറ്ററുകളില്‍ എത്തിയ വിജയ് ചിത്രം മാസ്റ്ററിന്റെ നിര്‍മാതാവിന് എതിരെ കോപ്പിറൈറ്റ് കേസ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ പകര്‍പ്പവകാശ ലംഘനമുണ്ടായെന്ന് ആരോപിച്ച് ഒരു സ്വകാര്യ കമ്പനി നല്‍കിയ പരാതിയിലാണ് നിര്‍മാതാവ് സേവിയര്‍ ബ്രിട്ടോയ്ക്ക് എതിരെ കേസെടുത്തത്. പരിപാടിയില്‍ അനുമതിയില്ലാതെ മറ്റൊരു ചിത്രത്തിലെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി സിബിസിഐഡിക്ക്  നിര്‍ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മാസ്റ്റര്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സ്‌ക്രീനുകളില്‍ എത്തിയതിന് തലേന്നാണ് നിര്‍മാതാവിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പ് ചെന്നൈയില്‍ വെച്ചായിരുന്നു ചടങ്ങ്.

ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയില്‍ ആരാധകരുടെ ആവശ്യപ്രകാരം വിജയ് അഭിനയിച്ച മറ്റു ചിത്രങ്ങളിലെ ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇത് പകര്‍പ്പവകാശ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഓഡിയോ ലോഞ്ച് സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നു.