ഛായാഗ്രാഹകൻ അശോക് കുമാർ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ അശോക് കുമാർ അന്തരിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
 | 

ഛായാഗ്രാഹകൻ അശോക് കുമാർ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ അശോക് കുമാർ അന്തരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 125 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ച അശോക് കുമാർ അഗർവാൾ എന്ന അശോക് കുമാറിന് 1980-ൽ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ കോവിൽപ്പെട്ടി വീരലക്ഷ്മിയാണ് അദ്ദേഹം ഏറ്റവും ഒടുവിൽ ഛായാഗ്രണം നിർവഹിച്ച ചിത്രം. ഭരതൻ, എൻ.ശങ്കരൻ നായർ, പ്രതാപ് പോത്തൻ, പി.വാസു എന്നിവരോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം തമിഴ് സംവിധായകൻ ജെ.മഹേന്ദ്രയുടെ സ്ഥിരം ക്യാമറാമാൻ ആയിരുന്നു. ആറ് സിനിമകൾ സംവിധാനം ചെയ്തു.

1969-ലും 1973-ലും 1977-ലും മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നെഞ്ചത്തൈ കിള്ളാതെ(1980), അന്ട്രു പെയ്ത മഴയിൽ(1988) എന്നീ ചിത്രങ്ങളിലൂടെ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2000-ൽ ശ്രീ സായി മഹിമ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള നന്ദി അവാർഡും അദ്ദേഹത്തെ തേടിയെത്തി.

കുട്യേടത്തി, ലോറി, തകര, മഞ്ഞിൽവിരിഞ്ഞ പൂക്കൾ, നവംബറിന്റെ നഷ്ടം, ഡെയ്‌സി, ഒരുക്കം, മൈ ഡിയർ കുട്ടിച്ചാത്തൻ, പറന്ന് പറന്ന് പറന്ന്, ഉല്ലാസപറവകൾ, വസന്തകാല പറവകൾ, ജോണി, നടികൻ, ജീൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു അശോക് കുമാർ.