ഇന്ത്യന്‍-2 ചിത്രീകരണത്തിനിടയിലെ അപകടം; മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ ഹാസന്
ചെന്നൈ: ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍-2വിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ ഹാസന്. ബുധനാഴ്ച രാത്രിയാണ് സിനിമയുടെ ചിത്രീകരണം നടന്ന പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ അപകടമുണ്ടായത്. ലൈറ്റുകള്‍ സ്ഥാപിക്കാന്‍ എത്തിച്ച ക്രെയിന്‍ അപ്രതീക്ഷിതമായി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ സഹ സംവിധായകന് കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന് നിര്‍മാണസഹായി മധു എന്നിവര്‍ മരിച്ചു.
ക്രെയിനിന് താഴെയുണ്ടായിരുന്ന ടെന്റില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. ഷൂട്ടിങ് പൂര്‍ത്തിയാക്കി കമല്‍ഹാസനും സംവിധായകന് ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരും ഉടന്‍ തിരിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
‘പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും’ എന്നാണ് കമല്‍ പറഞ്ഞത്.