ലിങ്ക നഷ്ടത്തിലേക്കെന്ന് വിതരണക്കാർ

രജനികാന്ത് ചിത്രം ലിങ്ക പരാജയമാണെന്നും നഷ്ടത്തിലേക്കാണ് പോകുന്നതെന്നും ചിത്രത്തിന്റെ അംഗീകൃത വിതരണക്കാരായ വേന്താർ മൂവീസ്. അർദ്ധവാർഷിക പരീക്ഷയുടെ സമയത്ത് ചിത്രം റിലീസ് ചെയ്തതാണ് നഷ്ടത്തിലാകാൻ പ്രധാന കാരണമെന്ന് വേന്താർ മൂവീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
 | 

ലിങ്ക നഷ്ടത്തിലേക്കെന്ന് വിതരണക്കാർ
ചെന്നൈ:
രജനികാന്ത് ചിത്രം ലിങ്ക പരാജയമാണെന്നും നഷ്ടത്തിലേക്കാണ് പോകുന്നതെന്നും ചിത്രത്തിന്റെ അംഗീകൃത വിതരണക്കാരായ വേന്താർ മൂവീസ്. അർദ്ധവാർഷിക പരീക്ഷയുടെ സമയത്ത് ചിത്രം റിലീസ് ചെയ്തതാണ് നഷ്ടത്തിലാകാൻ പ്രധാന കാരണമെന്ന് വേന്താർ മൂവീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

രജനി ചിത്രമായത് കൊണ്ട് മികച്ച കലക്ഷൻ നേടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നും വിമർശമുയർന്നു. പരീക്ഷ കഴിഞ്ഞ് ക്രിസ്തുമസ് അവധിക്ക് സ്‌കൂളുകൾ അടച്ചതോടെ കുടുംബങ്ങൾ സിനിമ കാണാൻ വരുമെന്നാണ് വിതരക്കാരുടെ കണക്കുകൂട്ടൽ.

രജനി ചിത്രത്തിന് ആരാധകപ്രവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ചായിരുന്നു സിനിമ നിർമിച്ചത്. എന്നാൽ ആദ്യദിനം തന്നെ മോശം അഭിപ്രായം ഉയർന്നതും ശരാശരിയിൽ താഴ്ന്ന സംവിധാനമാണ് ചിത്രത്തിന്റേത് എന്ന പ്രചരണമുണ്ടായതും തിരിച്ചടിയായി. നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് തിയേറ്ററുകാരും വിതരണക്കാരും രംഗത്തെത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുൻപ് ബാബ പരാജയപ്പെട്ടതിനെ തുടർന്ന് വിതരണക്കാർക്ക് രജനി നഷ്ടപരിഹാരം നൽകിയിരുന്നു.

രജനി ഡബിൾ റോളിലെത്തിയ ചിത്രത്തിന്റെ സംവിധാനം കെ.എസ് രവികുമാറാണ്. അനുഷ്‌ക ഷെട്ടിയും സോനാക്ഷി സിൻഹയുമാണ് നായികമാർ. എ.ആർ.റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.