നയന്‍താരയുടെ പുതിയ തമിഴ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതിയുടെ സ്‌റ്റേ

നയന്താരയുടെ പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു
 | 
നയന്‍താരയുടെ പുതിയ തമിഴ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതിയുടെ സ്‌റ്റേ

ചെന്നൈ: നയന്‍താരയുടെ പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ‘കൊലൈയുതിര്‍ കാലം’ എന്ന ത്രില്ലറിന്റെ റിലീസാണ് സ്‌റ്റേ ചെയ്തത്. ചിത്രത്തിന്റെ പേരില്‍ പകര്‍പ്പവകാശ തര്‍ക്കം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തമിഴ് എഴുത്തുകാരനായിരുന്ന സുജാത രംഗരാജന്റെ കൊലൈയുതിര്‍ കാലം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പേരിന്റെ പകര്‍പ്പവകാശം താന്‍ സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്ന് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നുവെന്ന അവകാശവാദവുമായി സംവിധായകന്‍ ബാലാജി കുമാര്‍ രംഗത്തെത്തി. തന്റെ അനുമതി കൂടാതെ ഈ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ബാലാജി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

21-ാം തിയതി കേസ് വീണ്ടും പരിഗണിക്കും. അന്ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ചക്രി ടോലേടിയാണ് കൊലൈയുതിര്‍കാലത്തിന്റെ സംവിധായകന്‍. ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരും കൊലൈയുതിര്‍ കാലത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.