സിൽക്ക് സ്മിത ഓർമ്മയായിട്ട് ഇന്ന് 18 വർഷം

തെന്നിന്ത്യൻ മാദക സുന്ദരി സിൽക്ക് സ്മിത ഓർമ്മയായിട്ട് ഇന്ന് 18 വർഷം. അഭ്രപാളിയിൽ നിന്നും കാലയവനികയിക്കുള്ളിലേക്ക് മറഞ്ഞെങ്കിലും 18 വർഷങ്ങൾക്കിപ്പുറവും സിൽക്ക് സ്മിതയെന്ന വിസ്മയം ഇന്നും ആരാധകർക്കിടയിൽ നിറഞ്ഞ് നിൽക്കുന്നു.
 | 

തെന്നിന്ത്യൻ മാദക സുന്ദരി സിൽക്ക് സ്മിത ഓർമ്മയായിട്ട് ഇന്ന് 18 വർഷം. അഭ്രപാളിയിൽ നിന്നും കാലയവനികയിക്കുള്ളിലേക്ക് മറഞ്ഞെങ്കിലും 18 വർഷങ്ങൾക്കിപ്പുറവും സിൽക്ക് സ്മിതയെന്ന വിസ്മയം ഇന്നും ആരാധകർക്കിടയിൽ നിറഞ്ഞ് നിൽക്കുന്നു.

1960-ൽ വിജയവാഡയിലെ ഏളൂർ എന്ന ഗ്രാമത്തിൽ ജനിച്ച വിജയ ലക്ഷ്മിയെന്ന സിൽക്ക് സ്മിതയെ പട്ടിണിയാണ് മദ്രാസിലെ സിനിമാ നഗരത്തിലേക്ക് എത്തിച്ചത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിന് ശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക് എന്ന പേര് ആരാധകർ നൽകി.

മൂന്നാം പിറ എന്ന സിനിമയിലെ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്ക് കൈ പിടിച്ചുയർത്തി. തുടർന്നുള്ള വർഷങ്ങളിൽ ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ. ഇത് കൂടാതെ ചില ബോളിവുഡ് സിനിമകളിലും സ്മിത വേഷമിട്ടു. പതിനഞ്ചു വർഷക്കാലമാണ് സിൽക്ക് ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ചത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലെയും അക്കാലത്തെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും സിൽക്ക് അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. വിവാദവും സ്മിതയെ വിടാതെ പിന്തുടർന്നു.

സിനിമാ സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയിൽ പണവും പ്രശസ്തിയും വർദ്ധിച്ചപ്പോൾ സ്മിത ജീവിക്കാൻ മറന്നു പോയെന്നു കരുതുന്നവരുണ്ട്. അവസാനം ഗോസിപ്പുകളും പ്രണയ പരാജയവും അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. അങ്ങനെ 1996 സെപ്തംബർ 23-ന് ചെന്നൈയിലെ വസതിയിൽ വച്ച് സിൽക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉയർച്ചയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെയായിരുന്നു സ്മിത തന്റെ 36-ാം വയസ്സിൽ വിട പറഞ്ഞത്.

സിൽക്കിന്റെ ജീവിതവും വിവിധ ഭാഷകളിൽ സിനിമയായിട്ടുണ്ട്. ഹിന്ദിയിൽ വിദ്യാ ബാലൻ വേഷമിട്ട ഡേർട്ടി പിക്ച്ചറും മലയാളത്തിൽ ക്ലൈമാക്‌സും സിൽക്കിന്റെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രങ്ങളാണ്. ഡേർട്ടി പിക്ച്ചറിലെ അഭിനയത്തിന് വിദ്യാ ബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. മറാത്തി ഭാഷയിലും സിൽക്കിന്റെ ജീവിതം സിനിമയാകുന്നുണ്ട്. അതിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.