നാനാപടേക്കറില്‍ നിന്ന് വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ല; പുതിയ നീക്കങ്ങള്‍ വിരട്ടല്‍ തന്ത്രത്തിന്റെ ഭാഗം; തനുശ്രീ ദത്ത

നാനാപടേക്കറിനെതിരെ വ്യാജ പീഡനാരോപണം ഉന്നയിച്ചതിന് നിയമനടപടികള് സ്വീകരിച്ചുവെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ പ്രതികരണത്തിനെതിരെ മറുപടിയുമായി തനുശ്രീ ദത്ത. നാനാപടേക്കറിന്റെ അഭിഭാഷകന് പറഞ്ഞത് പോലെ തനിക്ക് വക്കീല് നോട്ടീസൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം നീക്കങ്ങളൊക്കെ വിരട്ടല് തന്ത്രത്തിന്റെ ഭാഗമാണെന്നും തനുശ്രീ വ്യക്തമാക്കി. ലൈംഗികാരോപണം ഉന്നയിച്ചതിന് മാപ്പു പറയണമെന്നും വക്കീല് നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നുമായിരുന്നു അഭിഭാഷകന്റെ പ്രസ്താവന.
 | 

നാനാപടേക്കറില്‍ നിന്ന് വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ല; പുതിയ നീക്കങ്ങള്‍ വിരട്ടല്‍ തന്ത്രത്തിന്റെ ഭാഗം; തനുശ്രീ ദത്ത

ന്യൂഡല്‍ഹി: നാനാപടേക്കറിനെതിരെ വ്യാജ പീഡനാരോപണം ഉന്നയിച്ചതിന് നിയമനടപടികള്‍ സ്വീകരിച്ചുവെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ പ്രതികരണത്തിനെതിരെ മറുപടിയുമായി തനുശ്രീ ദത്ത. നാനാപടേക്കറിന്റെ അഭിഭാഷകന്‍ പറഞ്ഞത് പോലെ തനിക്ക് വക്കീല്‍ നോട്ടീസൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം നീക്കങ്ങളൊക്കെ വിരട്ടല്‍ തന്ത്രത്തിന്റെ ഭാഗമാണെന്നും തനുശ്രീ വ്യക്തമാക്കി. ലൈംഗികാരോപണം ഉന്നയിച്ചതിന് മാപ്പു പറയണമെന്നും വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നുമായിരുന്നു അഭിഭാഷകന്റെ പ്രസ്താവന.

തനിക്ക് നാനാപടേക്കറില്‍ നിന്ന് യാതൊരു വിധ നോട്ടീസും ലഭിച്ചിട്ടില്ല. സമാന അനുഭവമുള്ളവര്‍ തുറന്നു പറച്ചിലുമായി മുന്നോട്ട് വരുമെന്ന ഭയത്താലാണ് ഇത്തരം ഭീഷണി തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ആര്‍ക്കെങ്കിലും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരം വിരട്ടല്‍ തന്ത്രങ്ങളില്‍ അസ്വസ്ഥരാവരുത്. നിങ്ങളെ രാജ്യം മുഴുവന്‍ പിന്തുണയ്ക്കുമെന്നും തനുശ്രീ പറഞ്ഞു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെ ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു തനുശ്രീ നാനാപടേക്കറിനെതിരെ ഉന്നയിച്ച ആരോപണം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനുള്ള കരുനീക്കങ്ങള്‍ നടത്തുന്ന നാനാപടേക്കറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് പീഡനാരോപണം. ഒരു സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച തന്നെ ഗുണ്ടകളുടെ നേതൃത്വത്തില്‍ ആക്രമിച്ചത് പടേക്കറിന്റെ അനുമതിയോടെയാണെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.