ഉണ്ടയുടെ ചിത്രീകരണത്തിനായി വനം നശിപ്പിച്ചോയെന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്കുണ്ടായിരിക്കുന്ന നാശങ്ങള് പുനസ്ഥാപിക്കാനും വിഷയത്തില് വിട്ടുവീഴ്ച്ച ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും ഹൈക്കോടതി നാല് മാസം സമയം അനുവദിച്ചിട്ടുണ്ട്.
 | 
ഉണ്ടയുടെ ചിത്രീകരണത്തിനായി വനം നശിപ്പിച്ചോയെന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിനായി വനഭൂമി നശിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്കുണ്ടായിരിക്കുന്ന നാശങ്ങള്‍ പുനസ്ഥാപിക്കാനും വിഷയത്തില്‍ വിട്ടുവീഴ്ച്ച ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും ഹൈക്കോടതി നാല് മാസം സമയം അനുവദിച്ചിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വനനശീകരണം തടയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ കാറഡുക്ക റിസര്‍വ് ഫോറസ്റ്റായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍. വനഭൂമിയുടെ പാരിസ്ഥിതിക പ്രത്യേകതയും ആവാസ വ്യവസ്ഥയും പരിഗണിക്കാതെ വലിയ തോതില്‍ ചുവന്ന മണ്ണ് എത്തിച്ച് റോഡ് ഉണ്ടാക്കിയതും സെറ്റുകള്‍ക്ക് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും ചിത്രീകരണ ഘട്ടത്തില്‍ തന്നെ വിവാദമായിരുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ ചിത്രീകരണം നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കോടതി തള്ളുകയായിരുന്നു. വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്ന് ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം വനഭൂമി ഷൂട്ടിംഗിനായി നല്‍കിയത് ചട്ടങ്ങള്‍ പാലിച്ചാണെന്നും യാതൊരു വിധത്തിലും നിയമലംഘനം നടത്തിയിട്ടില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരായിരിക്കും അന്വേഷണം നടത്തുക.