താരസംഘടനയ്ക്ക് വീണ്ടും കത്തയച്ച് നടിമാര്‍; ഉന്നയിച്ച കാര്യങ്ങളില്‍ എ.എം.എം.എ മറുപടി നല്‍കണമെന്ന് ആവശ്യം

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്ക്ക് അന്ത്യശാസനവുമായി നടിമാരുടെ കൂട്ടായ്മ വിമെന് ഇന് സിനിമാ കളക്ടീവ്. താരസംഘടനയുമായി തങ്ങളുടെ പ്രതിനിധികള് നടത്തിയ ചര്ച്ചയില് ഉന്നയിച്ച കാര്യങ്ങളില് ഉടന് മറുപടി നല്കണെമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി കത്തയച്ചു. നടി ആക്രമണക്കേസില് വിചാരണ നേരിടുന്ന പ്രതി ദിലീപിനെ താരസംഘടനയില് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള് ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് താരസംഘടനയ്ക്ക് ഡബ്ല്യുസിസി കത്തയക്കുന്നത്.
 | 

താരസംഘടനയ്ക്ക് വീണ്ടും കത്തയച്ച് നടിമാര്‍; ഉന്നയിച്ച കാര്യങ്ങളില്‍ എ.എം.എം.എ മറുപടി നല്‍കണമെന്ന് ആവശ്യം

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്ക്ക് അന്ത്യശാസനവുമായി നടിമാരുടെ കൂട്ടായ്മ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. താരസംഘടനയുമായി തങ്ങളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉടന്‍ മറുപടി നല്‍കണെമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി കത്തയച്ചു. നടി ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന പ്രതി ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് താരസംഘടനയ്ക്ക് ഡബ്ല്യുസിസി കത്തയക്കുന്നത്.

നടന്‍ ദിലീപിനെ എ.എം.എം.എയിലേക്ക് തിരികെയെടുത്തതുമായി ബന്ധപ്പെട്ടാണ് ഡബ്ല്യുസിസി താരസംഘടനയുമായി പരസ്യമായി പോരിനിറങ്ങിയത്. തുടര്‍ന്ന് സമാവായ ചര്‍ച്ചകളുമായി എ.എം.എം.എ മുന്നോട്ടു വരികയായിരുന്നു. നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. തുടര്‍ന്ന് നടിമാരുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മറുപടി ആവശ്യപ്പെട്ട് താരസംഘടനയ്ക്ക് കത്തയച്ചിരിക്കുന്നത്.

തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് നടി രേവതി എ.എം.എം.എയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോടതി കുറ്റവിമുക്തനാക്കുന്നതു വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുത്. ഇതിനായി നിയമോപദേശം തേടണം. എ.എം.എം.എയില്‍ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ വേണം തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രധാനമായും ഡബ്ല്യുസിസി അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍. ഇക്കാര്യം പരിഗണിക്കാമെന്നാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഔദ്യോഗികമായ യാതൊരു തീരുമാനവും ഇതുവരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്തെഴുതിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ചേരുന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ ഡബ്ല്യൂ.സി.സി അംഗങ്ങളായ നടിമാര്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.