നുണകള്‍ പൊളിയുന്നു; നികേഷിന്റെ അറസ്റ്റിനു പിന്നിലെന്ത്?

ഒരു കമ്പനി നടത്തുമ്പോള് നമ്മുടേതല്ലാത്ത പ്രതികൂലഘടകങ്ങളാലും നമ്മുടേതായ മാനേജ്മേന്റ് പരിചയക്കുറവു കൊണ്ടും അധമര്ണ്ണതയോ സാമ്പത്തിക പ്രതിസന്ധികളോ വരുന്നത് അസാധാരണമല്ല. അതൊരു കുറ്റവുമല്ല. അത്തരം ഒരു വീഴ്ച സംഭവിക്കുമ്പോള് അതിനെ നിര്ഭയ മാധ്യമ പ്രവര്ത്തനത്തിനു വേണ്ടി വരിക്കേണ്ടിവന്ന ധീരരക്തസാക്ഷിത്വമായി ചിത്രീകരിക്കാന് വിഫലശ്രമം നടത്തുമ്പോള് നിങ്ങള് സ്വയം അപഹാസ്യനാവുകയാണ്.
 | 

അഡ്വ. അഷ്‌കര്‍ ഖാദര്‍ 

നുണകള്‍ പൊളിയുന്നു; നികേഷിന്റെ അറസ്റ്റിനു പിന്നിലെന്ത്?

നികേഷ് നിങ്ങളാരെയാണ് കബളിപ്പിക്കുന്നത്?

ഒരു കമ്പനി നടത്തുമ്പോള്‍ നമ്മുടേതല്ലാത്ത പ്രതികൂലഘടകങ്ങളാലും നമ്മുടേതായ മാനേജ്‌മേന്റ് പരിചയക്കുറവു കൊണ്ടും അധമര്‍ണ്ണതയോ സാമ്പത്തിക പ്രതിസന്ധികളോ വരുന്നത് അസാധാരണമല്ല. അതൊരു കുറ്റവുമല്ല. അത്തരം ഒരു വീഴ്ച സംഭവിക്കുമ്പോള്‍ അതിനെ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടി വരിക്കേണ്ടിവന്ന ധീര രക്തസാക്ഷിത്വമായി ചിത്രീകരിക്കാന്‍ വിഫലശ്രമം നടത്തുമ്പോള്‍ നിങ്ങള്‍ സ്വയം അപഹാസ്യനാവുകയാണ്.

നിങ്ങള്‍ ഈ രക്തസാക്ഷിത്വ പ്രഖ്യാപനത്തിലൂടെ ലക്ഷ്യം വെക്കുന്നത് മേലില്‍ കേന്ദ്ര എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ റിക്കവറി നടപടിയില്‍ നിന്നു പിന്തിരിപ്പിക്കുന്ന പ്രകാരം ഒരു സമ്മര്‍ദ്ദ ശക്തിയാകുമാറു പൊതുജനാഭിപ്രായം രൂപീകരിക്കുക എന്നതല്ലേ എന്ന് സംശയം വരിക സ്വാഭാവികമാണ്. സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിയമമനുശാസിക്കുന്ന അവരുടെ കര്‍ത്തവ്യമല്ലേ ടാക്‌സ് റിക്കവറിക്ക് നടത്തുന്ന ശ്രമം. അതിനെ ഉടുക്കുകൊട്ടലും ഒറ്റയ്ക്കു നില്‍ക്കുന്ന കുട്ടിയെ വിരട്ടാനാണെന്നുമൊക്കെ പറയുന്നത്ര നിയമനിരക്ഷരനാണോ ഒരു പ്രമുഖ ചാനല്‍ നടത്തുന്ന കമ്പനിയുടെ എം.ഡി? അതിനപ്പുറം വാക്കുണ്ടകള്‍ നിറച്ച തോക്കുചൂണ്ടി നാടു ഭരിക്കുന്നവരെ വരെ ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ജനകാമനയെ നെഞ്ചേറ്റുന്ന ഒരു ഇരുത്തം വന്ന മാധ്യമപ്രവര്‍ത്തകനല്ലേ താങ്കള്‍?

കിട്ടാക്കടം ആരുടെ കുറ്റം?

സേവനനികുതി നിയമപ്രകാരം ഒരു സര്‍വീസ് ദാതാവ് അതിന്റെ സ്വീകര്‍ത്താവിനു സര്‍വീസ് നല്കിയതിനോ സര്‍വീസ് വാഗ്ദാനം ചെയ്തുകൊണ്ടോ ബില്‍ നല്‍കിയ മാസമേതോ അതിനെ തുടര്‍ന്നുള്ള മാസം ആറാം തീയതി കേന്ദ്ര സര്‍ക്കാരിലടക്കണം. സര്‍വീസ് നല്‍കിയതോ സര്‍വീസിനുള്ള പണം സ്വീകരിച്ചതോ ഏതാണാദ്യം അന്നുമുതല്‍ ഒരു മാസത്തിനുള്ളില്‍ സര്‍വീസിനു ബില്‍ നല്‍കണമന്നുമാണു നിയമം. നിയമം അങ്ങനെയായിരിക്കെ നിങ്ങള്‍ നല്‍കിയ സേവനത്തിനു ബില്‍ നല്‍കിയിട്ടും സേവന സ്വീകര്‍ത്താവ് തുക നിങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ സ്വാഭാവികമായും തുക നിങ്ങള്‍ അടക്കേണ്ടി വരും. അങ്ങയുടെ കമ്പനിയുടെ ഒരു കസ്റ്റമര്‍ അങ്ങയ്ക്ക് പണം നല്‍കാന്‍ വീഴ്ച വരുത്തിയാല്‍ അതു വസൂലാക്കാന്‍ നിങ്ങള്‍ക്ക് എന്തു നടപടി വേണമെങ്കിലും സ്വീകരിക്കാം. വേണമെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാം. കരാര്‍ ലംഘനത്തിനു വേണമെങ്കില്‍ ക്രിമിനല്‍ കേസെടുക്കാം. അതു നിങ്ങളുടെ ഫിസ്‌കല്‍ പ്രൂഡന്‍സിന്റെയും മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്വം.

നിങ്ങള്‍ക്ക് കിട്ടാനുള്ള പണം പിരിച്ചു നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെയോ എക്‌സൈസ് വകുപ്പിന്റെയോ ചുമതലയാണോ? സേവന നികുതി അവസാനമായി വന്നു പതിക്കുന്നത് സാധാരണക്കാരന്റെ ചുമലില്‍ തന്നെയാണ്. സര്‍ക്കാര്‍ സേവന മേഖലകളില്‍ നിന്നു പിന്‍വാങ്ങുകയും മറ്റുള്ളവര്‍ നല്‍കുന്ന സേവനത്തിനു കൊട്ടയില്‍ കൊള്ളാത്തത്ര ചുങ്കം പിരിക്കുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ ഇളവു ചെയ്തുകൊടുക്കുന്ന കോടിക്കണക്കിനു രൂപയുടെ ഫ്രീബിക്കും പൊതുപണം ദുര്‍വ്യയം ചെയ്ത് പൊതുഖജനാവിനു കമ്മി വരുത്തിവെക്കുന്ന മാറിമാറിവരുന്ന സര്‍ക്കാരുകളുടെ സാമ്പത്തിക അവിവേകത്തിനും പിഴയൊടുക്കേണ്ടി വരുന്നത് പാവം ജനങ്ങളാണ്. സേവന നികുതി വന്ന് വന്ന് 14 ശതമാനമായിരിക്കുന്നു. ഈ നിയമത്തിന്റെ ന്യൂനതകളെക്കുറിച്ചോ കുറഞ്ഞപക്ഷം നിങ്ങളെപോലുള്ള സ്റ്റാന്റ് എലോണ്‍ ചാനല്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ നിങ്ങളുടെ ചാനല്‍ പൊതുജന ശ്രദ്ധയെ ക്ഷണിച്ചിരുന്നോ? അവരെ ബോധ്യപ്പെടുത്തിയിരുന്നോ?

നിലവിലുള്ള നിയമത്തിലെ ദോഷകരമായ പ്രസക്ത വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമോ ന്യായീകരിക്കത്തക്കതോ അല്ലെന്നും അതിനാല്‍ അതു അസാധുവാക്കണമെന്നും ആവശ്യപ്പെടാതെ, ആ നിയമം അങ്ങനെ തന്നെ നിലനില്‍ക്കെ കിട്ടാക്കടമായി നില്‍ക്കുന്ന സേവന പ്രതിഫലത്തുകയില്‍ നിന്നും നികുതി പിരിക്കരുതെന്ന ആവശ്യം എങ്ങനെ നിലനില്‍ക്കും?

നുണകള്‍ പൊളിയുന്നു; നികേഷിന്റെ അറസ്റ്റിനു പിന്നിലെന്ത്?

 

ഒരു നുണ പൊളിയുന്നു

എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒന്നു ഉടുക്കില്‍ താളം പിടിച്ചപ്പോഴേക്കുമുണ്ടായ ഭയചകിത ജാള്യം മറക്കാന്‍ താങ്കളെഴുതിത്തുടങ്ങിയതു തന്നെ ഇങ്ങനെ: ‘1.42 കോടി രൂപയാണു ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ എന്ന കമ്പനി നടത്തുന്ന റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ചാനല്‍ സര്‍വ്വീസ് ടാക്‌സ് കൊടുക്കാനുള്ളത്. ഈ തുക ഞങ്ങള്‍ ഹൈക്കോടതിയില്‍ ‘ഡിസ്പ്യൂട്ട്’ ചെയ്തിട്ടുള്ളതാണ്’. ഇത് പച്ചക്കള്ളമല്ലേ നികേഷ്?

സര്‍വീസ് ടാക്‌സിനു വിധേയമായ ഏതെങ്കിലും സര്‍വീസ് നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും എക്‌സൈസ് വകുപ്പിനു ഒരു സെല്‍ഫ് അസസ്‌മെന്റ് റിട്ടേണ്‍ നല്‍കണം. തങ്ങള്‍ നല്‍കിയ സര്‍വ്വീസിന്റെ പ്രതിഫലത്തുകയുടെ നിയമമനുശാസിക്കുന്ന നിരക്കിലുള്ള സര്‍വീസ് ടാക്‌സിനെ സംബന്ധിച്ചുള്ള അസസ്‌മെന്റ് റിട്ടേണ്‍. അങ്ങനെ നിങ്ങളുടെ കമ്പനി നല്‍കിയ സെല്‍ഫ് അസസ്‌മെന്റ് റിട്ടേണ്‍ പ്രകാരം എക്‌സൈസ് അതോറിറ്റി നിശ്ചയിച്ച തുകയാണീ 1.42 കോടി. ഇനി അസസ് ചെയ്ത തുക സംബന്ധിച്ച് ഡിസ്പ്യൂട്ടുണ്ടെങ്കില്‍ ഹൈക്കോടതിയിലല്ലല്ലോ അപ്പീല്‍ നല്‍കേണ്ടത്. അതിനു ഫൈനാന്‍സ് ആക്ട് 84, 85 വകുപ്പുകള്‍ പ്രകാരം എക്‌സൈസ് കമ്മീഷണറെയാണ് സമീപിക്കേണ്ടത് . അപ്രകാരം എക്‌സൈസ് കമ്മീഷണര്‍ തീര്‍പ്പാക്കുന്ന ഉത്തരവിനെതിരെയുള്ള അപ്പീല്‍ അപ്പലേറ്റ് ട്രൈബ്യൂണലിലുമാണു നല്‍കേണ്ടത്.

എന്താണീ സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍?

നിങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ വിശദാംശങ്ങളിലേക്കു വരാം.നിങ്ങള്‍ തുടര്‍ന്നെഴുതുന്നു: ‘പിരിഞ്ഞുകിട്ടാത്ത തുക നികുതിയായി അടയ്ക്കണമെന്ന നിര്‍ബന്ധത്തിനെതിരെ അങ്ങനെയാണ് ഞങ്ങള്‍ ഹൈക്കോടതിയില്‍ പോയത്. ഹൈക്കോടതിയില്‍ ഞങ്ങളുടെ വാദം ഇതാണ്.

1. ഒരിക്കലും പിരിഞ്ഞുകിട്ടില്ല എന്ന് ഉറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുത്. അതിന്മേല്‍ ഡിപാര്‍ട്ട്‌മെന്റ് ചാര്‍ത്തിയ 18 ശതമാനം പലിശ ഒരു ‘സ്റ്റാന്‍ഡ് എലോണ്‍’ ചാനലിനോടുള്ള ക്രൂരതയാണ്.

2. നികുതി അടയ്ക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പരസ്യ ദാതാക്കളില്‍ നിന്ന് ആറ് കോടി രൂപ പിരിഞ്ഞു കിട്ടാനുമുണ്ട്. അതു പിരിഞ്ഞു കിട്ടുന്ന മുറയ്ക്ക് അടക്കാന്‍ പാകത്തില്‍ തുക വിഘടിച്ചു കിട്ടണം. എങ്കിലേ സ്ഥാപനത്തിനു മുന്നോട്ടു പോകാന്‍ കഴിയൂ.’

തുക ഒരിക്കലും പിരിഞ്ഞുകിട്ടുമോ ഇല്ലയോ എന്ന് എങ്ങനെയാണ് എക്‌സൈസ് അധികൃതര്‍ ഉറപ്പു വരുത്തുക? ഒരിക്കലും പിരിഞ്ഞുകിട്ടില്ല എന്നുറപ്പുള്ളവര്‍ക്ക് സര്‍വീസ് നല്‍കാതിരിക്കാന്‍ ശ്രമിക്കുകയല്ലേ കുറച്ചുകൂടി നല്ലത്. എന്താണീ സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍? ഈ സ്വയം കല്‍പിത സ്റ്റാറ്റസ് കൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്? കമ്പനി നിയമമോ പ്രസ് ലോയോ അത്തരം സ്റ്റാറ്റസിനെക്കുറിച്ച് പ്രതിപാദിക്കുകയോ അത്തരം സ്റ്റാറ്റസുള്ളവര്‍ക്ക് പ്രത്യേക ഇളവു പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ടോ?

നുണകള്‍ പൊളിയുന്നു; നികേഷിന്റെ അറസ്റ്റിനു പിന്നിലെന്ത്?

അറസ്റ്റിനു പിന്നില്‍

‘മാര്‍ച്ച് 23നു റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോയില്‍ എത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഹൈക്കോടതിയില്‍ കേസുള്ള കാര്യം അറിയിച്ചു. അക്കാര്യം അവര്‍ക്കറിയില്ല എന്നായിരുന്നു മറുപടി. എന്നെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വന്നിട്ടുള്ളത് എന്നറിയിച്ചപ്പോള്‍ എല്ലാ ഡിസ്പ്യൂട്ടും മാറ്റിവെച്ച് മുഴുവന്‍ പണവുമടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചു. അതിനു മറുപടി പറയേണ്ടത് തങ്ങളല്ല, കമ്മീഷണറുടെ ഉത്തരവു നടപ്പാക്കുകയാണ്.’ -താങ്കളുടെ അറസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് പ്രകാരമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് നിങ്ങളെഴുതി.

അമ്പതു ലക്ഷത്തിലധികം രൂപ സര്‍വീസ് ടാക്‌സ് അടയ്ക്കുന്നതില്‍ നിന്ന് അറിഞ്ഞുകൊണ്ട് പിന്മാറിയാല്‍ അത് ഫൈനാന്‍സ് ആക്ട് 89 വകുപ്പു പ്രകാരം മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സര്‍വീസ് ടാക്‌സ് ഇനത്തില്‍ സേവന സ്വീകര്‍ത്താവില്‍ നിന്നു പിരിച്ചെടുത്തിട്ട് അടയ്ക്കാതിരുന്നതാണെങ്കില്‍ അതു ജാമ്യമില്ലാത്തതും അതൊഴികെയുള്ള ടാക്‌സ് ഇവേഷന്‍ കേസുകളെല്ലാം ജാമ്യമുള്ളതുമാണ്. കമ്മീഷണര്‍ക്ക് സൂപ്രണ്ട് പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് നടത്തുന്നതിനു ചുമതലപ്പെടുത്താനുള്ള അധികാരവുമുണ്ട്. അപ്പോള്‍ താങ്കള്‍ സമ്മതിക്കുന്നപോലെ സേവനനികുതി കുടിശ്ശിക 1.42 കോടിയുണ്ടെങ്കില്‍ അറസ്റ്റു നിയമവിരുദ്ധമെന്നു പറയാന്‍ കഴിയില്ല.

ഹൈക്കോടതിയിലെ കേസ് എന്തായിരുന്നു?

താങ്കളുടെ കമ്പനി ഹൈക്കോടതിയില്‍ കേസ് നല്കാനുണ്ടായ സാഹചര്യവും കേസും എന്തായിരുന്നു? 2014 സെപ്റ്റംബര്‍ മാസമാണ് ഹൈക്കോടതിയില്‍ WPC 22714/2014 നമ്പറായി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. താങ്കളുടെ കമ്പനി കുടിശ്ശിക വരുത്തിയ തുക പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഓപ്പറേറ്റിങ് ബാങ്ക് അക്കൗണ്ടുള്ള സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും 2014 ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി റിസ്‌ട്രൈന്റ് ഓര്‍ഡര്‍ ഇഷ്യു ചെയ്തു(അക്കൗണ്ട് മരവിപ്പിക്കല്‍).

ഓപ്പറേറ്റിങ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാല്‍ കമ്പനി അടച്ചുപൂട്ടലിലേക്കെത്തും. അപ്പോഴാണ് താങ്കള്‍ റിട്ട് ഫയലാക്കിയത്. ഹൈക്കോടതി 2014 സെപ്റ്റംബര്‍ രണ്ടാം തീയതി റിസ്‌ട്രൈന്റ് ഓര്‍ഡറില്‍ ഇടപെടാന്‍ കോടതിക്കു കഴിയില്ലെന്നു പറഞ്ഞ് റിട്ട് തീര്‍പ്പാക്കി. കുടിശ്ശികത്തുക ഒറ്റത്തവണയായി അടക്കാനാവശ്യപ്പെട്ടാല്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്നും ആയതിനാല്‍ ഗഡുക്കളായി അടയ്ക്കുന്നതിനു അനുവദിച്ചു നല്കണമെന്നും കമ്പനി കോടതിയോടു ആവശ്യപ്പെട്ടു. അങ്ങനെ കമ്പനിയുടെ വിഷമസ്ഥിതി പരിഗണിച്ച് തുക പത്തു ഗഡുക്കളായി അടയ്ക്കുന്നതിനു കോടതി ഉത്തരവായി.

നുണകള്‍ പൊളിയുന്നു; നികേഷിന്റെ അറസ്റ്റിനു പിന്നിലെന്ത്?

ഒന്നാമത്തെ ഗഡു ഒക്ടാബര്‍ നാലാം തീയതിയും മറ്റു ഒമ്പതു ഗഡുക്കള്‍ തുടര്‍ന്നുള്ള ഓരോ മാസവും നാലാം തീയതി അടയ്ക്കണമെന്നും ഏതെങ്കിലും ഗഡു അടയ്ക്കുന്നതിനു വീഴ്ച വരുത്തിയാല്‍ എക്‌സൈസ് വകുപ്പിനു റിക്കവറി നടപടികള്‍ പുനരുജ്ജീവിപ്പിക്കാവുന്നതാണെന്നും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്റെ വിധിന്യായത്തില്‍ പറയുന്നു. പിന്നീട് അടച്ചുതുടങ്ങേണ്ട തീയതി പരിഷ്‌കരിക്കുന്നതിനു റിവ്യു നല്കി 12.11.2014 ല്‍ പുതിയ വിധി കരസ്ഥമാക്കുകയും ചെയ്തു. 2015 ജനുവരി 4 മുതല്‍ മാര്‍ച്ച് 4 വരെയുള്ള മൂന്നു ഗഡുക്കള്‍ അടയ്ക്കുന്നതിനു നിങ്ങളുടെ കമ്പനി മുടക്കം വരുത്തുകയും ഹൈക്കോടതി നിര്‍ദ്ദേശം ലംഘിക്കുകയും ചെയ്തു.

ഐക്യദാര്‍ഢ്യം ആവശ്യപ്പെട്ടുള്ള താങ്കളുടെ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. ‘ഹൈക്കോടതി വിധി ലംഘിച്ച് നടത്തിയ അറസ്റ്റ് നീതിപീഠത്തെപ്പോലും വെല്ലുവിളിക്കുന്നതല്ലേ?’ യഥാര്‍ത്ഥത്തില്‍ ആരാണു കോടതി വിധിലംഘിച്ചത്. നിങ്ങളെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതിയില്‍ നിന്നു വിധി വന്നപ്പോഴേക്കും മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് നിങ്ങള്‍ക്ക് ജാമ്യം ലഭിച്ചിരുന്നെന്ന് നിങ്ങളുടെ ആദ്യത്തെ കുറിപ്പില്‍ പറയുന്നു. ‘ഡിഫോള്‍ട്ടുണ്ട്, നിയമലംഘനമില്ല എന്ന് പരാമര്‍ശിച്ച് സോപാധിക ജാമ്യമനുവദിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്ത് ഇറങ്ങിയപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ടിന്റെ വിധി വന്നിരുന്നു. അറസ്റ്റ് പാടില്ല എന്നതായിരുന്നു അതിലെ പ്രധാന നിര്‍ദ്ദേശം’.

നിങ്ങളെ അറസ്റ്റ് ചെയ്യുന്ന ദിവസം റിസ്‌ട്രൈന്റ് ഓര്‍ഡറില്‍ ഇടപെടാന്‍ കഴിയില്ലെന്നു പറഞ്ഞ് കുടിശ്ശിക തീര്‍ക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ചിന്റെ 02.09.2014 ലെ വിധിയെ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത റിട്ട് അപ്പീല്‍ അഡ്മിഷനു ഹൈക്കോടതിയില്‍ വന്നിരുന്നു. 174 ദിവസം വൈകി ഫയല്‍ ചെയ്ത 698/2015 നമ്പര്‍ റിട്ട് അപ്പീലിലെ കാലതാമസം മാപ്പാക്കാനുള്ള ഹര്‍ജിയും അതോടൊപ്പം പരിഗണനയ്ക്കുണ്ടായിരുന്നു. കേസ് പരിഗണിക്കേ, താങ്കളുടെ വക്കീല്‍ താങ്കളെ കസ്റ്റഡിയിലെടുത്തെന്നും കമ്പനി ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള മൂന്നു തവണ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അതടയ്ക്കാന്‍ തയ്യാറാണെന്നും താങ്കളെ റിലീസ് ചെയ്യണമെന്നുമാവശ്യപ്പെട്ടു.

നിങ്ങളോട് അന്നുതന്നെ 90 ലക്ഷം രൂപ അടയ്ക്കാനും ആ തുക അടച്ചാല്‍ നിങ്ങളെ റിലീസ് ചെയ്യാനും ഇടക്കാല ഉത്തരവിട്ടുകൊണ്ട് കേസ് പിറ്റേ ദിവസം പരിഗണിക്കുന്നതിനു മാറ്റി. പിറ്റേ ദിവസം പരിഗണനയ്ക്കു വന്നപ്പോഴേക്കും മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും 1.12 കോടി രൂപ അടച്ച് ജാമ്യത്തിലിറങ്ങിയതിനാല്‍ കോടതിയുടെ 23.03.2015 ലെ ഇടക്കാല ഉത്തരവു പിന്‍വലിക്കുകയും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു ശരി വെച്ചുകൊണ്ട്, താങ്കളുടെ റിട്ട് അപ്പീല്‍ തള്ളുകയും ചെയ്തു.

നുണകള്‍ പൊളിയുന്നു; നികേഷിന്റെ അറസ്റ്റിനു പിന്നിലെന്ത്?

ഇരുട്ട് കൊണ്ട് ഓട്ടയടക്കരുത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ കോഴവാങ്ങിയതിനു ക്രിക്കറ്റില്‍ നിന്നു ആജീവനാന്തം വിലക്കിയപ്പോള്‍ താന്‍ ന്യൂനപക്ഷക്കാരനായതിനാല്‍ വിവേചനപരമായി തന്നെ പീഡിപ്പിക്കുകയാണെന്ന തൊടുന്യായമാണു താങ്കളുടെ കുറിപ്പു വായിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. ശരിയാണ് കോടിക്കണക്കിനു രൂപ മുടക്കു വരുത്തിയിട്ടും ഇത്തരം നടപടി കൈക്കൊള്ളാത്ത ഒത്തിരി കമ്പനികളുണ്ടാവും എന്നു കരുതി നിയമലംഘനത്തിനു അതു ന്യായീകരണമാകുമോ? ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിയാത്തതിനാല്‍ തന്നെയും ശിക്ഷിക്കരുതെന്നു ഗോവിന്ദച്ചാമിയും മറ്റു കൊലക്കേസ് പ്രതികളും ആവശ്യപ്പെട്ടാല്‍ എങ്ങനെ ഈ നാട്ടില്‍ നിയമം നടപ്പിലാകും.

താങ്കള്‍ ബോധപൂര്‍വ്വം നികുതി വെട്ടിച്ചെന്നൊന്നും വിശ്വസിക്കുന്നില്ല. കിട്ടാക്കടം കൊണ്ടും മറ്റും താങ്കള്‍ക്ക് അത് അടയ്ക്കാനൊത്തില്ല. നികുതി വെട്ടിക്കുക എന്ന കുറ്റകരമായ ഉദ്ദേശമൊന്നും താങ്കള്‍ക്കുണ്ടായില്ല എന്നാണു ഞാനും മനസ്സിലാക്കുന്നത്. പക്ഷേ ജാള്യം മറയ്ക്കാന്‍ ആടിനെ പട്ടിയാക്കുന്ന തരത്തില്‍ വായിക്കുന്നവരെല്ലാം മണ്ടന്മാരെന്ന മട്ടില്‍ അങ്ങ് സ്മാര്‍ട്ടാവുമ്പോള്‍ എനിക്കു തോന്നുന്നത് ഈ ഓവര്‍ സ്മാര്‍ട്‌നസായിരിക്കില്ലേ എക്‌സൈസ് ഉദ്യോഗസ്ഥരെയും അറസ്റ്റിനു ചൊടിപ്പിച്ചിട്ടുണ്ടാവുക. അതു കൊണ്ട് പ്ലീസ് നികേഷ് നിര്‍ത്തുക അറസ്റ്റിന്റെ പേരിലുള്ള ചാരിത്ര്യപ്രസംഗം. വല്ലാതെ മനം പുരട്ടുന്നു.

 

കേരള ഹൈക്കോടതിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ലേഖകന്‍.