സൽമാൻ ഖാനും കലാഭവൻ മണിയും പിന്നെ ന്യായാധിപന്റെ നാടൻപാട്ടും

വിശ്രുത ഇംഗ്ലീഷ് സാഹിത്യകാരൻ ജോർജ്ജ് ഓർവലിന്റെ സൃഷ്ടികളിൽ എക്കാലത്തെയും ക്ലാസിക്കായി കരുതപ്പെടുന്ന കൃതിയാണ് 'അനിമൽ ഫാം'. മനുഷ്യരുടെ കീഴിലുള്ള അടിമത്തത്തിൽ നിന്നും മോചനം നേടുന്നതിനായി മൃഗവർഗ്ഗം സംഘടിക്കുകയും വിപ്ലവം നടത്തുകയും എല്ലാ മൃഗങ്ങളും തുല്യരാണെന്നതുൾപ്പടെ ഏഴു കല്പനകളോടെ മൃഗങ്ങളുടേതായ ഒരു സമൂഹനിർമ്മിതി നടത്തുകയും ചെയ്യുന്നു. എന്നാൽ ആ സമൂഹം വീണ്ടും അതിന്റെ നേതാക്കളുടെ കീഴിലുള്ള അടിമത്തത്തിലേക്ക് ഒറ്റിക്കൊടുക്കപ്പെടുന്നതായി ലോകരാഷ്ട്രീയത്തെ മൃഗരാജ്യത്തിന്റെ രൂപകങ്ങളിലൂടെ ചിത്രീകരിക്കുകയാണ് ഓർവൽ. ഇംഗ്ലീഷ് ഭാഷയുടെ പദാവലിയിലേക്ക് പല പുതിയ വാക്കുകളും സമ്മാനിച്ചിട്ടുള്ള ഓർവലിന്റെ ഈ കൃതിയിൽ നിന്നും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വാചകമാണ് ' എല്ലാ മൃഗങ്ങളും സമൻമാരാണ്, ചില മൃഗങ്ങൾ മറ്റു മൃഗങ്ങളേക്കാൾ കൂടുതൽ സമന്മാരാണ്' എന്നത്.
 | 

അഡ്വ. അഷ്‌കര്‍ ഖാദര്‍ 

സൽമാൻ ഖാനും കലാഭവൻ മണിയും പിന്നെ ന്യായാധിപന്റെ നാടൻപാട്ടും

വിശ്രുത ഇംഗ്ലീഷ് സാഹിത്യകാരൻ ജോർജ്ജ് ഓർവലിന്റെ സൃഷ്ടികളിൽ എക്കാലത്തെയും ക്ലാസിക്കായി കരുതപ്പെടുന്ന കൃതിയാണ് ‘അനിമൽ ഫാം’. മനുഷ്യരുടെ കീഴിലുള്ള അടിമത്തത്തിൽ നിന്നും മോചനം നേടുന്നതിനായി മൃഗവർഗ്ഗം സംഘടിക്കുകയും വിപ്ലവം നടത്തുകയും എല്ലാ മൃഗങ്ങളും തുല്യരാണെന്നതുൾപ്പടെ ഏഴു കല്പനകളോടെ മൃഗങ്ങളുടേതായ ഒരു സമൂഹനിർമ്മിതി നടത്തുകയും ചെയ്യുന്നു. എന്നാൽ ആ സമൂഹം വീണ്ടും അതിന്റെ നേതാക്കളുടെ കീഴിലുള്ള അടിമത്തത്തിലേക്ക് ഒറ്റിക്കൊടുക്കപ്പെടുന്നതായി ലോകരാഷ്ട്രീയത്തെ മൃഗരാജ്യത്തിന്റെ രൂപകങ്ങളിലൂടെ ചിത്രീകരിക്കുകയാണ് ഓർവൽ. ഇംഗ്ലീഷ് ഭാഷയുടെ പദാവലിയിലേക്ക് പല പുതിയ വാക്കുകളും സമ്മാനിച്ചിട്ടുള്ള ഓർവലിന്റെ ഈ കൃതിയിൽ നിന്നും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വാചകമാണ് ‘ എല്ലാ മൃഗങ്ങളും സമൻമാരാണ്, ചില മൃഗങ്ങൾ മറ്റു മൃഗങ്ങളേക്കാൾ കൂടുതൽ സമന്മാരാണ്’ എന്നത്.

ഓർവലിന്റെ ഈ വാചകം തന്നെയാണ് ശിക്ഷ വിധിക്കപ്പെട്ട് മണിക്കൂറുകൾക്കകം പ്രശസ്ത ബോളിവുഡ് നായകൻ സൽമാൻ ഖാൻ ഹൈക്കോടതിയിൽ നിന്നും അനിതര സാധാരണമായ രീതിയിൽ ഇടക്കാല ജാമ്യം നേടിയ വാർത്ത കേൾക്കുമ്പോൾ ഓർമ്മ വരിക. ബോളിവുഡ് താരം 2002 സെപ്റ്റംബർ മാസം 28-ാം തീയതി അർദ്ധരാത്രി, കുടിച്ചു ലക്കുകെട്ട് കാറോടിക്കുകയും  ബോംബെ നഗരത്തിലെ പാതയോരത്തെ നടപ്പാതയിൽ കിടന്നുറങ്ങിയവരുടെ മേലിലൂടെ വാഹനം പാഞ്ഞുകയറുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്തു. അതിനെതിരെ നടന്റെ അംഗരക്ഷകനായിരുന്ന സിവിൽ പോലീസ് ഓഫീസർ രവീന്ദ്ര പാട്ടീലിന്റെ പ്രഥമവിവര സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കുന്നതിനെടുത്തത് 13 വർഷം.

സൽമാൻ ഖാനും കലാഭവൻ മണിയും പിന്നെ ന്യായാധിപന്റെ നാടൻപാട്ടും
അതിനിടയിൽ പ്രധാനസാക്ഷിയായ രവീന്ദ്ര പാട്ടീലിനു സ്വന്തം ജീവനും ജീവിതവുമാണ് നിയമപരവും ധാർമ്മികവുമായ തന്റെ ചുമതല നിർവ്വഹിച്ചതിനു വിലയായി നൽകേണ്ടി വന്നത്. ഒരു നരഹത്യക്കേസിന്റെ വിചാരണയ്ക്കിടയിൽ സ്റ്റേറ്റും പ്രൊസിക്യൂഷനും വിചാരണക്കോടതിയും ഡിഫൻസ് ഭാഗവും ചേർന്ന് മറ്റൊരു നരഹത്യ കൂടി നടത്തുകയായിരുന്നു എന്നു വേണം പറയാൻ.  സംരക്ഷണം നൽകേണ്ട പ്രോസിക്യൂഷനും സ്റ്റേറ്റും കോടതിയും പ്രധാനസാക്ഷിയെ പ്രതിയെന്ന പോലാണു പരിഗണിച്ചത്. ഉന്നതർക്കെതിരെ സാക്ഷി പറയുന്നത് ആപൽക്കരമാണെന്ന സന്ദേശമാണു യഥാർത്ഥത്തിൽ അതു നൽകിയത്.

ഏതായാലും 13 വർഷം നീണ്ട വിചാരണയ്ക്കു ശേഷം ബോളിവുഡ് താരം കുറ്റക്കാരനെന്നു കണ്ടെത്തുകയും വിവിധ വകുപ്പുകളിലായി 5 വർഷം കഠിനതടവും പിഴയും ചുമത്താൻ സെഷൻസ് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. നിയമമനുശാസിക്കുന്ന പരമാവധി ശിക്ഷയായ 10 വർഷം കഠിനതടവ് നൽകണമെന്ന് പ്രോസിക്യൂഷനും പ്രതി നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്ന് ഡിഫൻസ് ഭാഗവും ആവശ്യപ്പെട്ടു. ഡിഫൻസ് ഭാഗത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്താവണം തടവുശിക്ഷ 5 വർഷമായി സെഷൻസ് കോടതി ക്ലിപ്തപ്പെടുത്തിയത്. നിർവ്യാജമായ ദീനാനുകമ്പയും മാനുഷികപരിഗണനയും മാനസാന്തരവുമൊക്കെ പ്രോത്സാഹിക്കപ്പെടേണ്ടതാണ്, പക്ഷെ അതൊന്നും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ലൈസൻസോ ശിക്ഷ ലഘൂകരിച്ചു കിട്ടുന്നതിനുള്ള ഉപായമായോ ഇടവരുത്താത്ത വിധം ശ്രദ്ധ കൊടുക്കേണ്ടതാണ്.

സൽമാൻ ഖാനും കലാഭവൻ മണിയും പിന്നെ ന്യായാധിപന്റെ നാടൻപാട്ടുംസെഷൻസ് ജഡ്ജ് വിധിയിലൊപ്പുവെച്ച് മഷിയുണങ്ങുന്നതിനു മുമ്പ് രണ്ടു മണിക്കൂറുകൾക്കിടയിൽ ഹൈക്കോടതിയിൽ നിന്നും താരം ഇടക്കാല ജാമ്യം നേടിയ നടപടി ക്രമങ്ങളുടെ ക്രമവിരുദ്ധമായ വേഗത കാണുമ്പോൾ നമുക്കോർമ്മ വരിക ജോർജ്ജ് ഓർവലിന്റെ അലിഗറിക്കൽ നോവലിലെ ഉദ്ധരണി തന്നയാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തും ലിഖിതവുമായ ഭാരത ഭരണഘടനയുടെ മുഖമുദ്രകളിലൊന്നാണ് സമത്വം. നിയമത്തിനു മുന്നിലെ സമത്വം നിയമവാഴ്ചയുടെ ആണിക്കല്ലാണെന്നാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠം തന്നെ പല വിധിന്യായങ്ങളിലൂടെ പ്രസ്താവിച്ചിട്ടുള്ളത്. പതിമൂന്നു വർഷം ഇഴഞ്ഞോടിയ നിയമവണ്ടി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിൽ സൽമാന്റെ ആഡംബരക്കാറു പോലെ ശ്വാസംമുട്ടിക്കുന്ന വേഗതയിൽ കുതിക്കുന്നതാണ് കണ്ടത്.  വിചാരണക്കോടതിയിൽ സംഭവിച്ചയത്ര കാലവിളംബം വരുത്താതെ അപ്പീലിൽ പെട്ടെന്നു തന്നെ വാദം കേട്ട് ബോംബെ ഹൈക്കോടതി വിധി പ്രസ്താവിക്കുമെന്നും ഇടക്കാല ഉത്തരവു പൊതുജനങ്ങളിലുണ്ടാക്കിയ അവിശ്വാസം ദുരീകരിക്കുമെന്നും പ്രത്യാശിക്കുന്നു.

സൽമാൻ ഖാൻ നൽകിയ അപ്പീൽ ഹൈക്കോടതി പരിഗണിക്കരുതെന്നോ ഖാന്റെ ശിക്ഷ സ്റ്റേ ചെയ്യരുതായിരുന്നുവെന്നോ അഭിപ്രായമില്ല. തീർച്ചയായും സൽമാൻ ഖാനായാലും കലാഭവൻ മണിയായാലും നിയമമനുശാസിക്കുന്ന രീതിയിൽ തങ്ങൾക്ക് പ്രതികൂലമായ ഒരു വിധിക്കെതിരെ അപ്പീൽ നൽകുന്നതിനും അപ്പീൽ പരിഗണിക്കുന്നതു വരെ ശിക്ഷ മരവിപ്പിച്ചു നൽകുവാനാവശ്യപ്പെടാനൊക്കെ അവകാശമുണ്ട് എന്നു തന്നെയാണു അഭിപ്രായം. പക്ഷെ ഹരീഷ് സാൽവെയെയോ രാം ജത്മലാനിയെയോ പോലെ മുന്തിയ അഭിഭാഷകരെ ഏർപ്പെടുത്താൻ പാങ്ങില്ലാത്ത ഒരു സാധാരണക്കാരൻ, നക്ഷത്രമൂല്യങ്ങളില്ലാത്ത ഒരു സാധാരണ അഭിഭാഷകൻ വഴി അപ്പീൽ നൽകിയാലെന്തായിരിക്കും അവസ്ഥ. കീഴ്‌ക്കോടതി വിധിയുടെ പകർപ്പില്ലാതെ ആ വിധിക്കെതിരെ ഒരു അപ്പീൽ നൽകിയാൽ ജഡ്ജിന്റെ പരിഗണനയ്‌ക്കെത്തുന്നതു പോയിട്ട് കോടതി രജിസ്ട്രിയിലെ ഡിഫക്ടരിച്ചു നോക്കുന്ന ബാബുമാരുടെ സ്‌കാനറിലൂടെ  കടന്നുപോകാൻ കഴിയുമോ?

രാജ്യത്ത് ടാഡയും പോടയും പോലുള്ള കരിനിയമങ്ങളിൽ 30,000 ലധികം നിരപരാധികളാണത്രെ ഒരു പതിറ്റാണ്ടിലധികം നാൾ വിചാരണത്തടവുകാരായി കാരാഗൃഹത്തിൽ കഴിഞ്ഞിട്ടൊടുവിൽ യാതൊരു തെളിവുമില്ലെന്നു കണ്ടെത്തി കുറ്റവിമുക്തരാക്കപ്പെട്ടിട്ടുള്ളത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ ക്രമിനൽ നിയമസംഹിതയുടെ കരുതലിന്റെ കടയ്ക്കൽ കത്തിവെക്കുന്ന അത്തരം മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഭരണകൂടത്തിനൊപ്പം കണ്ണുമൂടിയ നീതി, ഈ കേസിലെ പ്രോസിക്യൂഷൻ നടപടിക്രമത്തിനു തുടക്കമിട്ട പ്രധാനസാക്ഷിയായ രവീന്ദ്ര പാട്ടീൽ സമ്മർദ്ധങ്ങൾ താങ്ങാനാവാതെ അശരണനായി നാടുവിട്ടലഞ്ഞപ്പോൾ, ഒരു കുറ്റവാളിയെ പോലെ ജയിലിലടച്ചപ്പോൾ കാണിക്കാത്ത കരുതൽ കോടികളുടെ മൂല്യമുള്ള ബോളിവുഡ് നായകനോടു കാണിക്കുമ്പോൾ എന്തു നിയമ സമത്വമാണ് പ്രകടമാകുന്നത്. അതാണു പറയുന്നത് നിയമത്തിനു മുന്നിൽ എല്ലാവരും സമൻമാരാണ്, ചിലർ കൂടുതൽ സമൻമാരാണ്.

സൽമാൻ ഖാനും കലാഭവൻ മണിയും പിന്നെ ന്യായാധിപന്റെ നാടൻപാട്ടുംവ്യക്തിസ്വാതന്ത്ര്യം അതു ബിനായക് സെന്നിന്റേതായാലും അബ്ദുൾ നാസർ മദനിയുടേതായാലും രൂപേഷിന്റേതായാലും സൽമാൻ ഖാന്റെതായാലും ഒന്നു പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. തീർച്ചയായും പൊതുജനബോധ്യത്തിന്റെയോ ഓരോരുത്തരും നടത്തുന്ന ധാർമ്മിക വിധിതീർപ്പിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് സംശയ രഹിതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരാൾ കുറ്റക്കാരനാണോ എന്ന് തീർപ്പാക്കുക. ബോളിവുഡ് നായകനു ശിക്ഷ വിധിച്ച കേസിലെ തെളിവുകളോ വിധിന്യായമോ പരിശോധിക്കാതെ അയാൾ കുറ്റക്കാരനാണോ എന്നോ അപ്പീലിന്റെ സാധുതയോ ശിക്ഷ സ്റ്റേ ചെയ്തതിന്റെ സാംഗത്യമോ വിമർശനവിധേയമാക്കുന്നതിൽ അർത്ഥമില്ല. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജ. മാർക്കണ്‌ഡേയ കഡ്ജു ഹൈക്കോടതി അപ്പീൽ പരിഗണിച്ച് നൽകിയ ജാമ്യവാർത്തയോടു പ്രതികരിക്കുന്നത് ഇങ്ങനെയാണ് ‘5 വർഷം വരെ തടവു ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലുകളിൽ കേസിന്റെ മെറിറ്റ്‌സ് കൂടുതലായി പരിശോധിക്കാതെ തന്നെ സാധാരണഗതിയിൽ ഓടോമാറ്റിക്കായി ജാമ്യം നൽകുമായിരുന്നു. കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നതു കാരണം ഒരു അപ്പീൽ കേട്ട് തീർപ്പാക്കുന്നതിനു 5 വർഷമൊക്കെ വേണ്ടിവരുമായിരുന്നു. ആ സാഹചര്യത്തിൽ ജാമ്യമനുവദിച്ചില്ലെങ്കിൽ അപ്പീൽ തീർപ്പാക്കുന്നത് വെറും പാഴ്‌വേലയാകും.’

സൽമാൻ ഖാനു 5 വർഷം തടവിനു ശിക്ഷിച്ചുകൊണ്ട് സെഷൻസ് കോടതി വിധി വന്നപ്പോൾ ‘നിങ്ങളെത്ര ഉന്നതനായാലും നിയമം നിങ്ങളേക്കാൾ ഉന്നതമാണെന്ന’ ഉദ്ധരണിയൊക്കെ നൽകി ജുഡീഷ്യറിയെ പുകഴ്ത്തി എഴുതി തുടങ്ങിയ മാധ്യമങ്ങൾക്ക് അസാധാരണമായ വേഗത്തിൽ പതിവു നടപടിക്രമങ്ങൾ ഇളവു ചെയ്ത് പ്രമുഖ അഭിഭാഷകൻ വഴി ബോംബെ ഹൈക്കോടതിയിൽ നിന്നും നടൻ ഇടക്കാല ജാമ്യം നേടിയപ്പോൾ പ്രമുഖർക്കു മുന്നിൽ അവരുടെ റിമോട് കൺട്രോളറിനനുസരിച്ച് നിയമചക്രം തിരിക്കപ്പെടുന്നുവെന്നു തിരുത്തിയെഴുതേണ്ടി വന്നു. ഇതിൽ കോടതികളെ മാത്രം ഏകപക്ഷീയമായി പഴിക്കുന്നത് ഒരു ദോഷൈകദൃക്കിന്റെ നടപടിയാകും. അധികരിച്ച നിയമവ്യവഹാരങ്ങൾക്ക് ആനുപാതികമായി ആവശ്യത്തിനു കോടതികളും ന്യായാധിപരും സ്റ്റാഫുമില്ലാതെ, ഒരു ചെറിയ സംസ്ഥാനമായ നമ്മുടെ നാട്ടിലെ കീഴ്‌ക്കോടതികളിൽ തന്നെ 14 ലക്ഷത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേരള ഹൈക്കോടതിയിൽ ഏകദേശം 10 ലക്ഷം കേസുകൾ തീർപ്പാക്കാനവശേഷിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ നീതിനിർവ്വഹണം സുഗമമാക്കുന്നതിനു ആവശ്യമായ പശ്ചാത്തല സംവിധാനമൊരുക്കാതെ കോടതികളെ മാത്രം വിമർശിക്കുന്നത് ഒരിക്കലും രചനാത്മകമായിരിക്കില്ല.

കോർപ്പറേറ്റുകൾക്കും സെലിബ്രിറ്റികൾക്കും ഉന്നതർക്കും മുന്നിൽ നാട്ടിലെ ഉയർന്ന കോടതികൾ പ്രത്യേക പരിഗണന നൽകുവെന്ന ആക്ഷേപം തള്ളിക്കളയാൻ കഴിയില്ലെന്നാണ് അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നയാളെന്ന നിലയിൽ ലേഖകനും അനുഭവപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതിയിലായാലും ഹൈക്കോടതികളിലായാലും കേന്ദ്ര സർക്കാരിലായാലും സംസ്ഥാനസർക്കാരുകളിലായാലും നീതിയുടെ തുലാസിൽ നിസ്വജീവിതങ്ങൾക്ക് കടലാസ്സിന്റെ ഘനം പോലും തൂങ്ങില്ല. പൊതുവിസ്മൃതിക്കിടവരുത്തുന്ന 13 വർഷത്തെ ദൈർഘ്യമെടുത്തെങ്കിൽ പോലും പ്രമുഖനായ പ്രതിയെ ശിക്ഷിക്കപ്പെടുന്നതു വരെ ഈ കേസ് കാലവിളംബത്തോടെയാണെങ്കിലും ഫലപ്രാപ്തിയിലെത്തിയെന്നത് ശുഭോദർക്കമായ കാര്യം തന്നെയാണ്. ഈ കേസ് നമ്മുടെ കേരളത്തിലായിരുന്നെങ്കിലോ സ്റ്റേറ്റ് തന്നെ പ്രോസിക്യൂഷൻ പിൻവലിക്കുമായിരുന്നേനെ, ഹൈക്കോടതിയിൽ നിന്നുമതിനു അംഗീകാരവും ലഭിച്ചേനെ.

സൽമാൻ ഖാനും കലാഭവൻ മണിയും പിന്നെ ന്യായാധിപന്റെ നാടൻപാട്ടുംചാലക്കുടി കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടിഘോഷയാത്രയ്ക്കിടയ്ക്ക് വഴിയിൽ തടസ്സം സൃഷ്ടിച്ചു തുള്ളിക്കൊണ്ടിരുന്ന ചലച്ചിത്രതാരം കലാഭവൻ മണിയോടും സംഘത്തോടും റോഡു മുഴുവൻ ബ്ലോക്കാക്കാതെ തുള്ളണമെന്ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ആവശ്യപ്പെട്ടപ്പോൾ നടൻ മണി പോലീസുകാരന്റെ കൈ മസിൽ പിടിച്ചുതിരിക്കുകയും മണിയോടു കളിച്ചാൽ അടിച്ചുതീട്ടമാക്കികളയുമെന്നു നാടനീണത്തിലാക്രോശിക്കുകയും, മസിൽ പിടിച്ചുതിരിച്ച വേദനയിൽ സിവിൽ പോലീസ് ഓഫീസർക്ക് ഡ്യൂട്ടി തുടരാനാവാതെ വൈദ്യസഹായം തേടേണ്ടി വന്നതുമാണ് കേസിനാസ്പദമായ സംഭവം. പോലീസ് ഓഫീസറുടെ പരാതിയിൽ നടൻ കലാഭവൻ മണിക്കെതിരെ പോലീസ് ഓഫീസറെ മർദ്ദിച്ച് ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കുന്നതിനു തടസ്സം സൃഷ്ടിച്ചതിനുൾപ്പടെ ക്രിമിനൽ കേസെടുത്തു. കേസ് ഒരു വർഷം പിന്നിട്ട് വിചാരണ തുടങ്ങാറായപ്പോൾ സർക്കാർ കേസ് പിൻവലിച്ചു. കേസ് പിൻവലിച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മണി ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മൂക്കിന്റെ പാലം ഇടിച്ചുതകർത്താഘോഷിച്ചുകൊണ്ട് കേസ് പിൻവലിച്ചതിന്റെ ആഹ്ലാദം പങ്കുവെച്ചു.

ക്രിമിനൽ നടപടിക്രമം 321 വകുപ്പ് പ്രോസിക്യൂട്ടർക്ക് വിചാരണക്കോടതിയുടെ അനുമതിയോടെ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ അധികാരം നൽകുന്നു. മാറിമാറി വരുന്ന സർക്കാരുകൾ അതാതു ഭരണകക്ഷികളിലെ ആളുകൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതിനു ഏറെ ദുരുപയോഗം ചെയ്യുന്ന ഒരു വകുപ്പാണിത്. ക്രിമിനൽ പ്രൊസീജർ കോഡ് ഏതെല്ലാം സാഹചര്യത്തിലാണ്, ഏതു തരം കേസുകളിലാണ് പ്രോസിക്യൂട്ടർക്ക് ഈ വകുപ്പ് ഉപയോഗിക്കാവുന്നത് എന്ന് പറയുന്നില്ല. സുപ്രീം കോടതി പല വിധിന്യായങ്ങളിലൂടെ 321-ാം വകുപ്പ് ഭരണകൂടം ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും ന്യായപൂർണ്ണമായി ഈ വകുപ്പ് ഉപയോഗിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പൊതുനീതി, പൊതുതാല്പര്യം, പൊതുസമാധാനം, ശിക്ഷിക്കാൻ പ്രാപ്തമായ തെളിവുകളുടെ അഭാവം എന്നീ സാഹചര്യങ്ങളിൽ പ്രോസിക്യൂട്ടർക്ക് ഈ വകുപ്പ് ഉപയോഗിക്കാമെന്നും പ്രോസിക്യൂട്ടർ സർക്കാരിന്റെ പോസ്റ്റ്മാനെ പോലെ പെരുമാറരുതെന്നും തന്റെ രാഷ്ട്രീയ ചായ്‌വിനനുസരിച്ചോ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വിധേയനായോ വകുപ്പ് ദുരുപയോഗം ചെയ്യരുതെന്നുമാണ് സുപ്രീംകോടതി നിർദ്ദേശിക്കുന്നത്.

മണിക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിലോ, പ്രോസിക്യൂട്ടറുടെ അപേക്ഷയിലോ, മജിസ്‌ട്രേറ്റ് അതിനു നൽകിയ അനുമതിയിലോ എന്തു പൊതു താല്പര്യമാണ്, എന്തു പൊതുനീതിയാണ് ആ നടപടി കൊണ്ട് സർക്കാർ സംരക്ഷിക്കുന്നതെന്നു പറയുന്നില്ല. സർക്കാരിനു കേസ് പിൻവലിക്കുന്നതിനെതിർപ്പില്ല എന്നു മാത്രമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. പൊരിവെയിലത്തു നിന്ന് ട്രാഫിക് ഡ്യൂട്ടി ചെയ്ത ഒരു പോലീസ് ഓഫീസറെ മർദ്ദിച്ചതിനു കലാഭവൻ മണി എന്ന ഒരു സെലിബ്രിറ്റിക്കെതിരെയുള്ള കേസ് പിൻവലിച്ചാൽ എന്തു സന്ദേശമായിരിക്കും അതു പൊതുജനങ്ങൾക്കു നൽകുക.നിയമവാഴ്ചയിലും നിയമസമത്വത്തിലും പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിനിളക്കം വരുത്തുന്ന ഈ നടപടിയെ പൊതുതാല്പര്യാർത്ഥം ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നതിനു തീരുമാനിച്ചു. നിയമം പണവും പ്രശസ്തിയുള്ളവനും പാവപ്പെട്ടവനും ഒരു പോലെയാണെന്ന നിയമവാഴ്ചയുടെ അടിസ്ഥാനശിലയായ തത്വം ജുഡീഷ്യറി ഉയർത്തിപ്പിടിക്കും എന്ന സന്ദേശം നൽകുന്നതിനു വേണ്ടിയാണ് അങ്ങനെ ഒരു വ്യവഹാരത്തിനു മുതിർന്നത്.

പരിസ്ഥിതി സാമൂഹിക പ്രവർത്തകനായ ശ്രീ.കെ.എം.പ്രസാദാണു ഈ ലേഖകൻ വഴി ഹൈക്കോടതിയിൽ കേസു നൽകിയത്. ഹർജിക്കാരൻ കീഴ്‌ക്കോടതിയിലെ കേസിൽ കക്ഷിയല്ലെന്നും പൊതു താല്പര്യാർത്ഥമാണ് കേസു നൽകുന്നതെന്നും ക്രിമിനൽ കേസ് പിൻവലിച്ച നടപടി ചോദ്യം ചെയ്യുന്നതിനു കേസിൽ കക്ഷിയല്ലാത്ത മൂന്നാമതൊരാൾക്ക് അവകാശമുണ്ടെന്നു സുപ്രീംകോടതി വിധികളെ ഉപോൽബലകമായി ടി.പി.നന്ദകുമാർ വി. സ്റ്റേറ്റ് ആന്റ് അതേഴ്‌സ് എന്ന കേസിലെ ഹൈക്കോടതി വിധിയും ഷിയോ നന്ദൻ പാസ്വാൻ വി. സ്റ്റേറ്റ് ഓഫ് ബീഹാർ & അതേഴ്‌സ് എന്ന കേസിലെ സുപ്രീം കോടതി വിധിയും ഹർജിയിൽ തന്നെ ഉദ്ധരിച്ചിരുന്നു. പക്ഷേ ഹൈക്കോടതി രജിസ്ട്രിക്ക് ലോക്കസ് സ്റ്റാന്റിയിൽ (വ്യവഹാരം ചെയ്യുന്നതിനുള്ള അവകാശം) വീണ്ടും സന്ദേഹം. ക്രിമിനൽ നിയമത്തിൽ ലോക്കസ് സ്റ്റാൻഡി എന്നത് ഒരു അന്യസങ്കല്പമാണെന്നു സുപ്രീം കോടതി 1984ൽ തന്നെ എ.ആർ.ആന്തുലെ വി. ആർ.എസ്.നായക് കേസിൽ പ്രസ്താവിച്ചിട്ടുള്ളതൊക്കെ ചൂണ്ടിക്കാട്ടിയിട്ടും രജിസ്ട്രിയിലെ ബാബുമാർക്ക് സന്ദേഹമൊഴിയുന്നില്ല. ഒടുവിൽ ലേഖകൻ പറഞ്ഞു. ‘ലോക്കസ് സ്റ്റാന്റി കോടതി നിശ്ചയിക്കട്ടെ, നിങ്ങൾ നമ്പർ ചെയ്യാതെ ഡിഫക്ടിൽ ബെഞ്ചിലയക്കു’.

സൽമാൻ ഖാനും കലാഭവൻ മണിയും പിന്നെ ന്യായാധിപന്റെ നാടൻപാട്ടുംഅങ്ങനെ ഹർജിക്കാരനു വ്യവഹാരം നൽകുന്നതിനവകാശമുണ്ടോ എന്നും കേസ് നിലനിൽക്കുന്നതാണോ എന്നും തീരുമാനിക്കുന്നതിനു കേസ് എത്തിയത് ജ.എ.ഹരിപ്രസാദിന്റെ ബെഞ്ചിലായിരുന്നു. ക്രിമിനൽ ജൂറിസ്ഡിക്ഷനിലുള്ള ജഡ്ജ് ലീവായിരുന്നതിനാലാണ് ഈ ബെഞ്ചിൽ വന്നത്. വ്യവഹാരപ്പെടുന്നതിനുള്ള അവകാശത്തെ സംബന്ധിച്ച് ലേഖകൻ വിധികളുദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ജഡ്ജ് ഇടപെട്ടുപറഞ്ഞു. ‘ലോക്കസ് സ്റ്റാൻഡിയെ സംബന്ധിച്ച് എനിക്കൊരു സംശയവുമില്ല.’ പ്രതി സെലിബ്രിറ്റിയായതു കൊണ്ടി മാത്രം അയാൾക്കെതിരെയുള്ള ക്രമിനൽ കേസ് പിൻവലിക്കുന്നത് നിയമസമത്വത്തെ    കുറിച്ച് പൊതുജനങ്ങൾക്ക് അവിശ്വാസമുണ്ടാക്കും പണമുണ്ടെങ്കിൽ നിയമം വിലയ്ക്കു വാങ്ങാമെന്ന (If you have money, you can buy law) ധാരണപടർത്തുമെന്നു ലേഖകൻ പറഞ്ഞപ്പോൾ ജഡ്ജ് പറഞ്ഞു. അതെ അഷ്‌കർ, ഒരു മണിയും നിയമത്തിന്നതീതമല്ല (Yes, no mon(e)y is above law). കേസ് നമ്പർ ചെയ്യുന്നതിനു നിർദ്ദേശം കൊടുക്കാൻ തുടങ്ങിയപ്പോൾ സർക്കാർ അഭിഭാഷകന്റെ കൈയിൽ ഫയലില്ല, പിറ്റേ ദിവസത്തേക്കു മാറ്റുവാൻ ആവശ്യപ്പെട്ടു.

പക്ഷെ, ഒരാഴ്ച കഴിഞ്ഞിട്ടും കേസ് ബെഞ്ചിൽ വരുന്നില്ല. ഞാൻ ഒരാഴ്ച കഴിഞ്ഞ് രാവിലെ ക്രിമിനൽ ജുറിസ്ഡിക്ഷനുള്ള ബെഞ്ചിൽ കേസ് നിലനിൽക്കുന്നതാണോ എന്നു പരിഗണിക്കാൻ വെച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ബെഞ്ചിൽ വരുന്നില്ല അതൊന്നു പോസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കണമെന്നു ജഡ്ജിനോടു അഭ്യർത്ഥിച്ചു. ജഡ്ജ് ചോദിച്ചു: ‘എന്നു വേണം നിങ്ങൾക്ക്, ഇന്നു വേണോ?’ അന്നു തന്നെ കേൾക്കാമെന്നു പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണനയ്‌ക്കെടുത്തു. കേസു പരിഗണിക്കുന്ന ജഡ്ജും കേസിലുൾപ്പെട്ട സെലിബ്രിറ്റിയും തമ്മിൽ സ്വത്വപരമായ പല സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരും സിപിഐഎം പശ്ചാത്തലമുണ്ടായിരുന്നവരും ദരിദ്രപൂർണ്ണമായ ബാല്യത്തിൽ നിന്നുയർന്നു വന്നവരുമായിരുന്നു. അതു കേസിനെ ബാധിക്കുമോ എന്ന ആശങ്ക ഇല്ലാതിരുന്നില്ല. പക്ഷേ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ ഉൾപ്പെടെ എന്റെ കേസ് ശക്തമായിരുന്നതിനാൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കേസിൽ വ്യവഹാരം ചെയ്യാനുള്ള ഹർജിക്കാരന്റെ അവകാശം സമർത്ഥിക്കാൻ തുടങ്ങിയപ്പോഴേക്കും ജഡ്ജ് കേസിനാസ്പദമായ സംഭവത്തിലേക്കു തിരിഞ്ഞുകൊണ്ട് പറയാൻ തുടങ്ങി. ‘ഈ കൂടപ്പുഴ ക്ഷേത്രത്തിലെ കാവടിയുത്സവം പ്രസിദ്ധമാണ്. അതിനെക്കുറിച്ച് മണിയുടെ തന്നെ നാടൻപാട്ടുണ്ട്’ എന്നു പറഞ്ഞ് 2 വരി നാടൻപാട്ടു ഉദ്ധരിക്കാൻ തുടങ്ങി.

‘ഉത്സവവും തിരക്കുമൊക്കെ ആകുമ്പോൾ എല്ലാം സ്മൂത്തായി നടക്കുമോ? എവിടെയെങ്കിലും തിരക്കുള്ള ചടങ്ങിൽ എല്ലാ കാര്യങ്ങളും അച്ചടക്കത്തിൽ നടക്കുമോ? സിനിമാ നടൻമാരൊക്കെ പങ്കെടുക്കുമ്പോൾ ആൾക്കൂട്ടം കൂടും അപ്പോൾ നിയന്ത്രിക്കാനൊന്നും കഴിഞ്ഞില്ലെന്നു വരും. മണി ഒരു ക്രൗഡ് പുള്ളറാണ്.’ ഹർജിക്കാരനും ലേഖകനുമാണ് രവീന്ദ്ര പാട്ടീലിനെ പോലെ യഥാർത്ഥ കുറ്റക്കാരെന്ന നിലയ്ക്കായി ന്യായാധിപന്റെ ചോദ്യങ്ങൾ. അപ്പോൾ ലേഖകൻ പറഞ്ഞു. ‘ഇവിടെ ആൾക്കുട്ടത്തിൽ ഉന്തും തള്ളുമുണ്ടായതല്ല കേസ്, സെലിബ്രിറ്റി തന്നെ പോലീസ് ഓഫീസറെ മർദ്ദിച്ചുവെന്നാണ് കേസ്’  ഉടനെ ജഡ്ജിന്റെ ചോദ്യം ‘അതൊക്കെ പോലീസ് ഭാഷ്യമല്ലെ, പോലീസ് വേർഷൻ സത്യമാകണമെന്നില്ല’. ലേഖകനതിനു ഇങ്ങനെ മറുപടി പറഞ്ഞു. ‘പോലീസ് വേർഷൻ ശരിയാണോ തെറ്റാണോ എന്നു തെളിവെടുത്തു തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്’ ജഡ്ജ് ലേഖകനോടു കയർത്തു സംസാരിക്കാൻ തുടങ്ങി. അപ്പോൾ വ്യവഹാരാവകാശം സംബന്ധിച്ചുള്ള വിധിന്യായം ഉച്ചത്തിൽ വായിക്കാൻ തുടങ്ങി.

ചലച്ചിത്രതാരം രാജ്കുമാറിനെ വിട്ടുകിട്ടുന്നതിനായി വീരപ്പനെതിരെയുള്ള ക്രമിനൽ കേസുകൾ പിൻവലിച്ച കർണ്ണാടക സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് വീരപ്പനുമായുള്ള എൻകൗണ്ടറിൽ കൊല്ലപ്പെട്ട പോലീസ് സൂപ്രണ്ടിന്റെ മകൻ നൽകിയ കേസിലെ സുപ്രീം കോടതി വിധിന്യായത്തിലെ പ്രസക്തഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു. ലോക്കസ് സ്റ്റാൻഡി ശരിവെക്കേണ്ടി വന്നെങ്കിലും ന്യായാധിപൻ അമർഷം മറച്ചുവെച്ചില്ല. ‘പക്ഷേ അതു ഗൂഢോദ്ദേശത്തിനാവരുത്. യു ഹാവ് ഒബ്ലിക് മോട്ടീവ്.’ ലേഖകൻ പറഞ്ഞു ‘എനിക്കോ കക്ഷിക്കോ ഒരു ഗൂഢോദ്ദേശയവുമില്ല, പണമുള്ളവനു നിയമം വിലയ്ക്കു വാങ്ങാൻ കഴിയുമെന്ന ധാരണ പരത്താതിരിക്കാനാണ് ഈ വ്യവഹാരം കൊണ്ടുദ്ദേശിക്കുന്നതെന്നു’ പറഞ്ഞപ്പോഴേക്കും ന്യയാധിപനിലെ സിംഹം എന്നെ കടിച്ചുകീറി. ‘ആർക്കു പണമുണ്ടെന്നാണ് നിങ്ങൾ പറയുന്നത്? ആരോടു നിയമം വിലയ്ക്കു വാങ്ങിയെന്നാണ് പറയുന്നത്. കോടതിയിൽ നിരുത്തരവാദത്തോടെ അസംബന്ധം വിളിച്ചു പറയരുത്’ എന്തു കൊണ്ടാണ് ഒരു സ്റ്റേറ്റ്‌മെന്റിനു രണ്ടു ന്യായാധിപർ രണ്ടു തരത്തിൽ പ്രതികരിച്ചത്. എന്തായാലും കേസ് അഡ്മിറ്റ് ചെയ്തു നോട്ടീസുത്തരവായി.

പിന്നീട് കേസ് വന്നത് സൗമ്യനും മിതഭാഷിയുമായ മറ്റൊരു ജഡ്ജിന്റെ ബെഞ്ചിലാണ്. കുറച്ചാശ്വാസം വിചാരിച്ചു. പക്ഷേ പട പേടിച്ചു പന്തളത്തു ചെന്നെന്നു പറഞ്ഞ അവസ്ഥ. സർക്കാരിനു ക്രിമിനൽ കേസ് പിൻവലിക്കാനുള്ള അധികാരം 321 വകുപ്പ് നൽകുന്നുണ്ട്. പൊതുതാല്പര്യം മുൻ നിർത്തി വേണമെന്നോ ഏതൊക്കെ കേസിൽ വേണമെന്നോ സി.ആർ.പി.സിയിൽ പറയുന്നില്ല. ഞാൻ സുപ്രീം കോടതി വിധി ഉദ്ധരിക്കാൻ തുടങ്ങി. ജഡ്ജ് സമ്മതിച്ചില്ല. ‘സുപ്രീം കോടതി അങ്ങനെ പലതും പറയും. ഞാനീ കേസ് തള്ളുകയാണ്. അതൊക്കെ വേണമെങ്കിൽ നിങ്ങൾ സുപ്രീം കോടതിയിൽ പറഞ്ഞോളൂ’ എന്നു പറഞ്ഞുകൊണ്ട് കേസ് തള്ളി. സർക്കാർ ഭാഗത്തിന്റെ അഭിപ്രായം ചോദിച്ചില്ല. നടനു വേണ്ടി അഭിഭാഷകരാരുമില്ലായിരുന്നു. സോളാർ കേസിന്റെ പരിഗണനയ്ക്കു ശേഷം ഈ ന്യായാധിപനു സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നു ചില ദൃശ്യങ്ങളോടെ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു.

തകർന്നത് നിയമ സമത്വത്തിലുളള പൊതുജനവിശ്വാസമല്ല. നിയമസമത്വവും നിയമവാഴ്ചയും പ്രബലർക്കു മുന്നിൽ നാടൻപാട്ടു പാടി ചുവടുവെക്കുമ്പോൾ അതു പ്രസംഗത്തിനും സെമിനാറിനും പറ്റിയ വിഷയം മാത്രമാണെന്നു മനസ്സിലാക്കാൻ പരാജയപ്പെട്ട ഒരു അഭിഭാഷകന്റെ നൈതികബോധമാണ്. കോടതിയലക്ഷ്യവും നാണക്കേടുകളും ഭയന്ന് അഴുക്കുകൾ പരവതാനിക്കടിയിലൊളിപ്പിച്ചു വെച്ചു കൊണ്ടൊന്നും ജൂഡീഷ്യറി എന്നല്ല ഒരു വ്യവസ്ഥിതിയും നന്നാവുകയില്ല. വിമർശനങ്ങൾ സൃഷ്ടിപരമാകുകയും വിമർശനങ്ങളെ സൃഷ്ടിപരമായെടുത്തും തിരുത്തലുകൾക്കു ശ്രമിക്കാതെ ഒന്നും നേരെയാകാൻ പോകുന്നില്ല. അല്ലാത്തിടത്തോളം സൽമാൻ ഖാൻമാർ ഫുട്പാത്തിലൂടെ കാറോടിച്ചു കൊണ്ടിരിക്കുകയും കലാഭവൻ മണിമാർ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മസിൽ ഞെരിച്ചുകൊണ്ടിരിക്കുകയും ചില ന്യായാധിപർ നാടൻപാട്ട് പാടിക്കൊണ്ടിരിക്കുകയും ചെയ്യും.

ജുഡീഷ്യറിയിലെ വരേണ്യതയെ 60 ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി വിമർശിച്ചു കോടതിയലക്ഷ്യ നടപടി നേരീട്ടു, എങ്കിലും വിമർശനത്തിൽ ഉറച്ചു നിന്നു. ‘പോറ്റിയുടെ കോടതിയിൽ പുലയനു നീതി കിട്ടില്ല’ ജാതീയമായ വിവേചനമല്ല അദ്ദേഹം ഉദ്ദേശിച്ചത്. പണമുള്ളവനും പാവപ്പെട്ടവനും രണ്ടു നീതിയെന്ന പൊതുജനാക്ഷേപം ദുരീകരിക്കാൻ കഴിയുന്നുണ്ടോ എന്ന് നീതിപീഠങ്ങളും ന്യായാധിപരും അഭിഭാഷകരും സ്വയം വിലയിരുത്തണം.