ബീഫ് കഴിച്ചാൽ ക്യാൻസർ വരുമോ; മനോരമ ലേഖനത്തിന് ഒരു മറുപടി

മലയാള മനോരമയിൽ ഡോ.ബി.അശോക് ബീഫിന്റെ ദോഷഫലങ്ങളെപ്പറ്റി എഴുതിയ ലേഖനം അർദ്ധ സത്യങ്ങളും നുണകളും കൊണ്ട് ശാസ്ത്രവിജ്ഞാനങ്ങളെ എങ്ങനെ വളച്ചൊടിച്ച് സെൻസേഷണലിസം സൃഷ്ടിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. വൈസ് ചാൻസലർ അക്കമിട്ടു നിരത്തുന്ന കാര്യങ്ങൾ നമുക്കൊന്നു പരിശോധിക്കാം. ഒന്നാമതായി, ബീഫ് കഴിക്കുന്നവരുടെ തലച്ചോറിൽ ഇരുമ്പ് അടിഞ്ഞുകൂടി തലച്ചോർ പ്രവർത്തനരഹിതമാവും എന്ന കണ്ടുപിടുത്തം എടുക്കാം. ഈ ഇരുമ്പ് അടിഞ്ഞുകൂടൽ Haemosiderosis എന്ന അവസ്ഥയാവും എന്നു ഞാൻ കരുതുന്നു. വാസ്തവത്തിൽ ഈ അസുഖം ഉള്ളവർ ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നേയുള്ളൂ.
 | 

സി.ടി. ബാബുരാജ്

ബീഫ് കഴിച്ചാൽ ക്യാൻസർ വരുമോ; മനോരമ ലേഖനത്തിന് ഒരു മറുപടി
മലയാള മനോരമയിൽ ഇന്ന് ഡോ: ബി അശോകിന്റേതായി (വെറ്റിനറി സർവ്വകലാശാലാ വി.സി.) വന്ന ബീഫിന്റെ ദോഷഫലങ്ങളെപ്പറ്റിയുള്ള ലേഖനമാണ് ചിത്രം. അർത്ഥസത്യങ്ങളും നുണകളും കൊണ്ട് ശാസ്ത്രവിജ്ഞാനങ്ങളെ എങ്ങനെ വളച്ചൊടിച്ച് സെൻസേഷണലിസം സൃഷ്ടിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ലേഖനം. വൈസ് ചാൻസലർ സാർ അക്കമിട്ടു നിരത്തുന്ന കാര്യങ്ങൾ നമുക്കൊന്നു പരിശോധിക്കാം.

ഒന്നാമതായി, ബീഫ് കഴിക്കുന്നവരുടെ തലച്ചോറിൽ ഇരുമ്പ് അടിഞ്ഞുകൂടി തലച്ചോർ പ്രവർത്തനരഹിതമാവും എന്ന കണ്ടുപിടുത്തം. ഈ ഇരുമ്പ് അടിഞ്ഞുകൂടൽ Haemosiderosis എന്ന അവസ്ഥ ആവും എന്നു ഞാൻ കരുതുന്നു. വാസ്തവത്തിൽ ഈ അസുഖം ഉള്ളവർ ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നേയുള്ളൂ. അക്കൂട്ടത്തിൽ ബീഫും വരും എന്നു മാത്രം. വീസിയുടെ വാദപ്രകാരം, വാഴപ്പഴം കൂടുതൽ കഴിക്കുന്നവർ കിഡ്ണി രോഗം ബാധിച്ച് മരണപ്പെടും എന്നും വാദിക്കാം. കാരണം, കിഡ്ണി തകരാറിലായവർക്ക് രക്തത്തിൽ പൊട്ടാസ്യം കൂടും. ഈ അവസ്തയിൽ പൊട്ടാസ്യം കൂടുതലുള്ള വാഴപ്പഴം പോലുള്ളവ കഴിച്ചാൽ പൊട്ടാസ്യത്തിന്റെ അളവ് വീണ്ടും കൂടി ഹൃദയസ്തംഭനം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്.

അടുത്തത് കാർണിറ്റീൻ വാദം. കോശങ്ങളിലെ ഊർജ്ജോല്പാദന സംബന്ധമായ പ്രവർത്തനങ്ങൾക്ക് അത്യാവശ്യം വേണ്ട ഒരു തന്മാത്രയാണ് കാർണിറ്റീൻ. കോശങ്ങളിലെ ബാറ്ററി എന്നറിയപ്പെടുന്ന മിറ്റക്കോണ്ട്രിയയിലേയ്ക്ക് ഇന്ധന്മായ ഫാറ്റിആസിഡുകൾ കടത്തിവിടുന്ന പ്രധാനജോലിയാണ് ഇതിനുള്ളത്. ബീഫിൽ വളരെ നല്ല തോതിൽ കാർണിറ്റീൻ അടങ്ങിയിട്ടുണ്ട്. മസിൽ വലിച്ചിൽ, പേശീ വേദന മുതലായവയ്ക്ക് ഡോക്ടർമാർ കാർണിറ്റീൻ നൽകാറുണ്ട്. വീസി പറയുന്ന സൂക്ഷ്മാണു പ്രവർത്തനവും തന്മൂലമുള്ള അതിറോസ്‌ക്ലീറോസിസും ഒക്കെ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ട കാര്യങ്ങളാണ്. പരീക്ഷണശാലയിലെ പെട്രിഡിഷിൽ കാണുന്നതോ, ജീവികളിലെ പരീക്ഷണത്തിൽ കിട്ടുന്നതോ ആയ ഫലങ്ങൾ അതേപടി മനുഷ്യരിൽ ആവർത്തിക്കണമെന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ എയിഡ്‌സിനും ക്യാൻസറിനും ഒക്കെ ഫലപ്രദമായ മരുന്നുകൾ ഉണ്ടായേനെ. പല ജൈവപ്രവർത്തനങ്ങളും മനുഷ്യരിൽ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായാണ് നടക്കുന്നത് എന്നതു തന്നെ കാരണം. അതിനാൽ, മനുഷ്യരിൽ അങ്ങിനെയൊക്കെ വരാൻ സാദ്ധ്യതയുണ്ടെന്നല്ലാതെ, വരും എന്നൊന്നും പറയാൻ ആവില്ല. കൂടുതൽ പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുമ്പോൾ ഈ ഫലം തെളിയിക്കപ്പെടാം, തള്ളപ്പെടാം. അതിനുമുൻപ്, വീസി ഏകപക്ഷീയമായി ഫലപ്രഖ്യാപനം നടത്തുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ വിവരക്കേടാണ്. എലികളിൽ പ്രമേഹം ഉണ്ടാക്കുന്ന അലോക്‌സാൻ എന്ന സാധനം കൊണ്ടാണ് മൈദ ഉണ്ടാക്കുന്നത്, അതിനാൽ പൊറോട്ട തിന്നാൽ പ്രമേഹം വരും എന്നു പറയുന്ന വിവരദോഷികളുടെ ഇടയിൽ തന്നെയാണ് വീസിയ്ക്കും സ്ഥാനം.

ബീഫ് കഴിച്ചാൽ ക്യാൻസർ വരുമോ; മനോരമ ലേഖനത്തിന് ഒരു മറുപടി

കുടലിലെ ക്യാൻസറും ബീഫും തമ്മിലുള്ള ബന്ധത്തെപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. ഫലങ്ങൾ പല വിധത്തിലള്ളവയായിരുന്നു, അനുകൂലവും പ്രതികൂലവും. എന്നാൽ ഈ പഠനങ്ങളുടെ മെറ്റാ അനാലിസിസിൽ (മെറ്റാ അനാലിസിസ് എന്നു പറഞ്ഞാൽ, കൃത്യമായി നടത്തിയതെന്നു ബോദ്ധ്യം വന്ന പഠനങ്ങളെ ഒന്നിച്ച് പരിഗണിച്ച് എടുക്കുന്ന ഫലം. ഒറ്റപ്പെട്ട പഠനഫലങ്ങളെക്കാൾ ഇവയ്ക്ക് ആധികാരികത കൂടും.) ഇവ തമ്മിലുള്ള ബന്ധം വളരെ ദുർബ്ബലം ആണ് എന്നാണ് കണ്ടിരിക്കുന്നത്. സംശയമുള്ളവർക്ക് മെഡിക്കൽ ഗവേഷണങ്ങളുടെ ആധികാരിക ശേഖരമായ pubmed ഇൽ നോക്കാവുന്നതാണ്.

ദിവസം 100 ഗ്രാം വരെയുള്ള ചുവന്ന മാംസത്തിന്റെ (ബീഫ്) ഉപഭോഗം ഹൃദയധമനീ രോഗങ്ങളുടേയോ പ്രമേഹത്തിന്റേയോ സാദ്ധ്യത ഉയർത്തുന്നില്ല എന്ന് മറ്റൊരു മെറ്റാ അനാലിസിസിൽ പബ്‌മെഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ പ്രോസസ് ചെയ്ത മാംസം അപകടകരം തന്നെയാണ്.

പ്രിയോൺ രോഗം ഇൻഡ്യയിൽ ഇല്ലെന്നു പറയുന്നുണ്ടെങ്കിലും അതൊരു പോയന്റാകാൻ വീസിയദ്യം മടിക്കുന്നില്ല. അത്തരം പകർച്ചവ്യാധികളിൽ രോഗം പകരുന്നത് തടയുന്നതിനുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്. അതിൽ രോഗബാധിതമായ മാംസം ഉപേക്ഷിക്കുന്നതും പെടും. എന്നാൽ അതൊരു പൊതു നിയമമായി കണ്ട് എല്ലാ മാംസവും ഉപേക്ഷിക്കണം എന്നു പറയുന്നത് എന്തർത്ഥത്തിലാണ്. പച്ചക്കറികളിലൂടെയും ജലത്തിലൂടെയും മറ്റു ഭക്ഷണപദാർത്ഥങ്ങളിലൂടെയും പകരുന്ന രോഗങ്ങളുണ്ട്, അവയൊക്കെ ഉപേക്ഷിക്കാൻ പറ്റുമോ?

അവസാനമായി ഡയോക്‌സിൻ. ഏത് ഭക്ഷണസാധനത്തിന്റേയും അപകടം പറയാൻ ഡയോക്‌സിൻ കൂടാതെ കഴിയില്ല എന്നായിട്ടുണ്ട്. ഡയോക്‌സിനെപ്പറ്റി അറിവില്ലാത്തവർക്ക് ആയി പറയട്ടെ, ഡയോക്‌സിൻ പോത്ത് ശരീരത്ത് ഉത്പാദിപ്പിക്കുന്ന ഒരു സാധനമല്ല, മറിച്ച് ഒരു വ്യവസായ മാലിന്യം ആണ്. അത് മണ്ണിലൂടെയും വെള്ളത്തിലൂടെയും ചെടികളിൽ കയറി പിന്നെ ഭക്ഷണശൃംഖലയിലൂടെ ജീവികളിൽ കടന്നു കൂടുന്ന ഒന്നാണ്. ജീവികളുടെ ശരീരത്തിൽ കടന്നാൽ അത് വളരെക്കാലം ശരീരത്തിൽ നിലനിൽക്കും, പ്രത്യേകിച്ച് കൊഴുപ്പിൽ. നമ്മുടെയൊക്കെ ശരീരത്തിലും ഡയോക്‌സിൻ ഉണ്ട്. ലേഖകൻ പറയുന്ന പ്രശ്‌നങ്ങൾ ഒക്കെ അതുകൊണ്ട് ഉണ്ടാവാം. എന്നാൽ അദ്ദേഹം നല്ല പട്ടികയിൽ പെടുത്തുന്ന കോഴിയിറച്ചിയും, മീനും ഒന്നും ഡയോക്‌സിൻ വിമുക്തമല്ല. ഡയോക്‌സിൻ ഏറ്റവും കുറഞ്ഞ അളവിലേ പാടുള്ളൂ ( വേണ്ടേ വേണ്ട എന്നു വെയ്ക്കാൻ ഈ കാലത്ത് ആവില്ല) എന്നുണ്ടെങ്കിൽ വെജിറ്റേറിയൻ ആയിക്കോളൂ.

ഏതൊരാൾക്കും വിജ്ഞാനം വിരൽത്തുമ്പിൽ കിട്ടുന്ന ഈ കാലത്ത് ഇത്രമാത്രം പക്ഷാപാതപരമായി ‘ചെറിപിക്കിങ്ങ്’ നടത്തുന്ന ഈ മനുഷ്യൻ ഗവേഷണങ്ങൾ നടത്തുന്ന (?) അല്ലെങ്കിൽ നടത്താൻ ഉത്തരവാദപ്പെട്ട ഒരു സർവ്വകലാശാലയുടെ വീസിയാണ് എന്നത് എന്നെ അതിശയിപ്പിക്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ ഇയാൾ ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ ശാസ്ത്രബോധം കൂടി കാണിക്കാത്തത് എന്താണ്? നെറ്റിയിൽ നീട്ടിവരച്ചിരിക്കുന്ന ആ കുറിയിലായിരിക്കുമോ അതിന്റെ ഉത്തരം?