പശുവിറച്ചി വിളമ്പുന്ന ക്യാപസുകൾ

മുറിവൈദ്യന്മാർ മാത്രമല്ല മുഴുവനും പറയാത്ത ചിന്തകരും ആളെക്കൊല്ലാൻ ഇടയുണ്ട്. ഏതുകുറ്റിയിലും കെട്ടാവുന്ന പശുവിനെപ്പോലെ, എങ്ങനെയും കെട്ടാവുന്ന കഥകൾ ഉണ്ടാക്കുക അവർക്ക് പ്രിയമാണ്. കെട്ടുകണക്കിനു കഥകൾ. എല്ലാം കഥയാണ് എന്ന സിദ്ധാന്തം കൂടിയാകുമ്പോൾ കെട്ടുകഥ ഇല്ലാതാകും. പറയാൻ കാരണം പശുവിറച്ചിയെപ്പറ്റിയുള്ള വിചാരങ്ങൾ ആണ്. എഫ്ലൂവും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയും (HCU) ഹൈദരാബാദിലായതിനാൽ രണ്ടിടത്തേയും ഒരേ കുറ്റിയിൽ കെട്ടുന്ന കഥകൾ വായിച്ചതുകൊണ്ടാണ്. ഇത്തരം കഥയെഴുത്ത് പുതിയതല്ല.
 | 

എന്‍.കെ. ഷിനോദ്

പശുവിറച്ചി വിളമ്പുന്ന ക്യാപസുകൾ

മുറിവൈദ്യന്മാർ മാത്രമല്ല മുഴുവനും പറയാത്ത ചിന്തകരും ആളെക്കൊല്ലാൻ ഇടയുണ്ട്. ഏതുകുറ്റിയിലും കെട്ടാവുന്ന പശുവിനെപ്പോലെ, എങ്ങനെയും കെട്ടാവുന്ന കഥകൾ ഉണ്ടാക്കുക അവർക്ക് പ്രിയമാണ്. കെട്ടുകണക്കിനു കഥകൾ. എല്ലാം കഥയാണ് എന്ന സിദ്ധാന്തം കൂടിയാകുമ്പോൾ കെട്ടുകഥ ഇല്ലാതാകും. പറയാൻ കാരണം പശുവിറച്ചിയെപ്പറ്റിയുള്ള വിചാരങ്ങൾ ആണ്. എഫ്‌ലൂവും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയും (HCU) ഹൈദരാബാദിലായതിനാൽ രണ്ടിടത്തേയും ഒരേ കുറ്റിയിൽ കെട്ടുന്ന കഥകൾ വായിച്ചതുകൊണ്ടാണ്.
ഇത്തരം കഥയെഴുത്ത് പുതിയതല്ല.

മത രഹിതമായ ഓണങ്ങൾക്ക് വിയോജനക്കുറിപ്പെഴുതിയ മുഹമ്മദ് അഫ്‌സൽhttp://utharakalam.com/?p=4831 )കേരളീയം എന്ന HCU-മലയാളികളുടെ പരിപാടിയിൽ തിരുവാതിരയെ മാത്രം കേരള സ്ത്രീകളുടെ കലയായും മറ്റെല്ലാം ഓരോരോ മതസ്ഥരുടെ കലയായും അവതരിപ്പിച്ചു എന്നെഴുതി. അപ്പറഞ്ഞതിൽ പിശകുണ്ടെന്നും വേണമെങ്കിൽ പരിപാടിയുടെ വീഡിയോ നോക്കാം എന്നും അദ്ദേഹത്തെ അറിയിച്ചു. പക്ഷേ, ഇപ്പോഴും ആ വാചകം തിരുത്തിയിട്ടേയില്ല.

ചില പിശകുകകൾ അങ്ങനെയാണ്, തിരുത്തപ്പെടില്ല. കാളനാകാമെങ്കിൽ കാളയുമാകാം എന്ന കെ.ഇ.എൻ ആഹ്വാനം അവേശോജ്വലമാക്കിയ പല ചിങ്ങങ്ങളിൽ ഒന്നായിരുന്നു അത്. കാളനാകാമെങ്കിൽ കാളയും ആകാം എന്ന തലക്കുറിക്ക് ലോജിക്കലി ചില കുറവുകൾ ഉണ്ട്. കാരണം, കാളയാകാമെങ്കിൽ പന്നിയുമാകാം എന്നും ചായയാകാമെങ്കിൽ ചാരായവുമാകാം എന്നുമെല്ലാം സമ്മതിക്കേണ്ടി വരും.

അത് പോട്ടെ. മേൽക്കഥകൾ നടന്നത് 2012 ൽ ആകുന്നു. 2015 ൽ വീണ്ടും പോത്തും പന്നിയും വിഷയമാകുമ്പോൾ കഥകളിൽ സമാനമായ യുക്തിയും ഭാഷയും പിശകുകളും മറവിയും ഉണ്ട് എന്നത് കൗതുകകരം. താഹിർ ജമാൽ (2015, http://utharakalam.com/?p=12842) പശുവിറച്ചിയുടെയും ഏറ്റെടുക്കലിന്റേയും രാഷ്ട്രീയം എഴുതുമ്പോഴും HCU കേരളീയം കടന്നു വരും. സമാന്തരമായി, പ്രതിഷേധമായി തങ്ങൾ പശുവിറച്ചി വിളമ്പിയതും പറയും. പക്ഷേ, തങ്ങളുടെ കൂട്ടരെ മാത്രം അറിയിച്ച്, തങ്ങൾ ഉണ്ടാക്കി, തങ്ങൾ വിളമ്പിയതാണ് പശുവിറച്ചി എന്ന് പറയാൻ മറക്കും. (കൂടുതൽ ആളുകളെ അറിയിക്കാത്ത, അടച്ചിട്ട മുറിയിലെ പ്രതിഷേധം പോലെ ഒന്നാണിതെന്ന് ധരിക്കപ്പെട്ടാൽ തെറ്റു പറയാനാകില്ല. എല്ലാവർക്കും പ്രവേശനം ഇല്ലാത്ത മുറികളുണ്ട്.)

കേരളീയത്തിൽ, ഇറച്ചിയും (ഏത് പെരുനാളിനും ബലിയാക്കപ്പെടുന്ന, ചോദിക്കാൻ ആരുമില്ലാത്ത, മതമില്ലാത്ത കോഴി തന്നെ) മീനും വിളമ്പിയിരുന്നു എന്നും പറയാൻ മറക്കും. ‘തുള്ളലിലിങ്ങനെ പലതും പറയും. അതുകേട്ടുള്ളിൽ പരിഭവമരുതേ’ എന്ന കവിരീതിയാകാം ഇത്.

പശുവിറച്ചി വിളമ്പുന്ന ക്യാപസുകൾ
HCകാമ്പസ്സിൽ സുക്കൂണിനു (ഈ കാമ്പസ്സിന്റെ ഉത്സവം. College day എന്ന് നാട്ടുഭാഷ.) കഴിഞ്ഞ 5 വർഷവും ബീഫ് ബിരിയാണി പരസ്യമായി വിൽക്കുകയും തിന്നുകയും ചെയ്യുന്നുണ്ട്. Ambedkar Student Association (ASA) പണ്ടേയ്ക്കുപണ്ടേ ഇവിടെ പോത്തുവിളമ്പിയതാണ്. നല്ല രുചിയുണ്ടായിരുന്നു. ഇപ്പോൾ ഈ കാമ്പസിൽ ആർക്കും പോത്ത് തിന്നാം. (അത്ര എളുപ്പത്തിൽ സാധ്യമായ ഒന്നല്ല ഇത്. അതിന്റെ ഉള്ളുകള്ളികൾ അറിയാൻ നോക്കുക ‘സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ’ http://newsmoments.in/columns/beef-ban-in-maharasthra/26021.html)

പക്ഷേ, ബീഫ് കിട്ടുന്ന ഒരു കട പോലും കാമ്പസിലില്ല! അതെപ്പറ്റി ആരും പറയാറുമില്ല. റംസാൻ കാലത്ത് ബീഫ് ഹലീം കിട്ടുന്ന കടകൾ ഉണ്ടായിട്ടുണ്ട്. ഉത്സവത്തിന്റെ ഓഫർ എന്ന് സാരം. ആകയാൽ, സുക്കൂൺ പോലുള്ള ഉത്സവങ്ങളിൽ പോത്ത് വിളമ്പുന്നതിൽ സിമ്പോളിക്കലായി പ്രാധാന്യം ഉണ്ടെന്ന് വെറുതേ സ്വയം ആശ്വസിക്കാം. ‘കാളതീറ്റ മത്സരം’ എന്ന് കെ.ഇ.എൻ പറഞ്ഞതായി പറയപ്പെടുന്നത് ഇത്തരം ഉത്സവകാല വിനോദങ്ങളെക്കുറിച്ചാകാൻ ഇടയുണ്ട്. പക്ഷേ എഫ്‌ലൂവിൽ സ്ഥിതി ഇതല്ല എന്നാണറിവ്. അവിടെ ഉത്സവത്തിനു ബീഫ് വിളമ്പുന്നതിൽ പ്രാധാന്യം ഉണ്ട്. സാരമായ അർത്ഥവ്യത്യാസങ്ങളുണ്ട് രണ്ടിടത്തും പോത്തിനെന്നു സാരം.

പശുവിറച്ചി വിളമ്പുന്ന ക്യാപസുകൾ

 

കഥ കഴിഞ്ഞിട്ടില്ല. കേരളത്തിൽ, ബീഫ് ദലിത് സൂചകമായ ഭക്ഷണമല്ല എന്നെഴുതുന്നു ഹനു ജി. ദാസ്. (2015, http://utharakalam.com/?p=3167) (ഹനുവിന്റെ എല്ലാ ആശങ്കകളോടും വാദങ്ങളോടും മുഴുവൻ യോജിപ്പില്ല. കാരണം, ഈ കുട്ടിയുടെ സ്‌കൂൾ വേറെയാണ്). അതുകൊണ്ട് കേരളത്തിൽ ബീഫിന്റെ രാഷ്ട്രീയത്തിന്റെ വേവ് വേറെയാണ്. അതിനു എഫ്‌ലൂവിലെയോ HCU വിലെയോ മഹാരാഷ്ട്രയിലെയോ അർത്ഥം തന്നെ വേണം അല്ലെങ്കിൽ കൊടുക്കണം എന്ന ശാഠ്യത്തിൽ അതുകൊണ്ട് ശരികുറവുണ്ട്. അതുകൊണ്ട് തങ്ങളെടുക്കുന്നതുപോലെതന്നെ മറ്റുള്ളവരും പോത്തിനെ പേറണം എന്നത് തീരെ ശരിയല്ല.

ചുംബന സമര വിരുദ്ധർ കൊച്ചിയിൽ പോത്തുമായി വന്നിരുന്നു. കയ്യിൽ കുരുക്കുണ്ടായിരുന്നോ എന്ന് തിട്ടമില്ല. ജീവനോടായാൽ, പോത്തിനു ഇങ്ങനെയും അർത്ഥമുണ്ടാക്കാം. ബീഫ് ഫെസ്റ്റ് സമരത്തെ അനുകൂലിച്ചാൽ അത് ഏറ്റെടുക്കലും അനുകൂലിക്കാതിരുന്നാൽ അത് ദലിത് വിരുദ്ധതയോ ഇസ്ലാമോഫോബിയയോ ആക്കുന്നതും ഒരു കുയുക്തിയാണ്. ഈ യുക്ത്യാഭാസത്തിലാണ് ചില കാഥികർ വിഹരിക്കൂന്നത്. സ്റ്റേഷനിലേക്ക്, വലതുകാലു വച്ച് കേറിയാലും ഇടതു കാലു വച്ചുകേറിയാലും തല്ലുന്ന പഴയ പൊലീസ് യുക്തിതന്നെ ഇത്. (fallacy of complex questioning എന്ന് ഗൂഗിളാക്കുക. പിടി കിട്ടും സംഗതി.)

അതുകൊണ്ട്, ചിഹ്നവ്യഹഹാരികൾ മനപ്പൂർവ്വം മറക്കുന്ന അർത്ഥ വിചാരത്തിലെ ചെറിയ ഒരു തത്വം ഓർക്കാം. അടയാളങ്ങളുടെ അർത്ഥം എല്ലായിടത്തും ഒന്നാകണം എന്നില്ല. ഒന്നു തന്നെ ആയിരിക്കണം അതെന്ന് വാശിപിടിക്കുന്നത് തൻകാര്യം മാത്രം മതി എന്നതുകൊണ്ടാകാം. നമ്മുടെ സമരങ്ങൾ എന്നെഴുതുന്നവരുടെ ‘നമ്മളിൽ’ ആരൊക്കെയുണ്ട് എന്നതിന്റെ ഒരു രഹസ്യമിരിക്കുന്നത് ആ തൻകാര്യത്തിലാണ്. അത് ഭാഷകൊണ്ടുള്ള ഒരു കളി.

പശുവിറച്ചി വിളമ്പുന്ന ക്യാപസുകൾ

കാളനാകാവുന്നതുകൊണ്ട് കാളയാകം എന്നതല്ല ന്യായമല്ല വേണ്ടത്. ‘ഒരുവന്റെ വായിലേക്ക് പോയതല്ല വായിൽ നിന്നും വരുന്നതാണ് അവനെ അശുദ്ധനാക്കുന്നത്’ എന്ന മനുഷ്യപുത്രന്റെ വചനമാണ് ന്യായം. (മത്തായിയുടെ സുവിശേഷം 15:11,12 ). വചനം ചിലപ്പൊഴൊക്കെ വാസ്തവമാണ്. അതുകൊണ്ടുതന്നെ കഥകളിൽ കുടുങ്ങുന്ന കാലത്തിനു അതിനെ അംഗീകരിക്കാൻ പ്രയാസമാകും.

കഥയിൽ ഒരു ട്വിസ്റ്റ്
ജന്മഭൂമി ഉവാച: ‘ഗോരക്ഷകനായ ഉണ്ണിക്കണ്ണന്റെ പേരിലുള്ള ദേവസ്വത്തിന്റെ കീഴിലുള്ള ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും ബീഫ് ഫെസ്റ്റ്. ഗോവധ നിരോധനത്തിനെതിരായ SFIയുടേയും DYFIയുടേയും പ്രതിഷേധം ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമായി മാറുകയാണ്.’ (ജന്മഭൂമി. http://www.janmabhumidaily.com/news277362. പോത്തുകളുടെ, ക്ഷമിക്കണം പശുപക്ഷത്തിന്റെ പ്രതിഷേധമാണ് മേലെ വായിച്ചത്.
HCU കാമ്പസിൽ പശുവിറച്ചി വിളമ്പിയതിൽ ആരും പ്രതിഷേധിച്ച് കണ്ടില്ല. അടയാളങ്ങളുടെ അർത്ഥ വ്യത്യാസത്തിനു ഇതിലും ലളിതമായൊരു ഉദാഹരണം ഇല്ല.

(ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിയില്‍ ഗവേഷകനാണ് ലേഖകന്‍)