മാണി വായിച്ച പേപ്പറിൽ നുണകളുടെ പെരുമഴ

കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ചു എന്ന് പറയുന്ന ബഡ്ജറ്റിൽ 2014-15 ലെ റവന്യൂ കമ്മി 10263 കോടിയാണ്. ഇത് സംസ്ഥാന വരുമാനത്തിൻറെ 2.07% വരും. എന്നാൽ ഇത് കള്ളക്കണക്കാണെന്നു മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. കഴിഞ്ഞവർഷം ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ പറഞ്ഞത് സംസ്ഥാന നികുതി വരുമാനം 42467 കോടി രൂപ ആയിരിക്കും എന്നാണ്. ഇപ്പോൾ അത് 38284 കോടി രൂപയായി കുറയുമെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ കമ്മി 7131 കോടി രൂപയിൽ നിന്ന് 10263 കോടി രൂപയായി വർധിക്കുമെന്നു ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ ഇത്രപോലും നികുതി 2014-15 ൽ പിരിയാൻ പോകുന്നില്ല. അതുകൊണ്ട് കമ്മി ഇനിയും കൂടും.
 | 

ഡോ.തോമസ് ഐസക്ക്

മാണി വായിച്ച പേപ്പറിൽ നുണകളുടെ പെരുമഴ
കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ചു എന്ന് പറയുന്ന ബഡ്ജറ്റിൽ 2014-15 ലെ റവന്യൂ കമ്മി 10263 കോടിയാണ്. ഇത് സംസ്ഥാന വരുമാനത്തിൻറെ 22.07% വരും. എന്നാൽ ഇത് കള്ളക്കണക്കാണെന്നു മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. കഴിഞ്ഞവർഷം ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ പറഞ്ഞത് സംസ്ഥാന നികുതി വരുമാനം 42467 കോടി രൂപ ആയിരിക്കും എന്നാണ്. ഇപ്പോൾ അത് 38284 കോടി രൂപയായി കുറയുമെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ കമ്മി 7131 കോടി രൂപയിൽ നിന്ന് 10263 കോടി രൂപയായി വർധിക്കുമെന്നു ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ ഇത്രപോലും നികുതി 2014-15 ൽ പിരിയാൻ പോകുന്നില്ല. അതുകൊണ്ട് കമ്മി ഇനിയും കൂടും.

ജനുവരി വരെയുളള നികുതി പിരിവ് കേവലം 28496 കോടിയാണ്. അടുത്ത രണ്ടു മാസം കൊണ്ട് ഏറിയാൽ 6500 കോടി പിരിക്കാൻ പറ്റും. 2013-14 ൽ അവസാനത്തെ രണ്ടുമാസം 6000 കോടി രൂപയാണ് നികുതി പിരിഞ്ഞത് എന്നോർക്കുക. അപ്പോൾ 2014-15ലെ നികുതി വരുമാനം ഏറിയാൽ 35000 കോടി രൂപയേ വരൂ. ഇതുമൂലം കമ്മി 13500 കോടി രൂപയെങ്കിലും വരും. ഇത് സംസ്ഥാന വരുമാനത്തിൻറെ 2.7% വരും. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. ഇതേ അടവാണ് കഴിഞ്ഞ വർഷവും ബഡ്ജറ്റ് അവതരണ വേളയിൽ കമ്മി കുറച്ചു കാണിക്കാനായി മാണി ഉപയോഗിച്ചത്. എന്നാൽ ദൗർഭാഗ്യവശാൽ ഒരു ചാനൽ ചർച്ചയിലും ഇതൊരു ഗൗരവമായ പ്രശ്‌നമായി ഉയർത്തപ്പെട്ടു കണ്ടില്ല.

കമ്മി കുറച്ചു കാണിക്കാൻ സംസ്ഥാന വരുമാനക്കണക്കിലും സർക്കാർ കൃത്രിമം കാണിച്ചിരിക്കുകയാണ്. നേരത്തേ ഫാക്ടർ കോസ്റ്റ് സമ്പ്രദായപ്രകാരമാണ് സംസ്ഥാന വരുമാനം കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത് മാർക്കറ്റ് പ്രൈസ് സമ്പ്രദായമാണ്. സാമ്പത്തിക വളർച്ച ഉയർത്തിക്കാണിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ സമ്പ്രദായത്തിലേയ്ക്കു മാറിയത് എന്നത് പരക്കെ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാ സർക്കാർ ഒരു പുതിയ രീതിയിലേയ്ക്കു പോകുമ്പോൾ നമ്മളും ആ സമ്പ്രദായം അനുകരിക്കുന്നതിൽ തെറ്റില്ല. അതിന്റെ പരിമിതി മനസിലാക്കിയിരിക്കണമെന്നു മാത്രം.

മാണി വായിച്ച പേപ്പറിൽ നുണകളുടെ പെരുമഴപുതിയ രീതിയിൽ സംസ്ഥാന വരുമാനം കണക്കുകൂട്ടാൻ ആവശ്യമായ സ്ഥിതിവിവരക്കണക്കില്ല എന്നതാണ് ഗൗരവമായ പ്രശ്‌നം. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്. ഫാക്ടർ കോസ്‌റിലുളള സംസ്ഥാന വരുമാനത്തോട് പരോക്ഷ നികുതികൾ കൂട്ടണം. അതേസമയം സബ്‌സിഡികൾ കുറയ്ക്കണം. എന്നാൽ കേന്ദ്രസർക്കാർ വളം, പെട്രോളിയം, ഭക്ഷ്യം തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാനത്തു നൽകുന്ന സബ്‌സിഡികളെത്രയെന്ന് കണക്കില്ല. അതുകൊണ്ട് ഇവ കുറയ്ക്കാതെയേ പുതിയ സമ്പ്രദായപ്രകാരം സംസ്ഥാന വരുമാനം കണക്കാക്കാനാവൂ. സ്വാഭാവികമായും ഇതിന്റെ ഫലമായി സംസ്ഥാന വരുമാനം യഥാർത്ഥത്തിൽ ഉളളതിനെക്കാൾ ഉയർന്നിരിക്കും. അതിന്റെ ഫലമായി സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി കമ്മിയുടെ തോത് താഴും.

ഡയറക്റ്ററെറ്റ് ഓഫ് ഇക്കനോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അവരുടെ പരിമിതി വിശദീകരിച്ചുകൊണ്ട് പുതിയ സംബ്രദായ പ്രകാരം സംസ്ഥാന വരുമാനം കണക്കാക്കാൻ തങ്ങൾക്ക് ആവില്ലെന്ന് പറഞ്ഞ് അയച്ചിരുന്ന കത്ത് വായിക്കുക. പക്ഷെ, ധനവകുപ്പ് വരുമാനം പെരുപ്പിച്ചു കാണിക്കുന്ന മതിപ്പ് കണക്കുകൾ തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചു.

2014-15ലെ ബജറ്റിലെ മറ്റൊരു കള്ളക്കണക്ക് വാർഷിക പദ്ധതിയിലെ ചെലവു സംബന്ധിച്ചാണ്. ട്രഷറി കണക്കു പ്രകാരം ജനുവരി അവസാനം വരെ ചെലവഴിച്ചത് സംസ്ഥാന പദ്ധതിയുടെ അടങ്കലിന്റെ 32 ശതമാനം മാത്രമാണ്. എന്തു സർക്കസു കാണിച്ചാലും അറുപതു ശതമാനത്തിലപ്പുറം ചെലവഴിക്കാനാവില്ല. എന്നാൽ പദ്ധതി ചെലവ്, അടങ്കലായ 16797 കോടി രൂപയേക്കാൾ അധികരിച്ച് 17602 കോടി വരുമെന്നാണ് ബജറ്റ് കണക്ക്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണം സംസ്ഥാന ബഡ്ജറ്റ് വഴി റൂട്ട് ചെയ്തതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. പക്ഷേ, ഇത് ഭാഗീകമായ വിശദീകരണമേ ആവുന്നുള്ളൂ. പദ്ധതി വെട്ടിക്കുറച്ചു എന്ന അപഖ്യാതി ഒഴിവാക്കാൻ അടുത്ത സെപ്റ്റംബർ വരെ പദ്ധതിക്കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്.

ഇതു തികച്ചും ഭരണഘടാവിരുദ്ധമായ നടപടിയാണ്. ബജറ്റ് എന്നാൽ സംസ്ഥാന സർക്കാരിന്റെ വാർഷിക വരവു ചെലവു കണക്കാണ്. ഇതിപ്പോൾ സർക്കാർ ഒന്നര വർഷത്തെ ചെലവു കണക്കാക്കി മാറ്റിയിരിക്കുകയാണ്. പുതിയ ഉത്തരവു പ്രകാരം അടുത്ത സെപ്തംബർ 30നുള്ളിൽ ചെലവഴിച്ചു തീർക്കാൻ പറ്റുന്ന തുക കാര്യകാരണസഹിതം ഫിനാൻസ് വകുപ്പിലറിയിച്ചാൽ അവരതു പ്രത്യേക ഇലക്ട്രോണിക് ലെഡ്ജർ അക്കൌണ്ടിൽ വകകൊളളിക്കുമത്രേ. പണം ലാപ്‌സാവുകയില്ല. അടുത്ത സെപ്തംബറിനുള്ളിൽ സാധാരണ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അതു ചെലവഴിച്ചാൽ മതി.

ഡിപ്പാർട്ടുമെന്റുകളുടെ കഴിവുകേടു കൊണ്ടാണ് പണം സമയത്ത് ചെലവഴിച്ചു തീരാത്തത് എന്നാണ് ധവകുപ്പിന്റെ ഭാവം. യഥാർത്ഥത്തിൽ ട്രഷറിയിൽ പണമില്ലാത്തതുകൊണ്ട് വകുപ്പുകളുടെ ചെലവിനുമേൽ കടിഞ്ഞാണിട്ടിരിക്കുകയാണ്. വായ്പയെല്ലാം എടുത്തു തീർത്തതുണ്ട് ഇിയൊട്ടു പണമുണ്ടാകാനും പോകുന്നില്ല. അതുകൊണ്ടാണ് സെപ്തംബർ വരെ പദ്ധതി നീട്ടിയത്. സംസ്ഥാന പദ്ധതി അടങ്കലിൽ എത്ര ശതമാനം ചെലവാക്കുമെന്ന് സർക്കാർ വ്യക്തമാക്കുമോ?

കൊച്ചി മെട്രോയ്ക്ക് 960 കോടി, വിഴിഞ്ഞം തുറമുഖത്തിന് 600 കോടി, 25000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടി… സ്‌ക്രോളിങ്ങുകളിൽ നിറഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങൾ കണ്ട് കണക്കുകൾ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. കൊച്ചി മെട്രോയ്ക്ക് വകയിരുത്തൽ 1 ലക്ഷം രൂപ, വിഴിഞ്ഞത്തിന് 11 ലക്ഷവും കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾക്ക് സംസ്ഥാന വിഹിതം 1 ലക്ഷം രൂപ… അങ്ങനെ പോകുന്നു ബജറ്റിലെ വകയിരുത്തലിന്റെ കഥ.

തിരുവനന്തപുരം കോഴിക്കോട് മോണോ റെയിൽ/ ലൈറ്റ് മെട്രോ, കണ്ണൂർ വിമാനത്താവളത്തിനുവേണ്ട പശ്ചാത്തല സൗകര്യ വികസനം, സബർബൻ റയിൽ കോറിഡോർ… ഇവയുടെയെല്ലാം സ്ഥിതി തഥൈവ. ഇവയ്‌ക്കെല്ലാം ആവശ്യമായ പണം ‘Major Infratsructure Development Projects’ എന്ന പുതിയ ഹെഡിൽ നിന്നും കണ്ടെത്തുമെന്നാണ് പദ്ധതിരേഖയിൽ പറഞ്ഞിരിക്കുന്നത്. വിശദമായി ബജറ്റ് കണക്കുകൾ പരിശോധിച്ചാൽ ചിത്രം രസാവഹം തന്നെ. ഈ യമണ്ടൻ പദ്ധതികൾക്കെല്ലാം കൂടി പ്രസ്തുത ഹെഡിൽ 1000 കോടി രൂപ മാത്രമാണ് വകയിരുത്തൽ. മേട്രോയ്ക്കും വിഴിഞ്ഞത്തിനും കൂടി മാത്രം പ്രഖ്യാപിച്ച പണം 1560 കോടി രൂപയാണ്. എങ്ങനെയുണ്ട് ഈ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ?

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് ബജറ്റിൽ പണം നീക്കി വച്ചിട്ടില്ല. ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ശമ്പളം വർദ്ധിപ്പിച്ച് നൽകുന്നതിന് ആവശ്യമായ കരുതൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ബജറ്റിലെ പരാമർശം. എന്നാൽ ഈ ‘കരുതൽ’ കണക്കുകളിൽ എവിടെ എന്ന് ചോദിച്ചാൽ ഉത്തരമില്ല. 201314 ലെ ശമ്പള ചെലവ് 19340.98 കോടി രൂപ ആയിരുന്നു. ശമ്പള പരിഷ്‌കരണ ബാധ്യത ഇല്ലാത്ത 2014-15 ബജറ്റിൽ ഇത് 23190.25 കോടി രൂപയായി ഉയർന്നു. 3849.27 കോടി രൂപ കൂടുതൽ. 2015-16 ലെ ബജറ്റിൽ ശമ്പളച്ചെലവിനായി 26667.09 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഈ വർധനവ് ക്ഷാമബത്തയ്ക്കും മറ്റും മാത്രമേ തികയുകയുള്ളൂ. ശമ്പള പരിഷ്‌കരണത്തിന് വേണ്ട ഒരു കരുതലും ബജറ്റിൽ ഇല്ല എന്നർത്ഥം.

ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗമെന്ന പേരിൽ വിതരണം ചെയ്തിരിക്കുന്ന രേഖയിൽ 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ പ്രോജക്ടുകൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുവേണ്ടി കേരള അടിസ്ഥാന സൗകര്യവികസന ഫണ്ട് ബോർഡ് എന്നൊരു സ്ഥാപനത്തിന് രൂപം നൽകുന്നതാണ്. ഈ ഫണ്ട് ബോർഡ് പൊതുവിപണിയിൽ നിന്ന് വായ്പ എടുത്താണ് നിക്ഷേപം നടത്തുക. ഇതിന്റെ പ്രാരംഭ മൂലധനമായി 2000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തുന്നു എന്നാണ് പ്രഖ്യാപനം.

നാലുവർഷം വെറുതെ കളഞ്ഞിട്ട് ഇപ്പോൾ അവസാന വർഷമാണ് അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി വായ്പ എടുക്കാൻ തീരുമാനിക്കുന്നത്! ഇതിനുള്ള കൃത്യമായ നിർദ്ദേശം ഞാൻ എന്റെ അവസാന ബഡ്ജറ്റിൽ നൽകിയിരുന്നു. ഒരു പ്രത്യേക അടിസ്ഥാന വികസന കമ്പനി രൂപീകരിക്കുക. കേരളത്തിലെ മോട്ടോർ വെഹിക്കിൾ നികുതിയുടെ 50 ശതമാനം പ്രത്യേക നിയമപ്രകാരം ഈ ഫണ്ടിന് നൽകുമെന്ന് തീരുമാനിക്കുക. ഭാവിയിൽ എല്ലാ വർഷവും തുടർച്ചയായി വർദ്ധിച്ചുവരുന്ന ഗ്രാന്റ് ഇങ്ങനെ കമ്പനിക്ക് ഉറപ്പാകും. ഈ ഭാവി വരുമാനം സെക്യൂരിറ്റൈസ് ചെയ്ത് 40,000 കോടി രൂപ വായ്പ എടുത്ത് നിക്ഷേപം നടത്താമെന്നായിരുന്നു നിർദ്ദേശം. ഇത് അപ്രായോഗികമെന്ന് പറഞ്ഞ് പരിഹസിച്ചവരാണ് ഇപ്പോൾ ഭരണത്തിന്റെ അവസാന വർഷം പുതിയ കമ്പനി രൂപീകരിക്കാൻ പോകുന്നത്.

കമ്പനിയുടെ ഉടമസ്ഥൻ കേരള സർക്കാരാണെങ്കിലും പാപ്പരായ കേരള സർക്കാരിന്റെ ഉറപ്പിന് കമ്പോളത്തിൽ വലിയ മതിപ്പുണ്ടാവാൻ ഇടയില്ല. പിന്നെ 2000 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപനമുണ്ടെങ്കിലും ബഡ്ജറ്റ് കണക്കിൽ ഒരിടത്തും ഇതിന് വകയിരുത്തലില്ല. ബഡ്ജറ്റ് പ്രസംഗത്തിൽ പോലും പ്രഖ്യാപിച്ച അധിക ചെലവ് 1931 കോടി രൂപയെ വരൂ. അപ്പോൾ ഈ 2000 കോടി രൂപ വെറും ബഡായിയാണ്.