Friday , 24 January 2020
News Updates

ഓൺലൈൻ മാധ്യമങ്ങളെ ഫേസ്ബുക്ക് വിഴുങ്ങുമോ?

വര്‍ഗീസ് ആന്റണിzuckerberg
മധ്യപൂർവ്വേഷ്യയിലെ മുല്ലപ്പൂ വിപ്ലവം തൊട്ട് ഡൽഹിയിൽ ജ്യോതി എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായി രൂപം കൊണ്ട പ്രചണ്ഡമായ പ്രക്ഷോഭം വരെ സോഷ്യൽ മാധ്യമങ്ങൾ അതിന്റെ കരുത്ത് തെളിയിച്ച സംഭവങ്ങളായിട്ടാണ് വാഴ്ത്തപ്പെടുന്നത്. അതേ, അങ്ങനെ തന്നെയായിരുന്നു അത്. ശബ്ദമില്ലാത്തവരുടെ ശബ്ദം സംഘടിത രൂപമായി മാറി കോട്ടക്കൊത്തളങ്ങളെ കീഴ്‌മേൽമറിച്ചത് നാം കണ്ടു. ജനാധിപത്യത്തിന്റെ പുതുയുഗ പ്രാപ്തി എന്ന് ലോകം അതിനെ രേഖപ്പെടുത്തുകയും ചെയ്തു. ഫേസ്ബുക്കായിരുന്നു പ്രധാന പോർനിലം. ജനാധിപത്യത്തിന്റെ ആ പുത്തൻ ചക്രവാളം അതിന്റെ സീമകളെ ചുരുക്കുകയാണോ? അത് സാമ്രാജ്യത്വം തന്നെയായിരുന്നോ?

ഇന്റർനെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) അവസാനിപ്പിക്കാനുള്ള നീക്കങ്ങളും സോഷ്യൽ മാധ്യമങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന ചില മാറ്റങ്ങളും ഈ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ജനാധിപത്യത്തിന്റെ പ്രച്ഛന്ന വേഷത്തിൽ സാമ്രാജ്യത്വം തന്നെയായിരുന്നോ നമുക്ക് സോഷ്യൽ മാധ്യമ വിരുന്നൊരുക്കിയതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

മൂന്ന് ‘ചെറിയ’ മാറ്റങ്ങൾ

ഈ മാസം 21 ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജരായ മാക്‌സ് എലൂസ്റ്റയിനും (Max Eulenstein), യൂസർ എക്‌സ്പീരിയൻസ് വിഭാഗം മേധാവി ലോറൻ സിസേഴ്‌സും (Lauren Scissors) ചേർന്ന് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് (Balancing Content from Friends and Pages) ഫേസ്ബുക്ക് വഴിയുള്ള വിവര വിതരണ സമ്പ്രദാത്തിൽ ചില മാറ്റങ്ങൾ വരുത്തുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഫേസ്ബുക്ക് ന്യൂസ് ഫീഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോസ്റ്റുകളുടെ വിതരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്ന അൽഗോരിതത്തിൽ മൂന്ന് മാറ്റങ്ങളാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. താരതമ്യേന ചെറിയ മാറ്റങ്ങൾ എന്ന് തോന്നുമെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നവയാണ് ഇവ.

1. ഒരു പേജിൽ നിന്നുള്ള ഒന്നിലധികം പോസ്റ്റുകൾ ഒരാളുടെ പ്രൊഫൈലിൽ വരില്ല എന്നതായിരുന്നു ഇതുവരെയുള്ള ഫേസ്ബുക്കിന്റെ നയം. ഇത് അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് പ്രഖ്യാപിക്കുന്നു. ഇനി ഒരേ പേജിൽ നിന്നുള്ള നിരവധി പോസ്റ്റുകൾ ഒരാളുടെ പ്രൊഫൈലിൽ നിറഞ്ഞേക്കാം. ചില പേജുകളെ പ്രോത്സാഹിപ്പിക്കാനും ചിലവയെ ഇല്ലാതാക്കാനും കഴിയുന്നതാണ് ഈ ചെറിയ മാറ്റം. പണം നൽകിയുള്ള പ്രൊമോഷനുകൾ മാത്രം സാധ്യമാകുന്ന കാലത്തേക്കുള്ള ആദ്യത്തെ ചുവടുവയ്പാണിത്. വൻകിട സ്ഥാപനങ്ങളുടെ പോസ്റ്റുകൾ തുടരനായി വരുമ്പോൾ ചെറുകിടക്കാരെ കാണാതായേക്കും എന്നതാണ് ഇതിന്റെ ഫലം.

2. നിരന്തരമായി ഒരാളുടെ പോസ്റ്റുകളോട് പ്രതികരിക്കുന്ന (ലൈക്ക്, കമന്റ്, ഷെയർ) ഒരാളായിരിക്കും ഫേസ്ബുക്കിന്റെ കണ്ണിൽ ഇനി യഥാർത്ഥ സുഹൃത്ത്. അത്തരം സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രമാകും ഇനി നിങ്ങളുടെ പേജിൽ ഉറപ്പുള്ളത്. ലൈക്ക് ചെയ്തിട്ടുള്ള പേജുകൾ, അംഗമായിട്ടുള്ള ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പോസ്റ്റുകൾ ഇനി കാണാൻ കഴിഞ്ഞെന്ന് വരില്ല. സുഹൃത്തുക്കളുടെ പോസ്റ്റുകൾ ഉറപ്പാക്കുന്നതിനിടയിൽ പേജുകളേയും ഗ്രൂപ്പുകളേയും ഒഴിവാക്കുന്നതിലെ വാണിജ്യ ലക്ഷ്യം ആർക്കും മനസിലാകും. പെയ്ഡ് പരസ്യങ്ങളിലൂടെ മാത്രമേ ഇനി പേജുകൾക്കും ഗ്രൂപ്പുകൾക്കും നിലനിൽപ്പുള്ളൂ എന്ന് സാരം. അത് സന്നദ്ധ സംഘടനകളുടെ പേജുകളായാൽ പോലും.

3. ഒരു വ്യക്തിയുടെ പ്രൊഫൈലിലോ ഏതെങ്കിലും പേജിലോ വരുന്ന പോസ്റ്റ് ഒരാൾ ലൈക്ക് ചെയ്താൽ ‘ലൈക്ക്ഡ് പോസ്റ്റ്’ എന്ന നിലയിൽ അയാളുടെ സുഹൃത്തുക്കളിലേക്ക് അവ റഫർ ചെയ്യപ്പെടുമായിരുന്നു. പണം നൽകാതെ ഒരു പോസ്റ്റ് വ്യാപകമായി വിതരണം ചെയ്യപ്പെടാൻ ഏറെ സഹായകമായിരുന്നു ഈ സങ്കേതം. ഇതുവരെ വൈറലായ പോസ്റ്റുകൾ എല്ലാം ഈ നിലക്കാണ് മറ്റുള്ളവരിലേക്ക് എത്തിയത്. ഇനി അത്തരം ‘ലൈക്ക്ഡ് പോസ്റ്റ്’കൾ ഉണ്ടാകില്ലെന്ന് പുതിയ നോട്ടിഫിക്കേഷൻ പറയുന്നു. പോസ്റ്റുകൾ ഓർഗാനിക് റീച്ച് (പണം നൽകാതെയുള്ള) നേടുന്നത് തടയുകയും പെയ്ഡ് റീച്ച് മാത്രം നേടുകയും ചെയ്യുന്നിടത്തേക്ക് കാര്യങ്ങളെ എത്തിക്കുക എന്നതാണ് ഫേസ്ബുക്ക് ഇതുവഴി ഉദ്ദേശിക്കുന്നത്.

ഏകദേശം 144 കോടിയാളുകൾ അംഗങ്ങളായ ഫേസ്ബുക്ക് ഈ മാറ്റങ്ങളിലൂടെ വലിയ തോതിലുള്ള വരുമാന വർദ്ധനവിനാണ് പദ്ധതിയിടുന്നത്. നിലവിൽ പരസ്യം ചെയ്യാത്തവരെപ്പോലും അതിലേക്ക് നയിക്കാൻ ഈ മാറ്റങ്ങൾക്ക് സാധിക്കും. വൻകിടക്കാർക്ക് അവരുടെ ബജറ്റ് വിഹിതത്തിന്റെ ക്രമീകരണത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് ഓർഗാനിക് റീച്ച് ലഭിക്കാതെ അതിജീവിക്കാനാകില്ല എന്നതാണ് യാഥാർത്ഥ്യം. ഫേസ്ബുക്ക് അധിഷ്ടിത മേഖലകളിലെ സ്റ്റാർട്ടപ്പുകൾ പൂട്ടും എന്നതാകും ഇതിന്റെ പ്രത്യക്ഷഫലം.

organic-reach-newലോകമെമ്പാടുമുള്ള ചെറുകിട ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെയാണ് ആ മാറ്റങ്ങൾ തുടക്കത്തിൽ തന്നെ ബാധിക്കാൻ പോകുന്നത്. പേജുകളുടെ ലൈക്കുകളുടെ എണ്ണമായിരിക്കില്ല ഇനി വൈബ്‌സൈറ്റുകളുടെ പ്രചാരത്തെ നിർണയിക്കാൻ പോകുന്നത്. പരസ്യത്തിനായി ചെലവഴിക്കുന്ന തുകയുടെ കനമായിരിക്കും. ചെറുകിട സ്റ്റാർട്ടപ്പുകൾ ആദ്യഘട്ടത്തിൽ തന്നെ പ്രതിസന്ധിയിലായേക്കും. കാരണം ഓൺലൈൻ വാർത്താ സൈറ്റുകളുടെ ട്രാഫിക്കിന്റെ 40 ശതമാനവും സോഷ്യൽ മാധ്യമങ്ങൾ വഴിയാണ് നേടുന്നത്. ചെറുകിട സ്ഥാപനങ്ങളിലാകട്ടെ ഇത് 60 ശതമാനത്തിലും മുകളിലാണ്. വൻ തുക ചെലവഴിച്ച് പരസ്യം നൽകാൻ കഴിയാത്ത സൈറ്റുകൾ പൂട്ടൽ ഭീഷണിയിലേക്ക് തന്നെയാണ് നീങ്ങുന്നത്. അല്ലെങ്കിൽ അവർ ഫേസ്ബുക്കിന്റെ മറ്റൊരു താത്പര്യത്തിന് വഴങ്ങേണ്ടിവരും. ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണിയായ ആ താത്പര്യം എന്താണെന്ന് തുടർന്ന് വായിക്കാം.

ലോക മാധ്യമങ്ങളുടെ ഭാവി എന്താകും?

മാധ്യമങ്ങളുടെ ഭാവി ഓൺലൈനിലാണെന്ന് സ്ഥാപിക്കുന്ന പരശ്ശതം പഠന റിപ്പോർട്ടുകളെങ്കിലും അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. അച്ചടി പത്രങ്ങൾ ലോകമെങ്ങും പൂട്ടുകയാണ്. അവയ്ക്ക് അനുശോചനങ്ങൾ രേഖപ്പെടുത്തുന്ന ഒരു ചരമ വൈബ്‌സൈറ്റും വന്നിരിക്കുന്നു. ‘ന്യൂസ്‌പേപ്പർ ഡത്ത് വാച്ച്’ എന്ന് പേരുള്ള വെബ്‌സൈറ്റിൽ ദിവസവും ഏതെങ്കിലും പത്രത്തിന്റെ ചരമവാർത്ത ലഭ്യമാണ്. ഈ പ്രതിസന്ധി മുന്നിൽ കണ്ട് അച്ചടി മാധ്യമങ്ങൾ പരിഷ്‌കാരങ്ങളുടെ റോഡ് മാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. 2050നുള്ളിൽ അച്ചടി പൂർണമായും നിർത്തേണ്ടിവരുമെന്നാണ് മലയാളത്തിലെ ഒരു മുൻനിര പത്രം അവരുടെ ഭാവി പദ്ധതിയിൽ പ്രവചിക്കുന്നതത്രേ. അതിനാൽത്തന്നെ തങ്ങളുടെ ഓൺലൈൻ എഡിഷനുകൾക്ക് വലിയ തോതിലുള്ള പ്രാധാന്യമാണ് എല്ലാവരും നൽകുന്നത്. എന്നാൽ അത്തരം പദ്ധതികളെയെല്ലാം നിലംപരിചാക്കുന്ന പുതിയ വ്യതിയാനങ്ങൾക്കാണ് ഫേസ്ബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

david-carrകഴിഞ്ഞ ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസിന്റെ വിഖ്യാതനായ കോളമിസ്റ്റ് ഡേവിഡ് കർ (David Carr), തന്റെ ‘മീഡിയ ഇക്വേഷൻ’ എന്ന കോളത്തിലൂടെ ഒരു ഇന്റർനാഷണൽ ബ്രേക്കിംഗ് വാർത്ത പുറത്തുവിട്ടു. ലോകത്താകമാനമുള്ള വാർത്താ സൈറ്റുകളെ ഫേസ്ബുക്ക് വിഴുങ്ങാനൊരുങ്ങുന്നു എന്നതായിരുന്നു ആ കുറിപ്പിന്റെ ഉള്ളടക്കം (Facebook Offers Life Raft, but Publishers Are Wary- by David Carr) വർത്തമാന പത്രങ്ങളുടെ ഓൺലൈൻ ഐഡന്റിറ്റി എന്നന്നേക്കുമായി ഇല്ലാതാകാൻ പോകുന്നുവെന്ന് ഡേവിഡ് പറഞ്ഞു. പ്രതിദിനം 96 കോടിയോളം പേർ സന്ദർശിക്കുന്ന ഫേസ്ബുക്ക്, സ്വയം ഒരു വാർത്താ മാധ്യമമായി മാറാനൊരുങ്ങുന്നുവെന്നും അദ്ദേഹം കുറിച്ചു.

സോഷ്യൽ മാധ്യമങ്ങളെ ഇത്രകണ്ട് വളർത്തിയതിൽ പരമ്പരാഗത മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ ഇന്ന് അവരെ തിന്നാനൊരുങ്ങുകയാണ് ഫേസ്ബുക്ക് എന്ന ഭീമൻ. വാർത്താ സൈറ്റുകളുടെ ട്രാഫിക്കിന്റെ പകുതിയോളവും തങ്ങൾ വഴിയാണുണ്ടാകുന്നതെന്ന് ഫേസ്ബുക്ക് പറയുന്നു. റഫറൽ ട്രാഫിക് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു വൈബ്‌സൈറ്റ് വാർത്ത പ്രസിദ്ധീകരിച്ചാൽ അതിന്റെ ലിങ്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നു. പേജ് ലൈക്ക് ചെയ്തിട്ടുള്ളവരിലേക്ക് ഇത് ഉടനെത്തും. അവർ ഷെയർ ചെയ്താൽ മറ്റുള്ളവരിലേക്കും അതെത്തും. അത്തരത്തിൽ റഫറൽ പ്ലാറ്റ്‌ഫോമായി തങ്ങൾ ഇനി തുടരാനില്ലെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്.

ഒരാൾ തന്റെ പ്രൊഫൈൽ പേജിൽ വാർത്തയുടെ ലിങ്ക് കണ്ടാൽ അതിൽ ക്ലിക്ക് ചെയ്യുകയും മറ്റൊരു ബ്രൗസർ വിൻഡോ തുറന്ന് ആ സൈറ്റിലേക്ക് പോവുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഫേസ്ബുക്കിൽ നിന്നും ഒരാൾ പുറത്തേക്ക് പോകുന്നത് തീർച്ചയായും സക്കർബർഗ് ഇഷ്ടപ്പെടുന്നില്ല. പക്ഷേ പറയുന്ന ന്യായം മറ്റൊന്നാണ്. മൊബൈൽ ഉൾപ്പെടെയുള്ള ഹാൻഡി ഡിവൈസുകളിൽ ലിങ്ക് തുറന്നുവരാൻ 8 സെക്കന്റ് വരെ കുറഞ്ഞത് ആവശ്യമാണ്. ഉപയോക്താവിന്റെ ഓരോ സെക്കന്റും പ്രധാനമായതിനാൽ അവർ പുറത്തേക്ക് പോകുന്ന തരം ലിങ്കുകളെ തങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

ലിങ്കുകൾ ഇടുന്നതിന് പകരം, വാർത്ത മുഴുവനായും ഫേസ്ബുക്ക് പേജിൽ തന്നെ പ്രസിദ്ധീകരിക്കാൻ കഴിയുന്ന സംവിധാനമാണ് അവർ ലക്ഷ്യമിടുന്നത്. ഓരോ പോസ്റ്റും എത്രപേർ വായിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ പരസ്യവരുമാനം പങ്കുവെക്കാം എന്ന വാഗ്ദാനവുമുണ്ട്. ഓൺലൈൻ ഇൻഫർമേഷൻ ഇൻഡസ്ട്രിയുടെ ഏക അവകാശി അതോടെ തങ്ങളാകുമെന്ന് സക്കർബർഗ് കരുതുന്നു. വേൾഡ് വൈഡ് വെബ് (www) എന്നത് തങ്ങൾ തന്നെയായി മാറുന്ന കാഴ്ച ഫേസ്ബുക്ക് സ്വപ്‌നം കാണുന്നു. നീമാൻ ഫൗണ്ടേഷന്റെ ജേർണലിൽ ജോഷ്വാ വെൻടൺ (Joshua Benton) എഴുതിയ ലേഖനം ഇതേ ആശയമാണ് പങ്കുവക്കുന്നത്. (Facebook wants to be the new World Wide Web, and news orgs are apparently on board- by Joshua Benton)

NY-Timesതങ്ങളുടെ മാധ്യമ ലക്ഷ്യങ്ങളേക്കുറിച്ച് ചർച്ച ചെയ്യാൻ ആറ് വൻകിട അമേരിക്കൻ മാധ്യമങ്ങളുമായി ഇതിനകം ഫേസ്ബുക്ക് പ്രതിനിധികൾ ചർച്ച നടത്തിക്കഴിഞ്ഞു. ന്യൂയോർക്ക് ടൈംസ്, നാഷണൽ ജ്യോഗ്രഫിക്, ബസ്ഫീഡ് (BuzzFeed) എന്നീ വമ്പൻമാർ ചർച്ചയിൽ പങ്കെടുത്തതായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ ആരും തയ്യാറായിട്ടില്ല.

വ്യത്യസ്ത മാധ്യമങ്ങളുെട സത്വം ഇല്ലാതാക്കി അവരെയെല്ലാം ‘കണ്ടന്റ് റൈറ്റേഴ്‌സ്’ ആക്കി മാറ്റാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങളെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ അന്ത്യം എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ‘കയറിയാൽ പിന്നെ തിരിച്ച് വരാൻ കഴിയാത്ത കുരുക്കാണ്’ ഇതെന്നാണ് ഇവോൾവ് മീഡിയ ഗ്രൂപ്പിന്റെ തലവൻ മൈക്ക് ഡോഡ്ജ് (Mike Dodge) പറയുന്നത്. കാര്യങ്ങൾ അവരുടെ വരുതിയിലായാൽ നിയമങ്ങളെ അവർക്ക് മാറ്റിമറിക്കാനാകും. വരുമാനത്തിന്റേയും എഡിേേറ്റാറിയൽ നയങ്ങളുടേയും പൂർണ നിയന്ത്രണം ഫേസ്ബുക്കിനാകും എന്നതാണ് മറ്റൊരു ഭീഷണി. അവർ പങ്കുവെക്കുന്ന വിഹിതം മാത്രം കൈപ്പറ്റാൻ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ നിർബന്ധിതരാകും. ചില വാർത്തകൾ കൊടുക്കേണ്ടെന്ന് തീരുമാനിക്കാനും ചിലതിന് കൂടുതൽ പ്രോത്സാഹനം നൽകാനും അവർക്ക് കഴിയും. വ്യത്യസ്തമായ ഡിസൈനുകളും അവതരണ രീതികളും ഇല്ലാതാകും. മനോരമയും മാതൃഭുമിയും ന്യൂയോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റുമെല്ലാം വെറും ഫേസ്ബുക്ക് പേജുകളായി അവശേഷിക്കും.

2012 ൽ വാഷിങ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ എന്നീ പത്രങ്ങളുമായി ഫേസ്ബുക്ക് ഒരു ധാരണാ പത്രം ഒപ്പുവച്ചിരുന്നു. വാർത്തകൾ പ്രസിദ്ധീകരിക്കാനായി ഗാർഡിയൻ കൊണ്ടുവന്ന ‘ സോഷ്യൽ റീഡർ’ എന്ന ആപ്പ് വഴി ഇരുപത്രങ്ങളുടേയും വാർത്തകൾ ഫേസ്ബുക്ക് പ്രചരിപ്പിക്കും എന്നതായിരുന്നു ധാരണ. പദ്ധതി വൻ വിജയം നേടി. കണ്ണഞ്ചിക്കുന്ന തരം ട്രാഫിക് ആയിരുന്നു ഈ സൈറ്റുകൾക്കും ലഭിച്ചത്. കുറച്ച് മാസങ്ങൾക്കകം ഫേസ്ബുക്ക് തങ്ങളുടെ അൽഗോരിതം മാറ്റിമറിച്ചു. ഏകപക്ഷീയമായ ഈ നീക്കം സൈറ്റുകളുടെ പ്രചാരം കുത്തനെയിടിച്ചു. 2012 ഒടുവിൽ തങ്ങളുടെ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഗാർഡിയൻ നിർബന്ധിതമായി. ഈ അനുഭവം മറക്കരുതെന്നും ഫേസ്ബുക്കിന്റെ പുതിയ നീക്കങ്ങൾക്കെതിരെ ആഗോളതലത്തിൽ പത്രങ്ങളെ സംഘടിപ്പിക്കണമെന്നും ഗാർഡിയൻ പത്രത്തിലെ ജീവനക്കാർ മാനേജ്‌മെന്റിന് കത്ത് നൽകിക്കഴിഞ്ഞു.

‘ഫേസ്ബുക്ക് എന്ന നായയുടെ ഉടൽ അഴിഞ്ഞു കഴിഞ്ഞു. അതിപ്പോൾ വിശപ്പിനേക്കാൾ സൗഹൃദമാണ് പ്രകടിക്കുന്നത്. നിങ്ങളെ നക്കിക്കൊല്ലാൻ മാത്രം വലിപ്പമുള്ള ഒരു ഭീമൻ നായയാണ് അതെന്ന് എല്ലാവർക്കും അറിയാം.’ ന്യൂയോർക്ക് ടൈംസിന്റെ കോളത്തിൽ ഡേവിഡ് കർ എഴുതുന്നു. (The Facebook dog is loose, and he’s acting more friendly than hungry. But everyone knows that if the dog is big enough, he can lick you to death as well.) അതേ, ഫേസ്ബുക്ക് എന്ന ജനാധിപത്യ വിപ്ലവം ലോക ജനസംഖ്യയുടെ അഞ്ചിലൊന്നിനെ കക്ഷത്തിൽ വച്ചിട്ട് അവരുടെ വിലപേശൽ ആരംഭിച്ചിരിക്കുന്നു. ഭൂഗോളമെന്ന ഗ്രാമത്തിൽ ഒരൊറ്റ വാർത്താ മാധ്യമമെന്ന ഭയാനക സ്വപ്‌നവുമായി, വൈവിധ്യത്തിന്റെ സകല നാമ്പുകളേയും നക്കിത്തുടച്ചുകളയുന്ന സാമ്രാജ്യത്വത്തിന്റെ ഭീമൻ നായയെപ്പോലെ. കളിയെന്താകുമെന്ന് കാത്തിരുന്ന് കാണാം.

DONT MISS