മലബാർ ഗോൾഡും കല്ല്യാണും കേരളീയരോട് ചെയ്യുന്നത്

ആഗോളവൽക്കരണാനന്തരം ഉപഭോഗത്തിന്റെ ആലസ്യത്തിലും ആസക്തിയിലുമാണ് മലയാളികൾ ജീവിച്ചുപോരുന്നത്. കുടുംബത്തെ പട്ടിലും പൊന്നിലും മൂടുന്നത് അധികാരത്തിന്റേയും സംസ്ക്കാരത്തിന്റേയും ചിഹ്നമായി കണക്കാക്കുന്നത് സംസ്ക്കാരത്തിന്റെ ലക്ഷണമായി ബഹുഭൂരിപക്ഷം കണക്കാക്കിത്തുടങ്ങി. പട്ടിൽ നെയ്തെടുത്ത ഒരായിരം സംസ്ക്കാരങ്ങളും സ്വർണ്ണം വാങ്ങാൻ വിശേഷപ്പെട്ട ദിവസവും നമ്മുടെ പൊതുമണ്ഡലത്തിലേക്ക് കയറിവന്നത് ഇപ്രകാരമാണ്. അക്ഷയ ത്രൃതീയ എന്ന പരിചയമില്ലാത്ത ആഘോഷത്തെ മലയാളിയുടെ ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ചത് കേരളത്തിലെ ജൂവലറികളുടെ പരസ്യങ്ങളാണ്. സ്വർണ്ണം വാങ്ങാൻ ഐശ്വര്യത്തിന്റേതായ ദിവസം സൃഷ്ടിച്ച കച്ചവടക്കാർ, സ്വർണ്ണം ഒരു അവശ്യ വസ്തുവും ഐശ്വര്യത്തിന്റെ ലോഹവുമാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്തു.
 | 

പി.ജിംഷാർ

മലബാർ ഗോൾഡും കല്ല്യാണും കേരളീയരോട് ചെയ്യുന്നത്

ആഗോളവല്‍ക്കരണാനന്തരം ഉപഭോഗത്തിന്റെ ആലസ്യത്തിലും ആസക്തിയിലുമാണ് മലയാളികള്‍ ജീവിച്ചുപോരുന്നത്. കുടുംബത്തെ പട്ടിലും പൊന്നിലും മൂടുന്നത് അധികാരത്തിന്റേയും സംസ്‌കാരത്തിന്റേയും ചിഹ്നമായി കണക്കാക്കുന്നത് സാംസ്‌കാരിക ലക്ഷണമായി ബഹുഭൂരിപക്ഷം കണക്കാക്കിത്തുടങ്ങി. പട്ടില്‍ നെയ്‌തെടുത്ത ഒരായിരം സംസ്‌കാരങ്ങളും സ്വര്‍ണ്ണം വാങ്ങാന്‍ വിശേഷപ്പെട്ട ദിവസവും നമ്മുടെ പൊതുമണ്ഡലത്തിലേക്ക് കയറിവന്നത് ഇപ്രകാരമാണ്. അക്ഷയതൃതീയ എന്ന പരിചയമില്ലാത്ത ആഘോഷത്തെ മലയാളിയുടെ ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ചത് കേരളത്തിലെ ജൂവലറികളുടെ പരസ്യങ്ങളാണ്. സ്വര്‍ണ്ണം വാങ്ങാന്‍ ഐശ്വര്യത്തിന്റേതായ ദിവസം സൃഷ്ടിച്ച കച്ചവടക്കാര്‍, സ്വര്‍ണ്ണം ഒരു അവശ്യ വസ്തുവും ഐശ്വര്യത്തിന്റെ ലോഹവുമാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്തു.
പെണ്‍കുട്ടികളെ വില്‍പ്പനച്ചരക്കാക്കുന്നതിലും പാട്രിയാര്‍ക്കല്‍ പൊതുബോധത്തിലേക്ക് ചുരുക്കുന്നതിലും സ്വര്‍ണ്ണത്തിനുള്ള സ്ഥാനം വളരെ വലുതാണ്. പൊതുസമൂഹത്തിന് ഈ തിരിച്ചറിവ് ഇല്ലെങ്കിലും കച്ചവടക്കാര്‍ക്ക് അത് ഉണ്ടെന്നുവേണം കരുതാന്‍. പെണ്‍കുട്ടികളുടെ സ്വാതന്ത്രത്തെ, തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് കച്ചവടക്കാരാണ്. അതുകൊണ്ടാണ് അവര്‍ക്ക് മേല്‍ കച്ചവടക്കാര്‍ വിശ്വാസത്തിന്റെ പൊന്നും പട്ടും അടിച്ചേല്‍പ്പിക്കുന്നത്. പട്ടും പൊന്നും വാങ്ങിക്കൊടുത്ത് വളര്‍ത്തിയ മകള്‍ അച്ഛനെ വിട്ടുപോകരുത്. അച്ഛന്റെ വിശ്വാസങ്ങളെ മകളായ നീ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവും അതിന്റെ ഉപരിപ്ലവതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

മലബാർ ഗോൾഡും കല്ല്യാണും കേരളീയരോട് ചെയ്യുന്നത്

മകളുടെ തെരഞ്ഞെടുപ്പിനെ, പ്രണയത്തെ വിശ്വാസങ്ങളുടെ പേരില്‍ എതിര്‍ക്കുന്ന അച്ഛന്‍ അവളുടെ സ്‌നേഹത്തിന് പകരം വെക്കുന്നത് പൊന്നും പട്ടും പണവുമാണ്. മാനുഷികമായ ബന്ധങ്ങള്‍ക്കും നൈസര്‍ഗികമായ പ്രണയത്തിനും ബദലായി ഇവിടെ കച്ചവടം ജീവിത്തിലേക്ക് കടന്നുവരികയാണ്. കുടുംബങ്ങള്‍ തമ്മില്‍ ഉറപ്പിക്കുന്ന പൊന്നിന്റേയും പണത്തിന്റേയും അളവ് നോക്കിയുള്ള വിവാഹങ്ങളാണ് അഭികാമ്യമെന്ന് പ്രഖ്യാപിക്കുകയാണ് ഈ പരസ്യത്തിലൂടെ കല്ല്യാണ്‍ ജ്വല്ലേഴ്‌സ്. കുടുംബം എന്ന അധികാര സ്ഥാപനത്തെ സ്വര്‍ണ്ണവും പണവും ഉപയോഗിച്ച് നിലനിര്‍ത്തുക എന്ന പദ്ധതിയിലൂടെ മാത്രമേ ഉപഭോഗപരതയെ വില്‍പ്പനയിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ കഴിയൂ എന്ന് ഇന്നത്തെ കച്ചവട മുതലാളിത്തം മനസ്സിലാക്കിയിട്ടുണ്ട്.
സ്ത്രീധനം എന്ന അനാചാരത്തിനും സാമൂഹിക സാമ്പത്തിക അസമത്വത്തിനും സ്വര്‍ണ്ണത്തോടുള്ള ആസക്തി കാരണമാകുന്നുണ്ട്. ഇത് പൊന്നില്‍ തീര്‍ത്ത ബന്ധമെന്നും, സ്വര്‍ണ്ണം പോലെ ബന്ധങ്ങള്‍…, എത്രയേറെയുണ്ടോ, അത്രയേറെ സന്തോഷം… എന്നൊക്കെ സ്വര്‍ണ്ണക്കച്ചവടക്കാര്‍ വിളിച്ചുപറയുമ്പോള്‍ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാനം സ്വര്‍ണ്ണത്തിന് കൈവരികയാണ്. സിനിമാ താരങ്ങളേയും മാധ്യമങ്ങളേയും വിലക്കെടുത്ത് സ്വര്‍ണ്ണവും പട്ടുമാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളെന്ന് സ്ഥാപിച്ചെടുക്കുകയാണ് കച്ചവടക്കാര്‍ ചെയ്യുന്നത്. പട്ടിലും പൊന്നിലും ബന്ധങ്ങളേയും പ്രണയത്തേയും സൗഹൃദത്തേയും നെയ്‌തെടുക്കുകയാണ്.

മലബാർ ഗോൾഡും കല്ല്യാണും കേരളീയരോട് ചെയ്യുന്നത്

അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മധ്യവര്‍ഗ്ഗത്തിന്റെ അര്‍ത്ഥമില്ലാത്ത ആശങ്കകളും ആസക്തികളുമാണ് കച്ചവടക്കാര്‍ക്ക് പഥ്യം. അവരാണ് വാങ്ങിക്കൂട്ടലിന്റെ രാജാക്കന്മാര്‍. ദൃശ്യം സിനിമയിലെ നായകനും നായികയും അവരുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായത് മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ്. പള്ളിയും പട്ടക്കാരനും ഷോപ്പിങ്ങും നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ശരീരത്തിന്റെ നഗ്നതയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ വിശുദ്ധി കൊടുക്കുകയും ചെയ്യുന്ന ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തേപ്പോലെയാണ് ശരാശരി മലയാളി ഫാമിലി.

അതുകൊണ്ട് തന്നെ മലയാളി മധ്യവര്‍ഗ്ഗത്തിലെ പുരുഷപ്രതിനിധിയെ അല്ലെങ്കില്‍ ആണധികാരത്തെ ഇപ്പോഴും വളരെ കൂടിയ അളവില്‍ മോഹന്‍ലാല്‍ പ്രതിനിധീകരിക്കുന്നുണ്ട്. മോഹന്‍ലാലിന് പുറമെ മമ്മൂട്ടിയും പൃഥ്വിരാജുമാണ് ഈ കര്‍മ്മങ്ങള്‍ യഥാക്രമം നിര്‍വ്വഹിച്ചു പോരുന്നത്. ഇവരുടെ ശരീരവും ശബ്ദവും വിശ്വാസ്യതയും ഉപയോഗിച്ചാണ് കച്ചവടക്കാര്‍ സമൂഹത്തില്‍ ലബ്ധപ്രതിഷ്ഠ നേടുന്നത്.

രണ്ട് കാലിലും മന്ത് പേറുന്ന മുതലാളിമാര്‍ താരശരീരങ്ങള്‍ ഉപയോഗിച്ച് പൊതുസമൂഹത്തിന് മുഴുവന്‍ മന്താണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തും. നാടുമുഴുവന്‍ മാലിന്യമാണെന്നും നമ്മള്‍ മാലിന്യവിമുക്തമായ കിനാശ്ശേരിക്കായി അഹോരാത്രം പണിയെടുക്കണമെന്നും മലബാര്‍ ഗോള്‍ഡിന്റെ മുതലാളിക്ക് വേണ്ടി മോഹന്‍ലാല്‍ ഉപദേശിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും മാലിന്യവിമുക്തമാക്കേണ്ടതും നല്ലകാര്യം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം മോഹന്‍ലാല്‍ പറഞ്ഞാലും മലബാറിന്റെ മുതലാളി പറഞ്ഞാലും ഗൗരവം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, പൊതുജനങ്ങള്‍ റോഡിലേക്കോ തോട്ടിലേക്കോ വലിച്ചെറിയുന്ന ഗാര്‍ഹികമാലിന്യങ്ങളേക്കാള്‍ നൂറ് ഇരട്ടി പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങളാണ് മലബാര്‍ ഗോള്‍ഡ് കാക്കഞ്ചേരിയിലെ ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടാനൊരുങ്ങുന്നത്.

ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ജീവിതത്തേയും തകര്‍ത്തുകളയുകയും പ്രദേശവാസികളെ രോഗികളാക്കുകയും ചെയ്യുന്ന കച്ചവടക്കാരാണ് മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ സംസ്‌ക്കാരത്തേയും പാരമ്പര്യത്തേയും ഉയര്‍ത്തിക്കാട്ടുന്നത്. മണ്ണും വെള്ളവും വായുവും മലിനമാക്കിക്കൊണ്ട് ഇവര്‍ സൃഷ്ടിച്ചെടുക്കുന്ന ഉല്‍പ്പന്നത്തില്‍ സൗന്ദര്യവും ഗുണമേന്മയും ഒരുപോലെ ഇഴചേര്‍ന്ന് കിടക്കുന്നുണ്ടെന്ന് വാചാലമാകുന്നു. മണ്ണും വെള്ളവും വായുവും മലിനമാക്കുന്ന സൗന്ദര്യമൊന്നും ഞങ്ങളുടെ ശരീരത്തെ അലങ്കരിക്കുകയില്ലെന്ന് നാം തീരുമാനമെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മലബാർ ഗോൾഡും കല്ല്യാണും കേരളീയരോട് ചെയ്യുന്നത്

പട്ടിന്റെ സൗന്ദര്യലോകമല്ല വസ്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ കാത്തിരിക്കുന്നത്. സെയില്‍സ് ഗേള്‍സിനെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍വൈസര്‍മാരും മുതലാളിമാരും വെറും സിനിമാക്കാഴ്ച മാത്രമല്ലെന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. സത്രീ തൊഴിലാളികള്‍ക്ക് നേരെയുള്ള അശ്ലീല പദപ്രയോഗങ്ങളും ലൈംഗികത ധ്വനിപ്പിക്കുന്ന പെരുമാറ്റങ്ങളും വെറുമൊരു വസന്തബാലന്‍ സിനിമമാത്രമല്ലെന്ന് വ്യക്തമാകുന്നുണ്ട്. അങ്ങാടിത്തെരു എന്ന വസന്തബാലന്‍ സിനിമയേക്കാള്‍ ക്രൂരമാണ് ടെക്‌സ്‌റ്റെയില്‍ രംഗത്തെ ചൂഷണങ്ങള്‍.

ഇതിലും മികച്ച പട്ട് സ്വപ്‌നങ്ങളില്‍ മാത്രം, ലോകം പട്ടിന് നല്‍കിയ പേര് കല്യാണ്‍, വിശ്വാസം അതല്ലേ എല്ലാം, എന്നിങ്ങനെ കല്യാണ്‍ ഗ്രൂപ്പിന്റെ വിവിധ പരസ്യങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പട്ടുംപൊന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മമ്മൂട്ടി മുതല്‍ പൃഥ്വിരാജ് വരെ ഒട്ടുമിക്ക നടന്മാരും ശ്രേയാശരണ്‍ അടക്കമുള്ള താരസുന്ദരികളും കല്യാണ്‍ പ്രൊഡക്റ്റുകളുടെ പ്രചാരകരായിട്ടുണ്ട്. പട്ടുംപൊന്നും സൃഷ്ടിച്ച വിപണിയില്‍ കല്ല്യാണ്‍ സാരീസ് ഇല്ലായ്മ ചെയ്തത് തൊഴിലാളികളുടെ അവകാശങ്ങളാണ്.

തൃശൂരിലെ കല്ല്യാണ്‍ സാരീസിലെ ആറ് സത്രീതൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നീണ്ട രണ്ടുമാസക്കാലമായി സമരമുഖത്താണ്. പൊതുസമൂഹം ഏറെയൊന്നും ചര്‍ച്ച ചെയ്യാത്ത അല്ലെങ്കില്‍ അറിയപ്പെടാതെ പോയ ഈ സമരം എഴുപത് ദിവസം പിന്നിട്ടപ്പോള്‍ നേരിയ പ്രതീക്ഷയുടെ സൂചനകള്‍ പ്രകടിപ്പിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ എന്നിവര്‍ സമരത്തിന് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട് എന്നത് ആശാവഹമാണ്. ജോലിക്കിടയില്‍ അല്‍പ്പം ഒന്ന് ഇരിക്കാന്‍, ഒന്ന് മൂത്രമൊഴിക്കാന്‍, ജോലി സമയത്തില്‍ കൃത്യത വരുത്താന്‍, ഒരുകൂട്ടം സ്ത്രീകള്‍ സമരം ചെയ്യുകയാണ്.

ലിംഗവിവേചനവും തൊഴിലാളിവിരുദ്ധതയും മുഖമുദ്രയാക്കിയ മുതലാളിത്വത്തോട് ചെറുത്തുനില്‍ക്കുന്ന ശബ്ദങ്ങളെ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിക്കുന്ന കാഴ്ചയാണ് നാളിതുവരെ നമ്മള്‍ കണ്ടത്. പരസ്യപ്പലകളില്‍ കെട്ടിയിട്ട വിശ്വാസങ്ങളുടെ പുറത്തായിരുന്നു ഇവിടുത്തെ മാധ്യമങ്ങളൊക്കെയും. കല്യാണിനെതിരെ നടക്കുന്ന സമരത്തിന്റെ വാര്‍ത്തകള്‍ക്ക് സെക്കന്റുകളുടെ ആയുസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഏതാണ്ട് ഒരു വര്‍ഷം മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന മൂത്രപ്പുര സമരമാണ് ടെക്‌സ്റ്റെല്‍ തൊഴിലാളികള്‍ക്ക് വേണ്ടി നടന്ന കേരളത്തിലെ ആദ്യത്തെ പ്രധാന സമരം. എ.എം.ടി.യു.(അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ നേതാവായ പി.വിജിയാണ് അന്ന് മൂത്രപ്പുര സമരത്തിന് നേതൃത്വം നല്‍കിയത്). മൂത്രമൊഴിക്കാനും ഇരിക്കാനും വേണ്ടി സ്ത്രീതൊഴിലാളികള്‍ സമരമുഖത്താണ് എന്നതും അതിനെതിരെ ഏതാനും നാളുകള്‍ക്ക് മുമ്പ് മാത്രമാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത് എന്നതും ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്. നമ്മുടെ സംസ്‌ക്കാരിക പാപ്പരത്വം ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്.

കല്ല്യാണ്‍ സാരീസിനെതിരെ സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെയെങ്കിലും കല്യാണിന്റെ പട്ടുംപൊന്നും ഞങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്ന് ഒരോ മലയാളിയും തീരുമാനിച്ചുറപ്പിക്കേണ്ടതുണ്ട്. മലബാര്‍ ഗോള്‍ഡിനേയും കല്യാണ്‍ സാരീസിനേയും ബഹിഷ്‌ക്കരിക്കുക എന്നത് വര്‍ത്തമാനകാലത്തെ ഏറ്റവും ക്രിയാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മൗനമാണ് അനീതികളെ വാചാലമാക്കുന്നത്. അതിനാല്‍, ഇനിയെങ്കിലും നമ്മള്‍ മൗനം വെടിഞ്ഞ് ചൂഷണങ്ങളോട് പ്രതികരിക്കേണ്ടിയിരിക്കുന്നു. നമുക്ക് തൊഴിലാളി വിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഉല്‍പ്പന്നങ്ങളെ ബഹിഷ്‌ക്കരിക്കാം.