പത്തിൽ പഠിക്കുമ്പോൾ ഗൾഫ്കാരൻ കെട്ടിയ പെണ്ണ്; കണ്ണീരുണങ്ങാത്ത ഒരു ജീവിതകഥ

ബിച്ചുമ്മൂ...ഇജ്ജ് ഒന്ന് ഓന്റെ മോത്ത്ക്ക് നോക്ക്...ആരാ വെന്നേന്ന് നോക്ക് ....പറഞ്ഞു പറഞ്ഞ് ഉമ്മയുടെ തൊണ്ടയിടറി. വാക്കുകൾ പുറത്തേക്ക് വരാതായി. ഉമ്മയുടെ കണ്ണീർ മുഖത്ത് പരന്നൊഴുകി. ആര് വന്നാലും ഉമ്മ ബിച്ചുമ്മുവിനെയും കൂട്ടി കോലായിലേക്ക് വരുമായിരുന്നു. എന്നിട്ട് അവര്ടെ മുഖത്തേക്ക് നോക്കാൻ പറയുമായിരുന്നു. ആരുടെ മുഖത്തേക്കും അവൾ നോക്കാതായാതോടെ അകത്തെ ഇരുട്ടിൽ തന്നെ ബിച്ചുമ്മുവിനെ ഇരുത്തി. അകത്തെ ഇരുട്ടും പുറത്തെ വെളിച്ചവും അവൾക്ക് ഒരു പോലെയായിരുന്നു.
 | 

വഹീദ് സമാൻ

പത്തിൽ പഠിക്കുമ്പോൾ ഗൾഫ്കാരൻ കെട്ടിയ പെണ്ണ്; കണ്ണീരുണങ്ങാത്ത ഒരു ജീവിതകഥ
ബിച്ചുമ്മൂ…ഇജ്ജ് ഒന്ന് ഓന്റെ മോത്ത്ക്ക് നോക്ക്…ആരാ വെന്നേന്ന് നോക്ക് ….പറഞ്ഞു പറഞ്ഞ് ഉമ്മയുടെ തൊണ്ടയിടറി. വാക്കുകൾ പുറത്തേക്ക് വരാതായി. ഉമ്മയുടെ കണ്ണീർ മുഖത്ത് പരന്നൊഴുകി.

ആര് വന്നാലും ഉമ്മ ബിച്ചുമ്മുവിനെയും കൂട്ടി കോലായിലേക്ക് വരുമായിരുന്നു. എന്നിട്ട് അവര്‌ടെ മുഖത്തേക്ക് നോക്കാൻ പറയുമായിരുന്നു. ആരുടെ മുഖത്തേക്കും അവൾ നോക്കാതായാതോടെ അകത്തെ ഇരുട്ടിൽ തന്നെ ബിച്ചുമ്മുവിനെ ഇരുത്തി. അകത്തെ ഇരുട്ടും പുറത്തെ വെളിച്ചവും അവൾക്ക് ഒരു പോലെയായിരുന്നു.

കളിക്കൂട്ടുകാരിയായിരുന്നു ബിച്ചുമ്മു. സ്‌കൂളിൽ പോകുമ്പോൾ പുസ്തക ബാഗ് കയ്യിൽ കൊടുത്തില്ലെങ്കിലവൾ പിണങ്ങും. ഉച്ചക്ക് സ്‌കൂളിൽനിന്ന് ചെറുപയറും ചോറും കിട്ടുമെങ്കിലും ഉമ്മയുണ്ടാക്കി കൊടുത്തയക്കുന്ന അച്ചാറോ ചമ്മന്തിയോ വാങ്ങാൻ ചെന്നില്ലെങ്കിലവൾ പിണങ്ങും. പിന്നെ പിച്ചലും മാന്തലുമാണ്. എല്ലാറ്റിനുമൊടുവിൽ ദുരേക്ക് കണ്ണുംനട്ടങ്ങനെ നോക്കിയിരിക്കും. ബിച്ചുമ്മുവിന്റെ പ്രതിഷേധവും സങ്കടവും അങ്ങിനെയാണ്.

പഞ്ചാര മാവുണ്ടായിരുന്നു. കുളിക്കാൻ പോകുന്ന വഴിയിലാണ്. പച്ചയാകുമ്പോൾ ഭയങ്കര പുളിയും പഴുത്താൽ അതിമധുരവുമുള്ള മാങ്ങ. കുളി കഴിഞ്ഞു വരുമ്പോൾ ആ മാങ്ങക്ക് വേണ്ടി അവൾ കാത്തിരിക്കും. ഏതെങ്കിലും ദിവസം കിട്ടിയില്ലെങ്കിൽ പിന്നെ പിണക്കമാണ്. നേരത്തെ എണ്ണീറ്റ് പോയി തെരയാത്തതോണ്ട് ആ കോളനിയിലെ കുട്ടികൾ എടുത്ത് കൊണ്ടു പോയീ എന്ന് പറഞ്ഞവൾ കലമ്പലുണ്ടാക്കും.

ഓരോ മാമ്പഴക്കാലത്തും പലപ്പോഴായി അവൾ ദൂരേക്ക് മിഴി പായിച്ചിരിക്കും. അവളുടെ പിണക്കവും പ്രതിഷേധവും അങ്ങിനെയാണ്.  ഒരു ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴി ബിച്ചുമ്മു പറഞ്ഞു..ഇജ് അറിഞ്ഞ്യോ…. ൻക്ക് കല്യാണായിട്ടോ എന്ന്. ബിച്ചുമ്മുവിന്റെ വീട്ടിൽ ആരൊക്കെയെ വരുന്നത് കണ്ടിരുന്നു. കല്യാണമാകുമെന്ന് കരുതിയില്ല. പത്താം ക്ലാസാണ്. ബാക്കിയുള്ള ദിവസങ്ങളിൽ ഒറ്റക്കായി പോകുമല്ലോ എന്നോർത്ത് സങ്കടപ്പെട്ടു.

പത്തിൽ പഠിക്കുമ്പോൾ ഗൾഫ്കാരൻ കെട്ടിയ പെണ്ണ്; കണ്ണീരുണങ്ങാത്ത ഒരു ജീവിതകഥ

ഇജ് വെസനിക്കണ്ട… കല്യാണം കഴിഞ്ഞാലും പഠിക്കാൻ വിടുംന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞു. മൂന്നാമത്തെ മാസം ബിച്ചുമ്മുവിന് കല്യാണമായി. ഗൾഫിൽനിന്ന് നവാസ്‌ക്ക വരാൻ വൈകിയതാണ് കല്യാണം നീണ്ടുപോകാൻ കാരണമായത്. പുതിയാപ്പിള വീട്ടിലേക്ക് വരുമ്പോൾ കാല് കഴുകാൻ വെള്ളം എടുത്തുകൊടുക്കുന്ന ചടങ്ങുണ്ട്. ബിച്ചുമ്മുവിന് ഒരു ചെറിയ ആങ്ങളയുണ്ടായിട്ടും എന്നോട് കൊടുക്കാനാണ് ഉപ്പ മെയ്തീൻ കാക്ക പറഞ്ഞത്. വെള്ളമൊഴിച്ച് കൊടുത്തതിന് നൂറു രൂപ സമ്മാനം കിട്ടി.

ബിച്ചുമ്മുവിനെ നവാസ്‌ക്കന്റെ വീട്ടിലാക്കാൻ കൊണ്ടുപോകുമ്പോൾ ജീപ്പിന്റെ പിറകിൽ തൂങ്ങി പോകേണ്ടി വന്നു. ആ ജീപ്പിന്റെ മുന്നിൽ ചുവന്ന സാരിയുടുത്ത് മുല്ലപ്പൂവൊക്കെ ചൂടി ബിച്ചുമ്മുവും. തലേദിവസം കണ്ട ബിച്ചുമ്മുവേ ആയിരുന്നില്ല അത്. അവൾ ഒരു ദിവസം കൊണ്ട് വലിയൊരു പെണ്ണായിരിക്കുന്നു. മടങ്ങാൻ നേരത്ത്, നാളെ സ്‌കൂളിൽ വരുമോ എന്ന് ചോദിച്ചപ്പോഴേക്കും അവളെ ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടുപോയി. ആ മുറ്റത്ത് വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു. ആൾക്കൂട്ട ബഹളം. പക്ഷെ, ഒറ്റക്കായ പോലെ. മടങ്ങിപ്പോരുമ്പോൾ ജീപ്പിന്റെ പിറകിൽ തൂങ്ങേണ്ടി വന്നില്ല. ബിച്ചുമ്മു ഇരുന്നിരുന്ന സ്ഥലം കാലിയായിരുന്നു.

പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞു വരുമ്പോൾ കിട്ടിയ രണ്ടു പഞ്ചാര മാങ്ങകൾ വഴിയിലെവിടെയോ വലിച്ചെറിഞ്ഞു.
രണ്ടാഴ്ച്ച കഴിഞ്ഞാണ് ബിച്ചുമ്മു സ്‌കൂളിൽ വന്നത്. നവാസ്‌ക്ക ബൈക്കിലിരുത്തി കൊണ്ടു വരികയായിരുന്നു. പുസ്തകസഞ്ചി പിടിച്ച് പിടിച്ചെന്റെ കൈ തളർന്നിരുന്നു. ക്ലാസിൽ കയറി വരുമ്പോൾ എല്ലാരും ചിരിച്ചു. ബെഞ്ചിലിരുന്ന് ബിച്ചുമ്മുവും ചിരിച്ചു. കൂട്ടുകാരികൾ ചുറ്റും കൂടി. രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും ചോറ്റുപാത്രത്തിൽ അച്ചാറും ചമ്മന്തിയുമുണ്ടായി.

സ്‌കൂൾ വിട്ടുപോകുമ്പോൾ ബിച്ചുമ്മുവിനോട് പറയാൻ കുറെ കഥകളുണ്ടായിരുന്നു. നാട്ടുമാവിൽ പഞ്ചാര മാങ്ങകൾ കൂട്ടത്തോടെ പഴുത്തുനിൽക്കുന്ന കാര്യം പറയാനുണ്ടായിരുന്നു. പഞ്ചാരമാങ്ങയിലെ പുളിയനുറുമ്പ് കടിച്ച് ചുണ്ട് വീങ്ങിയ കാര്യം പറയാനുണ്ടായിരുന്നു. രണ്ടാഴ്ച്ച ഉച്ചക്ക് ഞാനൊന്നും കഴിച്ചില്ലെന്ന് പറയില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.

എങ്ങിനെയെങ്കിലും നാലു മണിയാകാൻ കാത്തുകാത്തിരുന്നു. സ്‌കൂൾ വിട്ടതും എന്റെ പുസ്തക സഞ്ചി ബിച്ചുമ്മു കയ്യിലെടുത്തു. കലപില ബഹളങ്ങൾക്കിടയിലൂടെ പുറത്തുകടന്നു. റോഡിലൊരു സൈഡിൽ നവാസ്‌ക്ക മോട്ടോർസൈക്കിളുമായി കാത്തിരിക്കുന്നു. ഞാനാണ് ബിച്ചുമ്മുവിന് അളിയനെ കാട്ടിക്കൊടുത്തത്. പുസ്തക സഞ്ചി കയ്യിലേൽപ്പിച്ച് ബിച്ചുമ്മു ബൈക്കിനരികിലേക്ക് നീങ്ങി. നിന്നെ വീട്ടിലാക്കി തരണോ എന്ന ചോദ്യത്തിനോട് വേണ്ടെന്ന് തലയാട്ടി. ബൈക്ക് കടന്നു പോകുമ്പോൾ ബിച്ചുമ്മു ചിരിച്ചു. കണ്ണിൽനിന്ന് മറയും വരെ അവൾ നോക്കിയിരുന്നു.

രണ്ടു മാസം കഴിഞ്ഞ് അളിയൻ തിരിച്ചുപോയി. മാമ്പഴക്കാലം കഴിഞ്ഞിരുന്നു. അടുത്ത മാങ്ങാക്കാലം വേഗം വരണേയെന്ന് മോഹിച്ചുപോയി.
ബിച്ചുമ്മുവിന്റെ സ്‌കൂൾ വരവിന് ഒരു ക്രമമില്ലാതായി. ഒരു ദിവസം വന്നാൽ മൂന്നു ദിവസം ലീവ്. പത്താം ക്ലാസ് ജയിക്കണ്ടേ എന്ന് ചോദിച്ചാൽ ഉടൻ വരും മറുപടി. ജയിച്ചിട്ടെന്താ..ഞാൻ കളട്ടർ ഒന്നും ആകാൻ പോണില്ലല്ലോ എന്ന്. ഒരു ദിവസം ബിച്ചുമ്മു ആരും കേൾക്കാതെ പറഞ്ഞു..
ഇജ് അറിഞ്ഞ്യോ..ഞാൻ അട്ത്ത് ഉമ്മയാകും. അതൊരു സന്തോഷമുള്ള വർത്തമാനമായിരുന്നു. ബിച്ചുമ്മു ഉമ്മയാകുന്നു….

ഇരട്ടകുട്ടികളായിരുന്നു. രണ്ടും പെൺകുട്ടികൾ. കുട്ടികളുടെ വിശേഷം ചോദിച്ച് നവാസ്‌ക്ക കത്തയക്കും. ബിച്ചുമ്മുവിന് കത്തുകളെഴുതി കൊടുക്കുന്നത് പലപ്പോഴും എന്റെ ഡ്യൂട്ടിയാണ്. പേജിൽ ചില സ്ഥലങ്ങൾ ബിച്ചുമ്മു ബാക്കിവെക്കും. അവിടെ അവൾക്ക് കുറച്ച് സ്വകാര്യം എഴുതാനുണ്ടത്രേ.. കുറിമാനം പൂർത്തിയാക്കി ഒട്ടിച്ചിട്ട് തരും. അയക്കാൻ.

പിന്നെപ്പിന്നെ കത്തുകൾ അയക്കാനോ വരാനോ ഇല്ലാതായി. നവാസ്‌ക്ക ഗൾഫിലെന്തോ പ്രശ്‌നത്തിൽ പെട്ടിരുന്നു. ജയിലിലാണ്. എവിടെയാണെന്ന് പോലും ആർക്കുമറിയില്ല. കത്തോ വിവരമോ കിട്ടാതെ ബിച്ചുമ്മു ഉരുകുകയായിരുന്നു. കാണുമ്പോഴൊക്കെ അവൾ പൊട്ടിക്കരയും. കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ പോകുമ്പോൾ കൂടെക്കൂടി. അളിയനില്ലാത്തതിന്റെ സങ്കടത്തിൽ അവൾ പൊട്ടിക്കരയാൻ തുടങ്ങി. പിന്നീടൊരിക്കൽ ബിച്ചുമ്മുവിന് കത്തുവന്നു. സുഖമാണ്. ഉടൻ വരും. നീ കരയാതെ സമാധാനമായിരിക്കെന്ന്…

എന്റെ കയ്യക്ഷരം ബിച്ചുമ്മു പെട്ടെന്ന് തിരിച്ചറിഞ്ഞു. വേറെ ആരെക്കൊണ്ടെങ്കിലും എഴുതിച്ച് അയക്കാനുള്ള ബുദ്ധി തോന്നിയില്ല.
രാഷ്ട്രീയക്കാരെ കാണാനും ഹരജി കൊടുക്കാനുമായി പോവാത്ത സ്ഥലങ്ങളില്ല. എത്തിപ്പെടാവുന്ന തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം അവൾ പോയി. അജ്മീറും നാഗൂരും മമ്പുറവും…അങ്ങിനെയങ്ങിനെ…വർഷങ്ങൾ പതിനേഴാണ് കടന്നുപോയത്. പ്രതീക്ഷകളെല്ലാമൊടുങ്ങിയ ബിച്ചുമ്മുവിനെ പിന്നെ പുറത്തേക്ക് പോലും കാണാതായി. അന്വേഷിച്ച് ചെന്നാലും അധികമൊന്നും പറയാതെ അവൾ ദൂരേക്ക് നോക്കിയിരിക്കും.
കേസ് തീർന്നെന്നും നവാസ്‌ക്ക ഉടൻ വരുമെന്നുമുള്ള വിവരം ബിച്ചുമ്മുവിനെ ആദ്യമറിയിക്കുമ്പോൾ അവളുടെ മുഖത്ത് നിലാവ് വിരിഞ്ഞു. സത്യാണോ പറയുന്നതെന്ന് അവൾ പിന്നെയും പിന്നെയും ചോദിച്ചു.

സുഖമാണ്. ഉടൻ വരും. നീ കരയാതെ സമാധാനമായിരിക്കെന്നുള്ള കള്ളക്കത്ത് എടുത്തുകൊണ്ട് വന്ന് അവൾ പിന്നേം ചോദിച്ചു. ഇതുപോലെ എങ്ങാനും ആണേൽ പിന്നെ ഇജ്ജ് ന്നെ കാണില്ലെന്ന് കട്ടായം പറഞ്ഞു. ആ കത്തവൾ ഇപ്പോഴും സൂക്ഷിച്ചുവെക്കുന്നുണ്ടല്ലോ എന്നോർത്ത് അത്ഭുതപ്പെട്ടു. ചിലപ്പോൾ ആ കത്ത് അവൾ ഇടയ്ക്കിടക്ക് എടുത്തുനോക്കുന്നുണ്ടായിരിക്കണം.

പടച്ചോനെ, കേട്ട വാർത്ത ശരിയായില്ലെങ്കിൽ ഇവളെന്നെ അവിശ്വസിക്കുമല്ലോ എന്നോർത്ത് കുഴങ്ങി. ബിച്ചുമ്മുവിന് പെരുന്നാളായിരുന്നു അന്ന്.
പിന്നെയും രണ്ടാഴ്ച്ച കഴിഞ്ഞ് നവാസ്‌ക്കയെത്തി. തലേന്ന് തന്നെ ബിച്ചുമ്മു ഭർത്താവിന്റെ വീട്ടിലേക്ക് പോയി. യാത്ര പറയുമ്പോൾ അന്നാദ്യമായി ബിച്ചുമ്മു ചിരിച്ചു. മൂന്നാമത്തെ ദിവസം അളിയനും ബിച്ചുമ്മുവും രണ്ടു കുട്ടികളുമെത്തി. അധികനേരം അവിടെനിക്കാതെ അളിയൻ തിരിച്ചുപോയി. ബിച്ചുമ്മുവും കുട്ടികളും പോയില്ല.

പത്തിൽ പഠിക്കുമ്പോൾ ഗൾഫ്കാരൻ കെട്ടിയ പെണ്ണ്; കണ്ണീരുണങ്ങാത്ത ഒരു ജീവിതകഥ

കണ്ടപ്പോൾ ബിച്ചുമ്മു കരയുകയായിരുന്നു. ഉമ്മയാണ് പറഞ്ഞത്. ബിച്ചുമ്മുവിനെ അയാൾക്ക് വേണ്ടത്രേ. അയാൾ ജയിലിൽ കുടുങ്ങാൻ കാരണം ബിച്ചുമ്മുവിന്റെ ഭാഗ്യദോഷമാണത്രേ. ഇനിയും ഭാഗ്യക്കേടിനെ കൂടെക്കൂട്ടാൻ അയാൾക്ക് പറ്റില്ലത്രെ. കുട്ടികളെ കെട്ടിക്കാൻ കാശില്ലത്രേ. ബിച്ചുമ്മുവിന് മാനസികമാണത്രേ…അങ്ങിനയങ്ങിനെ ഒരുപാട് കാരണങ്ങൾ. അയാളുടെ ഉമ്മ കരഞ്ഞുപറഞ്ഞിട്ടുപോലും മനസിളകിയില്ല. ബിച്ചുമ്മുവിന്റെ പ്രാർത്ഥനയുടെ കണക്ക് നോക്കിയില്ല. അവൾ കാത്തിരുന്ന വർഷങ്ങളോർത്തില്ല. അവൾ കയറിയിറങ്ങിയ വഴികളയാളറിഞ്ഞില്ല, അവളൊഴുക്കിയ കണ്ണീരെല്ലാം കൂട്ടിവെച്ചാൽ അതൊരു കടലാകുമെന്ന് അയാളറിഞ്ഞില്ല. ഒന്നുമയാളറിഞ്ഞില്ല.

തന്റെ പുതിയ ഭാര്യയെയുമായി ചിലപ്പോഴൊക്കെ അയാളതുവഴി പോയി. ബിച്ചുമ്മു അപ്പോഴേക്കും ഇരുട്ടിനെ സ്‌നേഹിക്കാൻ തുടങ്ങിയിരുന്നു. ദൂരേക്ക് ദൂരേക്ക് നോക്കി ബിച്ചുമ്മു അങ്ങിനെയിരിക്കും. എപ്പോഴെങ്കിലും എന്തെങ്കിലുമെടുത്ത് കഴിക്കും. ബിച്ചുമ്മുവിന്റെ രണ്ടു കുട്ടികളുടെയും കല്യാണം ഒരു ദിവസമായിരുന്നു. അന്നും ബിച്ചുമ്മു പുറത്തിറങ്ങിയില്ല. അവൾ പുതിയ വസ്ത്രമണിഞ്ഞിരുന്നു. കുട്ടികളുടെ നിക്കാഹിന് അയാൾ വന്നു. പുതിയാപ്പിളക്ക് കൈ കൊടുത്തു. അകത്തേക്ക് ഒന്ന് കയറാതെ, ബിച്ചുമ്മുവിനെ ഒന്ന് നോക്കാതെ അയാൾ വേഗം മടങ്ങിപ്പോയി.
ഈ അവധിക്കാലം തീരാൻ നേരത്ത് ഒരിക്കൽ കൂടി ബിച്ചുമ്മുവിന്റെ അടുത്തെത്തി.

ബിച്ചുമ്മൂ…ഇജ്ജ് ഒന്ന് ഓന്റെ മോത്ത്ക്ക് നോക്ക്…ആരാ വെന്നേന്ന് നോക്ക് ….പറഞ്ഞു പറഞ്ഞ് ഉമ്മയുടെ തൊണ്ടയിടറി. വാക്കുകൾ പുറത്തേക്ക് വരാതായി. ഉമ്മയുടെ കണ്ണീർ മുഖത്ത് പരന്നൊഴുകി.

ബിച്ചുമ്മൂന്റെ മോൾ, പൊന്നു, ബിച്ചുമ്മൂനെ പിടിച്ചുകുലുക്കി. ഉമ്മാ ആരാ വന്നേന്ന് നോക്കി. ഇങ്ങളെ ചെങ്ങായിതാ ഇമ്മാ…നോക്കീ…
ബിച്ചുമ്മുവിന്റെ കണ്ണിന് നേരെ മുഖം കൊണ്ടുപോയി വെച്ചപ്പോഴും ബിച്ചുമ്മുവിന്റെ നോട്ടമിളകിയില്ല. എന്റെ കണ്ണും തലയും തുളച്ച് ബിച്ചുമ്മു ദൂരേക്ക് ദൂരേക്ക് നോക്കിയിരിക്കുന്നു….ദൂരെ ദൂരെ എന്താണുള്ളത്. ബിച്ചുമ്മുവിന് കൊടുക്കാൻ എന്റെ കയ്യിൽ നാട്ടുമാവിലെ പഞ്ചാരമാങ്ങയുണ്ടായിരുന്നില്ല. ആ മാവ് എന്നോ ആരോ മുറിച്ചു കളഞ്ഞിരുന്നു.