പൊളിറ്റിക്കൽ സ്പൂഫ്: കഷ്ടാനുഭവങ്ങളിൽ മാണി, യൂദാസായി പിസി ജോർജ്

പാളയം വലിയ പള്ളിയിലേയ്ക്ക് പ്രാർത്ഥിക്കാൻ പോയി മൂന്ന് മണിക്കൂർ നീണ്ട ആണ്ടു കുമ്പസാരത്തിനു ശേഷം തിരിച്ചെത്തിയ മാണി കണ്ടത് ചാനലുകളായ ചാനലുകൾ തോറും തന്നെ ഇകഴ്ത്തി നടക്കുന്ന ചീഫ് വിപ്പിനെയും പഴയ ജോസഫ് ഗ്രൂപ്പുകാരെയുമാണ്. ഇതിൽ ഖിന്നനായ മാണി അവരോടു ചോദിച്ചു നിങ്ങൾക്ക് മൂന്ന് മണിക്കൂർ എന്നോടൊത്തു ഉണർന്നിരുന്നു പ്രവർത്തിച്ചു കൂടെ? അനന്തരം നിയമ സഭയിലെ ബജറ്റ് സമ്മേളനത്തിനെത്തിയ കുഞ്ഞുമാണിയെ കാത്തിരുന്നത് വലിയൊരു പുരുഷാരം തന്നെ ആയിരുന്നു. മൂത്ത യൂത്തന്മാർ കുഞ്ഞുമാണിക്ക് ഓശാന എന്ന് ഉച്ചത്തിൽ വിളിച്ചു സ്വാഗതമോതിയപ്പോൾ ഫരിശേയരും പ്രീശരും അവനെ പരീക്ഷിക്കാൻ തീരുമാനിച്ചു പ്രതിപക്ഷ ബെഞ്ചുകളിലും നിയമ സഭയുടെ തെരുവോരങ്ങളിലും നിലയുറപ്പിച്ചിരുന്നു.
 | 

അജീഷ് മാത്യു കറുകയിൽ

ബജറ്റ് പ്രസംഗത്തിനായി എഴുന്നേറ്റ മാണിയെ ബാറു കോഴക്കരാൻ കുഞ്ഞുമാണിയെ ക്രുശിക്കുക എന്ന ആക്രോശത്തോടെ അവർ സ്പീക്കറുടെ ഇരിപ്പിടം കൈയേറുകയും ഡയസ് തകർക്കുകയും ചെയ്തു. ഇതെല്ലാം കണ്ടു പേടിച്ചരണ്ട ശക്തനായ സ്പീക്കർ ജാലക വാതിലിനിടയിൽ കൂടി ബജറ്റ് പ്രസംഗത്തിനു ആഗ്യം കൊണ്ട് അനുമതി നൽകി. ഇതിൽ കുപിതരായ ഫരിശേയ പ്രമാണിമാർ പിറ്റേന്ന് രാവിലെ അഖില കേരള ഹർത്താലിന് ആഹ്വാനം നൽകി. കാണുന്നിടത്ത് വെച്ച് കുഞ്ഞുമാണിയെ പിടികൂടി വീണ്ടും തെരുവിൽ വിചാരണ ചെയ്യാനും ആഹ്വാനം നൽകി. പിതാവിൽ നിന്നും അയക്കപ്പെട്ടവനും കുഞ്ഞൂഞ്ഞിന്റെ സംരക്ഷണയിലും ശിക്ഷണത്തിലും കഴിഞ്ഞിരുന്നവനുമായ കുഞ്ഞുമാണിയെ തൊടാൻ ഫരിശേയർക്കും പ്രമാണിമാർക്കും സാധിക്കാതെ വന്നതിനാൽ കുഞ്ഞുമാണിയുടെ കൂട്ടത്തിൽ നിന്നുള്ള വിപ്പു യൂദാസിനെ പ്രലോഭിപ്പിക്കാൻ സംസ്ഥാന കമ്മറ്റിയെ ഭരമേൽപ്പിച്ചു യോഗം പിരിഞ്ഞു.

അങ്ങനെ ഇരിക്കെ ഉളുപ്പില്ലാത്ത കെ.കോ. പാർട്ടി സംസ്ഥാന കമ്മറ്റി വിളിച്ചു. കട്ടനും കപ്പലണ്ടിയും തിന്നുന്നതിനിടയിൽ കുഞ്ഞുമാണി സുലൈമാനി കൈയ്യിലെടുത്തു മുകളിലേയ്ക്ക് ഉയർത്തി ഇങ്ങനെ പറഞ്ഞു. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു എന്നോട് കൂടെ പന്തി ഭോജനത്തിനു ഇരിക്കുന്നവരിൽ ഒരാൾ എന്നെ ഒറ്റികൊടുക്കും. കേട്ടപാതി കേൾക്കാത്ത പാതി ജോസഫ് എഴുന്നേറ്റു ഇങ്ങനെ പറഞ്ഞു. നിന്നോട് കൂടെ ഈ മന്ത്രിസഭയെ മറിച്ചിടേണ്ടി വന്നാലും ഞാൻ നിന്നെ തള്ളി പറയില്ല.

ഒരു മന്ദസ്മിതത്തോടെ കുഞ്ഞുമാണി ജോസഫിനെ നോക്കി ഇപ്രകാരം മൊഴിഞ്ഞു, ‘ജോസഫേ നീ കാലുവാരിയാകുന്നു. അടുത്ത നിയമസഭ പിരിയും മുൻപ് മൂന്ന് വട്ടം നീയും നിന്റെ എംഎൽഎ മാരും എന്നെ തള്ളി പറയും. ഇല്ല മാണി സാറേ അങ്ങേയ്ക്ക് വേണ്ടി മരിക്കേണ്ടി വന്നാലും ഞാൻ അത് ചെയ്യില്ല എന്ന് പറഞ്ഞു പൂർത്തിയാകും മുമ്പേ മദയാന പോലെ ഒരാൾ അവിടുത്തെ ഇടത്തെ സൈഡിൽ നിന്നും ഓടിയെത്തി കുഞ്ഞുമാണിയുടെ കവിളിൽ ചുംബിച്ചു.

പരിശുദ്ധ സ്‌നേഹത്തിന്റെ പ്രതീകമായ ചുംബനം കൊണ്ട് ധനമന്ത്രിയെ ഒറ്റിയ ചീഫ് വിപ്പേ പൂഞ്ഞാറിൽ ഇനി നിനക്ക് ജയിക്കാൻ കഴിയുമോ എന്ന് പറഞ്ഞു തീരും മുൻപ് കുഞ്ഞുമാണി ബന്ധനസ്ഥനായി. ഫരിശേയരും പ്രീശ്യരും ഈ കോഴക്കാരൻ എങ്ങിനെ ധനമന്ത്രിയായി തുടരുന്നു എന്ന് ആട്ടഹസിച്ചു കൊണ്ട് ആർത്തു ചിരിച്ചു. നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടു വോട്ടെടുപ്പിനിടയിൽ സ്പീക്കർ ജോസഫിനോട് ചോദിച്ചു, നീയും കുഞ്ഞുമാണിയുടെ കൂട്ടത്തിൽപ്പെട്ടവനല്ലേ?

ഏയ് ഇവനെ എനിക്ക് അറിയുക പോലും ഇല്ല. അനന്തരം ജോസഫിന്റെ മൂന്ന് എംഎൽഎമാരും മാറി മാറി അവനെ തള്ളി പറഞ്ഞു, ശേഷം കോഴി കൂവി അപ്പോൾ സമയം പന്ത്രണ്ടു മണിയോട് അടുത്തിരുന്നു. പിതാവേ കഴിയുമെങ്കിൽ മൂന്ന് നാല് എംഎൽഎമാരെ മറുകണ്ടം ചാടിച്ചു മന്ത്രി സഭയെ നിലനിർത്തി തരണേ എന്ന് മാണി ആത്മാർഥമായി പ്രാർത്ഥിച്ചു. അവിശ്വാസ പ്രമേയം പാസായി കുഞ്ഞൂഞ്ഞു മന്ത്രിസഭാ താഴെ വീണു.

പൊളിറ്റിക്കൽ സ്പൂഫ്: കഷ്ടാനുഭവങ്ങളിൽ മാണി, യൂദാസായി പിസി ജോർജ്

പുതിയ മന്ത്രി സഭയിൽ കാബിനെറ്റ് റാങ്ക് എന്ന മുപ്പതു വെള്ളിക്കാശിനായി പഴയ വിപ്പ് വീർപ്പു മുട്ടി കാത്തിരുന്നു. പക്ഷെ മോഡിയെയും മാമോനെയും ഒരേ പോലെ സേവിക്കുന്നവൻ തങ്ങൾക്കു അനുഗുണൻ ആവില്ല എന്ന തീരുമാനത്തിൽ പഴയ വിപ്പിന്റെ പുതിയ മാറ്റത്തിന് സംസ്ഥാന കമ്മറ്റി പച്ചക്കൊടി വീശിയില്ല. പാശ്ചാത്താപവിവശനായ പഴയ വിപ്പ് തന്റെ ഗുരുവിനെ ഒറ്റിയ വേദനയിൽ ഹൃദയം പൊട്ടി പൂഞ്ഞാർ ഭവന്റെ ഉത്തരത്തിൽ കയറിട്ടു ചാടി ആത്മഹത്യ ചെയ്തു. മാണി ബാർ കോഴ എന്ന പാപഭാരവും പേറി പാലയിൽ നാട്ടിയ വലിയ കുരിശു മരത്തിൽ ഏറപ്പെട്ടു.

ഇടതു വശത്തായി കുഞ്ഞൂഞ്ഞും വലതു വശത്തായി കുഞ്ഞാലിയും അവനു ചുറ്റും കുരുശിൽ ഏറ്റപ്പെട്ടു. നീ ഒറ്റഒരുത്തനാണ് ഈ മന്ത്രിസഭാ മറിഞ്ഞു വീഴാൻ കാരണം എന്ന് കുഞ്ഞൂഞ്ഞു കുറ്റപ്പെടുത്തിയപ്പോൾ വലതുവശത്ത് കിടന്ന കുഞ്ഞാലി അവനെ സമാശ്വസിപ്പിച്ചു. ഇതിലും വലിയ പോക്രിത്തരം കാണിച്ചിട്ടും ഞാൻ കുടുങ്ങിയില്ലല്ലോ എന്ന് മനസിൽ ഓർത്തു ഗൂഢസ്മിതം ചൊരിഞ്ഞു. എന്റെ ദൈവമേ എന്റെ ദൈവമേ എന്ത് കൊണ്ട് നീയെന്നെ ഉപേക്ഷിച്ചു എന്നലറിക്കൊണ്ട് കുഞ്ഞുമാണി ഓർമ്മയായി. മധ്യ തിരുവിതാംകൂറിലെങ്ങും ഹർത്താലായിരുന്നു കടകൾ തുറന്നില്ല കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു. കെഎസ്ഇബി പണി മുടക്കിയതിനാൽ കേരളത്തിൽ എങ്ങും അന്ധകാരമായിരുന്നു.

ചിത്രങ്ങള്‍ കടപ്പാട്: ടി.ജി. ജയരാജ്, ഗിരീഷ് മൂഴിപ്പാടം.