സംശയമില്ല; മലയാളിയുടെ പൊതുബോധം നിർണ്ണയിക്കുന്നത് ഒളിഞ്ഞുനോട്ട സംസ്‌കാരം തന്നെ

കഴിഞ്ഞ ദിവസം കേരള നിയമ സഭയിൽ നടന്ന സംഭവങ്ങളെ ഒരു ആലോചനയ്ക്ക് വിധേയമാക്കിയാൽ നമുക്ക് എത്തിച്ചേരാൻ കഴിയുന്ന ഒരു നിഗമനം മലയാളി അവന്റെ സദാചാര ബോധങ്ങളിൽ നിന്ന് പുറത്ത് വരാൻ ഇനിയും ഒരുപാട് കാലമെടുക്കും എന്നത് തന്നെ ആണ് . ഇടതു വലതു വ്യത്യാസം ഇല്ലാതെ, നിയമസഭക്കുള്ളിൽ ഉണ്ടായ ചില കയ്യാങ്കളികളെ പൊതുബോധ സദാചാരത്തിന്റെ ഫ്രെയിമിനുള്ളിൽ ഒതുക്കി വയ്ക്കാൻ മലയാളി വല്ലാതെ വ്യഗ്രതപ്പെടുമ്പോൾ അതിലെ രാഷ്ട്രീയം പോലും അപ്രസക്തമാകുന്നു. പകരം പൊതുബോധ സദാചാരം മാത്രം ചർച്ചയാകുന്നു.
 | 

പ്രീത ജി.പി.

മുഴുവൻ എംഎൽഎ മാരും പങ്കാളികൾ ആയ ആ കയ്യങ്കളിയിൽ സ്ത്രീകൾ ഉൾപ്പെട്ട ഷോട്ടുകൾ മാത്രം ഹൈലൈറ്റ് ചെയ്തു ചാനലുകളും ആഘോഷിക്കുന്നു. മലയാളി എന്തിനെയും സദാചാരത്തിന്റെ കണ്ണിൽക്കൂടി മാത്രമേ കാണൂ; അതിൽ സ്ത്രീകൾ ഉൾപ്പെട്ടു എങ്കിൽ.

സംശയമില്ല; മലയാളിയുടെ പൊതുബോധം നിർണ്ണയിക്കുന്നത് ഒളിഞ്ഞുനോട്ട സംസ്‌കാരം തന്നെസ്ത്രീകൾ രാഷ്ട്രീയത്തിലോ സാമൂഹിക ഇടങ്ങളിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ ഇടപെടുന്നുവെന്നു കരുതുക. അപ്പോൾത്തന്നെ അവിടെ ലൈംഗികതയും സദാചാരവും പീഡനവും ഒക്കെ വന്നു കഴിഞ്ഞു. ഒരു കയ്യാങ്കളിയിൽ ഒരു എംഎൽഎ അയാളുടെ സഹപ്രവർത്തകനെ കയ്യേറ്റം ചെയ്താൽ അതു കയ്യേറ്റവും സഹപ്രവത്തക ആണെങ്കിൽ അത് പീഡനവും ആകുന്നത് എങ്ങനെ?  മലയാളികളുടെ മഞ്ഞക്കണ്ണടകളുടെ കടുപ്പം കൂടുന്നതല്ലാതെ കുറയുന്നില്ല.

സ്ത്രീകളെ എപ്പോളും ഇത്തരം ലൈംഗികച്ചുുവയോടു കൂടി മാത്രം അവതരിപ്പിച്ചു കൊണ്ട് തന്നെയാണ് പൊതുബോധ സദാചാരം അവരെ പൊതുഇടങ്ങളിൽ നിന്ന് അകറ്റി നിർത്തിയത് എന്ന് മനസ്സിലാക്കാൻ തയ്യാറാകാതെ ഇടതുബോധം ഉള്ളവർ പോലും ഇടപെടുന്നതു കാണുമ്പോൾ ദുഃഖം തോന്നുന്നു.

മലയാളിയുടെ പൊതുബോധ സദാചാരത്തിന്റെയും ഒളിഞ്ഞുനോട്ട വൈകൃതങ്ങളുടെയും സൈബർ വെർഷൻ മാത്രമാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കണ്ട പല ആക്ഷേപഹാസ്യങ്ങളും പോസ്റ്റുകളും. സ്ത്രീയും പുരുഷനും രണ്ടു വ്യക്തികൾ അല്ല, അവർ ഒന്നിച്ചു പ്രവർത്തിക്കുന്ന ഇടങ്ങളിൽ ഒക്കെ അവർ ലൈംഗിക ജീവികൾ മാത്രമാണെന്ന് ഇവർ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.

നമ്മൾ എന്ന് ഇതിൽ നിന്നൊക്കെ പുറത്ത് വരും? ഇനിയെത്ര കാലം നമ്മൾ കാത്തിരിക്കണം, നമ്മുടെ മാറ്റത്തിനായി?

എതിർപക്ഷത്തുള്ളവരെ പീഡകരായി ചിത്രീകരിക്കാൻ തങ്ങളെ കരുവാക്കുമ്പോൾ പുരുഷാധിപത്യം അതിന്റെ അജണ്ട തന്നെ ആണ് കൃത്യമായി നടപ്പിൽ ആക്കുന്നതെന്ന് ഈ സ്ത്രീകൾ പോലും മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. ബിജിമോളും ഷിബു ബേബി ജോണും പരസ്പരം നേരിട്ടതു വളരെക്കാലം പരിചയം ഉള്ള സഹപ്രവർത്തകരുടെ സൗഹൃദത്തോടെ ആയിരുന്നു. ജമീല പ്രകാശവും കെ. ശിവദാസൻ നായരും പരസ്പര ശത്രുക്കളെപ്പോലെയാണ്് ഏറ്റുമുട്ടിയത്.

ഇതൊക്കെ രണ്ടു വ്യക്തി അല്ലെങ്കിൽ രണ്ടു പാർട്ടികൾ തമ്മിലുള്ള പോരാട്ടം ആയിരുന്നു. അല്ലാതെ ഒരു സ്ത്രീയും പുരുഷനും തമ്മിൽ ആയിരുന്നില്ല …

ഇത്തരം ചെറിയ ഏറ്റുമുട്ടലുകളും കയ്യാങ്കളികളും ഒക്കെ പീഡനമാക്കുന്ന മലയാളി യഥാർത്ഥ പീഡനങ്ങൾക്ക് വേണ്ടി മറ്റൊരു വാക്ക് തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റൊരു തരത്തിൽ ഇതൊക്കെ സ്ത്രീ പീഡനങ്ങളെ ചെറുതാക്കുവാൻ ഉള്ള അജണ്ട തന്നെ അല്ലെ? എല്ലാം പീഡനമാകുമ്പോൾ പീഡനം എന്ന വാക്കിനു തന്നെ എന്ത് പ്രസക്തി. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങൾ ലഘൂകരിക്കപ്പെടാനുള്ള കാരണവും ഇതൊക്കെത്തന്നെ.