നിശബ്ദനാകാൻ പറയുമ്പോൾ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക

രവീന്ദ്ര സച്ചാർ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടന ജനാധിപത്യത്തിൽ അധിഷ്ഠിതമാണ്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം അതിൽ ജീവവായുവിനെ പോലെ പ്രധാനപ്പെട്ടതുമാണ്. ഭരണഘടയുടെ പത്തൊമ്പതാമത്തെ വകുപ്പിൽ ജനങ്ങളുടെ അടിസ്ഥാനപരമായ മൗലിക അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്. ഭരണഘടന പുറത്ത് വന്ന സാഹചര്യത്തിൽ അക്കാലത്ത് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ പലരും അതിനെ പലഘടകങ്ങളെ സംബന്ധിച്ച് ചില വിമർശനങ്ങൾ ഉന്നയിക്കുകയുണ്ടായി. സിപിഐയുടെ പത്രത്തിന്റെ പത്രാധിപരായിരുന്ന രമേഷ് ഥാപ്പർ അതു സംബന്ധിച്ച് ചില വിമർശനങ്ങൾ മുന്നോട്ട് വച്ചത് ഞാൻ ഓർക്കുന്നു. പിന്നീട് മൗലിക അവകാശങ്ങളെ സംബന്ധിച്ച കേസുകൾ
 | 

രവീന്ദ്ര സച്ചാർ

നിശബ്ദനാകാൻ പറയുമ്പോൾ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടന ജനാധിപത്യത്തിൽ അധിഷ്ഠിതമാണ്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം അതിൽ ജീവവായുവിനെ പോലെ പ്രധാനപ്പെട്ടതുമാണ്. ഭരണഘടയുടെ പത്തൊമ്പതാമത്തെ വകുപ്പിൽ ജനങ്ങളുടെ അടിസ്ഥാനപരമായ മൗലിക അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്. ഭരണഘടന പുറത്ത് വന്ന സാഹചര്യത്തിൽ അക്കാലത്ത് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ പലരും അതിനെ പലഘടകങ്ങളെ സംബന്ധിച്ച് ചില വിമർശനങ്ങൾ ഉന്നയിക്കുകയുണ്ടായി.

സിപിഐയുടെ പത്രത്തിന്റെ പത്രാധിപരായിരുന്ന രമേഷ് ഥാപ്പർ അതു സംബന്ധിച്ച് ചില വിമർശനങ്ങൾ മുന്നോട്ട് വച്ചത് ഞാൻ ഓർക്കുന്നു. പിന്നീട് മൗലിക അവകാശങ്ങളെ സംബന്ധിച്ച കേസുകൾ നിലവിൽ വന്ന സമയത്ത് ഇവയുടെ പ്രധാന്യത്തെ സുപ്രീംകോടതി ഊന്നിപ്പറയുകയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ കാവലാളായി സുപ്രീംകോടതി മാറുകയും ചെയ്ത അനുഭവം നമ്മുടെ മുന്നിലുണ്ട്.

സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യമാണ്. ഇതിന് തടസ്സം നിൽക്കുന്ന യാതൊന്നിനേയും അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഭരണകൂടത്തിന്റെ സുരക്ഷിതത്വത്തിന് ഇത് തടസ്സമാവും എന്ന നിലയിലുള്ള വാദങ്ങളും ഉണ്ടായി. ആ വാദത്തിന് മറുപടിയായി ഭരണകൂടത്തിന്റെ സുരക്ഷ എന്നുള്ളതല്ല, പൊതു സുരക്ഷയ്ക്ക് കോട്ടമുണ്ടാകുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള വ്യവസ്ഥകൽ പുനപ്പരിശോധിക്കേണ്ടി വരികയുള്ളു എന്ന കാര്യം സുപ്രീംകോടതി ഊന്നിപ്പറയുകയും ചെയ്തു.

എന്നെ പലരും പ്രസംഗവേദികളിൽ പരിചയപ്പെടുത്താറുള്ളത് ഡൽഹി ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയിലാണ്. വാസ്തവത്തിൽ എനിക്കതിൽ ഖേദമുണ്ട്. 1946ൽ ആണ് ഞാൻ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്നു ഞാൻ. അന്ന് ഞങ്ങളുടെ പാർട്ടിയുടെ നേതാവ് റാം മനോഹർ ലോഹ്യ ആയിരുന്നു. ലോഹ്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാലത്ത് നേപ്പാൾ എംബസിക്ക് മുമ്പിൽ ഞങ്ങളൊരു പ്രകടനം നടത്തുകയുണ്ടായി. നേപ്പാളിലെ പ്രധാനമന്ത്രിയായിരുന്ന റാണാ അമിതാധികാര സ്വഭാവത്തോടു കൂടി പ്രവർത്തിച്ചതിനെതിരെയാണ് ഞങ്ങൾ പ്രകടനം നടത്തിയത്.

പ്രകടനത്തിൽ പങ്കെടുത്ത ലോഹ്യ ഉൾപ്പെടെയുള്ള 49 പേരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഈ പ്രകടനത്തെ തുടർന്ന് ഡൽഹിയിൽ 144ാം വകുപ്പ് അനുസരിച്ചുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഞാൻ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ആളായിരുന്നു. എന്റെ അച്ഛൻ ആയിരുന്നു അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി. പഞ്ചാബിലെ ജയിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്നതും അദ്ദേഹം തന്നെയാണ്. ഏതാണ്ട് അഞ്ചുമാസമായിരുന്നു ഞാനും അച്ഛനും നേരിൽ കണ്ടിട്ട്. അദ്ദേഹം ഭരണപരമായ കാരണങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം സിംലയിലായിരുന്നു.

ഞാൻ ജയിലിൽ കിടക്കുന്ന ഒരു ദിവസം അദ്ദേഹം ജയിൽ സന്ദർശിച്ചു. ജയിൽവകുപ്പ് മന്ത്രി എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. വളരെ യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്. പക്ഷെ ഭരണകൂടം അതിന്റെ പ്രവർത്തികൾ ചെയ്യുകയും ഞാൻ നിയമാനുസൃതം തടവിലാക്കപ്പെട്ട ഒരു തടവുപുള്ളിയായി തുടരുകയും ചെയ്യുന്ന ഒരു സ്ഥിതി ആയിരുന്നു അന്നുണ്ടായിരുന്നത്.

ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും ഇളവുകൾ പ്രതീക്ഷിച്ചിരുന്നവരായിരുന്നില്ല അന്നത്തെ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ. ചില മൂല്യങ്ങൾക്ക് വേണ്ടിയായിരുന്നു ഞങ്ങൾ നിലകൊണ്ടിരുന്നത്. ഞങ്ങളുടെ സമരങ്ങളും അങ്ങനെ തന്നെയായിരുന്നു. അറസ്റ്റോ ജയിലോ ഒന്നും ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യങ്ങളായി കണ്ടിരുന്നില്ല. സ്വാതന്ത്യത്തിന് ശേഷമുള്ള കാലത്ത് സ്വതന്ത്ര്യ സമരത്തിലൂടെ ഇന്ത്യൻ ജനത സമാർജ്ജിച്ച മൂല്യങ്ങൾ പലതും പിന്നീട് ശോഷിച്ചത് നാം കാണുകയുണ്ടായി. അന്ന് ഡോക്ടർ ലോഹ്യയും നെഹ്രുവിന്റെ കുടുംബവും തമ്മിൽ വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നുവെങ്കിലും ആ സൗഹൃദങ്ങളുപയോഗിച്ച് സോഷ്യലിസ്റ്റ് പാർട്ടിക്കോ ഞങ്ങൾ നടത്തുന്ന സമരങ്ങൾക്കൊ യാതൊരു ഇളവുകളും ഭരണകൂടത്തിൽ നിന്ന് ഞങ്ങൾ വാങ്ങിയിരുന്നില്ല.

ഇന്ന് ആളുകൾ ജയിലിൽ പോകുകയും ജയിലുകളിൽ പലർക്കും ഓഫീസുകൾ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വരെ ഒരുക്കിക്കൊടുക്കാറുണ്ട്. ആധുനിക സൗകര്യങ്ങൾ പല ജയിലുകളിലും ലഭ്യമാണ്. പൗരാവകാശങ്ങൾ ആക്രമിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാകുന്നത് വളരെ ദൗർഭാഗ്യകരമാണ്. പണ്ഡിറ്റ് നെഹ്രുവിന്റെ പിൻതുടർച്ച അവകാശപ്പെടുന്ന ഒരു സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. നെഹ്രുവിന്റെ വാക്കുകൾ പഠിക്കണമെന്നാണ് കേരളത്തിലെ സർക്കാരിനോട് ഞങ്ങൾക്ക് പറയാനുള്ളത്. പത്രങ്ങൾക്ക് പ്രസിദ്ധീകരണ
സ്വാതന്ത്ര്യം നൽകണമെന്നായിരുന്നു നെഹ്രുവിന്റെ ആഗ്രഹം.

1975ൽ ഇന്ദിരാഗാന്ധി പത്രങ്ങൾക്ക് മേൽ വിലക്കേർപെടുത്തിയപ്പോൾ നെഹ്രുവിന്റെ വാക്കുകൾ അവരെ ഓർമിപ്പിക്കുവാൻ ഞങ്ങൾ ശ്രമിക്കുകയുണ്ടായി. വാസ്തവത്തിൽ ആ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി അന്ന് പ്രവർത്തിച്ചത്. ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോഡി, പത്ര സ്വാതന്ത്രത്തെ ഹനിച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിച്ചാൽ അത് നമുക്ക് മനസ്സിലാക്കാവുന്നതാണ്. പക്ഷെ നെഹ്രുവിന്റെ പാത പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന കേരള സർക്കാരിന്റെ പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളെ നമുക്ക് അത്ഭുതത്തോടു കൂടിമാത്രമെ നോക്കിക്കാണാൻ കഴിയുകയുള്ളു.

ഭരണഘടനയുടെ 14 മുതലുള്ള വകുപ്പ് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ തുടർച്ച തന്നെയാണ് 22ാം വകുപ്പിലും ഉൾക്കൊണ്ടിരിക്കുന്നതെന്ന് നമ്മൾ അറിയണം. ഈ വകുപ്പുകളെ ലംഘിച്ചുകൊണ്ടാണ് പലപ്പോഴും അറസ്റ്റുകൾ നടക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിനെ സംബന്ധിച്ച് സുപ്രീംകോടതി വളരെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഈ മാർഗ്ഗനിർദ്ദേശങ്ങളൊന്നും ഇത്തരം അറസ്റ്റിൽ പാലിക്കപ്പെടാറില്ല.

സോഷ്യലിസ്റ്റ് പാർട്ടി ഉത്തർപ്രദേശിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലത്ത് കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചില കേസുകൾ കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ കോടതി പറഞ്ഞത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു പ്രസ്ഥാനം സമാധാനപരമായാണ് പ്രവർത്തിക്കുന്നതെങ്കിൽ അത് നികുതി കൊടുക്കുകയില്ല എന്ന് പ്രഖ്യാപിച്ചാൽ പോലും ഭരണഘടനാ വിരുദ്ധമോ നിയമവിരുദ്ധമോ ആയി കണക്കാക്കാൻ കഴിയുകയില്ല എന്നാണ്. നികുതി കൊടുക്കാതിരിക്കുന്നത് സമാധാനപരമായ ഒരു പ്രസ്ഥാനത്തിന്റെ പ്രഖ്യാപനമാണെങ്കിൽ അത് കുറ്റകരമല്ല എന്ന് കോടതി പറയുകയുണ്ടായി. ഉത്തർപ്രദേശിൽ ജലസേചനതത്തിന് ഏർപ്പെടുത്തിയ അമിത നികുതിയെ നിഷേധിച്ച് കൊണ്ട് സമരം ചെയ്ത സന്ദർഭത്തിലായിരുന്നു സുപ്രീംകോടതിയുടെ ഈ വിലയിരുത്തൽ.

കേരളമുൾപ്പടെയുള്ള വിവിധ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾ നടക്കുന്നുണ്ട്. ആദിവാസികൾ സമരം നടത്തുന്നുണ്ട്. കൊക്കൊക്കോള പോലുള്ള ബഹുരാഷ്ട്ര കുത്തകൾക്കെതിരേയാണ് ചില സമരങ്ങൾ. ഇത്തരം സാഹചര്യത്തിൽ സമാധാനപരമായി സമരം നടത്തുന്നവരെയെല്ലാം രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന രീതിയാണ് നാമിപ്പോൾ കണ്ടു വരുന്നത്. സുപ്രീംകോടതി മുന്നോട്ട് വച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

ഭരണഘടനാപരമായി സമരം നടത്താനുള്ള പൗരാവകാശങ്ങൾ നിലനിൽക്കുമ്പോൾ പോലും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനായി സമരസംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് രാജ്യം ഭരിക്കുന്നതെന്ന് നമുക്കറിയാം. നമ്മുടെ രാജ്യം കോർപ്പറേറ്റുകളാൽ ഭരിക്കപ്പെടുന്ന ഒരു രാജ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഇന്ത്യയുടെ കോർപ്പറേറ്റ് സെക്ടറിൽ 66 കോടിശ്വരന്മാരായിന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 67 ആയി. ഈ അറുപത്തേഴാമത്തെ കോടീശ്വരൻ ഗൗതം അദാനിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അതേ തിയതിയിലാണ് അദ്ദേഹം കോടീശ്വരാനായി അംഗീകരിക്കപ്പെട്ടത്. മുൻ സർക്കാർ ഇത്തരം കാര്യങ്ങളിൽ പുലർത്തിയിരുന്ന നാട്യങ്ങൾ പോലും ഇപ്പോഴത്തെ സർക്കാർ പാലിക്കുന്നില്ല. രാജ്യത്തിന്റെ വികസനത്തിന് കോർപ്പറേറ്റുകളുടെ മൂലധനം ആവശ്യമാണെന്നാണ് നമ്മുടെ ഭരണകൂടം ലജ്ജയില്ലാതെ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷമായി ഗൗതം അദാനി അസ്‌ട്രേലിലയിലെ ഖനന അനുമതിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെ നടക്കുന്ന ഖനനശ്രമങ്ങൽക്കെതിരായി ശക്തമായ എതിർപ്പ് പ്രദേശവാസികളിൽ നിന്നും ഉയരുന്നുണ്ട്. ആദിവാസികൾ, പരിസ്ഥിതി പ്രവർത്തകർ, ജനകീയ സംഘടനകൾ എന്നിവടങ്ങളിൽ നിന്നൊക്കെ ശക്തമായ എതിർപ്പ് അദാനി നേരിടുകയാണ്.

എന്നാൽ മോഡി അധികാരത്തിൽ വന്നതിന് ശേഷം ആസ്‌ട്രേലിയ സന്ദർശിച്ചപ്പോൾ അദാനിക്ക് ഖനന അനുമതി ലഭിച്ചു. അദാനിക്ക് അതിനാവശ്യമായ പണം കൊടുക്കാൻ ആരും തയ്യാറായിരുന്നില്ല. 6000 കോടി രൂപ സ്റ്റേറ്റ് ബാങ്കിൽ നിന്ന് വായ്പ കൊടുക്കാനും പ്രധാനമന്ത്രി ഇടപെട്ടു. ഇങ്ങനൊരു തീരുമാനമെടുക്കും മുമ്പ് ഭരണകൂടം ആരുമായും ചർച്ച ചെയ്തില്ല. നിയമകാര്യ വിദഗ്ദരുമോയ ബാങ്ക് അധികാരികളോടു പോലും ചർച്ച ചെയ്യാതെയാണ് മോഡി തീരുമാനം എടുത്തത്. ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് നിന്നടക്കം ഇതിനെതിരായി വലിയ പ്രതിഷധം ഉയർന്നു വരുന്നുണ്ട്.

എന്താണ് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നാം അറിയണം. റെയിൽവേയിൽ സ്വകാര്യവത്കരണത്തിനുള്ള ശ്രമം നടക്കുകയാണ്. ഞാനോർക്കുന്നത് റെയിൽവേ പണിമുടക്ക് നടക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ചാണ്. അന്ന് തൊഴിലാളികൾ ട്രേഡ് യൂണിയനുകളുടെ കീഴിൽ അണിനിരക്കുകയും, ഈ ട്രേഡ് യൂണിയനുകൾ ഭരണകൂടത്തെ വരെ വെല്ലുവിളിക്കാവുന്ന തരം സമരോത്സുകരാവുകയും ചെയ്തു എന്ന് നമുക്ക് കാണാം.

ഇന്ന് സമൂഹത്തിൽ അനീതികൾ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ പോരാടുന്നവരെയാണ് ഭരണകൂടം തെറ്റുകാരായി കാണുന്നത്. പാവപ്പെട്ടവർക്ക് വേണ്ടി, ആദിവാസികൾക്ക് വേണ്ടി, കുത്തകകൾക്കെതിരെ സമരം ചെയ്യുന്നവരെ കുറ്റക്കാരാക്കി മുദ്രകുത്തി ജയിലിലിടുകയാണ് ഭരണകൂടം ചെയ്യുന്നത്.

ഈ സ്ഥിതിയിൽ നിശബ്ദരായിരിക്കുന്നത് കുറ്റകരമാണ്. നമുക്ക് സമൂഹത്തിൽ നിന്ന് ഒളിച്ചോടാനോ രക്ഷപെടാനോ ആകില്ല. തൃശൂരിൽ കേരളീയം മാഗസിനെതിരേ നടന്ന നടപടിയെ നമ്മൾ ചെറുക്കണം. കേരളീയത്തിന്റെ മൗലികാവകാശം നഷ്ടപ്പെട്ടപ്പോൾ എന്റെ മൗലികാവകാശം നഷ്ടപ്പെട്ടതായാണ് എനിക്ക് തോന്നിയത്. ഇതിനെതിരായി സംസാരിക്കുക എന്നത് തന്നെയാണ് പ്രധാനം. സംസാരിക്കാനുള്ള അവകാശമാണ് ഏറ്റവും മൗലികമായ അവകാശം. നിശബ്ദനായിരിക്കാൻ എനിക്ക് കഴിയില്ല. കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക എന്നതാണ് വേണ്ടത്. നരകതുല്യമായ ഒരു ജീവിതമാണ് നയിക്കുന്നതെങ്കിൽ പോലും അടിച്ചമർത്തലുകളെ ഞാൻ നേരിടും.

കേരള സർക്കാർ മോഡിയുടെ നയങ്ങൾക്ക് എതിരാണ് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ മോഡി സ്വീകരിക്കുന്ന നിലപാടുകൾ തന്നെയാണ് അവരും സ്വീകരിക്കുന്നത്. സർവ്വലോക തൊഴിലാളികളെ സംഘടിക്കുക എന്നതാണ് കാലാകാലങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന മുദ്രാവാക്യം. എന്നാൽ ലോക മുതലാളിമാരെല്ലാം സംഘടിച്ചിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലുമെല്ലാം വ്യവസായികമേഖല തളർച്ച നേരിടുമ്പോൾ അവർ ഇന്ത്യ തേടിവന്നു. അവർക്ക് ഇന്ത്യയുടെ മലീനികരിക്കാൻ സഹായം ചെയ്തുകൊടുക്കുന്ന നടപടികളാണ് ഭരണകർത്താക്കൾ ചെയ്തുകൊണ്ടിരിക്കുനന്നത്. എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ഈ വിഷയങ്ങളേറ്റെടുത്ത് സമരം ചെയ്യാത്തത് എന്ന് നാം ആലോചിക്കേണ്ടതുണ്ട്.