പൂച്ചകളേ കരുതിയിരിക്കുക…. നിങ്ങളെ കേരളാ പോലീസ് പിടിച്ച് മാവോയിസ്റ്റാക്കും

മാവോയിസ്റ്റ് രഹിതമായ കിനാശ്ശേരിക്കായുള്ള കേരളാ പോലീസിന്റെ അഹോരാത്രമുള്ള പരിശ്രമത്തിന്റെ ഫലമായി നാട്ടിലെ പൂച്ചകൾ ഇപ്പോൾ മ്യാവ്യൂ... മ്യാവ്യൂ... എന്ന് കരയാതായിരിക്കുന്നു. കരഞ്ഞ് ശബ്ദമുണ്ടാക്കിയ ലില്ലിപ്പൂച്ചയെ ഇന്നലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാപോലീസ് അറസ്റ്റ് ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
 | 

പി.ജിംഷാർ

 

പൂച്ചകളേ കരുതിയിരിക്കുക…. നിങ്ങളെ കേരളാ പോലീസ് പിടിച്ച് മാവോയിസ്റ്റാക്കും

മാവോയിസ്റ്റ് രഹിതമായ കിനാശ്ശേരിക്കായുള്ള കേരളാ പോലീസിന്റെ അഹോരാത്രമുള്ള പരിശ്രമത്തിന്റെ ഫലമായി നാട്ടിലെ പൂച്ചകൾ ഇപ്പോൾ മ്യാവ്യൂ… മ്യാവ്യൂ… എന്ന് കരയാതായിരിക്കുന്നു. കരഞ്ഞ് ശബ്ദമുണ്ടാക്കിയ ലില്ലിപ്പൂച്ചയെ ഇന്നലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാപോലീസ് അറസ്റ്റ് ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

ഫ്യൂഡൽകാലത്ത് തമ്പ്രാക്കന്മാർ കമ്യൂണിസ്റ്റ് പേടി കൊണ്ടു നടന്നതിന് സമാനമാണ് അധികാരവർഗ്ഗം ഇപ്പോൾ യുവ തലമുറയെ പേടിക്കുന്നത്. താടിയും മുടിയും നീട്ടിവളർത്തുന്നതും ബോബ് മാർലി സംഗീതം കേൾക്കുന്നതും നവമാധ്യമങ്ങളിൽ എഴുതുന്നതും മാവോയിസ്റ്റുകളാണെന്ന യുക്തിയാണ് കേരളാ പോലീസിനുള്ളത്. അജിതയുടെ ഓർമ്മക്കുറിപ്പ് വായിച്ചാൽ, സി.രാധാകൃഷ്ണന്റെ മുൻപേ പറക്കുന്ന പക്ഷികൾ ഇഷ്ടപ്പെട്ട നോവലാണെന്ന് അഭിപ്രായപ്പെട്ടാൽ, രൂപേഷിന്റെ വസന്തത്തിന്റെ പൂമരങ്ങൾ കയ്യിൽ സൂക്ഷിച്ചാൽ നിങ്ങളെ മാവോയിസ്റ്റായി ചാപ്പ കുത്തും. അരുന്ധതി റോയിയുടെ രാക്ഷസീയതയുടെ രൂപം കയ്യിലുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കേണ്ട, നിങ്ങളെ മാവോയിസ്റ്റായി കസ്റ്റഡിയിലെടുക്കും. ചുരുക്കി പറഞ്ഞാൽ കേരളത്തിലെ സാമാന്യം ഭേദപ്പെട്ട വായനക്കാരെല്ലാം ഏതു നിമിഷവും മാവോയിസ്റ്റുകളായി മാറിയേക്കാവുന്ന ഒരു മാന്ത്രിക വലയത്തിലാണ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്റ്റ് ചെയ്ത ഉദയ് ബാലകൃഷ്‌നും ഷാഹിദ് എം. ഷമീമും എന്റെ സുഹൃത്തുക്കളാണ്. മറ്റാരേക്കാളും അവരുടെ രാഷ്ട്രീയം വ്യക്തമായി എനിക്ക് അറിയാവുന്നതുമാണ്. കണ്ണൂരിൽ ഒന്നിച്ചു താമസിച്ച നാളുകളിലും, ഒന്നിച്ചു നടത്തിയ യാത്രകളിലും ഞങ്ങൾ സംസാരിച്ചിരുന്നത് സിനിമകളേക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമായിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളോടും വ്യവസ്ഥാപിതമായ രാഷ്ട്രീയത്തോടും ഞങ്ങൾക്ക് യോജിപ്പുകളുമുണ്ട്.

മാർക്‌സ്, ഗാന്ധി, അംബേദ്കർ, ചെഗുവേര, ബോബ് മാർലി, മാവോ, ഓഷോ, പെരുമാൾ മുരുകൻ, എ.അയ്യപ്പൻ, ജോൺ എബ്രഹാം, ചിൽഡ്രൻസ് ഓഫ് ഹെവൻ, എന്റർ ദ വോയ്ഡ്, ആന്റി ക്രൈസ്റ്റ്, അമ്മ അറിയാൻ, കബനീ നദി ചുവന്നപ്പോൾ, മൈ നൈം ഈസ് റെഡ്, ആൽക്കമിസ്റ്റ്, മുൻപേ പറക്കുന്ന പക്ഷികൾ, പ്രണയം, ലഹരി, സ്ത്രീകൾ, കുട്ടികൾ, കുട്ടിക്കാലം, ഭ്രാന്ത്…… അങ്ങനെ ലോകത്തിലുള്ള സകലതിനേക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.

 

പൂച്ചകളേ കരുതിയിരിക്കുക…. നിങ്ങളെ കേരളാ പോലീസ് പിടിച്ച് മാവോയിസ്റ്റാക്കുംകേരളത്തിലെ പല ജനകീയ സമരങ്ങളിലും- എന്റോസൾഫാൻ വിരുദ്ധ സമരം മുതൽ കാതിക്കുടം സമരം വരെ- മനസ്സ് കൊണ്ടും എഴുത്തുകൊണ്ടും ഞങ്ങൾ കൂടെ നിന്നിട്ടുണ്ട്. പക്ഷെ ഇവയേക്കുറിച്ചുള്ള സംശയങ്ങളും, അരാജകവാദത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകളും പല സമരങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. സിനിമയും യാത്രയും എഴുത്തും പട്ടിണിയും ഭ്രാന്തും കൂട്ടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ഭാഗം മാത്രമാണ് അന്നും ഇന്നും ഞങ്ങൾ.

കണ്ണൂരിന്റെ പലഭാഗത്ത് നിന്നും സദാചാര പോലീസിന്റെ ഇടപെടലും അക്രമണവും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കൂട്ടുകാരിയോടൊത്ത് കാപ്പി കുടിക്കാൻ പോയപ്പോഴും പഠനത്തിന്റെ ഭാഗമായി യാത്ര ചെയ്യേണ്ടി വന്നപ്പോഴും സദാചാരപ്പോലീസിന്റെ കൃമി കടിക്ക് ഇരയാകേണ്ടി വന്നിണ്ടുണ്ട്. അന്ന് നേരിട്ട അനുഭവങ്ങളോടുള്ള പ്രതിഷേധമായും വ്യവസ്ഥാപിത സമരമാർഗ്ഗങ്ങളിൽ നിന്ന് വ്യതിചലിച്ച ഒരു സമരരൂപമായതിനാലും ഞാനും ഉദയനും പിന്നെ ഏതാനം സുഹൃത്തുക്കളും ചുംബന സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയമായ വിയോജിപ്പുകളുടെ പേരിൽ ചുംബന സമരത്തിൽ ഷാഹിദ് പങ്കെടുത്തിരുന്നുമില്ല.

ഫാസിത്തിനെതിരെ സ്‌നേഹത്തിന്റേയും ചുംബനത്തിന്റേയും രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതും ജനകീയ സമരങ്ങളേക്കുറിച്ച് ഫെയ്‌സ്ബുക്കിൽ കുറിപ്പുകൾ ഇടുന്നതുമാണ് പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതിനുള്ള കാരണങ്ങൾ. അന്ന്, ഹനുമാൻ സേനക്കാരുടേയും പോലീസിന്റേയും തല്ലുവാങ്ങിയതല്ലാതെ വേറെ സമരപാരമ്പര്യം ഞങ്ങൾക്കവകാശപ്പെടാനില്ല. എന്നാൽ ജനകീയ സമരങ്ങളേക്കുറിച്ച് കൃത്യമായ നിലപാടുകളും രാഷ്ട്രീയ ബോധവും ഞങ്ങൾക്കുണ്ട്. അത് തികച്ചും സാമ്രാജത്വ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവുമാണ്. തീർച്ചയായും അത് ഇരകളുടേയും ശബ്ദമില്ലാത്തവരുടേയും പക്ഷമാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റേയും മാനവീകതയുടേയും പക്ഷമാണ്.

ബിരുദ പഠനകാലത്ത് എസ്.എഫ്.ഐക്കാരൻ ആയിരുന്നു എന്നതല്ലാതെ മറ്റൊരു രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധമുള്ള ആളല്ല ഉദയ് ബാലകൃഷ്ണൻ. അക്കാലത്ത് തന്നെ എസ്.എഫ്.ഐയോട് വിയോജിപ്പ് പ്രകടിപ്പിച്ച് കക്ഷിരാഷ്ട്രീയക്കച്ചവടം അവൻ അവസാനിപ്പിച്ചിരുന്നു. നിലവിൽ ഒരു രാഷ്ട്രീയത്തിന്റേയും വക്താവോ അനുയായിയോ അല്ല ഉദയ് ബാലകൃഷ്ണൻ.

എസ്.ഐ.ഒ.യുടെ പ്രവർത്തകനാകുമ്പോഴും ബോബ് മാർലിയേക്കുറിച്ചുള്ള ഡോക്യുമെന്ററിക്കായി പഠനം നടത്തുകയാണ് ഷാഹിദ് എം.ഷമീം. ആദിവാസികളുടെ നിൽപ്പ് സമരം, മലബാർ ഗോൾഡ് നടത്തുന്ന മലിനീകരണം, കല്ല്യാൺ സിൽക്ക്‌സ് ജീവനക്കാരോട് നടത്തുന്ന അനീതി, ആർത്തവത്തിന്റെ പെൺപക്ഷം, ‘മാണി’ ഓർഡർ, പിന്നെ പെരുമാൾ മുരുകനും ഷാർലി എബ്ദോയും വരെ പുതുകാലത്തെ എല്ലാ സമരമുഖങ്ങളേയും വാക്കുകളിലൂടെയും ചിത്രത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഞങ്ങൾ, ഞങ്ങളുടെ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായങ്ങളെല്ലാം നവമാധ്യമങ്ങളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിയവയാണ്. ഇതുവരെ ഞങ്ങൾ ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ല. നോട്ടീസും പോസ്റ്ററും അടിച്ച് മുൻകൂട്ടി തിയതി നിശ്ചയിക്കപ്പെട്ട പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അവയെല്ലാം ജനകീയ സമരങ്ങളോടും മനുഷ്യാവകാശ പ്രശ്‌നങ്ങളോടും ബന്ധപ്പെട്ടതാണ്.

വി.ജി.ബാബുരാജിന്റെ ദി വോയ്ഡ് എന്ന സിനിമയുടെ അസിറ്റന്റ് ഡയറക്ടറായി ജോലിചെയ്യുകയാണ് ഉദയ് ബാലകൃഷ്ണൻ. ഇംഗ്ലീഷ് ബിരുദം കഴിഞ്ഞ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ എൻഡ്രൻസിനായി തയ്യാറെടുക്കുകയാണ് ഷാഹിദ് എം. ഷമീം. മാവോയിസത്തോട് കൃത്യമായ വിയോജിപ്പുകളുള്ള ഇവരെ പോലീസ് യാദൃശ്ചികമായി അറസ്റ്റ് ചെയ്തതാണെന്ന പോലീസ് ഭാഷ്യം യുക്തിക്ക് നിരക്കാത്തതാണ്. ജനകീയ സമരങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും തങ്ങളുടെ നിലപാടുകൾ നവമാധ്യമങ്ങൾ വഴി വ്യക്തമാക്കുകയും ചെയ്ത ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് യുവതലമുറയുടെ നാവ് അരിയാനുള്ള ശ്രമങ്ങളുടെ ഒരു തുടർച്ച മാത്രമാണ്. ഹസ്‌ന ഷാഹിദ, അജിലാൽ സി.എം, ന്യൂമാൻ മണി, റംസീന എന്നിങ്ങനെ ഈ അടുത്തിടെ മാവോയിസ്റ്റ് ചാപ്പ പോലീസ് പതിച്ചുനൽകിയവരുടെ കൂട്ടം വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായേ ഉദയന്റേയും ഷാഹിദിന്റേയും അറസ്റ്റിനെ കാണാൻ കഴിയൂ.

പൂച്ചകളേ കരുതിയിരിക്കുക…. നിങ്ങളെ കേരളാ പോലീസ് പിടിച്ച് മാവോയിസ്റ്റാക്കും

ബാർക്കോഴയിൽ നിന്ന് നട്ടംതിരിയുന്ന കുഞ്ഞൂഞ്ഞ്- കുഞ്ഞുമാണി സഖ്യത്തെ രക്ഷിച്ചെടുക്കാനും, ഇന്ത്യയൊട്ടാകെ വേരൂന്നുന്ന ഫാസിസത്തെ സഹായിക്കാനുമാണ് പോലീസ് ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളുടെ തുടർച്ചയോ ഭാഗമോ ആയി മാത്രമേ ഉദയന്റേയും ഷാഹിദിന്റേയും അറസ്റ്റിനെ നിരീക്ഷിക്കേണ്ടി വരും. ഫാസിറ്റുകൾ നിശബ്ദനാക്കാൻ ശ്രമിച്ച പെരുമാൾ മുരുകന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഉദയനേയും ഷാഹിദിനേയും കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.

യാത്രകൾ ഇഷ്ടപ്പെടുന്ന ഞങ്ങൾ ഒരൊറ്റ വസ്ത്രവും ഇട്ടുകൊണ്ട് പലപ്പോഴും ദീർഘയാത്രകൾ പോകാറുണ്ട്. വസ്ത്രങ്ങൾ വാങ്ങാനുള്ള കാശ് പലപ്പോഴും പുസ്തകം വാങ്ങിച്ചും സിനിമ കണ്ടും തീരുന്നതിനാൽ ഞങ്ങളിൽ ആർക്കും മുഷിയാത്തതും കീറാത്തതുമായ വസ്ത്രം ഇല്ല എന്നതാണ് സത്യം. ഞങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അധികാരികളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് കേരളാപോലീസ് ഞങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങി തന്ന് സഹായിക്കേണ്ടതാണ്.

റെഗ്ഗേ ഗായകനായ ബോബ് മാർലിയെ കഞ്ചാവിന്റെ അംബാസിഡറായി അവരോധിച്ച് മാർലിയുടെ ചിത്രമുള്ള ഷർട്ട് ധരിച്ചവരെ വഴിയിൽ തടഞ്ഞ് എവിടെടാ നിങ്ങളുടെ നേതാവ് ബോബ് മാർലി എന്ന് ചോദിച്ച് കലിപ്പ് ഉണ്ടാക്കിയ പോലീസ് ഇപ്പോൾ താടിയും മുടിയും നീട്ടിവളർത്തിയ മാവോയിസ്റ്റുകളെ തേടി ഇറങ്ങിയിരിക്കുകയാണ്. താടിയും മുടിയും വളർത്തുകയും തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ വായിക്കുകയും ചെയ്യുന്നവർ മാവോയിസ്റ്റാണെന്നാണ് കേരളാപോലീസിന്റെ കണ്ടെത്തൽ.

താടിയും മുടിയും വെട്ടുന്നതും കുളിക്കുന്നതും വ്യക്തിപരമായ തീരുമാനങ്ങളുടേയും തെരഞ്ഞെടുപ്പുകളുടേയും പ്രശ്‌നമാണ്. നോബൽ സമ്മാനം നേടിയ, നമ്മുടെ ദേശീയ ഗാനം എഴുതിയ രവീന്ദ്രനാഥ ടാഗോറിന്റെ അത്ര താടിയൊന്നും ഞങ്ങൾക്കില്ല. ബ്രീട്ടീഷ് പോലീസ് പോലും അദ്ദേഹത്തിന്റെ താടി വടിച്ചതായി ചരിത്രമില്ല. മാർക്‌സ്, എബ്രഹാം ലിങ്കൺ, ദസ്തയേവ്‌സ്‌കി, യേശുദാസ്, എന്നിവരുടെ താടി വടിക്കാൻ ആരും ഇറങ്ങി പുറപ്പെട്ടതായും താടി ഉള്ളതുകൊണ്ട് അവര് മാവോയിസ്റ്റായതായും ഞങ്ങൾക്ക് അറിവില്ല. താടിയില്ലാത്ത മാവോയാണ് മാവോയിസ്റ്റുകളുടെ താത്വിക ആചാര്യൻ എന്നുള്ളതിനാൽ കേരളാപോലീസ് മാവോയിസ്റ്റ് ലുക്കിന്റെ കാര്യത്തിലുള്ള ഈ താടി സിദ്ധാന്തത്തിൽ ഒരു താത്വിക അവലോകനം നടത്തുന്നത് നന്നായിരിക്കും.