അകാലത്തിൽ പൊലിഞ്ഞ ഡോ. ഷാനവാസ് ആരായിരുന്നു

നിലമ്പൂർ ആദിവാസി കോളനിയിലെ വയസ്സെണ്ണിപ്പറയാനറിയാത്ത ആ മുത്തച്ഛനും മുത്തശ്ശിക്കുമറിയില്ല, കയ്യിലൊരു മരുന്നുപൊതിയും ചുണ്ടിൽ പുഞ്ചിരിയും മനസിൽ കുന്നോളം സ്നേഹവുമായി ഡാട്ടർ ഇനിയൊരിക്കലും വരില്ലെന്ന്... കാടും മേടും താണ്ടി തങ്ങളുടെ നെഞ്ചിലെ തുടിപ്പ് തന്റെ കാതിൽ പകർത്താൻ ഡാട്ടർ വരില്ലെന്ന് അവരോട് ആരും പറയാതിരിക്കട്ടെ.. ശ്വാസം കിട്ടാതെ പിടയുമ്പോൾ പേര് ചൊല്ലി വിളിക്കാനും ചേർത്തുപിടിച്ച് കരയാനും അവർക്കാകെയുള്ളൊരു മോനായിരുന്നു. ആ മോന് വേണ്ടി അവർ ആ ഊരുകളിൽ കാത്തിരുന്നോട്ടെ..
 | 

വഹീദ് സമാൻ
അകാലത്തിൽ പൊലിഞ്ഞ ഡോ. ഷാനവാസ് ആരായിരുന്നു
നിലമ്പൂർ ആദിവാസി കോളനിയിലെ വയസ്സെണ്ണിപ്പറയാനറിയാത്ത ആ മുത്തച്ഛനും മുത്തശ്ശിക്കുമറിയില്ല, കയ്യിലൊരു മരുന്നുപൊതിയും ചുണ്ടിൽ പുഞ്ചിരിയും മനസിൽ കുന്നോളം സ്‌നേഹവുമായി ഡാട്ടർ ഇനിയൊരിക്കലും വരില്ലെന്ന്… കാടും മേടും താണ്ടി തങ്ങളുടെ നെഞ്ചിലെ തുടിപ്പ് തന്റെ കാതിൽ പകർത്താൻ ഡാട്ടർ വരില്ലെന്ന് അവരോട് ആരും പറയാതിരിക്കട്ടെ.. ശ്വാസം കിട്ടാതെ പിടയുമ്പോൾ പേര് ചൊല്ലി വിളിക്കാനും ചേർത്തുപിടിച്ച് കരയാനും അവർക്കാകെയുള്ളൊരു മോനായിരുന്നു. ആ മോന് വേണ്ടി അവർ ആ ഊരുകളിൽ കാത്തിരുന്നോട്ടെ..

ആദിവാസി ഊരുകളിലും നാട്ടുവഴികളിലും സഹായവുമായി ഓടിനടന്നിരുന്ന ഡോക്ടർ ഷാനവാസ് വഴിയിൽ ഇടറി വീണിരിക്കുന്നു.  പുരുഷായുസ്സിൽ ചെയ്ത് തീർക്കാവുന്നതിനുമപ്പുറമുള്ള കാര്യങ്ങൾ ചെയ്തുതീർത്ത് ഷാനവാസ് മടങ്ങിപ്പോയിരിക്കുന്നു.  നെറ്റിയിലൊട്ടിച്ചുവെക്കാനും ഗർവ് നടിക്കാനും ഒരു എം.ബി.ബി.എസ് ബിരുദമുണ്ടായിരുന്നു ഷാനവാസിന്. ലക്ഷങ്ങൾ കൊടുത്ത് തട്ടിക്കൂട്ടിയെടുത്തതായിരുന്നില്ല അത്. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നായിരുന്നു എം.ബി.ബി.എസ്.

അകാലത്തിൽ പൊലിഞ്ഞ ഡോ. ഷാനവാസ് ആരായിരുന്നുകാശുണ്ടാക്കാനുള്ള വഴികളിലൊന്നും ഷാനവാസിനെ കണ്ടില്ല. എന്നാൽ ഡോക്ടർ എന്ന ബിരുദം വിൽപനക്ക് വെച്ചു. അത് കച്ചവടം ചെയ്തു. പാവങ്ങളുടെ കണ്ണീരൊപ്പാൻ വേണ്ടിയായിരുന്നു ആ കച്ചവടം. ഡോക്ടർ എന്ന പേര് പാവങ്ങളെ സഹായിക്കാനുള്ള ആയുധമാക്കി മാറ്റി. നിലമ്പൂരിലെയും പെരിന്തൽമണ്ണയിലെയും പാലക്കാട്ടെയും ആദിവാസി കോളനികൾ. അരീക്കോട്ടെയും വണ്ടൂരിലെയും ചോർന്നൊലിക്കുന്ന കൂരകൾ. പ്രിയപ്പെട്ടവരുടെ മാറാവ്യാധികളാൽ മനസ്സ് തകർന്നുപോയവരുടെ മുറ്റങ്ങളിൽ… എല്ലായിടത്തും ഷാനവാസെത്തി.

ഫെയ്‌സ് ബുക്ക് ഉപയോഗിച്ച് ഈ സങ്കടങ്ങൾ പുറംലോകത്തെത്തിച്ചു. ഇങ്ങനെ ചെയ്യുന്ന നന്മകൾ വിളിച്ചുപറയുന്നത് പൊങ്ങച്ചമല്ലേ എന്ന ചോദ്യത്തിന് ഷാനവാസിന്റെ കയ്യിൽ കൃത്യമായ ഉത്തരമുണ്ടായിരുന്നു. ആരിൽനിന്നെല്ലാമോ പിരിച്ചെടുക്കുന്ന സംഖ്യക്ക് കൃത്യമായ ഉത്തരം നൽകാൻ വേറെ മാർഗമില്ലെന്നായിരുന്നു അത്. സ്വയം ചെയ്യുന്ന സഹായങ്ങൾ ആരോടും പറയാറില്ലെന്നും.

ഷാനവാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലൂടെ കടന്നുപോയാൽ ചെയ്തുവെച്ച നന്മകളുടെ മഹാപ്രവാഹമുണ്ട്. ‘അരീക്കോട് പുത്തലത്ത് റഫീഖയുടെ അഞ്ചു വയസ്സുകാരി പുന്നാരമോൾ ഖദീജ സിയ. റഫീഖയുടെ ഭർത്താവിനു ആദ്യം തന്നെ ഭാര്യയും കുട്ടികളും ഉണ്ട്. എല്ലാമറിഞ്ഞിട്ടും റഫീഖ അയാളുടെ ജീവിതത്തിലേക്കെത്തിയിട്ട് ആറു വർഷം കഴിഞ്ഞു. റഫീഖയും മോളും ബാധ്യത ആയാലോ എന്നുള്ള ഭയം. ഇപ്പോൾ അയാൾ വിവാഹ മോചനത്തിന് ഒരുങ്ങുകയാണ്. വൃദ്ധരായ മാതാപിതാക്കൾ.. ഉമ്മക്ക് പാർകിൻസൺസ്. ഒരു അനിയത്തി… ഒരു ആങ്ങളയുണ്ടായിരുന്നു. അബൂബക്കർ സിദ്ദിക്ക് എന്ന സുധീർ, പതിനാല് വർഷം മുമ്പ് ചെന്നൈ ടി നഗറിൽ വെച്ചു കാണാതായതാണ്. ഇപ്പോഴും വിവരമില്ല.

അകാലത്തിൽ പൊലിഞ്ഞ ഡോ. ഷാനവാസ് ആരായിരുന്നുഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തറവാട്ടു വീട്ടിലാണ് ഇവരെല്ലാവരും താമസം. വരുമാനമില്ല. സിയക്ക് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ സർജറി ചെയ്യണം. സർജറി ചെയ്താൽ, അതു വിജയം കണ്ടാൽ, അവൾ ഒന്നിന്റെയും സഹായമില്ലാതെ പൂമ്പാറ്റയെ പോലെ തുള്ളിച്ചാടി നടക്കും.. ഞാൻ എന്നാലാവുന്ന സഹായം ചെയ്യാമെന്നു വാക്കു കൊടുത്തിട്ടാണ് പോന്നത്. ഒരു ചെറിയ സംഖ്യയും അവരെ ഏൽപിച്ചു. ഇനി നിങ്ങൾ തീരുമാനിക്കൂ, ഇവരെ അകമഴിഞ്ഞു സഹായിച്ച്, സിയ മോളെ ജീവിതത്തിലേക്കു കൊണ്ടുവരണമോ എന്ന്. സിയ മോളെ നിങ്ങളുടെ മകളുടെ സ്ഥാനത്ത് കണ്ടു ഈ നിർധന കുടുംബത്തെ അകമഴിഞ്ഞു സഹായിക്കുക..’ ഷാനവാസ് തന്റെ പേജിൽ എഴുതി. ഡോക്ടർ ഇനി തന്നെ വന്നു കാണില്ലെന്ന് സിയ മോളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. സിയമോളും അറിയേണ്ട. ഷാനവാസ് പോയ കാര്യം.

സഹായത്തിന് പുറമെ പ്രാർത്ഥന കൂടിയുള്ളതാണ് ഷാനവാസിന്റെ പ്രവർത്തനം. ‘വണ്ടൂർ കൂരാട് സ്വദേശി നാസറിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയിരിക്കുന്നു. നാസർ സുഖം പ്രാപിച്ച് എണീറ്റു വന്നാൽ ഞാനും എന്റെ പ്രിയ സുഹൃത്ത് അനീഷുമൊത്ത് അടുത്ത ഉംറ നിർവഹിക്കും’ എന്നായിരുന്നു ഒരു പോസ്റ്റ്. ‘ഞങ്ങളുടെ നാസറിനെ നീ കൈവടിയല്ലേ നാഥാ’ എന്ന ഉള്ളുരുകിയുള്ള പ്രാർത്ഥനയുമുണ്ടായിരുന്നു അതിനൊപ്പം. നാസറിന് വേണ്ടിയുള്ള നേർച്ചക്കടം ബാക്കിയായിരിക്കുന്നു.

പ്രതിസന്ധികളിലൂടെയുള്ള യാത്രയായിരുന്നു ഷാനവാസിന്റേത്. ഷാനവാസിന്റെ മുഖത്തിനും പ്രവർത്തനത്തിനും ഡോ. ബിനായക് സെന്നുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃഛികമല്ല. അതിലൊരുപാട് സമാനതകളുണ്ട്. ഛത്തീസ്ഗഢിലെ ഗോത്ര വർഗങ്ങൾക്കിടയിൽ പ്രവർത്തനം നടത്തിയ ബിനായകിനെ ഭരണകൂടം ജയിലഴിക്കുള്ളിലാക്കി. മാവോ ബന്ധം ആരോപിച്ചായിരുന്നു അത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് കുറ്റം ചുമത്തി ഷാനവാസിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് ഈ കേസിൽ ഷാനവാസിനെ കോടതി കുറ്റവിമുക്തനാക്കിയത്.

അകാലത്തിൽ പൊലിഞ്ഞ ഡോ. ഷാനവാസ് ആരായിരുന്നുമരുന്നു മാഫിയയുടെയും സ്വകാര്യ ആശുപത്രി ലോബികളുടെയും പ്രവർത്തനങ്ങളെ ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെയാണ് പലപ്പോഴും അതിജീവിച്ചത്. അന്യായമായ സ്ഥലം മാറ്റങ്ങളുണ്ടായപ്പോഴും വമ്പൻ എതിരാളികൾക്ക് മുന്നിൽ പ്രതിരോധപ്പട തീർത്തു. അന്യായമായ സ്ഥലം മാറ്റങ്ങളിൽ ഷാനവാസ് ഏറെ വിഷമിച്ചിരുന്നു. സ്ഥലംമാറ്റം സംബന്ധിച്ച ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു.

മൂന്നു വർഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയിൽ വേക്കൻസി ഉണ്ടായിരിക്കേ അന്യ ജില്ലയിലേക്ക് സ്ഥലം മാറ്റി. തികച്ചും അനധികൃതം, നിയമ വിരുദ്ധം… പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ, മൂന്നു മാസം തികയുന്നതിനു മുമ്പ് തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും സ്ഥലം മാറ്റി. തികച്ചും നിയമ വിരുദ്ധം. പച്ചയായ മനുഷ്യാവകാശ ലംഘനം..

എതിരാളികൾ വമ്പൻ സ്രാവുകളാണ്. പക്ഷേ അവർക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല. ഹൈക്കോടതിയിൽ നിയമ പോരാട്ടം നടക്കട്ടെ. എന്തായാലും സത്യമേ വിജയിക്കൂ. സത്യമേ വിജയിക്കാവൂ, കാരണം സത്യം ഈശ്വരനാണ്. എന്റെ സ്ഥലം മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ച വൃത്തികെട്ട കരങ്ങൾക്ക് ഭയമാണ്. അവരെ പൂട്ടുന്ന രഹസ്യങ്ങൾ എന്റെ പക്കലുള്ളതുകൊണ്ടു തന്നെ. സമയമാകുമ്പോൾ അതു പൊതുജനമധ്യേ തുറന്നു കാണിക്കും. പിന്നെ ഇവർക്കറിയില്ലല്ലോ എനിക്ക് കാടും മേടും മലയുമാണ് കൂടുതൽ ഇഷ്ടമെന്ന്.

‘ശിരുവാണിയിലെ എന്റെ പ്രിയപ്പെട്ട ആദിവാസികളെ, പട്ടിണിപ്പാവങ്ങളെ, കാടും മലയും കയറി നിങ്ങൾക്കാവശ്യമുള്ള അത്യാവശ്യ വസ്തുക്കളുമായി ഞാൻ വരും. നിങ്ങൾ ഇനി മുതൽ പട്ടിണി കിടക്കേണ്ടി വരില്ല.. അടുത്ത യാത്ര ശിരുവാണിയിലേക്ക്…’ ഷാനവാസിന്റെ യാത്ര പക്ഷേ ശിരുവാണി കാട്ടിലേക്കായില്ല. അത് ആരും കാണാത്ത മറ്റൊരു ലോകത്തേക്കായി. ശിരുവാണിയിലെ ആദിവാസികൾ കാത്തിരുന്നോട്ടെ. അവരോട് ആരും പോയി പറയരുത്. ഷാനവാസ് വരില്ലെന്ന്.