ബീഹാറല്ല, ഇനി പഞ്ചാബാണ് ആം ആദ്മിയുടെ ലക്ഷ്യം

ആറ്റുനോറ്റുണ്ടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിലുയർന്ന തട്ടുകടയെ ഓർത്ത് ദുഖിതനായിരിക്കുന്ന ഉടമയുടെ മുഖഭാവമെടുത്തണിഞ്ഞിരിക്കുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദൽഹി എന്ന രാജ്യതലസ്ഥാനത്ത്, തന്റെ തിരുമുറ്റത്ത് അരവിന്ദ് കെജ്രിവാൾ എന്ന 'അരാജകവാദി' തട്ടുകട പണികഴിപ്പിച്ചിരിക്കുന്നു.
 | 

വഹീദ് സമാൻ

ബീഹാറല്ല, ഇനി പഞ്ചാബാണ് ആം ആദ്മിയുടെ ലക്ഷ്യം

ആറ്റുനോറ്റുണ്ടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിലുയർന്ന തട്ടുകടയെ ഓർത്ത് ദുഖിതനായിരിക്കുന്ന ഉടമയുടെ മുഖഭാവമെടുത്തണിഞ്ഞിരിക്കുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദൽഹി എന്ന രാജ്യതലസ്ഥാനത്ത്, തന്റെ തിരുമുറ്റത്ത് അരവിന്ദ് കെജ്‌രിവാൾ എന്ന ‘അരാജകവാദി’ തട്ടുകട പണികഴിപ്പിച്ചിരിക്കുന്നു. ആഘോഷവും ആഹ്ലാദവുമായി ആ തട്ടുകട സജീവമാണ്. രണ്ടു ദിവസം കഴിഞ്ഞ്, ശനിയാഴ്ച, ദൽഹിയിലെ രാംലീല മൈതാനത്ത് അരവിന്ദ് ഗോബിന്ദ് രാം കെജ്‌രിവാൾ ഒരിക്കൽ കൂടി ദൽഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

260 ദിവസമായി തുടരുന്ന നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ വിജയ യാത്രക്ക് 46 കാരനായ കെജ്‌രിവാൾ തടയിട്ടിരിക്കുന്നു. ബി.ജെ.പിയുടെ സമീപകാല വളർച്ചക്ക് ദൽഹി പരാജയം പൂർണ വിരാമമിടില്ലെങ്കിലും ദൽഹിയിലെ പരാജയം ഈ തേരോട്ടത്തിന് അർധ വിരാമം ആകുമെന്നുറപ്പ്.

ആം ആദ്മിയുടെ വിജയം ദേശീയ രാഷ്ട്രീയത്തിലടക്കം നിർണായകമായ മാറ്റങ്ങളുണ്ടാക്കും. ദൽഹിയിൽ സ്വസ്ഥമായി ഭരിക്കാൻ കിട്ടിയ അഞ്ചു വർഷം ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വപ്‌നത്തിന് അടിത്തറ പാകാനുള്ള അവസരം കൂടിയാണ് ആം ആദ്മിക്ക് സമ്മാനിക്കുക. ദേശീയ രാഷ്ട്രീയത്തിൽ ആം ആദ്മിയുടെതായ ഇടം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് പാർട്ടി നേതാവ് യോഗേന്ദ്ര യാദവ് തന്നെ വ്യക്തമാക്കുന്നു.

ബീഹാറല്ല, ഇനി പഞ്ചാബാണ് ആം ആദ്മിയുടെ ലക്ഷ്യം

ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിലേക്ക് ഒരുപക്ഷേ ആം ആദ്മി പാർട്ടി എടുത്തു ചാടില്ല. ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും പാർട്ടികളുടെ സഖ്യത്തിനിടയിൽ ആം ആദ്മി വലിയ സാധ്യത കാണുന്നില്ല. അതേസമയം, രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ദൽഹി ആവർത്തിക്കാനുള്ള അണിയറ നീക്കങ്ങൾ ആം ആദ്മി തുടങ്ങിക്കഴിഞ്ഞു. ആം ആദ്മിക്ക് പഞ്ചാബിൽനിന്ന് ലോക്‌സഭയിൽ നാല് അംഗങ്ങളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 24 ശതമാനം വോട്ടുകൾ ആം ആദ്മിക്ക് പഞ്ചാബ് നൽകി.

ശിരോമണി അകാലിദൾ- ബി.ജെ.പി സഖ്യമാണ് പഞ്ചാബ് ഭരിക്കുന്നത്. മുഖ്യ പ്രതിപക്ഷം കോൺഗ്രസും. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമാണ് പഞ്ചാബിലേതെന്നും ഇതിനെതിരായ വികാരം വോട്ടാക്കി മാറ്റി തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനാകുമെന്നാണ് ആം ആദ്മി കണക്കാക്കുന്നത്. ആം ആദ്മിയുടെ വളർച്ച പഞ്ചാബിലും കോൺഗ്രസിന് തന്നെയാകും ക്ഷീണമുണ്ടാക്കുക. പഞ്ചാബിലെ നിരവധി കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ തന്നെ ആം ആദ്മിയിൽ ചേർന്നു കഴിഞ്ഞു.

അടുത്ത വർഷം കേരളം, അസം, പോണ്ടിച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളിൽ ആം ആദ്മി തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. പത്തു വർഷത്തിന് ശേഷം കെജ്‌രിവാളിനെ പ്രധാനമന്ത്രിയാക്കി രാജ്യം കീഴടക്കാനുള്ള ആക്ഷൻ പ്ലാനാണ് ആം ആദ്മി ആസൂത്രണം ചെയ്യുന്നത്.

വികസനത്തിന്റെയും ക്ഷേമത്തിന്റെയും ചൂണ്ടിക്കാണിക്കാവുന്ന മാതൃകയായി ദൽഹിയെ മാറ്റിപ്പണിയുക. ദൽഹിയെ ലോകോത്തര നഗരമാക്കി പാവങ്ങൾക്കും പണക്കാർക്കും ഒരു പോലെ ക്ഷേമം സമ്മാനിക്കുന്ന സംസ്ഥാനമാക്കുക. ഈ സ്വപ്‌നം യാഥാർത്ഥ്യമായാൽ യോഗേന്ദ്ര യാദവ് സൂചിപ്പിക്കുന്നത് പോലെ പ്രധാനമന്ത്രി പദം ആം ആദ്മിക്ക് അത്ര അകലെയൊന്നുമാകില്ല.

2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരായ അഴിമതി വിരുദ്ധ വികാരമായിരുന്നു കെജ്‌രിവാൾ വോട്ടാക്കി മാറ്റിയത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ജന്‌ലോക്പാൽ ബില്ലിന് വേണ്ടിയുള്ള സമരം പിന്നീട് ആം ആദ്മിയുടെ പിറവിയിലേക്ക് നയിച്ചു. ബി.ജെ.പിയുടെ ബി.ടീം എന്ന ആക്ഷേപം കേൾക്കേണ്ടി വന്ന ആം ആദ്മി ഇക്കുറി അടിച്ചുപരത്തിയത് ബി.ജെ.പിയെ തന്നെയായിരുന്നു. ബി.ജെ.പിയുടെ വർഗീയതക്കെതിരെ ശക്തമായ പ്രചാരണമാണ് ആം ആദ്മി കാഴ്ചവെച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 53 ശതമാനം മുസ്‌ലിം വോട്ടുകളും കോൺഗ്രസിനാണ് ലഭിച്ചത്. എന്നാൽ പുതിയ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ പൂർണമായും ആം ആദ്മിക്ക് ലഭിച്ചു. 30 മുതൽ 35 ശതമാനം വരെ മുസ്‌ലിം വോട്ടർമാരുള്ള മാട്ടിയ മഹൽ, ബല്ലിമാരൻ, ചാന്ദ്‌നി ചൗക്ക്, ഒക്‌ല, സീലംപൂർ എന്നിവിടങ്ങളിലെല്ലാം ആം ആദ്മി വിജയിച്ചു. അഞ്ചു തവണ എം.എൽ.എ ആയിരുന്ന ഷുഹൈബ് ഇഖ്ബാൽ, ഹാറൂൺ യൂസഫ് എന്നിവരെല്ലാം പരാജയം രുചിച്ചു. ഇക്കാര്യം സൂചിപ്പിക്കുന്നത് മുസ്‌ലിം വോട്ടുകൾ ആം ആദ്മിയിലേക്ക് കുത്തിയൊലിച്ചു എന്ന് തന്നെയാണ്. അതേസമയം തന്നെ ദൽഹി ഇമാമിന്റെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ആർജവവും കെജ്‌രിവാൾ കാണിച്ചു. വർഗീയത ഏത് ഭാഗത്തുനിന്നായാലും അതിന്റെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ചങ്കൂറ്റവും ദൽഹിയെ വരുതിയിലാക്കാൻ കെജ്‌രിവാളിനെ സഹായിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനും മാസങ്ങൾക്ക് മുമ്പേ കെജ്‌രിവാളിനെ ലക്ഷ്യമിട്ടാണ് മോഡിയും ബി.ജെ.പിയും പ്രചാരണം അഴിച്ചുവിട്ടത്. തകർന്നടിഞ്ഞ കോൺഗ്രസിൽനിന്ന് ബി.ജെ.പി കാര്യമായ വെല്ലുവിളി പ്രതീക്ഷിച്ചിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദൽഹിയിലെ ഏഴു സീറ്റും നേടിയപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിലും അനായാസ വിജയം നേടാമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു. തെരഞ്ഞെടുപ്പ് ഏത് സമയത്ത് എത്തിയാലും വിജയിക്കാമെന്ന് പാർട്ടി പ്രതീക്ഷിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത ബി.ജെ.പിക്ക് നേതാക്കൻമാർ സൈ്വരവിഹാരം നടത്തുന്ന ദൽഹിയിലും സ്ഥിതി മറിച്ചാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

ബീഹാറല്ല, ഇനി പഞ്ചാബാണ് ആം ആദ്മിയുടെ ലക്ഷ്യം
എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബി.ജെ.പിക്ക് കാര്യങ്ങൾ അധികം വൈകാതെ തന്നെ ബോധ്യപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി ദൽഹിയിൽ ഏറെ മുന്നിലെത്തിയിരിക്കുന്നു എന്ന തിരിച്ചറിവിൽനിന്നാണ് കിരൺ ബേദിയെ മുന്നിലേക്കെടുത്തിട്ടത്. ജയിച്ചാൽ അത് മോഡിയുടെ മിടുക്കും തോറ്റാൽ ബേദിയുടെ പരാജയവും എന്ന നിലയിൽ വിശദീകരിക്കാമെന്ന കണക്കുകൂട്ടലാണ് കെജ്‌രിവാളിന്റെ തന്നെ പഴയ സഹപ്രവർത്തകയെ രംഗത്തിറക്കാൻ തീരുമാനിച്ചത്. ഇതും ബി.ജെ.പിക്ക് വിനയായി മാറുകയായിരുന്നു. ബി.ജെ.പിയുടെ പ്രാദേശിക, സംസ്ഥാന നേതൃത്വങ്ങൾ കിരൺ ബേദിയെ അംഗീകരിക്കാൻ തയാറായില്ല. സംസ്ഥാന നേതാവിന്റെ രാജിയിൽ വരെ അത് കലാശിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഒരു വർഷത്തിലേറെ നീട്ടിവെച്ചത് തന്നെയാണ് ബി.ജെ.പിക്ക് പറ്റിയ തെറ്റുകളിൽ മുഴച്ചുനിൽക്കുന്നത്. ആം ആദ്മി സ്വയം ഇല്ലാതാകുമെന്ന് ബി.ജെ.പി വിശ്വസിച്ചു. ദൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട ഏക പാർട്ടി ആം ആദ്മി മാത്രമായിരുന്നു. പരാജയത്തിൽനിന്ന് കരകയറുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അതുകൊണ്ടു തന്നെ വോട്ടെടുപ്പ് നീട്ടിവെക്കാൻ തന്നെയായിരുന്നു കോൺഗ്രസിന് താൽപര്യം. ആം ആദ്മിയിൽനിന്ന് പരമാവധി ആളുകളെ കൂടെക്കൂട്ടി വിജയം സുനിശ്ചിതമാക്കാൻ വേണ്ടിയുള്ള കാലതാമസമാണ് ബി.ജെ.പി നടത്തിയത്. എന്നാൽ അണിയറയിൽ ഒരു നിമിഷം പോലും വിശ്രമമില്ലാതെ ആം ആദ്മി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

മോഡി പ്രധാനമന്ത്രിയായി അധികാരത്തിൽ വന്ന ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ബി.ജെ.പി സ്വന്തമാക്കിയെങ്കിലും ദൽഹിയിൽ ഒരു നല്ല മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. മോഡി തരംഗം ദൽഹിയിലും പ്രതിഫലിക്കും എന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ മോഡി പ്രഭാവം ദൽഹിയിലെ വോട്ടർമാരെ ഒരു നിലക്കും സ്വാധീനിച്ചില്ല. ഒബാമയുടെ ഇന്ത്യ സന്ദർശനം ദൽഹി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ പുറത്തുവന്ന തെരഞ്ഞെടുപ്പ് സർവേകളിൽ ബി.ജെ.പിക്കായിരുന്നു മുൻതൂക്കം. എന്നാൽ ജനുവരി 29ന് ശേഷമുണ്ടായ മുഴുവർ സർവേകളിലും ആം ആദ്മിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടു.

ദൽഹി ഫലം ബി.ജെ.പിയുടെ സംഘടനാ രാഷ്ട്രീയത്തിലും കാര്യമായ അഴിച്ചുപണിക്ക് കാരണമാകും. മോഡിയും അമിത് ഷായും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന ഹൈക്കമാന്റ് സംസ്‌കാരത്തിന് അധികം നിലനിൽപുണ്ടാകില്ല. ആർ.എസ്.എസും മോഡിക്കെതിരെ തിരിയുമെന്നുറപ്പ്. മന്ത്രിസഭയിൽ തന്നെ മുറുമുറുപ്പുയരാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ലെന്ന വിലയിരുത്തലുമുണ്ട്. ഭാവിയുടെ രാഷ്ട്രീയം വെറുപ്പിന്റേതും പകയുടേതുമല്ലെന്ന സന്ദേശവും ഈ വിജയം നൽകുന്നുണ്ട്. തെരഞ്ഞെടുപ്പിൽ തന്റെ മുഖ്യ എതിരാളിയായ മുൻ സഹപ്രവർത്തക കിരൺ ബേദിയെ ഒരിടത്ത് പോലും കെജ്‌രിവാൾ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. പകരം, ഒരു നല്ല വ്യക്തി ഒരു മോശം പാർട്ടിയിൽ ചേർന്നു എന്ന് മാത്രമാണ് കെജ്‌രിവാൾ പറഞ്ഞത്.

ഏറ്റുമുട്ടലിന്റെ പാതയിൽനിന്ന് മാറി, സഹകരണത്തിന്റെ രൂപഭാവം സ്വീകരിച്ചില്ലെങ്കിൽ ദൽഹിയിലെ ഭരണം ഇരുകൂട്ടർക്കും എളുപ്പമാകില്ല. ദൽഹിയെ തിരിഞ്ഞുനോക്കാതെ കേന്ദ്രത്തിന് മുന്നോട്ടുപോകാനാകില്ല. തന്നെ ഭയക്കുന്ന ഒരു സർക്കാർ ദൽഹിയിൽ വേണമെന്നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ് റാലിയിൽ തന്നെ മോഡി ആവശ്യപ്പെട്ടത്. ഭയത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കേന്ദ്രത്തിന്റെ സഹായമില്ലാതെ ദൽഹിയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവ് ആം ആദ്മിക്കുമുണ്ടാകും. ഫലം വന്നതിന്റെ തൊട്ടുപിറ്റേന്ന് തന്നെ കേന്ദ്രമന്ത്രിമാരുടെ നീണ്ട സംഘത്തെ കെജ്‌രിവാൾ കണ്ടു കഴിഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലും തട്ടുകടയുമായി പരസ്പരം പോരടിച്ച് മുന്നോട്ടുപോകാതിരുന്നാൽ ദൽഹിക്ക് തിളങ്ങാനാകും.