ആപ്പിളിന്റെ സൂപ്പര്‍ മോഡല്‍ ഐഫോണ്‍ XS വിപണിയില്‍
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകള്‍. ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്സ് എന്നീ ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലെത്തി. ഷാങ് ഹായി, ലണ്ടന്‍, ബെര്‍ലിന്‍, സിംഗപ്പൂര്‍, സിഡ്നി, ദുബായ് തുടങ്ങിയ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഏതാണ്ട് 1 മണിക്കൂറിനുള്ളില്‍ തന്നെ ഹാന്‍ഡ് സെറ്റുകളുടെ വിപണനം പൂര്‍ത്തിയായി.
മുന്‍പ് നിരവധി മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഹാന്‍ഡ് സെറ്റാണ് ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡല്‍. ഐഫോണ്‍ XSന് 94,312 രൂപയും ഐഫോണ്‍ XS മാക്സിന് 103,753 രൂപയുമാണ് വില. ഇതിന്റെ മുഴുവന്‍ ഫീച്ചറുകളും ഉള്‍പ്പെട്ട 512 ജിബിയുടെ വില 136,795 രൂപയാണ്. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐഫോണ്‍ XS എത്തുന്നത് 5.8 ഇഞ്ച് ഓലെഡ് ഡിസ്പ്ലെയുമായാണ്. ഐഫോണ്‍ XS മാക്സിന്റെ ഡിസ്പ്ലെ 6.5 ഇഞ്ചാണ്. രണ്ട് ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതില്‍ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. ബ്ലാക്ക്, വൈറ്റ് വേരിയന്റുകളാണ് നിലവില്‍ ലഭ്യമായവ. ഉപഭോക്താക്കള്‍ ചിന്തിക്കുന്ന വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒഎസുകളാണ് പുതിയ മോഡലുകളുടെ പ്രത്യേകത. ബാറ്ററി ബാക്കപ്പ്, വൈറസ് അറ്റാക്ക് തുടങ്ങിയവയിലും വളരെ സൂക്ഷമതയുള്ള മോഡലുകളാണിത്.