യാത്രക്കാരുടെ സുരക്ഷ: ഇന്ത്യയിൽ ‘പാനിക് ബട്ടണു’മായി യൂബർ

മുംബൈയിൽ യൂബർ ടാക്സി സർവീസ് നിർത്തലാക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ പദ്ധതിയുമായി യൂബർ. യൂബർ ടാക്സി സർവീസ് ആവശ്യപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 'പാനിക് ബട്ടൺ' എന്ന സംവിധാനം കൊണ്ടുവരാനാണ് യൂബർ ഉദ്ദേശിക്കുന്നത്.
 | 

യാത്രക്കാരുടെ സുരക്ഷ: ഇന്ത്യയിൽ ‘പാനിക് ബട്ടണു’മായി യൂബർ

ന്യൂഡൽഹി: മുംബൈയിൽ യൂബർ ടാക്‌സി സർവീസ് നിർത്തലാക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ പദ്ധതിയുമായി യൂബർ. യൂബർ ടാക്‌സി സർവീസ് ആവശ്യപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ‘പാനിക് ബട്ടൺ’ എന്ന സംവിധാനം കൊണ്ടുവരാനാണ് യൂബർ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 11 ന് ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്കുമെന്ന് യൂബർ ബ്ലോഗിൽ കുറിച്ചു.

യൂബർ ടാക്‌സി സർവീസ് ലഭ്യമാക്കുന്നവർക്ക് ലോക്കൽ പോലീസുമായി ബന്ധപ്പെടാവുന്ന സംവിധാനമാണ് പാനിക് ബട്ടൺ. അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിനെ വിവരമറിയിക്കുന്നതിന് പാനിക് ബട്ടമിൽ അമർത്തിയാൽ മതിയാകും. ഇതനുസരിച്ച് പോലീസിന് എളുപ്പത്തിൽ ടാക്‌സി കണ്ടെത്താൻ സാധിക്കും. ഇത് കൂടാതെ യാത്രക്കാർ സഞ്ചരിക്കുന്ന വഴിയുടെ വിവരങ്ങൾ അഞ്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകാനും സാധിക്കും. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സാധിക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

നിലവിൽ ലോകമെമ്പാടുമുള്ള 250 സിറ്റികളിലാണ് യൂബർ ടാക്‌സി പ്രവർത്തിക്കുന്നത്. 50 രാജ്യങ്ങളിലായി പുതിയ പദ്ധതി നടപ്പിലാക്കുമെന്നും ഇന്ത്യയിലാണ് തുടക്കമിടുന്നതെന്നും അധികൃതർ പറയുന്നു.

ഡൽഹിയിൽ യുവതിയെ യൂബർ ടാക്‌സി ഡ്രൈവർ മാനഭംഗപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യൂബർ ടാക്‌സി കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും ഡൽഹി സർക്കാർ നിരോധിച്ചിരുന്നു.