എച്ച്‌ഐവി വൈറസുകളുടെ കരുത്ത് കുറയുന്നതായി റിപ്പോർട്ട്

ലോകാരോഗ്യ സംഘടന ഒരു കാലത്ത് ഏറ്റവും മാരകം എന്ന് വിശേഷിപ്പിച്ച രോഗമാണ് എയ്ഡ്സ്. മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തിയ രോഗം. നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ മാരക രോഗത്തെ പ്രതിരോധിക്കാൻ മരുന്നുകൾ ഒന്നും കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി വൈറസുകളുടെ കരുത്ത് കാലക്രമേണ കുറഞ്ഞ് വരുമെന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
 | 

എച്ച്‌ഐവി വൈറസുകളുടെ കരുത്ത് കുറയുന്നതായി റിപ്പോർട്ട്

ലോകാരോഗ്യ സംഘടന ഒരു കാലത്ത് ഏറ്റവും മാരകം എന്ന് വിശേഷിപ്പിച്ച രോഗമാണ് എയ്ഡ്‌സ്. മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തിയ രോഗം. നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ മാരക രോഗത്തെ പ്രതിരോധിക്കാൻ മരുന്നുകൾ ഒന്നും കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി വൈറസുകളുടെ കരുത്ത് കാലക്രമേണ കുറഞ്ഞ് വരുമെന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

ആഫ്രിക്കയിലെ രണ്ടായിരത്തിലേറെ സ്ത്രീകളിൽ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഫിലിപ് ഗൌൾഡറുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ശരീരത്തിൽ എച്ച്എൽഎ-ബി*57 എന്ന ജീനുള്ള വ്യക്തികൾക്ക് എച്ച്‌ഐവിയെ പ്രതിരോധിക്കാൻ മറ്റുള്ളവരേക്കാൾ കൂടുതൽ കഴിവുണ്ടെന്ന് മുൻ ഗവേഷണങ്ങളിൽ തെളിഞ്ഞിരുന്നു.

ഈ ജീനിനെ അതിജീവിക്കാൻ കഴിവുള്ള എച്ച്‌ഐവി വൈറസുകളെയാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആഫ്രിക്കയിൽ കണ്ടെത്തിയത്. പക്ഷെ അവയ്ക്ക് രോഗവ്യാപന ശേഷിയും പുനരുത്പാദന ശേഷിയും മറ്റുള്ള എച്ച്‌ഐവി വൈറസുകളെ അപേക്ഷിച്ച് കുറവാണെന്ന് ഗവേഷകർ പറയുന്നു. ഇത് വ്യക്തമാക്കുന്നത് എച്ച്‌ഐവി വൈറസുകളുടെ രോഗവ്യാപന ശേഷി കാലക്രമേണ കുറയുന്നുണ്ട് എന്നാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഫിലിപ് ഗൌൾഡർ അറിയിച്ചു. പുനരുത്പാദനശേഷി കുറഞ്ഞ വൈറസുകളെ നശിപ്പിക്കാൻ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഠനഫലം പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണൽ അക്കാഡമി ഓഫ് സയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.