വൈദ്യശാസ്ത്രത്തിന്റെ ദീര്‍ഘമായ പോരാട്ടത്തിന്‍റെ ഫലം; എയ്ഡ്‌സ് മുട്ടുമടക്കുകയാണ്!

ലോകം ഒരു കാലഘട്ടത്തില് ഇത്രയധികം ഭീതിയോടെ കണ്ടിരുന്ന രോഗം മറ്റൊന്നില്ലെന്ന് വേണം കരുതാന്. വൈദ്യശാസ്ത്രം നിരന്തരം പരാജയപ്പെട്ടു കൊണ്ടേയിരുന്ന അപൂര്വ്വ സന്ദര്ഭങ്ങളിലൊന്ന്. ഓരോ വര്ഷം കൂടുമ്പോഴും പരീക്ഷണങ്ങളും പരിശ്രമങ്ങളുടെയും എണ്ണം വര്ദ്ധിച്ചു വന്നുവെങ്കിലും ഫലം കാണാന് ഏറെ നാളെടുത്തു. എന്നാല് കാര്യങ്ങള് വ്യത്യസ്ഥമാണ്. പൂര്ണമായും ചികിത്സിച്ച് ഭേദമാക്കാന് കഴിയില്ലെങ്കിലും എയ്ഡ്സ് വൈദ്യശാസ്ത്രത്തിന് മുന്നില് മുട്ടുമടക്കുകയാണ്. രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഓരോ വര്ഷവും രേഖപ്പെടുത്തുന്നുണ്ട്. എയ്ഡ്സ് രോഗിയായ മാതാവില് നിന്ന് മക്കളിലേക്ക് രോഗം പടരാതിരിക്കാനുള്ള ഫലപ്രദമായ രീതികള്
 | 
വൈദ്യശാസ്ത്രത്തിന്റെ ദീര്‍ഘമായ പോരാട്ടത്തിന്‍റെ ഫലം; എയ്ഡ്‌സ് മുട്ടുമടക്കുകയാണ്!

ലോകം ഒരു കാലഘട്ടത്തില്‍ ഇത്രയധികം ഭീതിയോടെ കണ്ടിരുന്ന രോഗം മറ്റൊന്നില്ലെന്ന് വേണം കരുതാന്‍. വൈദ്യശാസ്ത്രം നിരന്തരം പരാജയപ്പെട്ടു കൊണ്ടേയിരുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്ന്. ഓരോ വര്‍ഷം കൂടുമ്പോഴും പരീക്ഷണങ്ങളും പരിശ്രമങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചു വന്നുവെങ്കിലും ഫലം കാണാന്‍ ഏറെ നാളെടുത്തു. എന്നാല്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും എയ്ഡ്‌സ് വൈദ്യശാസ്ത്രത്തിന് മുന്നില്‍ മുട്ടുമടക്കുകയാണ്.

രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നുണ്ട്. എയ്ഡ്‌സ് രോഗിയായ മാതാവില്‍ നിന്ന് മക്കളിലേക്ക് രോഗം പടരാതിരിക്കാനുള്ള ഫലപ്രദമായ രീതികള്‍ ശാസ്ത്രം വികസിപ്പിച്ചു കഴിഞ്ഞു. അങ്ങനെ നിരവധി ആശ്വാസ വാര്‍ത്തകളാണ് എയ്ഡ്‌സ് ചികിത്സാ മേഖലയില്‍ നിന്നും ഉയരുന്നത്.

വിഷയത്തില്‍ ഡോ. ഷമീര്‍ വി.കെ, ഡോ.മോഹന്‍ദാസ് നായര്‍ എന്നിവര്‍ എഴുതിയ കുറിപ്പ് വായിക്കാം.

പതിനഞ്ചു വർഷം മുൻപ് മെഡിക്കൽ കോളേജുകളിലെ മെഡിസിൻ വാർഡുകളുടെ ഏതെങ്കിലും ഒരു അറ്റാത്തായി കുറച്ചു മനുഷ്യക്കോലങ്ങളെ കാണുമായിരുന്നു. മെലിഞ്ഞുണങ്ങി, കണ്ണു തള്ളി, തൊലിയിൽ കുരുക്കളും വ്രണങ്ങളുമായി പലപ്പോഴും പരിചരിക്കാൻ പോലും കൂട്ടിനാളില്ലാത്ത, കഷ്ടം തോന്നുന്ന കുറേ രൂപങ്ങൾ. “എയ്ഡ്‌സ് രോഗവുമായി ജീവിക്കുന്ന മനുഷ്യൻ” എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിന്റെ ചുരുക്ക രൂപം അവരുടെ കേസ് റെക്കോർഡിന് പുറത്തു ചുവന്ന അക്ഷരത്തിൽ എഴുതി വെക്കുമായിരുന്നു. പരിശോധിക്കുന്ന ഡോക്ടർക്കും നഴ്സിനും രോഗം പകരാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കാൻ ആയിരുന്നു അത്. രോഗാണുക്കളിൽ ഏറ്റവും ദുർബലന്മാരായവരോട് പോലും ഏറ്റുമുട്ടാൻ കഴിയാത്ത പ്രതിരോധ സംവിധാനങ്ങളുമായി ജീവിക്കുന്ന അവരിൽ കൂടു കൂട്ടാത്ത ബാക്റ്റീരിയകളില്ലായിരുന്നു, ഫങ്കസുകളില്ലായിരുന്നു. അങ്ങനെ തീർത്തും നിസ്സഹായരായി, മരണം കാത്തു കിടക്കുന്ന കുറെ ഹതഭാഗ്യന്മാർ. എന്നാൽ ഇന്ന് അത്തരക്കാരെ കാണുന്നത് വളരെ അപൂർവ്വമായി. അതെങ്ങനെ?

വൈദ്യ ശാസ്ത്രം ഇത്രയും നിരാശയിലാണ്ടു പോയ ഒരു കാലഘട്ടം ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. 1980 കളുടെ ആദ്യത്തിൽ ചില പ്രത്യേകതരം ക്യാൻസറുകൾക്കും പലവിധ അണുബാധകൾക്കും കീഴടങ്ങുന്ന കുറെ ചെറുപ്പക്കാരിൽ ആണ് ആദ്യമായി ഈ രോഗം ശ്രദ്ധിക്കപ്പെടുന്നത്. രോഗം ഉണ്ടാക്കുന്ന വൈറസിനെ കുറിച്ചുള്ള ഗവേഷണങ്ങൾ ഭയപ്പെടുത്തുന്ന രഹസ്യങ്ങൾ ഓരോന്നായി പുറത്തു കൊണ്ടുവന്നു.

മനുഷ്യന്റെ രോഗ പ്രതിരോധ ശക്തി നിർണയിക്കുന്ന ടി ലിംഫോസൈറ്റുകളെ പാടെ നശിപ്പിക്കാൻ ഉള്ള കഴിവ്, മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്തോളം ശരീരത്തിൽ കുടിയിരിക്കാൻ ഉള്ള കഴിവ്, ശരീരത്തിനുള്ളിൽ കടന്നു വിഭജിച്ച് പെരുകി ദശലക്ഷക്കണക്കിന് കോപ്പികൾ സൃഷ്ടിക്കാനുള്ള കഴിവ്. അങ്ങനെ അറിയും തോറും പേടിപ്പിക്കുന്നതായിരുന്നു എച് ഐ വി വൈറസ് എന്ന ഭീകരന്റെ അടവുകൾ. അത് വരെ ശാസ്ത്രം മനസ്സിലാക്കി വെച്ച രോഗാണുക്കളിൽ നിന്നും പൂർണ വ്യത്യസ്തൻ. ഉത്തരമില്ലാതെ പകച്ചു നിന്ന നാളുകൾ. 1990 ആയപ്പോഴേക്കും അമേരിക്കക്കാരിൽ 25 നും 45 നും പ്രായമുള്ളവർക്കിടയിൽ ഉണ്ടാകുന്ന മരണത്തിന്റെ ഒന്നാമത്തെ കാരണക്കാരൻ ആയി വളർന്നു കഴിഞ്ഞിരുന്നു എച് ഐ വി വൈറസ്.

പിന്നീട് ഇങ്ങോട്ട് ശാസ്ത്രത്തിന്റെ അഭിമാനകരമായ കുതിച്ചു ചാട്ടത്തിന്റെ കാലമായിരുന്നു എയ്ഡ്‌സ് രോഗചികിൽസയിൽ കാണാൻ കഴിഞ്ഞത്. 1987 ഇൽ സിഡോവുഡിൻ എന്ന മുൻകാലത്ത് കാൻസർ ചികിത്സക്ക് ഉപയോഗിച്ച മരുന്ന് എച് ഐ വി ക്കു ഗുണകരമാകുമെന്ന കണ്ടെത്തൽ ആയിരുന്നു ആദ്യ വഴിത്തിരിവ്. മാസങ്ങൾ കൊണ്ട് ലോകചരിത്രത്തിലെ ഏറ്റവും ചിലവ് കൂടിയ ചികിത്സകളിൽ ഒന്നായി മാറിയെങ്കിലും സിഡോവുഡിന് പ്രതീക്ഷിച്ച ഗുണം ലഭിക്കാതെ പോയെന്നു മാത്രമല്ല പല തരം പാർശ്വഫലങ്ങൾ ചികിത്സകരെ നിരാശരാക്കി. എച് ഐ വി വൈറസ് ആകട്ടെ ഈ മരുന്നിനേയും പ്രതിരോധിക്കാനുള്ള പുതിയ മുറകളും പഠിച്ചു.

നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളും ഫലം കാണാതിരുന്നില്ല. HIV യുടെ ഘടനയെ കുറിച്ചും മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് തൊട്ടുള്ള ജീവചക്രം ആഴത്തിൽ മനസിലാക്കാൻ ശ്രമിച്ചത് ഇതിൽ പ്രധാന പങ്ക് പഹിച്ചു. കോശങ്ങളിൽ പ്രവേശിക്കുന്നിടത്തും ചേരുന്നിടത്തും പെരുകിന്നിടത്തും എല്ലാം വൈറസിന് പണി കൊടുക്കുന്ന മരുന്നുകൾ അണിയറയിലൊരുങ്ങി.

1995 ൽ എച് ഐ വി വൈറസിനെ മറ്റൊരു വഴിയിലൂടെ ആക്രമിക്കുന്ന പ്രോട്ടീയെസ് ഇൻഹിബിറ്റർ എന്ന ഗണത്തിൽ പെട്ട മരുന്നുകൾ സിഡോവുഡിന് കൂട്ടായെത്തി. ഒരു വർഷത്തിനുള്ളിൽ ആവനാഴിയിലെ മൂന്നാമത്തെ അസ്ത്രമായി നെവിറാപ്പിനും എത്തി. ഒറ്റക്കൊറ്റക്ക് ആക്രമിക്കുന്നതിന് പകരം ഇവരെ എല്ലാവരെയും ഒന്നിച്ചുൾപ്പെടുത്തി ഒറ്റക്കെട്ടായി ആക്രമിക്കണമെന്ന ചിന്തയാണ് പിന്നീട് ഉണ്ടായത്. വിവിധ മരുന്നുകളുടെ കോമ്പിനേഷൻ ചികിത്സയാണ് എച് ഐ വി വൈറസിനെ തകർക്കാൻ ഏറ്റവും ഉത്തമം എന്ന കണ്ടെത്തൽ ആണ് എയ്ഡ്‌സ് എന്ന മാരകനെ പിടിയിൽ ഒതുങ്ങുന്ന ഒരു രോഗത്തിലേക്ക് ചെറുതാക്കിയത്.

1996 മുതൽ haart എന്ന ഓമനപ്പേരിലാണ് ഈ ചികിത്സ അറിയപ്പെടുന്നത്. ഇതേ കോമ്പിനേഷൻ ചികിത്സ ലഘൂകരിക്കാൻ ഒരു ഗുളികയിൽ തന്നെ ഒന്നിൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തി ഗുളികകളുടെ എണ്ണം കുറക്കാനും സാധിച്ചു. അതിനു ശേഷം വേറെ പല രീതിയിൽ പ്രവർത്തിക്കുന്ന മരുന്നുകൾ എച്ച് ഐ വി ക്ക് ലഭ്യമായി. ഇന്ന് ഇരുപത്തഞ്ചിൽ കൂടുതൽ തരം മരുന്നുകൾ നിലവിലുണ്ട്. ഈ മരുന്നുകൾ രോഗിക്ക് നൽകുന്നത് രോഗമില്ലാത്ത ഒരു വ്യക്തിക്ക് ലഭിക്കുന്ന അതെ നിലവാരമുള്ള ഉള്ള ജീവിതം ആണെന്നതാണ് ഏറ്റവും വലിയ നേട്ടം.

എച് ഐ വി വൈറസ് ശരീരത്തിൽ കടന്ന ശേഷം കൃത്യമായി മരുന്ന് കഴിക്കുന്നവർക്ക് രോഗ പ്രതിരോധ ശക്തി നഷ്ടപ്പെട്ട് എയ്ഡ്‌സ് എന്ന അവസ്ഥയിൽ എത്തേണ്ട സ്ഥിതി പോലും പലപ്പോഴും ഉണ്ടാകുന്നില്ല. മറ്റു പലതരം അണുബാധകൾക്ക് വശം വദരാക്കേണ്ടി വരുന്നില്ല. മരുന്ന് കഴിക്കുന്നവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും വളരെ കുറയുന്നു. യാദൃശ്ചികമായി എച് ഐ വി അണുബാധയുള്ള ആളുടെ സ്രവങ്ങളുമായി ബന്ധത്തിൽ വന്നു പോകുന്ന ആളുകൾക്കും അതിനു ശേഷം ചെറിയൊരു കാലയളവു മരുന്ന് കഴിക്കുന്നതിലൂടെ രോഗം ഉണ്ടാകുന്നത് തടയാൻ കഴിയുന്നു.

HIV ബാധിതയായ അമ്മയിൽ നിന്നും പ്രസവ സമയത്തോ, അതിനു ശേഷം മുലയൂട്ടുമ്പോളോ കുഞ്ഞിന് രോഗം പകരാനുള്ള സാധ്യതയും വളരെയേറെയായിരുന്നു, മുമ്പ്. അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള പകർച്ചയും ഏറെക്കുറെ പൂർണമായും തടയാൻ കഴിഞ്ഞിരിക്കുന്നു.

കൃത്യമായ ചികിൽസയിലൂടെയും, പ്രസവ സമയത്തെ കരുതലിലൂടെയും, അതിന് ശേഷം കുഞ്ഞിന് നൽകുന്ന മരുന്നുകളിലൂടെയും ആണിത് സാധ്യമാകുന്നത്. അത് പോലെ ആദ്യകാലത്ത് അമ്മയിൽ നിന്ന് രോഗം പകർന്നു കിട്ടിയ കുട്ടികൾ ശരിയായ ചികിത്സയിലൂടെ ആരോഗ്യത്തോടെ വളർന്ന് വരുന്നതും അതിന് ശേഷം വിവാഹിതരായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതും HIVരോഗബാധയില്ലാത്ത അടുത്ത തലമുറക്ക് ജൻമം നൽകുന്നതും കാണാൻ സാധിക്കുന്നുണ്ട് ഇന്ന് എന്നതും അഭിമാനകരമായ നേട്ടമാണ്.

സമീപകാലത്തെ വൈദ്യ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ യുദ്ധം ആയിരുന്നു എച് ഐ വി എന്ന വില്ലനുമായി. ഇന്ന് മരുന്നുകളെ ബഹുമാനിക്കുന്ന മറ്റൊരു രോഗാണു എന്ന നിലയിലേക്ക് എച് ഐ വി ഒതുങ്ങിയിട്ടുണ്ടെങ്കിൽ അത് വൈദ്യ ശാസ്ത്രത്തിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ തന്നെയാണ്. പൂർണമായ രോഗമുക്തി അവകാശപ്പെടാൻ കഴിയില്ലെങ്കിലും ആരോഗ്യത്തോടെയുള്ള ജീവിതം ഇന്ന് ഓരോ എച് ഐ വി രോഗബാധിതനും സാധിക്കുന്നു. കോവിഡ് പോലൊരു വൈറസുമായി ഏറ്റുമുട്ടുന്ന ഈ കാലഘട്ടത്തിൽ വലിയൊരു പ്രചോദനം തന്നെ ആവണം എച് ഐ വി ചികിത്സയിലെ മുന്നേറ്റം.

സ്കൂളുകളിൽ, പൊതു സ്ഥലങ്ങളിൽ, ആശുപത്രികളിൽ, സമൂഹത്തിൽ എല്ലാം എയിഡ്സ് രോഗികൾ ക്രൂരമായി മാറ്റിനിർത്തപ്പെടുന്ന സാഹചര്യവും മനസ്ഥിതിയും ഇതിനനുസരിച്ച് മാറി വരുന്നുണ്ട് എന്നതും ആഹ്ളാദകരമാണ്. മുഖ്യധാരയിൽ നിന്നു എയ്ഡ്സ് ബാധിതരെ മാറ്റി നിർത്തേണ്ട ആവശ്യം ഇന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അവരുടേത് കൂടിയാണ് ഈ ലോകം.

(കടപ്പാട്: ഇൻഫോ ക്ലിനിക്ക്)