Thursday , 28 May 2020
News Updates

വീടുകളിലേക്ക് തിരികെ പോകുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് വായിക്കാം

കൊച്ചി: പ്രളയക്കെടുതി നേരിട്ടുകൊണ്ടിരിക്കുന്ന കേരളം ഇനി അടുത്തതായി അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം പകര്‍ച്ചവ്യാധികളും രോഗങ്ങളുമായിരിക്കും. അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഗുരുതര പ്രശ്‌നമായി ഇത് വളരും. പല സ്ഥലങ്ങളിലും മൃഗങ്ങളുടെ മൃതദേഹങ്ങള്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഊര്‍ജിതമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വെള്ളമിറങ്ങിയ വീടുകളില്‍ താമസം ആരംഭിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായി ചെയ്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് വായിക്കാം.

# വീട്/വീടിന്റെ പരിസരം മുഴുവനും താമസയോഗ്യമെന്ന് അധികാരികളും ഇലക്ട്രീഷ്യന്‍ പോലെയുള്ള വിദഗ്ധരും ഉറപ്പ് തരും വരെ ക്യാമ്പുകളിലോ താല്‍ക്കാലിക ഇടങ്ങളിലോ തന്നെ തങ്ങുക.

# വീടിന് പുറത്ത് ശക്തമായ വഴുക്കല്‍ ഉണ്ടാകും. പ്രായമായവരെയും കുഞ്ഞുങ്ങളെയും ആദ്യഘട്ടത്തില്‍ വീട്ടില്‍ പ്രവേശിപ്പിക്കരുത്. വീഴ്ചയും അപകടങ്ങളും ഉണ്ടാകാം.

# കിണര്‍, കക്കൂസ് തുടങ്ങിയവയുടെ അടുത്തേക്ക് അധിക ശ്രദ്ധയോടെ നീങ്ങുക. അപകടങ്ങള്‍ അവിടെയും പ്രതീക്ഷിക്കാം.

# വെള്ളം കയറിയ വീടുകള്‍ താമസ യോഗ്യമാക്കാന്‍ ബ്ലീച്ചിംഗ് പൌഡര്‍ ലായനിയും സോപ്പുമുപയോഗിച്ച് നന്നായി സമയമെടുത്ത് കഴുകുക.

# കിണറുകള്‍ ക്‌ളോറിനേറ്റ് ചെയ്യുക. (ഇതെങ്ങനെ എന്ന് വിശദമായി വാല്‍ക്കഷ്ണത്തില്‍ എഴുതിയിട്ടുണ്ട്.)

# കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

# മലിനജലവുമായി സമ്പര്‍ക്കമുണ്ടായ അരി അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ എത്ര കഴുകിയാലും അതിലെ അപകടം പൂര്‍ണ്ണമായി മാറണമെന്നില്ല. അവ നശിപ്പിക്കുക.

# പാകം ചെയ്ത ഭക്ഷണം ചൂടാറുന്നതിന് മുന്‍പ് ഉപയോഗിക്കുക.

# പറ്റുന്നതും അതാത് സമയത്തേക്കുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. പഴകിയ ഭക്ഷണം പാടെ ഒഴിവാക്കുക.

# ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ചു സൂക്ഷിക്കുക.

# ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുക.

# ഓരോ തവണയും സോപ്പുപയോഗിച്ച് കൈകള്‍ കഴുകിയതിനു ശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യുക.

# കൊതുകുകളെയും പ്രാണികളെയും തടയാന്‍ വല, റിപ്പലന്റ്, കൊതുകുതിരി പോലുള്ളവ ഉപയോഗിക്കുക. ചിരട്ടകളിലും പാത്രങ്ങളിലും മറ്റുമായി കെട്ടിക്കിടക്കുന്ന വെള്ളം കമഴ്ത്തിക്കളയുക.

# ഈച്ചകള്‍ രോഗം പരത്തുന്നതിനാല്‍ അവ പെരുകുന്ന സാഹചര്യം ഒഴിവാക്കുക

# മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് ആവശ്യമാണ്. വെള്ളപ്പൊക്കത്തില്‍ പെട്ടവരോ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോ ആണെങ്കില്‍ എലിപ്പനി തടയാനാനായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുക.

# ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

വാല്‍ക്കഷ്ണം : വീടുകളിലേക്ക് തിരിച്ച് താമസം തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായും കിണറുകള്‍ ക്‌ളോറിനേറ്റ് ചെയ്യണം. ഒരു കോലിന് രണ്ടര ഗ്രാം (ചെറിയ തീപ്പെട്ടിയില്‍ കൊള്ളുന്ന അത്രയും) എന്ന കണക്കില്‍ ക്‌ളോറിന്‍ കൊണ്ടാണ് സാധാരണ ഈ പ്രക്രിയ ചെയ്യേണ്ടത്. നിലവിലെ അവസ്ഥയില്‍ ഇതിന്റെ നേര്‍ ഇരട്ടി ക്‌ളോറിന്‍ കൊണ്ട് സൂപ്പര്‍ ക്‌ളോറിനേറ്റ് ചെയ്യുന്നത് വെള്ളം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തും. ആവശ്യമായ ക്‌ളോറിന്‍ ഒരു ചെറിയ പാത്രത്തില്‍ കലക്കി പേസ്റ്റ് പോലെ ആക്കിയതിനു ശേഷം മുക്കാല്‍ ബക്കറ്റ് വെള്ളത്തില്‍ ഒഴിച്ച് ഇളക്കുക. ഈ ലായനി അര മണിക്കൂര്‍ വച്ചാല്‍ മുകളില്‍ വരുന്ന തെളി മാത്രമെടുത്ത് അത് കിണറ്റിലേക്ക് ഒഴിക്കുക. ശേഷം തൊട്ടി കൊണ്ട് കിണറ്റിലെ വെള്ളം നന്നായി ഇളക്കുക. ഒരു മണിക്കൂറിനു ശേഷം കിണറ്റിലെ വെള്ളം ഉപയോഗിക്കാം. ഇനിയും സംശയമുണ്ടെങ്കില്‍ ക്ലോറിനേഷന്‍ ചെയ്യുന്ന രീതി എങ്ങനെയാണ് എന്ന് വിശദമായി നിങ്ങളുടെ ക്യാമ്പിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു തരും. സംശയങ്ങള്‍ തീര്‍ത്ത് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം ചെയ്യുക. ഈ ഒരു അവസരത്തില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ അത് മറ്റൊരു മഹാദുരന്തമായിത്തീരും. അതുകൊണ്ട് തന്നെ ശുചിത്വത്തിനും സുരക്ഷക്കും ഇനി വരുന്ന ദിവസങ്ങളില്‍ അത്രയ്ക്ക് പ്രാധാന്യം കൊടുത്തേ മതിയാവൂ…

:തയ്യാറാക്കിയത് ഡോ. ഷിംന അസീസ്

സെക്കൻഡ്‌ ഒപീനിയൻ – 040ഇടിത്തീ പോലെ ദുരന്തമായി വന്ന അവസാനത്തെ മഴയും പെയ്തൊഴിഞ്ഞിരിക്കുന്നു. പക്ഷെ, ആ ആശ്വാസത്തോടൊപ്പം…

Posted by Shimna Azeez on Monday, August 20, 2018

 

Topics:

DONT MISS