Thursday , 16 August 2018
Kalyan
News Updates

വവ്വാലിന്റെ സാന്നിധ്യമുള്ള കിണര്‍ വെള്ളം കുടിക്കാമോ? നിപ്പയെക്കുറിച്ചുള്ള സാധാരണക്കാരുടെ 3 സംശയങ്ങള്‍ക്ക് ഡോ.ടി.എസ് അനീഷ് മറുപടി പറയുന്നു

വവ്വാല്‍ കടിച്ച പഴങ്ങള്‍ പശു തിന്നാലോ? ആ പശുവിന്റെ പാല്‍ കുടിക്കാമോ? കുടിച്ചാല്‍ നമുക്ക് രോഗം വരുമോ? നിപ്പ വൈറസ് രോഗ ബാധ പേരാമ്പ്രയില്‍ സ്ഥിരീകരിക്കപ്പെട്ടതോടെ കേരളമാകെ ഇത്തരം സംശയങ്ങള്‍ വളരുകയാണ്. വല്ലപ്പോഴും ഒരു വവ്വാല്‍ വന്ന് പോകാറുള്ള സ്വന്തം കിണറില്‍ നിന്ന് വെള്ളം കുടിക്കാന്‍ കഴിയുമോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നു. ഇത്തരം സംശയങ്ങള്‍ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ടി.എസ്.അനീഷ് മറുപടി പറയുന്നു.

വവ്വാലുകള്‍ തിന്ന പഴങ്ങള്‍ ഒരു പശു തിന്നാല്‍ ആ പശുവിലൂടെ രോഗ ബാധയുണ്ടാകുമോ? ആ പശുവിന്റെ പാല്‍ കുടിക്കുന്നത് രോഗം വരാന്‍ കാരണമാകുമോ?

തിയററ്റിക്കലായി നോക്കിയാല്‍ രോഗം വരാം എന്ന് തന്നെയാണുത്തരം. വവ്വാലില്‍ നിന്ന് നേരിട്ടല്ലാതെയും രോഗം വരാം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മലേഷ്യയില്‍ ഈ രോഗം ആദ്യം കണ്ടെത്തിയത് തന്നെ പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന നിലയിലാണ്. രോഗം ബാധിച്ച പന്നികളുമായി അടുത്തിടപഴകിയവര്‍ക്കാണ് അന്ന് രോഗം വന്നത്. രോഗബാധയുള്ള ജീവികളുടെ ശരീര സ്രവങ്ങളില്‍ നിന്ന് രോഗം വരാം. രോഗം ബാധിച്ച പശുവിന്റെ പാല് തിളപ്പിക്കാതെ കുടിക്കുന്നവര്‍ക്ക് മാത്രമെ രോഗം വരാന്‍ ചെറുതായെങ്കിലും സാധ്യതയുള്ളു. 60 ഡിഗ്രി സെന്റി ഗ്രേഡില്‍ ചൂടാക്കിയാല്‍ തന്നെ വൈറസുകള്‍ ഇല്ലാതാകും. അതിനാല്‍ തന്നെ തിളപ്പിച്ച പാലില്‍ വൈറസ് ഉണ്ടാകില്ല. ഇക്കാരണങ്ങളാല്‍ പാല് തിളപ്പിച്ച് കുടിച്ചാല്‍ രോഗം പകരാന്‍ സാധ്യതയില്ല എന്നാണ് പറയേണ്ടത്. മറിച്ച് രോഗം വന്ന പശുവിനെ കുളിപ്പിക്കുന്ന ഒരാള്‍ക്ക് നിപ്പ വരാന്‍ സാധ്യതയേറെയാണ്. വളര്‍ത്തു മൃഗങ്ങളാണ് നിപ്പയുടെ ലിങ്ക് എന്ന് ഓര്‍ക്കണം. വവ്വാലുകള്‍ കടിച്ച ഫലങ്ങള്‍ വളര്‍ത്ത് മൃഗങ്ങള്‍ കഴിക്കാതെയും നോക്കണം.

വവ്വാലുകളുടെ സാമീപ്യമുള്ള കിണറുകളിലെ വെള്ളം കുടിക്കാമോ? അത്തരം കിണറുകള്‍ മൂടിയിടണമെന്ന് പലരും പറയുന്നു.

കിണറുകള്‍ വവ്വാലുകളുടെ ആവാസ വ്യവസ്ഥക്ക് അകത്ത് വരുന്ന ഒന്നാണ്. കിണറുകള്‍ മൂടിയാല്‍ വവ്വാലുകള്‍ക്ക് താമസിക്കാന്‍ ഇടമില്ലാതാകും. അവര്‍ മറ്റെവിടെയെങ്കിലും ചേക്കേറും. അവ രോഗ വാഹകരാണെന്ന് ഒരു ഉറപ്പുമില്ലാതെ അവരെ തുരത്തിയാല്‍ മറ്റെന്തെങ്കിലും പ്രതിസന്ധികള്‍ വന്ന് കൂടായ്കയില്ല. എബോള വൈറസ് പരന്ന ആഫ്രിക്കയില്‍ നിന്നുള്ള ഒരനുഭവം അങ്ങനെയൊന്നാണ്. കാട് കയ്യേറ്റത്തിന്റെ ഭാഗമായി വന്‍തോതില്‍ മരങ്ങള്‍ കത്തിച്ചപ്പോള്‍ കാട്ടില്‍ താമസിച്ചിരുന്ന വവ്വാലുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വരികയും അവ രോഗം പരത്തുകയുമായിരുന്നു.

കിണറില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന നിരുപദ്രവകാരിയായ വവ്വാലിനെ ഓടിച്ചാല്‍ അവ നമുക്ക് ബുദ്ധിമുട്ടാകുന്ന മറ്റൊരിടത്തേക്കാകും വരിക. വെള്ളത്തിലൂടെ ഈ രോഗം പകരില്ല. കിണര്‍ വെള്ളത്തിലൂടെയോ വായുവിലൂടെയോ ഈ രോഗം പകരില്ല. കിണര്‍ വെള്ളത്തില്‍ വവ്വാല്‍ മൂത്രമൊഴിച്ചാലും ആ വെള്ളം കുടിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത തീരെ കുറവാണ്. രോഗം പകര്‍ത്താനുള്ള വൈറല്‍ ലോഡ് വെള്ളത്തിന് ഉണ്ടാകില്ല എന്നതിനാലാണ് ഇത്. രോഗിയുമായുള്ള ശരീര സമ്പര്‍ക്കമാണ് പ്രധാനമായും രോഗം പരത്തുക.

വവ്വാല്‍ കടിച്ച പഴങ്ങള്‍ വഴിയില്‍ കിടക്കുകയും അതില്‍ ചവിട്ടുകയോ മറ്റോ ചെയ്താല്‍ രോഗം വരുമോ? അല്ലെങ്കില്‍ മഴവെള്ളത്തില്‍ അത് കിടക്കുമ്പോള്‍ ആ വെള്ളത്തില്‍ നമ്മള്‍ ചവിട്ടിയാല്‍ വൈറസ് പകരുമോ?

സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗങ്ങളേ സംബന്ധിച്ച് ഇങ്ങനെ ഒരു സംശയം സ്വാഭാവികമാണ്. പക്ഷേ, അങ്ങനെ രോഗം പകരാന്‍ ഒരു വൈറല്‍ ലോഡ് വേണം. ചൂട് ഏറ്റ് ശരീരം പൊള്ളണമെങ്കില്‍ പൊള്ളാന്‍ വേണ്ടത്ര ചൂട് വേണമല്ലൊ. എന്നത് പോലെയാണത്. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ വൈറസുകള്‍ ഒരുമിച്ച് ശരീരത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ അത് രോഗമായി മാറുകയുള്ളു. ഒന്നോ രണ്ടോ വൈറസ് ശരീരത്തില്‍ എത്തി എന്നത് കൊണ്ട് നിപ്പാ വൈറസ് പകരില്ല. പഴങ്ങള്‍ കിടക്കുന്ന വെള്ളത്തിലൂടെയും മറ്റും വൈറസ് വന്നാല്‍ തന്നെ നല്ല വൈറല്‍ ലോഡ് അതിന് ഉണ്ടാകില്ല.

DONT MISS