Wednesday , 20 February 2019
Kalyan
News Updates

ഷിമോഗയിലെ ക്യാന്‍സര്‍ മരുന്നിലുള്ളത് മാരകമായ രാസവസ്തുക്കള്‍! മരുന്നിന്റെ രാസപരിശോധനാഫലം പുറത്തുവിട്ട് ഡോക്ടര്‍

കൊച്ചി: ക്യാന്‍സറിന് അദ്ഭുത മരുന്ന്, ഓപ്പറേഷനില്ലാതെ സുഖപ്പെടുത്തുന്നു, പ്രകൃതി ദത്തമായ ചികിത്സ തുടങ്ങി ഒട്ടനവധി പരസ്യവാചകങ്ങളോടെ സോഷ്യല്‍ മീഡിയയില്‍ ധാരാളം വ്യാജ പ്രചാരണങ്ങള്‍ നടക്കാറുണ്ട്. നിര്‍ഭാഗ്യവശാല്‍ പലരും അത്തരം വ്യാജന്മാരുടെ കൈയ്യില്‍പ്പെടാറുമുണ്ട്. പണവും ജീവനും വരെ നഷ്ടമായേക്കാവുന്ന അപകടങ്ങളിലേക്കാണ് നാം പോകുന്നതെന്ന് പലപ്പോഴും മനസിലാക്കാനും കഴിയില്ല.

അത്തരമൊരു മരുന്നാണ് ഷിമോഗ വ്യാജ കാന്‍സര്‍ മരുന്ന്. ഈ മരുന്ന് വലിയ തട്ടിപ്പാണെന്ന് വെളിപ്പെടുത്തുകയാണ് ഡോ. എബി ഫിലിപ്‌സ് ഫെയിസ്ബുക്കിലെഴുതിയ കുറിപ്പ്. ഈ മരുന്ന് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ ഫലമുള്‍പ്പെടെയാണ് ഡോക്ടറുടെ പോസ്റ്റ്. പലരാജ്യങ്ങളിലും നിരോധിച്ചിരിക്കുന്ന രാസവസ്തുക്കള്‍ മുതല്‍ ഘനലോഹങ്ങളും ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുമാണ് ഈ മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ക്യാന്‍സര്‍ ഭേദമാക്കാന്‍ സഹായിക്കുന്ന യാതൊരു മരുന്നുകളോ രാസവസ്തുക്കളോ ഈ പൊടിയില്‍ അടങ്ങിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

ഷിമോഗയിലെ നാരായണ മൂര്‍ത്തി വൈദ്യരുടെ ചികിത്സക്ക് വിധേയനായ ഒരു രോഗി നേരത്തെ മരണപ്പെട്ടതായി ഡോ. എബി പറയുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നിരിക്കാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. മരുന്ന് എന്ന പേരില്‍ കൊടുക്കുന്ന വസ്തു ശുദ്ധ തട്ടിപ്പാണെന്നും ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ അതിന് യാതൊരു കഴിവുമില്ലെന്നും എബി വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം.

പ്രധാനപ്പെട്ട പൊതുജനാരോഗ്യ താല്‍പര്യ വെളിപ്പെടുത്തല്‍
*പരമാവധി പങ്കുവെയ്ക്കുക*

ഷിമോഗ വ്യാജ കാന്‍സര്‍ മരുന്ന് – രാസ, ടോക്‌സിക്കോളജി വിശകലനം

അടുത്തിടെ അറുപതു വയസ് പ്രായമുള്ള ഒരുരോഗി ഒ.പി.ടി.യില്‍ വന്നിരുന്നു. ഫെബ്രുവരി മാസത്തില്‍ കരള്‍ കാന്‍സര്‍ കണ്ടെത്തി. അന്ന് കരളിലെ തടിപ്പ് കരിച്ചു കളയാന്‍ ആയിരുന്നു ചികില്‍സാ നിര്‍ണ്ണയം. വളരെ നേരത്തെ ഈ കരിച്ചുകളയല്‍ നടത്തുന്ന രോഗികള്‍ക്ക് നല്ല ബെനിഫിറ്റാണ് ലഭിക്കുക. എന്നാല്‍ പലരും പറഞ്ഞ്, വാട്‌സാപ്പ് വായിച്ചും അദ്ദേഹം ഷിമോഗയിലെ നാരായണ മൂര്‍ത്തി വൈദ്യരുടെ പക്കല്‍ എത്തി ചേര്‍ന്നു. അദ്ദേഹം രോഗിക്ക് നല്‍കിയത് കുറച്ച് പൊടിയും, പിന്നെ ആഹാരത്തില്‍ ഭയാനകമായ പത്ത്യവുമാണ്. [മരുന്നും, പഥ്യത്തിന്റെ കുറിപ്പും ഫോട്ടോയില്‍]. രണ്ടു മാസം ശ്രദ്ധയോടെ ഈ രോഗി, വൈദ്യര്‍ പറഞ്ഞത് അനുസരിച്ചു. പതിനാറ് കിലോ കുറഞ്ഞു. നേരത്തെ ഇല്ലാത്ത മഞ്ഞപ്പിത്തവും, വയറ്റില്‍ വെള്ളം കെട്ടലും ഉണ്ടായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ പൊടിയും മന്ത്രവാദവും, പഥ്യവും ഒന്നും തന്നെ ഏല്‍ക്കുന്നില്ല എന്ന ബോധോദയം ഉണ്ടായി. പിന്നെ ഒന്നും തന്നെ ചിന്തിച്ചില്ല. കരളിലെ കാന്‍സര്‍ കരിക്കുവാനായി തിരികെ വന്നു. പക്ഷെ സമയം കഴിഞ്ഞു പോയിരുന്നു. കരള്‍രോഗം കൂടയതിനാല്‍ കരിക്കല്‍ നടപ്പാക്കാന്‍ സാധ്യമല്ലായിരുന്നു. പിന്നീട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിലേക്ക് റഫര്‍ ചെയ്യതു. അങ്ങനെ ഒരു ജീവന്‍ നേരത്തെ തന്നെ നഷ്ടപ്പെടുകയാണ് ഇവിടെ ഉണ്ടായത്. ഷിമോഗയിലെ തട്ടിപ്പിനെപ്പറ്റി അറിഞ്ഞതു താമസിച്ചു പോയി. പക്ഷെ പോകുന്നതിന് മുമ്പ് ആ രോഗിയുടെ മകന്‍ ഷിമോഗയിലെ മാജിക് പൊടി എനിക്കു തന്നിട്ടാണ് യാത്രയായത്. ഏറ്റവും നല്ല അഡ്വാന്‍സ്ഡ് ലാബില്‍ ടെസ്റ്റ് ചെയ്തു.

അതില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് താഴെ പറയുന്നവയാണ്:

1. ഹെവി മെറ്റല്‍സ് അഥവാ ലോഹങ്ങള്‍ – ബോറോണ്‍, മാംഗനീസ്, ആര്‍സെനിക്, കാഡ്മിയം, വനേഡിയം, മെര്‍ക്കുറി, കോബാള്‍ട്ട്, ക്രോമിയം, നിക്കല്‍, താലിയം – കരളിനെയും മറ്റു അവയവങ്ങളെയും നശിപ്പിക്കുവാന്‍ കഴിവുള്ള നല്ല ഇനം ലോഹങ്ങള്‍. ലോഹങ്ങളുടെ പൂര്‍ണ വിശദീകരണം ഫോട്ടോയില്‍.

2. ‘പൈറോണ്‍’ എന്ന ഹെര്‍ബല്‍ രാസവസ്തു – ഈ ടോക്‌സിന്‍ ഉത്കണ്ഠ കുറയ്ക്കുന്ന ഒരു ഹെര്‍ബല്‍ കെമിക്കല്‍ അണ്. മോഡേണ്‍ മെഡിസിനിലെ ആല്‍പ്രാക്‌സ്, ഡയസെപാം എന്ന ഉറക്ക ഗുളികളുടെ ഇഫക്ട്. ഈ രാസം ലോകത്ത് പലയിടത്തും നിരോധിച്ചിരിക്കുന്നതായി കണ്ടെത്തി. ‘പൈറോണ്‍’ മനസിനെ ശാന്തമാക്കും പക്ഷെ കരളിനെ കൂടുതല്‍ നശിപ്പിക്കും. ഈ യാഥാര്‍ത്ഥ്യം ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ വിശദ വിവരങ്ങള്‍ കാണാം.

https://www.sciencedirect.com/…/ar…/pii/B9781437703108000087 https://www.ncbi.nlm.nih.gov/pubmed/12807347

ഷിമോഗയിലെ മരുന്നു കഴിച്ചിട്ട് ആദ്യത്തെ ഏതാനം ആഴ്ചകള്‍ രോഗിക്ക് സുഖം തോന്നുന്നത് ഈ രാസവസ്തു കാരണമാണ് എന്ന് വിശ്വസിക്കുന്നു.

ഷിമോഗ മരുന്നില്‍ കാന്‍സര്‍ സുഖപ്പെടുത്താതുള്ള ഒരു പദാര്‍ത്ഥവും കണ്ടെത്താനായി സാധിച്ചില്ല. ഇതെല്ലാം വായിച്ചിട്ടും ഷിമോഗ മാജിക് തേടി പൊകുന്ന രോഗികളെ ദൈവം രക്ഷിക്കട്ടെ.

ഗവേഷണ ഡിവിഷന്‍: ലിവര്‍ യൂണിറ്റ്, കൊച്ചിന്‍ ഗാസ്‌ട്രോ എന്ററോളജി ഗ്രൂപ്പ്,

ഡോ. അബി ഫിലിപ്‌സ്

 

 

DONT MISS