ചേതൻ ഭഗത്തിന്റെ നോവൽ തീമാക്കി സാരികൾ

ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവലായ ഹാഫ് ഗേൾഫ്രണ്ടി ആസ്പദമാക്കി ഒരു ഫാഷൻ ഡിസൈനർ സാരി രൂപകൽപ്പന ചെയ്യാനൊരുങ്ങുന്നു. പ്രശസ്ത ഫാഷൻ ഡിസൈനറായ മസബ ഗുപ്തയാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ.
 | 
ചേതൻ ഭഗത്തിന്റെ നോവൽ തീമാക്കി സാരികൾ

 

മുംബൈ: ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവലായ ഹാഫ് ഗേൾഫ്രണ്ടി ആസ്പദമാക്കി ഒരു ഫാഷൻ ഡിസൈനർ സാരി രൂപകൽപ്പന ചെയ്യാനൊരുങ്ങുന്നു. പ്രശസ്ത ഫാഷൻ ഡിസൈനറായ മസബ ഗുപ്തയാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ഹാഫ് ഗേൾഫ്രണ്ട് എന്ന നോവലിലെ പ്രണയ നായിക റിയയെ പ്രമേയമാക്കിയാണ് സാരികളൊരുക്കുന്നത് എന്ന് മസബ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. മസബ ലൈറ്റ് എന്ന പേരിൽ  ഭഗതിന്റെ കയ്യൊപ്പോടു കൂടിയ ലിമിറ്റഡ് എഡിഷൻ സാരി കളക്ഷനാണ് പുറത്തിറക്കുക. തന്റെ നോവൽ ഒരു ഫാഷൻ ഡിസൈനർ പ്രചോദനമാക്കുന്നതിന്റെ ആഹ്ലാദം ചേതൻ ഭഗത് തന്റെ ബ്ലോഗിലൂടെ പങ്കുവച്ചു.

മസബയുടെ ഈ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്. ഇരുപത്തിനാലാം വയസിൽ സത്യ പോളിൽ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡയറക്ടറായി തുടങ്ങിയതാണ് മസബയുടെ കരിയർ. 2009ൽ നടന്ന ലാക്മി ഫാഷൻ വീക്കിലൂടെയാണ് ഇവരുടെ ഡിസൈനുകൾ ജനപ്രിയമാകുന്നത്.

വലിയ സ്വപ്നങ്ങളുള്ള മാധവെന്ന ബിഹാറി പയ്യനും സമ്പന്നയായ ഡൽഹിക്കാരി പെൺകുട്ടി റിയയും തമ്മിലുള്ള പ്രണയത്തെ ചുറ്റിയാണ് ഹാഫ് ഗേൾഫ്രണ്ട് എന്ന നോവൽ മുന്നേറുന്നത്. രൂപ പബ്ലിഷേഴ്‌സ് ഒക്ടോബറിൽ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രീ ഓർഡർ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാർട്ടിൽ ആരംഭിച്ചിട്ടുണ്ട്. 149 രൂപയാണ് വില.