സ്‌കിന്നി ജീൻസ് ധരിച്ച യുവതിയുടെ കാലുകൾ തളർന്നു

ഓസ്ട്രേലിയയിൽ സ്കിന്നി ജീൻസ് ധരിച്ച യുവതി കാല് തളർന്ന് വീണതായി റിപ്പോർട്ട്. ഇറുകിയ ജീൻസ് കാലുകളിലെ പേശികളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തിയതിനെ തുടർന്നാണ് ഇവർ തളർന്നു വീണതെന്നാണ് റിപ്പോർട്ട്.
 | 
സ്‌കിന്നി ജീൻസ് ധരിച്ച യുവതിയുടെ കാലുകൾ തളർന്നു

 

അഡ്‌ലൈഡ്: ഓസ്‌ട്രേലിയയിൽ സ്‌കിന്നി ജീൻസ് ധരിച്ച യുവതി കാല് തളർന്ന് വീണതായി റിപ്പോർട്ട്. ഇറുകിയ ജീൻസ് കാലുകളിലെ പേശികളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തിയതിനെ തുടർന്നാണ് ഇവർ തളർന്നു വീണതെന്നാണ് റിപ്പോർട്ട്. അഡ്‌ലൈഡ് സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയാണ് ആശുപത്രിയിലായിരിക്കുന്നത്. നാഡികൾക്ക് ക്ഷതമേറ്റതിനാൽ കാലുകളിലെ മരവിപ്പ് മാറാത്തതിനേത്തുടർന്ന് ഇവർക്ക് നാലു ദിവസമെങ്കിലും ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് വിവരം.’ഫാഷൻ ഇര’എന്നാണ് ഇവരെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്.

കാലുകളിൽ പറ്റിച്ചേർന്നു കിടക്കുന്ന ഇറുകിയ ജീൻസാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്ന് റോയൽ അഡ്‌ലൈഡ് ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് തോമസ് കിംബർ പറഞ്ഞു. ഇതേ വേഷത്തിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് ജോലി ചെയ്തതിനേത്തുടർന്നാണ് ഇവർക്ക് കാലുകളിൽ അസ്വസ്ഥത തോന്നിയത്. കാലുകളിലെ രണ്ട് പ്രധാന നാഡികൾക്കേറ്റ ക്ഷതമാണ് ബലക്കുറവും തളർച്ചയും അനുഭവപ്പെടാൻ കാരണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഇവർക്ക് എഴുന്നേറ്റു നിൽക്കാൻ കഴിയുന്നാതെ വന്നത്. എങ്കിലും റോഡുവരെ ഇഴഞ്ഞെത്തിയ യുവതി സ്വയം ടാക്‌സി പിടിച്ച് ആശുപത്രിയിലെത്തുകയായിരുന്നു. കാലുകളിൽ നീര് വന്ന് വീർത്തിരുന്നതിനാൽ ആശുപത്രിയിൽവച്ച് ജീൻസ് മുറിച്ചു മാറ്റുകയായിരുന്നു.