നികേഷ് കുമാറിനെ അനുകൂലിച്ച് ദേശാഭിമാനി മുഖപ്രസംഗം

റിപ്പോർട്ടർ ചാനൽ മേധാവിയെ പിന്തുണച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. നികേഷ് കുമാറിന്റെ അറസ്റ്റിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രണയവും മാധ്യമ വിരോധവുമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇന്നലെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇതേ അഭിപ്രായം പ്രകടിപ്പിരുന്നു. കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ കോർപ്പറേറ്റ് പ്രണയം വ്യക്തമായി കാണാമെന്നും സ്വതന്ത്രമായി നിൽക്കുന്ന മാധ്യമസ്ഥാപനങ്ങളിലേക്ക് കടന്നു കയറുന്നത് മാധ്യമ വിരോധമാണെന്നും ദേശാഭിമാനി പറയുന്നു.
 | 

നികേഷ് കുമാറിനെ അനുകൂലിച്ച് ദേശാഭിമാനി മുഖപ്രസംഗം
കൊച്ചി: റിപ്പോർട്ടർ ചാനൽ മേധാവിയെ പിന്തുണച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. നികേഷ് കുമാറിന്റെ അറസ്റ്റിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രണയവും മാധ്യമ വിരോധവുമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇന്നലെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇതേ അഭിപ്രായം പ്രകടിപ്പിരുന്നു. കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ കോർപ്പറേറ്റ് പ്രണയം വ്യക്തമായി കാണാമെന്നും സ്വതന്ത്രമായി നിൽക്കുന്ന മാധ്യമസ്ഥാപനങ്ങളിലേക്ക് കടന്നു കയറുന്നത് മാധ്യമ വിരോധമാണെന്നും ദേശാഭിമാനി പറയുന്നു.

നികുതി അടയ്ക്കാതിരിക്കുന്നത് ശരിയാണെന്ന് ദേശാഭിമാനിക്ക് അഭിപ്രായമില്ലെന്ന കാര്യം മുമ്പെ പറഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതും നികേഷ് കുമാറിനെ പിന്തുണയ്ക്കുന്നതും. കഴിഞ്ഞ ഡിസംബർ വരെ രാജ്യത്തെ കോർപറേറ്റുകളുടെ നികുതി കുടിശ്ശിക 3,11,080 കോടി രൂപയാണെന്ന് പാർലമെന്റിൽ മോഡി സർക്കാർ വച്ച കണക്കിലുണ്ടെന്നും, ആ തുക പിരിച്ചെടുക്കാൻ ചെറുവിരലനക്കാതെയാണ് ചെറുകിട മാധ്യമസ്ഥാപനങ്ങൾക്കുനേരെ പരാക്രമം കാണിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

രാജ്യത്ത് കോർപ്പറേറ്റുകൾക്കും സാധരണക്കാർക്കും രണ്ടു നീതിയാണ് ഉള്ളത്. കോർപറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപ നികുതിയിളവായും ആനുകൂല്യങ്ങളായും നൽകാൻ മടിയില്ലാത്ത കേന്ദ്ര സർക്കാർ മാധ്യമസ്ഥാപനങ്ങളിൽനിന്ന് മാന്യമായ രീതിയിൽ നികുതി പിരിച്ചെടുക്കാൻ ശ്രമിക്കുന്നില്ലെന്നും ദേശാഭിമനി പറയുന്നു.

ദേശാഭിമാനിയുടെ മുഖപ്രസംഗം വായിക്കാം.

കോർപറേറ്റ് പ്രണയം, മാധ്യമവിരോധം

രാജ്യഭരണത്തിൽ കോർപറേറ്റുകൾ പിടിമുറുക്കുകയാണ്. വൻകിട ബിസിനസുകാരുടെ താൽപ്പര്യസംരക്ഷണവും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പ്രീണനവുമാണ് മോഡി സർക്കാരിന്റെ നയ പരിപ്രേക്ഷ്യം. കേന്ദ്രറെയിൽവേ ബജറ്റുകളിൽ ഇത് തെളിഞ്ഞു കാണാം. കോർപറേറ്റുകളുടെ ഇച്ഛാനുസരണം തൊഴിൽനിയമങ്ങളിലും ഭൂമി ഏറ്റെടുക്കൽ നിയമത്തിലും മാറ്റം, നിലവിട്ട സ്വകാര്യവൽക്കരണം, കോർപറേറ്റുകൾക്ക് വഴിവിട്ട ആനുകൂല്യങ്ങൾ ഇങ്ങനെ പോകുന്നു ആ നയങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർലമെന്റിൽ ജയിച്ചെത്തിയ 82 ശതമാനം ബിജെപി അംഗങ്ങളും കോടീശ്വരന്മാരാണ്. ലോക്‌സഭയിലെത്തിയ കോടിപതികളുടെ ശരാശരി സ്വത്ത് 14.61 കോടി. 201415ലെ കേന്ദ്ര ബജറ്റിന്റെ ഘടന തന്നെ ദരിദ്രവിഭാഗങ്ങളുടെ ചെലവിൽ കോർപറേറ്റുകളെ പോഷിപ്പിക്കുന്നതാണ്. കോർപറേറ്റ് നികുതിയിൽ അഞ്ചു ശതമാനം ഇളവുവരുത്തി രാജ്യത്തിന്റെ ഖജനാവിന് വൻ നഷ്ടമുണ്ടാക്കി. വിദേശരാജ്യങ്ങളിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ ഇന്ത്യക്കാർ സൂക്ഷിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനവും പാഴ്വാക്കായി. കള്ളപ്പണക്കാരുടെ പട്ടിക കൈയിലെത്തിയിട്ടും അനങ്ങാപ്പാറനയം തുടരുകയാണ് നരേന്ദ്രമോഡി സർക്കാർ. അത്തരമൊരു സർക്കാർ സേവനികുതി കുടിശ്ശികയുടെ പേരിൽ മാധ്യമസ്ഥാപനങ്ങളിൽ അതിക്രമം കാണിക്കുന്നത് വിരോധാഭാസമാണ്.

കേരളത്തിൽ വാർത്താരംഗത്ത് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രമുഖസ്ഥാനമുള്ള ഒന്നാണ് റിപ്പോർട്ടർ ചാനൽ. അതിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തെക്കുറിച്ചോ സാമൂഹ്യവിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചോ ഞങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല. സ്വതന്ത്രനിലപാടുമായി നിൽക്കാൻ പരിശ്രമിക്കുന്ന മാധ്യമസ്ഥാപനമെന്ന നിലയിലും അതിനെ വിശേഷിപ്പിക്കുന്നില്ല. എന്നാൽ, അത്തരം സ്ഥാപനങ്ങളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുകയും അതിനെ നയിക്കുന്ന മാധ്യമപ്രവർത്തകരെ ബന്ദികളാക്കി നികുതി കുടിശ്ശിക പിരിച്ചെടുക്കുകയും ചെയ്യുന്നതിലെ അസാംഗത്യം ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. കോർപറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപ നികുതിയിളവായും ആനുകൂല്യങ്ങളായും നൽകാൻ മടിയില്ലാത്ത കേന്ദ്ര സർക്കാർ മാധ്യമസ്ഥാപനങ്ങളിൽനിന്ന് മാന്യമായ രീതിയിൽ നികുതി പിരിച്ചെടുക്കാൻ ശ്രമിക്കുന്നില്ല എന്നത് ജുഗുപ്‌സാവഹമാണ്.

സേവനികുതി അടയ്ക്കാത്തതിന് റിപ്പോർട്ടർ ചാനൽ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ്‌കുമാറിനെ കേന്ദ്ര എക്‌സൈസ് വിഭാഗം അറസ്റ്റുചെയ്തു എന്നാണ് കൊച്ചിയിൽനിന്നുള്ള വാർത്ത. തിങ്കളാഴ്ച ചാനലിന്റെ കളമശേരി ഓഫീസിലെത്തിയ എക്‌സൈസ് അധികൃതർ നികേഷ്‌കുമാറിനെ സഹപ്രവർത്തകരുമായി സംസാരിക്കാൻപോലും അനുവദിക്കാതെ ക്യാബിനിൽ തടഞ്ഞുവച്ചു. സാമ്പത്തിക കുറ്റകൃത്യക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കി. 1,81,27,664 രൂപ അടച്ചതോടെയാണ് ജാമ്യം അനുവദിച്ചത്.

സേവനികുതിയോ മറ്റേതെങ്കിലും നികുതിയോ അടയ്ക്കാതിരിക്കുന്നത് ശരിയാണെന്ന അഭിപ്രായമില്ല. ആരാണോ അതടയ്‌ക്കേണ്ടത് അവർക്ക് അനിവാര്യമായും വേണ്ട സാവകാശം നൽകാൻ ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ട്. ഒരു നാട്ടിൽ രണ്ടു നീതി പാടില്ല. ഇവിടെ ഒരു മാധ്യമസ്ഥാപനത്തെയും അതിലെ പ്രധാന മാധ്യമപ്രവർത്തകരെയും തടഞ്ഞുവയ്ക്കുകയും ഭീഷണി മുഴക്കി കാശ് പിടിച്ചുവാങ്ങുകയുമാണ് ഉണ്ടായത്. ലക്ഷക്കണക്കിന് കോടി രൂപ നികുതി കുടിശ്ശികയുള്ള കോർപറേറ്റുകളോട് വിനീതവിധേയത്വം പുലർത്താനും ഇതേ സർക്കാർ മടിക്കുന്നില്ല എന്നിടത്താണ് വൈരുധ്യം. അതുകൊണ്ടുതന്നെ തങ്ങൾക്ക് ഹിതകരമല്ലാത്ത മാധ്യമങ്ങളെ വരുതിയിൽനിർത്താനുള്ള ആയുധമായി സെൻട്രൽ എക്‌സൈസ് വകുപ്പിനെ കേന്ദ്ര സർക്കാർ മാറ്റുകയാണോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമായി ഈ നടപടി വിലയിരുത്തപ്പെടാനുള്ള സാധ്യതയും അവിടെയാണ്. മാധ്യമങ്ങളുടെ ഉടമസ്ഥത കോർപറേറ്റുകളിൽ കേന്ദ്രീകരിക്കുന്ന കാലത്ത്, ചെറുകിട മാധ്യമങ്ങൾക്ക് നിലനിൽക്കാൻ പെടാപ്പാടുപെടേണ്ടി വരുന്നു. അത്തരം സ്ഥാപനങ്ങളോട് അനുഭാവം കാണിക്കുന്നതിനു പകരമാണ്, പകയോടെയുള്ള നടപടികളുണ്ടാകുന്നത്. കഴിഞ്ഞ ഡിസംബർ വരെ രാജ്യത്തെ കോർപറേറ്റുകളുടെ നികുതി കുടിശ്ശിക 3,11,080 കോടി രൂപയാണെന്ന് പാർലമെന്റിൽ മോഡി സർക്കാർ വച്ച കണക്കിലുണ്ട്. ആ തുക പിരിച്ചെടുക്കാൻ ചെറുവിരലനക്കാതെയാണ്, ചെറുകിട മാധ്യമസ്ഥാപനങ്ങൾക്കുനേരെ പരാക്രമം കാണിക്കുന്നത്. നികുതി കുടിശ്ശികയല്ല സർക്കാരിന്റെ പ്രശ്‌നമെന്ന് അതിൽ തെളിയുന്നുണ്ട്. മാധ്യമസ്ഥാപനങ്ങളോട് കാണിക്കുന്ന ഈ ശത്രുതാ മനോഭാവം തീർച്ചയായും ജനാധിപത്യസമൂഹത്തിൽ ചർച്ച ചെയ്യപ്പെടണം.