Thursday , 16 July 2020
News Updates

ദീപികയ്‌ക്കെതിരെ മനോരമ; എല്ലാം കാണിക്കാമെങ്കിൽ വാർത്തയാക്കിയാൽ എന്ത് ?

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിലെ വേഷത്തെയും ചോദ്യം ചെയ്ത് മലയാള മനോരമ. തുണിയെപ്പറ്റി പറയാൻ ദീപികയ്ക്ക് എന്താണ് അർഹതയെന്ന് ചോദിച്ച് കൊണ്ട് മനോരമ ഓൺലൈനിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പണത്തിനു വേണ്ടി സ്വന്തം ശരീരത്തെ പ്രദർശനവസ്തുവാക്കമെങ്കിൽ അത് വാർത്തയാക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലെ മാധ്യമങ്ങൾക്കുണ്ടെന്ന് മനോരമ അവകാശപ്പെടുന്നു. അല്ലാതെ സ്ത്രീയാണെന്നും സെലിബ്രിറ്റിയാണെന്നും കരുതി എന്തും വിളിച്ചു പറയാമെന്നും ആരെയും വിമർശിക്കാമെന്നും വിചാരിക്കരുതെന്നും മനോരമ ദീപികയോട് പറയുന്നു.

നായികയുടെ ശരീരഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് മാധ്യമങ്ങൾ തലക്കെട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ദീപിക തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റിട്ടിരുന്നു. നായികയുടെ ശരീരഭാഗങ്ങൾ തലക്കെട്ടാക്കുന്ന മാധ്യമങ്ങൾ ഒരു നായകന്റെ തുടയിടുക്ക് തലക്കെട്ടാക്കാൻ ധൈര്യം കാണിക്കുമോയെന്ന് ദീപിക പോസ്റ്റിൽ ചോദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഇപ്പോൾ മനോരമ രംഗത്തെത്തിയിരിക്കുന്നത്.

ഇത്രയും വലിയ വിവാദമൊക്കെ ഉണ്ടാക്കി പ്രസ്താവനയുമിറക്കിയ ദീപിക ഹാപ്പി ന്യൂ ഇയറിലെ ഒരു ഗാനത്തിൽ തുണിയഴിച്ച് ആടുന്നത് പരസ്യം ചെയ്തിരിക്കുന്നത് ആ മാധ്യമം ചെയ്തതിനേക്കാൾ തരംതാഴ്ന്ന രീതിയിലല്ലേയെന്നും മനോരമ ചോദിക്കുന്നു. ”പ്രെസന്റിങ് ദ ഹോട്ടസ്റ്റ് ഫയർ ക്രാക്കർ എന്ന് എഴുതിക്കാണിച്ചു കൊണ്ട് ആരംഭിക്കുന്ന ഗാനം. നിങ്ങളുടെ ബാക്കി ശരീരഭാഗങ്ങളിലൂടെയെല്ലാം ക്യാമറ കയറിയിറങ്ങി ഏറ്റവുമൊടുവിൽ ഒടുവിൽ മുഖത്തേക്കെത്തുന്നു. നൃത്തം എന്നത് വെറും പേക്കൂത്തായി മാറുന്ന കാഴ്ച. സ്വന്തം ശരീരത്തെ വെറുമൊരു കാഴ്ചവസ്തുവാക്കി മാത്രം മാറ്റുന്നത് നിങ്ങൾ തന്നെയല്ലേ”യെന്നും ലേഖകൻ ചോദിക്കുന്നു.

ദീപികയുടെ മാറിടം വാർത്തയാക്കിയ ടൈംസ് ഓഫ് ഇന്ത്യയെ ന്യായീകരിക്കാനും മനോരമ മറന്നിട്ടില്ല. ”മാറിടം തലക്കെട്ടാക്കിയെന്നു പറഞ്ഞാണല്ലോ നിങ്ങൾ ബഹളമൊക്കെ ഉണ്ടാക്കിയത്. പക്ഷേ ആരും നിങ്ങളുടെ മാറിടം ഒളിഞ്ഞിരുന്നു പകർത്തി കാണിച്ചിട്ടില്ല. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ശരീരത്തെ കച്ചവടച്ചരക്കാക്കിയത്. അത് വിപണനം ചെയ്യുക മാത്രമല്ലെ ആ മാധ്യമം ചെയ്തത്. അവരുടെ മഞ്ഞസംസ്‌ക്കാരത്തിനു കുട പിടിക്കുകയല്ല. മറിച്ച് അവരെ തരംതാഴത്താവുന്നതിന്റെ പരമാവധി താഴ്ത്തി നല്ല പിള്ള ചമയുന്ന നിങ്ങളുടെ കപടസംസ്‌ക്കാരത്തെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും മനോരമ ന്യായീകരിക്കുന്നു. നാളെ ഒരു പുരുഷൻ ജനനേന്ദ്രിയം കാണിക്കാൻ മുതിർന്നാൽ അതും വാർത്തയായേക്കാം. പക്ഷെ പ്രദർശിപ്പിക്കുന്ന നിങ്ങൾക്ക് നാണമില്ലെങ്കിൽ വാർത്തയാക്കുന്ന മാധ്യമങ്ങൾ നാണിക്കേണ്ടതുണ്ടോയെന്നും” മനോരമ ചോദിക്കുന്നു.

ഒരു കലാകാരിയെന്ന നിലയിലും സിനിമയുടെ കഥാസന്ദർഭങ്ങളുനുസരിച്ച് വേഷങ്ങൾ ധരിക്കുന്നത് അശ്ലീലമായി കാണുന്നത് അവരുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്‌നമാണ്. എല്ലാവരും പർദ്ദ ധരിച്ച് അഭിനയിക്കണമെന്നാണോ യാഥാസ്ഥികനായ മനോരമയുടെ ലേഖകൻ ഉദേശിക്കുന്നത്. ഹാപ്പി ന്യൂ ഇയറിലെ ഗാനം കണ്ട് വിമർശനം നടത്തിയ ലേഖകൻ ഇതിന് മുൻപ് ഹിന്ദി ചിത്രങ്ങളൊന്നും കണ്ടിട്ടില്ലേയെന്ന ചോദ്യവും ഇവിടെ ഉയരുന്നു. ഗാനത്തിൽ ദീപികയുടെ രംഗം വരുമ്പോൾ ആരും കണ്ണ് പൊതി ഇരിക്കുകയൊന്നും ഇല്ലല്ലോ…? ആസ്വദിച്ചിട്ടു കുറ്റം പറയുന്നത് മലയാളികളുടെ പൊതുവേയുള്ള പരിപാടിയാണ്. ഇതു വേറെ ഒന്നും കൊണ്ടും അല്ല…ഒരു പെണ്ണ് നേരെ നിന്ന് ‘എന്താടാ നിന്റെ പ്രശ്‌നമെന്ന് ചോദിച്ചു. അതാണ് നിന്റെ ഒക്കെ പ്രശ്‌നമെന്നാണ് ലേഖനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു രസികൻ കമന്റ് ചെയ്തത്.

മീഡിയ ഒരു വിശുദ്ധ പശുവാണെന്നാണ് മനോരമയുൾപ്പെട്ടയുള്ള മുത്തശ്ശി പത്രങ്ങളുടെ ധാരണ. ദേശീയ മുത്തശ്ശിയായ ടൈംസ് ഓഫ് ഇന്ത്യയെ ചൊറിഞ്ഞത് മല്ലു മുത്തശിക്ക് സഹിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇതായിരിക്കാം ദീപികയ്‌ക്കെതിരെ തിരിയാനുള്ള കാരണം.

DONT MISS