ചുംബന സംഗമത്തിന് സർക്കാർ സംരക്ഷണം നൽകണമെന്ന് മാതൃഭൂമി മുഖപ്രസംഗം

ചുംബന സംഗമത്തിന് ശക്തമായ പിന്തുണയുമായി മാതൃഭൂമി ദിനപ്പത്രം. ജനാധിപത്യപരമായ യുവാക്കളുടെ സംഗമത്തിന് സദാചാരവാദികളിൽ നിന്ന് സർക്കാർ സംരക്ഷണം നൽകണമെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. 'ചുംബന സമരം നിയമ വിരുദ്ധമെന്നു കണ്ടാൽ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
 | 
ചുംബന സംഗമത്തിന് സർക്കാർ സംരക്ഷണം നൽകണമെന്ന് മാതൃഭൂമി മുഖപ്രസംഗം

കോഴിക്കോട്: ചുംബന സംഗമത്തിന് ശക്തമായ പിന്തുണയുമായി മാതൃഭൂമി ദിനപ്പത്രം. ജനാധിപത്യപരമായ യുവാക്കളുടെ സംഗമത്തിന് സദാചാരവാദികളിൽ നിന്ന് സർക്കാർ സംരക്ഷണം നൽകണമെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. ‘ചുംബന സമരം നിയമ വിരുദ്ധമെന്നു കണ്ടാൽ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽ എവിടെയാണ് നിയമവിരുദ്ധതയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.’ മാതൃഭൂമി ഇന്നത്തെ എഡിറ്റോറിയലിൽ എഴുതുന്നു.

മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ചുംബന സംഗമവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകൾ പ്രഖ്യാപിച്ചിട്ടില്ല. മതസംഘടനകളുടെ പത്രങ്ങൾ ശക്തമായ എതിർപ്പാണ് പരിപാടിക്കെതിരെ പുലർത്തുന്നത്. രാഷ്ട്രീയപ്പാർട്ടികളുടെ മുഖപത്രങ്ങളും ചാനലുകളും ഒളിഞ്ഞും തെളിഞ്ഞും നിന്ന് അവ്യക്തമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് മലയാളത്തിലെ മുഖ്യധാരാ പത്രമായ മാതൃഭൂമി ഉറച്ച ശബ്ദത്തിൽ യുവാക്കളുടെ സംഗമത്തെ പിന്തുണക്കുന്നത്.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് എക്കാലത്തേക്കും ബാധകമായ ചില സദാചാര സംഹിതകൾ സമൂഹത്തിനുമേൽ അടിച്ചേല്പിക്കാൻ ചിലർ ശ്രമിക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കമെന്ന് മുഖപ്രസംഗം പറയുന്നു. ‘മനുഷ്യരാശിയെ നിലനിർത്തുന്ന ഏറ്റവും അടിസ്ഥാനപരവും മാനുഷികവുമായ വികാരമാണ് പ്രണയം. പ്രണയരാഹിത്യത്തിന്റെ തുടർച്ചയാണ് യുദ്ധമടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങളും. യുവാക്കളെ പ്രണയത്തിൽനിന്ന് അകറ്റുകയെന്നാൽ അവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുക എന്നല്ലാതെ മറ്റൊന്നുമല്ല.’

ചുംബന സംഗമത്തെ പിന്തുണച്ച എം.ബി. രാജേഷ് എം.പിയെയും വി.ടി. ബൽറാം എം.എൽ.എയും മാതൃഭൂമി അഭിനന്ദിച്ചു. വിയോജിപ്പുള്ള സമരരീതികളെ ആക്രമിക്കുകയെന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് ഡി.വൈ.എഫ്.ഐ. നേതാവ് എം.ബി. രാജേഷും യൂത്ത് കോൺഗ്രസ് നേതാവ് വി.ടി.ബൽറും ഒരേസമയം എടുത്ത നിലപാട്. തീർത്തും ജനാധിപത്യപരമായ നിലപാടാണിതെന്നും പത്രം പറയുന്നു.

‘ഒരുകൂട്ടർ സദാചാരത്തെ മറയാക്കി നിയമം കൈയിലെടുക്കുന്നത് ഒരു കാരണവശാലും പൊറുപ്പിക്കാൻ പാടില്ല. സ്വന്തം ദുരാചാരം നടപ്പാക്കാൻ ഗുണ്ടായിസം അഴിച്ചുവിടുന്നതാണ് അശ്ലീലം. അല്ലാതെ അതിനെതിരെ പ്രതിഷേധിക്കാൻ ഒരുമ്പെടുന്നതല്ല. പ്രണയത്തെ ഒരു കുറ്റകൃത്യമായി മുദ്രകുത്താൻ ശ്രമിക്കുന്ന നാട്ടിൽ പ്രണയം തന്നെയാകും പ്രതിഷേധത്തിന്റെ ശബ്ദം. അതിനെ തടഞ്ഞുനിർത്താനാകില്ല.’ മാതൃഭൂമി അർത്ഥശങ്കക്കിടയില്ലാത്തവിധം തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.

മുഖപ്രസംഗത്തിന്റെ പൂർണരൂപം താഴെ വായിക്കാം

ദുരാചാര ഗുണ്ടകളെ പ്രതിരോധിക്കേണ്ടതുണ്ട്

ഇന്റർനെറ്റ് ഇന്നൊരു സമരമുഖമാണ്. ഹർത്താലും ബന്ദും ക്‌ളാസ് ബഹിഷ്‌കരണവും വഴിതടയലുമൊക്കെ പതിറ്റാണ്ടുകളായി കണ്ടുശീലിച്ച് മടുത്ത മലയാളികൾക്ക് ഇന്റർനെറ്റിൽ പുതിയ സാമൂഹിക കൂട്ടായ്മകൾ ആഹ്വാനംചെയ്യുന്ന പുതിയ സമരരീതികൾ അമ്പരപ്പും വിസ്മയവുമുണർത്തുന്നത് സ്വാഭാവികമാണ്. സദാചാരത്തിന്റെ പേരിൽ തെരുവിൽ മനുഷ്യർ വേട്ടയാടപ്പെടുന്ന അവസ്ഥയ്‌ക്കെതിരെ ഇന്റർനെറ്റ്വഴി ആഹ്വാനംചെയ്ത സമരമാണ് ചുംബനപ്രതിഷേധം. അതിനെതിരെ സദാചാരത്തിന്റെ പേരുപറഞ്ഞ് ദുരാചാര ഗുണ്ടകളും പോലീസും വനിതാകമ്മീഷനുമൊക്കെ ഒരേസമയം രംഗത്തെത്തിയതോടെ അതിപ്പോൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കയാണ്. ചുംബനസമരം നിയമവിരുദ്ധമെന്നുകണ്ടാൽ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽ എവിടെയാണ് നിയമവിരുദ്ധതയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് എക്കാലത്തേക്കും ബാധകമായ ചില സദാചാര സംഹിതകൾ സമൂഹത്തിനുമേൽ അടിച്ചേല്പിക്കാൻ ചിലർ ശ്രമിക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. കോഴിക്കോട്ട് യുവജനങ്ങൾ ഒത്തുകൂടുന്ന ഒരു സ്വകാര്യഹോട്ടൽ, അവിടെ ചുംബനം നടന്നുവെന്ന് ആരോപിച്ച് ഒരുകൂട്ടംപേർ അടിച്ചുതകർത്തതോടെയാണ്, ചുംബനം എങ്ങനെയാണ് ഒരു കുറ്റകൃത്യമാകുന്നത് എന്ന ചർച്ച ഇന്റർനെറ്റിൽ പടർന്നുപിടിച്ചത്. ഏതാനും ദിവസങ്ങൾക്കകംതന്നെയാണ് കോഴിക്കോട്ട് നഗരമധ്യത്തിൽവെച്ച്, കോടതിമുമ്പാകെ ഹാജരാകാൻ പോവുകയായിരുന്ന കാമുകീ കാമുകന്മാരെ ക്വട്ടേഷൻ സംഘങ്ങൾ ആക്രമിച്ചത്. പ്രണയം ക്വട്ടേഷൻസംഘങ്ങളുടെ ആക്രമണത്തിന് വിധേയമാകുന്ന കാലം ഏതായാലും അത്ര ലളിതമായി എണ്ണാനാവില്ല. ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയ എന്ന പെൺകുട്ടിക്കെതിരായി സദാചാരവാദികൾ ഉന്നയിച്ച പ്രധാന ആരോപണവും ബസ്സിൽവെച്ച് കാമുകനുമൊത്ത് പ്രണയസല്ലാപത്തിൽ ഏർപ്പെട്ടു എന്നാണ്. പ്രണയസല്ലാപം ബലാത്സംഗത്തിലേക്ക് അത് കണ്ടുനിൽക്കുന്നവരെ നയിക്കുന്നുണ്ടെങ്കിൽ നാം ഇത്രകാലം പഠിപ്പിച്ച വിദ്യാഭ്യാസവും സംസ്‌കാരവും എല്ലാം പാഴായിപ്പോയി എന്നുതന്നെയാണ് അർഥം. കാരണം, മനുഷ്യരാശിയെ നിലനിർത്തുന്ന ഏറ്റവും അടിസ്ഥാനപരവും മാനുഷികവുമായ വികാരമാണ് പ്രണയം. പ്രണയരാഹിത്യത്തിന്റെ തുടർച്ചയാണ് യുദ്ധമടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങളും. യുവാക്കളെ പ്രണയത്തിൽനിന്ന് അകറ്റുകയെന്നാൽ അവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുക എന്നല്ലാതെ മറ്റൊന്നുമല്ല.

ഞായറാഴ്ച സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചി മറൈൻ ഡ്രൈവിൽ നടത്തുമെന്ന് ഇന്റർനെറ്റ് കൂട്ടായ്മവഴി പ്രഖ്യാപിച്ചിട്ടുള്ള ചുംബന പ്രതിഷേധത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ. എന്നീ സംഘടനകളിൽനിന്നൊക്കെയുള്ള സ്വരങ്ങൾ ഒരേസമയം രംഗത്തുവന്നു എന്നത് ശ്രദ്ധേയമാണ്. മലയാളി യൗവനത്തിന്റെ സ്വാഭാവിക പ്രതികരണമായും പ്രതിഷേധമായും വേണം ഇതിനെ കാണാൻ. വിയോജിപ്പുള്ള സമരരീതികളെ ആക്രമിക്കുകയെന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് ഡി.വൈ.എഫ്.ഐ. നേതാവ് എം.ബി. രാജേഷ് എം.പി.യും യൂത്ത് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം എം.എൽ.എ.യും ഒരേസമയം എടുത്ത നിലപാട്. തീർത്തും ജനാധിപത്യപരമായ നിലപാടാണിത്. മണിപ്പുരിൽ യുവതിയെ പട്ടാളക്കാർ ആക്രമിച്ചതിനെതിരെ അവിടത്തെ അമ്മമാർ സൈനിക ആസ്ഥാനത്തിനുമുന്നിൽ നഗ്‌നരായി പ്രകടനം നടത്തിയത് ഇന്നും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രതിഷേധത്തിന്റെ മുദ്രയാണ്. നമ്മുടെ യുവതീയുവാക്കളെ ഒരു ചുംബനപ്രതിഷേധ സമരത്തിലേക്ക് തള്ളിവിടുന്നതിന് പിറകിലുള്ള ആശങ്കകൾ ദൂരീകരിക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുകൂട്ടർ സദാചാരത്തെ മറയാക്കി നിയമം കൈയിലെടുക്കുന്നത് ഒരു കാരണവശാലും പൊറുപ്പിക്കാൻ പാടില്ല. സ്വന്തം ദുരാചാരം നടപ്പാക്കാൻ ഗുണ്ടായിസം അഴിച്ചുവിടുന്നതാണ് അശ്‌ളീലം. അല്ലാതെ അതിനെതിരെ പ്രതിഷേധിക്കാൻ ഒരുമ്പെടുന്നതല്ല. പ്രണയത്തെ ഒരു കുറ്റകൃത്യമായി മുദ്രകുത്താൻ ശ്രമിക്കുന്ന നാട്ടിൽ പ്രണയംതന്നെയാകും പ്രതിഷേധത്തിന്റെ ശബ്ദം. അതിനെ തടഞ്ഞുനിർത്താനാകില്ല.

കടപ്പാട്: മാതൃഭൂമി