രഞ്ജിത്ത് പറഞ്ഞത് അങ്ങനെയല്ല; ന്യൂസ് മൊമന്റ്‌സ് വാർത്ത പിൻവലിക്കുന്നു

സോഷ്യൽ മീഡിയയിൽ നിറയെ മാനസിക രോഗികളാണെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞതായുള്ള വാർത്ത ന്യൂസ്മൊമന്റ്സ് പിൻവലിക്കുന്നു. രഞ്ജിത്ത് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്തപ്പോഴാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുന്ന തരത്തിലുള്ള ഇത്തരമൊരു വാർത്ത ന്യൂസ്മൊമന്റ്സിൽ വന്നത്. വാർത്ത തെറ്റാണെന്ന് തിരിച്ചറിഞ്ഞതിനാൽ അത് പിൻവലിക്കുകയും വായനക്കാരോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു. പുതിയ മാധ്യമ സ്ഥാപനം എന്ന നിലയിൽ, പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ന്യൂസ് മൊമന്റസ് പ്രതിനിധിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റൊരാളിൽ നിന്ന് വാർത്ത സ്വീകരിച്ചതിനാലാണ് തെറ്റായ വാർത്ത പ്രസിദ്ധീകരിക്കേണ്ടി വന്നത്
 | 
രഞ്ജിത്ത് പറഞ്ഞത് അങ്ങനെയല്ല; ന്യൂസ് മൊമന്റ്‌സ് വാർത്ത പിൻവലിക്കുന്നു

കൊച്ചി: സോഷ്യൽ മീഡിയയിൽ നിറയെ മാനസിക രോഗികളാണെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞതായുള്ള വാർത്ത ന്യൂസ്‌മൊമന്റ്‌സ് പിൻവലിക്കുന്നു. രഞ്ജിത്ത് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്തപ്പോഴാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുന്ന തരത്തിലുള്ള ഇത്തരമൊരു വാർത്ത ന്യൂസ്‌മൊമന്റ്‌സിൽ വന്നത്. വാർത്ത തെറ്റാണെന്ന് തിരിച്ചറിഞ്ഞതിനാൽ അത് പിൻവലിക്കുകയും വായനക്കാരോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു. പുതിയ മാധ്യമ സ്ഥാപനം എന്ന നിലയിൽ, പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ന്യൂസ് മൊമന്റസ് പ്രതിനിധിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റൊരാളിൽ നിന്ന് വാർത്ത സ്വീകരിച്ചതിനാലാണ് തെറ്റായ വാർത്ത പ്രസിദ്ധീകരിക്കേണ്ടി വന്നത്
പത്രാധിപർ

രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ:
യഥാർത്ഥത്തിൽ രഞ്ജിത്ത് പറഞ്ഞവയിൽ നിന്നും ചില കാര്യങ്ങളെ അടർത്തി മാറ്റി വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇന്നലെ നടന്നതെന്ന് ന്യൂസ് മൊമന്റ്‌സ് നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായി. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന ജേണലിസ്റ്റുകളിൽ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. മറ്റ് നിരവധി വിഷയങ്ങൾ പ്രതിപാദിച്ച ശേഷം സന്ദർഭികമായി പറഞ്ഞ കാര്യമായിരുന്നു സോഷ്യൽ മീഡിയയിലെ അനാവശ്യ എഴുത്തുകൾ ഉണ്ട് എന്നത്. മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനമായിരുന്നു അത്. രാവിലെ മാധ്യമ പ്രവർത്തകർക്കായി സിനിമയുടെ പ്രത്യേക ഷോ നടത്തുകയും ചെയ്തിരുന്നു. സംവിധായകൻ വേണുവും സിനിമയുടെ നിർമാതാവായ രഞ്ജിത്തിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

തന്റെ സിനിമയെക്കുറിച്ച് ഫേസ്ബുക്കിൽ മികച്ച റിവ്യുകളാണ് വരുന്നതെന്നും സിനിമയക്ക് ഇത് ഗുണകരമായി എന്നും രഞ്ജിത്ത് തുടക്കത്തിൽ പറഞ്ഞിരുന്നു. ഇതിനിടയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ അടുത്ത കാലത്തെ ഫേസ്ബുക്ക് പരാമർശം ഒരു മാധ്യമപ്രവർത്തകൻ രഞ്ജിത്തിന്റെ ശ്രദ്ധയിൽ പെടുത്തി. സിനിമ ഇറങ്ങുമ്പോൾ തന്നെ റിവ്യു എഴുതുന്നത് മോശം പ്രവണതയാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പറഞ്ഞത്. ഇതിനോട് പൂർണമായി യോജിക്കുന്നില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ഫേസ്ബുക്കിലെ അത്തരം അഭിപ്രായങ്ങളെ മാനിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

അതിന് ശേഷം നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായത്. താൻ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ സജീവമല്ലെന്ന് രഞ്ജിത്ത് പറഞ്ഞു. എന്നാൽ അവിടെ മോശം പ്രവണതകൾ നടക്കുന്നതായി മനസ്സിലാക്കുന്നു. സിനിമകളെ എഴുതിത്തോൽപ്പിക്കാൻ ബോധപൂർണമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അടുത്ത കാലത്ത് ആസിഫ് അലിയുടെ ഫാൻസും ചിലരുമായി ഉണ്ടായ പ്രശ്‌നങ്ങൾ മോശം പ്രവണതകൾക്ക് ഉദാഹരണമാണ്. പണ്ടൊക്കെ ആളുകൾ അവരുടെ ഫ്രസ്‌ട്രേഷൻ തീർത്തിരുന്നത് പൊതു കക്കൂസുകളുടേയും തീവണ്ടിയുടെ കക്കൂസ് ചുവരുകളിലും എഴുതിയായിരുന്നു. ഇന്നത് ഫേസ്ബുക്കിലാണ്. അത്തരം മാനസീക രോഗമുള്ള ആളുകളും ഫേസ്ബുക്കിലുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.

ഈ പ്രസ്താവനയെയാണ് ഫേസ്ബുക്കിൽ നിറയെ മാനസിക രോഗികളാണെന്ന് രഞ്ജിത്ത് പറഞ്ഞതായി വ്യാഖ്യാനിച്ച് ന്യൂസ്‌മൊമൻറ്‌സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്തയാക്കിയത്. അത് തിരുത്താനും, യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് വായനക്കാരെ അറിയിക്കാനുമുള്ള ധാർമികമായ ബാധ്യത ന്യൂസ്‌മൊമന്റ്‌സ് ഏറ്റെടുക്കുന്നു.

ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ നേരിട്ട് സംബന്ധിച്ച മാതൃഭൂമിയിലെ പത്രപ്രവർത്തകൻ ബി.എസ്. ബിമിനിത് ഫേസ്ബുക്കിൽ എഴുതിയത് താഴെ വായിക്കാം.

രഞ്ജിത്തിന്റെ പബ്ലിക് കക്കൂസ് വിവാദം:
എരിവ് ഇത്തിരി കുറച്ച് വായിക്കണം. കാരണം എരിവ് വല്ലാതെ കൂട്ടിയത് വാർത്ത പുറത്തുവിട്ട ചില മാധ്യമ(ങ്ങളാ)മാണ്.

സംവിധായകൻ രഞ്ജിത് അത് പറഞ്ഞത് ഞാനടക്കമുള്ള മാധ്യമ പ്രവർത്തകരുടെ മുന്നിൽ വച്ചാണ്. അത് പറഞ്ഞുവെന്നത് ശരിയാണ്. അദ്ദേഹം പറഞ്ഞത് നൂറ്റമ്പതു ശതമാനം ശരിയുമാണ്.

ബുധനാഴ്ച കോഴിക്കോട് പ്രസ് ക്ലബ്ബിൽ വച്ച് നടത്തിയ പ്രസ് മീറ്റാണ് സന്ദർഭം. ബി ഉണ്ണികൃഷ്ണൻ സോഷ്യൽമീഡിയയെ നിശിതമായി വിമർശിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫെയ്‌സ്ബുക്ക് പരാമർശിക്കപ്പെട്ടത്. ഫെയ്‌സ്ബുക്കിലെ നല്ല അഭിപ്രായങ്ങൾ, നല്ല പ്രതികരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞതിനു ശേഷം. അതിലെ മോശം പ്രവണതകളേക്കുറിച്ചും അദ്ദേഹം പറഞ്ഞു. പെയ്ഡ് ക്യാമ്പയിൻ, താരങ്ങളെ ചുറ്റിത്തിരിയുന്ന ഉപഗ്രഹങ്ങൾ, ആസിഫ് അലിയുടെ ഫാൻസുമായി ഫെയ്‌സ്ബുക്ക് കമന്റിന്റെ പേരിലുണ്ടായ പ്രശ്‌നം. ഒടുവിൽ ഒരു ഓഫ് ടോക്ക്: പണ്ടൊക്കെ പബ്ലിക് കക്കൂസിന്റെ ചുമരിലായിരുന്നു സാമൂഹ്യ/മാനസിക രോഗികൾ പലതും എഴുതിവെച്ചത്. ഇന്നത് ഫെയ്‌സ്ബുക്കിലാണ്. കാര്യം ഇത്രയേ പറഞ്ഞുള്ളൂ. വാർത്ത എഴുതി വന്നപ്പോൾ ദാ കിടക്കുന്നു…

ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ പൊതു ശൗചാലയത്തിന്റെ ചുമരിലെഴുതുന്ന അതേ ലാഘവത്തോടെ പലതും എഴുതിവെക്കുന്നവരുണ്ടെന്നത് ഇവ ഉപയോഗിക്കുന്നവർക്കറിയാം. തുടക്കത്തിൽ അത്തരക്കാർ ഏറെയുണ്ടായിരുന്നെങ്കിൽ പിന്നീട് ഒരു പൊതുവേദിയിലാണ് സ്വയം തുണിയുരിഞ്ഞുകാണിക്കുന്നതെന്ന് ബോധം അവർക്കൊക്കെയുണ്ടായി എന്നതു ശരിയാണ്. ആ പ്രവണത കുറഞ്ഞോ കൂടിയോ എന്നു നോക്കാനുള്ള അളവുകോൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല

ഇതെല്ലാം മറന്ന് പറഞ്ഞ കാര്യത്തിന്റെ കാതൽ ചോർത്തിക്കളഞ്ഞ് വിവാദത്തിനു മാത്രം വേണ്ടി രഞ്ജിത് പറഞ്ഞ ഒരു ഓഫ് ടോക്ക് എടുത്ത് ടോക്കാക്കി മാറ്റിയത് ശരിയായില്ല. ഒട്ടും ശരിയായില്ല.