മനോരമക്കും മാതൃഭൂമിക്കും സർക്കാർ പരസ്യനിരക്കിൽ മൂന്നിരട്ടിയുടെ വർദ്ധനവ്; ക്രമക്കേടെന്ന് ആരോപണം

പത്രങ്ങളിൽ സർക്കാർ പരസ്യങ്ങൾ നൽകുന്നതിന്റെ നിരക്കിൽ ക്രമവിരുദ്ധമായ വർദ്ധനവ് വരുത്തിയതായി ആക്ഷേപം. മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ നിരക്കിലാണ് അസ്വാഭാവിക വർദ്ധനവ് വരുത്തിയിരിക്കുന്നത്. സെപ്തംബർ 10-ന് ഇറങ്ങിയ ഉത്തരവ് പ്രകാരം മൂന്നിരട്ടി വർദ്ധനവാണ് ഈ രണ്ട് പത്രങ്ങളുടെ പരസ്യനിരക്കുകളിൽ വരുത്തിയിരിക്കുന്നത്.
 | 

മനോരമക്കും മാതൃഭൂമിക്കും സർക്കാർ പരസ്യനിരക്കിൽ മൂന്നിരട്ടിയുടെ വർദ്ധനവ്; ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: 

സാധാരണ നിലയിൽ പത്ത് ശതമാനം വർദ്ധനവാണ് പരസ്യനിരക്കിൽ വരുത്താറ്. ഇത് എല്ലാം വർഷവും വരുത്തണമെന്നുമില്ല. എന്നാൽ ഇത്തവണ വരുത്തിയിരിക്കുന്ന വർദ്ധനവ് 300 ശതമാനത്തിൽ അധികമാണ്. മലയാള മനോരമക്ക് കോളം സെന്റീമീറ്ററിന് 1380 രൂപയായിരുന്നു മുൻ നിരക്ക്. ഇത് 4288 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. മുൻപ് അരപേജ് പരസ്യം നൽകാൻ രണ്ട് ലക്ഷത്തി എഴുപത്തിയാറായിരം രൂപയായിരുന്നു വേണ്ടിയിരുന്നെങ്കിൽ ഇനി എട്ട് ലക്ഷത്തി അമ്പത്തിയേഴായിരം രൂപ വേണം എന്നർത്ഥം.

മാതൃഭൂമി പത്രത്തിന് മുൻനിരക്ക് പ്രകാരം കോളം സെന്റീമീറ്ററിന് 945 രൂപയായിരുന്നു നൽകിയിരുന്നത്. ഇത് 2904 രൂപയായി ഒറ്റയടിക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. അര പേജ് പരസ്യത്തിന് മുൻപ് ഒരു ലക്ഷത്തി എൺപത്തി ഒമ്പതിനായിരം രൂപയായിരുന്നു വേണ്ടിയിരുന്നത്. ഇനി അഞ്ച് ലക്ഷത്തി എൺപതിനായിരം വേണ്ടിവരും.

മനോരമക്കും മാതൃഭൂമിക്കും സർക്കാർ പരസ്യനിരക്കിൽ മൂന്നിരട്ടിയുടെ വർദ്ധനവ്; ക്രമക്കേടെന്ന് ആരോപണം
മുൻവർഷങ്ങളിൽ ഈ പത്രങ്ങൾക്ക് നൽകിയ പരസ്യത്തിന്റെ തോതനുസരിച്ച് പ്രതിവർഷം 25 കോടി രൂപ വീതം ഓരോ പത്രത്തിനും അധികമായി ലഭിക്കുമെന്നാണ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്ര വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടിയായിട്ടും ധനകാര്യ വകുപ്പ് അറിഞ്ഞില്ല എന്നും ആക്ഷേപമുണ്ട്. ഇതിൽ ധനകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അമർഷം പ്രകടിപ്പിച്ചിട്ടുള്ളതായും അറിയുന്നു.

സംസ്ഥാനം കടക്കെണിയിലാണെന്ന് പ്രഖ്യാപിച്ച് അധിക നികുതികൾ ഏർപ്പെടുന്നുന്ന സമയത്താണ് ഇത്തരത്തിൽ വൻതോതിലുള്ള വർദ്ധനവ് നൽകുന്നതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. പരസ്യ നിരക്ക് വർദ്ധിപ്പിക്കണം എന്നത് രണ്ട് പത്രങ്ങളുടെയും കുറച്ച് കാലമായിട്ടുള്ള ആവശ്യമായിരുന്നു. നിരക്ക് കുറവാണെന്ന് ആരോപിച്ച് കുറച്ച് കാലമായി മനോരമ സർക്കാർ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുമില്ല. പത്രങ്ങൾ പോലും പ്രതീക്ഷിക്കാത്ത നിരക്കാണ് മന്ത്രി കെ.സി ജോസഫ് അനുവദിച്ചതെന്നാണ് വിമർശനം ഉയരുന്നത്.

മനോരമക്കും മാതൃഭൂമിക്കും സർക്കാർ പരസ്യനിരക്കിൽ മൂന്നിരട്ടിയുടെ വർദ്ധനവ്; ക്രമക്കേടെന്ന് ആരോപണം
നിലവിലെ നിരക്ക് കണക്കാക്കുമ്പോൾ കേരളത്തിലെ പരസ്യ ഏജൻസികൾക്ക് ഈ പത്രങ്ങൾ ഇതിലും കുറഞ്ഞ നിരക്കിലാണ് പരസ്യങ്ങൾ നൽകുന്നതെന്നാണ് ആരോപണം. അതായത് സർക്കാർ വകുപ്പിന് നൽകാൻ കഴിയുന്നതിലും കുറഞ്ഞ തുകക്ക് ഇനി സ്വകാര്യ കമ്പനികൾക്ക് പരസ്യം നൽകാൻ കഴിയുമെന്നർത്ഥം.

പത്ര സ്ഥാപനങ്ങളുടെ സർക്കുലേഷൻ പ്രഖ്യാപിക്കുന്ന എ.ബി.സി. പോലുള്ള ഏജൻസികളുടെ കണക്കുകൾ സർക്കാർ സ്വീകരിക്കാൻ പാടില്ലെന്നാണ് ചട്ടം. ഡപ്യൂട്ടി ഡയറക്ടറിൽ കുറയാത്ത പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ പത്ര സ്ഥാപനം നേരിട്ട് സന്ദർശിച്ച് തയ്യാറാക്കുന്ന കണക്കാണ് പി.ആർ.ഡി. അംഗീകരിക്കാവൂ. ഈ ചട്ടം ലംഘിച്ച് മനോരമയുടേയും മാതൃഭൂമിയുടേയും എ.ബി.സി. കണക്കുകൾ അതേപടി സ്വീകരിച്ചാണ് നിരക്ക് വർദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.

മലയാളത്തിലെ മറ്റ് പത്രങ്ങൾക്കൊന്നും നിരക്ക് വർദ്ധനവ് അനുവദിക്കാൻ വകുപ്പ് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിൽ ചെറുപത്രങ്ങളുടെ മാനേജ്‌മെന്റുകൾക്ക് പ്രതിഷേധമുണ്ടെന്നാണറിയുന്നത്.