ചുംബന സംഗമത്തിനെതിരെ വീക്ഷണം: പ്രശസ്തിക്ക് വേണ്ടി പെൺകുട്ടികൾ എന്തിനും തുനിഞ്ഞിറങ്ങുന്നുവെന്ന് മുഖപ്രസംഗം

ചുംബന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. തൊഴിൽസാധ്യത അവസരമാക്കി കൊച്ചിയിലെത്തിയ യുവ സമ്പന്ന സമൂഹമാണ് ഏത് അഴിഞ്ഞാട്ടത്തിനും മുന്നിട്ടിറങ്ങുന്നതെന്നും ലഹരിയാണ് പലപ്പോഴും അവരുടെ തലച്ചോറിനെ പൊതിയുന്നതെന്നും വീക്ഷണം പറയുന്നു. ചുംബന സമരം നടന്ന കൊച്ചി നഗരം കേരളീയ തനിമകളെ ക്രമേണ മറന്നു കൊണ്ടിരിക്കുകയാണ്.
 | 
ചുംബന സംഗമത്തിനെതിരെ വീക്ഷണം: പ്രശസ്തിക്ക് വേണ്ടി പെൺകുട്ടികൾ എന്തിനും തുനിഞ്ഞിറങ്ങുന്നുവെന്ന് മുഖപ്രസംഗം


കൊച്ചി:
ചുംബന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. തൊഴിൽസാധ്യത അവസരമാക്കി കൊച്ചിയിലെത്തിയ യുവ സമ്പന്ന സമൂഹമാണ് ഏത് അഴിഞ്ഞാട്ടത്തിനും മുന്നിട്ടിറങ്ങുന്നതെന്നും ലഹരിയാണ് പലപ്പോഴും അവരുടെ തലച്ചോറിനെ പൊതിയുന്നതെന്നും വീക്ഷണം പറയുന്നു. ചുംബന സമരം നടന്ന കൊച്ചി നഗരം കേരളീയ തനിമകളെ ക്രമേണ മറന്നു കൊണ്ടിരിക്കുകയാണ്. അന്യദേശങ്ങളിൽ നിന്നും കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് യുവാക്കൾ രക്ഷിതാക്കളുടെ പോലും നിയന്ത്രണമില്ലാതെ ഇവിടെ കഴിയുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പെൺകുട്ടികൾ എന്തിനും തുനിഞ്ഞിറങ്ങുകയാണ്. സമരത്തെക്കുറിച്ച് മാധ്യമങ്ങൾ സ്വന്തം അഭിപ്രായം പറയാൻ തയ്യാറായില്ലെന്നും ആധുനിക മലയാളി തലമുറയുടെ പാശ്ചാത്യ അഭിനിവേശമാണ് ഇത്തരം സമരമാർഗങ്ങൾക്കു പിന്നിലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

വീക്ഷണം മുഖപ്രസംഗത്തിന്റെ പൂർണരൂപം:

ഒരു തെറ്റ് എവിടെയെങ്കിലും സംഭവിച്ചാൽ അതിനെ നേരിടാൻ അതിനേക്കാൾ വലിയ തെറ്റുമായി രംഗത്തുവരുന്നത് ആശാസ്യമായ ഒന്നല്ല. കൊച്ചിയിൽ അരങ്ങേറിയ ചുംബന സമരം ഇത്തരത്തിൽ ഒന്നായിരുന്നു. കോഴിക്കോട് ഒരു ഹോട്ടലിന്റെ പുൽപ്പരവതാനിയിൽ ഒത്തുകൂടുന്ന കൗമാരക്കാർ ചുംബനവും മറ്റുമായി നമ്മുടെ സാംസ്‌കാരിക അന്തരീക്ഷത്തിന്റെ മഹത്വം മലിനപ്പെടുത്തുന്നു എന്നു പറഞ്ഞുകൊണ്ട് ബിജെപിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവർത്തകരാണ് ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകളും മറ്റും അടിച്ചു തകർത്തത്. ഹോട്ടലുകാരുടെ അനുവാദത്തോടെയാണ് മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികൾ നടത്തുന്നത് എന്നാണ് സമരക്കാർ പ്രസ്താവിച്ചത്. എന്നാൽ സംഭവത്തിനു പിന്നിൽ കപട സദാചാര പൊലീസിന്റെ ആവർത്തന അഭ്യാസമായിരുന്നു എന്ന് കൗമാരക്കാരെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നവർ ന്യായവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് സംഭവം പുറത്തുവന്നതോടെ കേരളത്തിന്റെ ന്യൂ ജനറേഷൻ കൂട്ടായ്മക്കാരുടെ രക്തം തിളച്ചു. ഫെയ്‌സ്ബുക്കിലൂടെ പലതരത്തിലുള്ള പ്രചാരണങ്ങളും വാഗ്‌വാദങ്ങളും അരങ്ങേറി. ഓരോ ദിവസം കഴിയുന്തോറും അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾക്ക് ശക്തിയേറുകയും ചെയ്തു. ഫലപ്രദമായി വിറ്റഴിക്കാവുന്ന ചരക്കായി കണ്ടുകൊണ്ടും മാധ്യമങ്ങളും പിന്നാലെ കൂടി. വാർത്തകളും ചിത്രങ്ങളും ചർച്ചകളും ആവർത്തിച്ച് അരങ്ങേറുകയും ചെയ്തു. ചർച്ചകളും മറ്റും അവതരിപ്പിച്ച ചാനലുകാരോ വിശകലനങ്ങൾക്കും മറ്റും തയ്യാറായ പത്രങ്ങളോ ചുംബനസമര വിഷയത്തിൽ മാധ്യമധർമ്മം എന്ന അധ്യായം മാറ്റിവച്ചുകൊണ്ട് യാതൊരു അഭിപ്രായവും സ്വന്തമായി പറയാൻ തയ്യാറായില്ല എന്നത് വേദനാജനകമാണ്.

സമൂഹത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന മാന്യമായ ഒരു സംസ്‌കാരത്തിന്റെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ടാണ് നമ്മുടെ പൂർവ്വികർ മുന്നോട്ടു നീങ്ങിയത്. ആധുനിക മലയാളി അതിൽതന്നെ യുവതലമുറ അനിയന്ത്രിതമായ പാശ്ചാത്യ അഭിനിവേശത്തിൽ കുതിച്ചു പായുകയാണ്. വേഷഭൂഷാദികളിലും ഭാഷാപ്രയോഗത്തിലും മാത്രമല്ല, എഴുത്തിലും പാട്ടിലും ആട്ടത്തിലുമൊക്കെ പാശ്ചാത്യവത്ക്കരണം ചെറുപ്പക്കാർക്കിടയിൽ വ്യാപകമായിരിക്കുന്നു. ചെറുപ്പക്കാരുടെ കൂട്ടായ്മകളിൽ സ്വന്തം അടിവേരുകൾ പിഴുതെറിഞ്ഞ് നവീനതയുടെ ഭ്രമാത്മകമായ എന്തിനെയും ആവേശപൂർവ്വം ആലിംഗനം ചെയ്യുകയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്നതും ലോകസമൂഹം ആദരപൂർവ്വം നോക്കിക്കാണുന്നതുമായ നമ്മുടെ മഹനീയമായ സംസ്‌കാരത്തെ അവഗണിച്ചാണ് ഈ ആവേശപ്രകടനമൊക്കെ നടക്കുന്നത്.

രക്തബന്ധങ്ങൾക്കും സ്‌നേഹബന്ധത്തിനും വലിയ വിലകല്പിച്ചിട്ടുള്ളതാണ് നമ്മുടെ സംസ്‌കാരം. കുടുംബബന്ധങ്ങളിലും സൗഹൃദവലയങ്ങളിലും ആ സാംസ്‌കാരിക സത്ത നിലനിർത്തിക്കൊണ്ടാണ് മുൻതലമുറകളെല്ലാം ജീവിച്ച് മൺമറഞ്ഞത്. നമ്മുടെ തൊട്ട് മുൻതലമുറയ്ക്ക് വരെ ഇന്ന് ലഭ്യമായ ആധുനിക ശാസ്ത്രസൗകര്യങ്ങൾ ലഭ്യമായിരുന്നില്ല എന്നത് ഒരു അനുഗ്രഹമായിരുന്നിരിക്കണം. പുത്തൻ സിനിമകളും ലോകത്തെ എന്തും കൺമുന്നിലെത്തിക്കുന്ന ചാനൽ പ്രളയവും പുതിയ തലമുറയുടെ സ്വഭാവങ്ങളെ അപ്പാടെ ഉഴുതുമറിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ ആണിയായി ഉറച്ച് നിൽക്കേണ്ട സദാചാരശീലങ്ങളെപ്പോലും പുല്ലുവില കല്പിക്കാതെ തള്ളുകയാണ്. പരസ്യത്തിനും പ്രചാരത്തിനും വേണ്ടി പെൺകുട്ടികളടക്കമുള്ളവർ എന്തിനും തുനിഞ്ഞിറങ്ങുന്നു എന്നത് ഭാവിയെ നോക്കിക്കാണുന്നവരെ ഭീതിപ്പെടുത്തുന്നുണ്ട്.

ഭാവിതലമുറയുടെ ശീലങ്ങൾ കരുപ്പിടിപ്പിക്കുന്നത് കുടുംബങ്ങളിൽ നിന്നുതന്നെയാണ്. പുതുതലമുറ രക്ഷിതാക്കളും ഒരു പരിധിവരെ ആൺ/പെൺമക്കളുടെ നിലവിട്ടുള്ള പ്രവർത്തികളെ നിയന്ത്രിക്കാതെ കണ്ണടയ്ക്കുന്നുണ്ട്. ചുംബനസമരം നടന്ന കൊച്ചിനഗരം കേരളീയതയുടെ തനിമകളെ ക്രമേണ മറന്നുകൊണ്ടിരിക്കുകയാണ്. അന്യദേശങ്ങളിൽ നിന്നും കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് യുവാക്കൾ രക്ഷിതാക്കളുടെപോലും നിയന്ത്രണമില്ലാതെ ഇവിടെ കഴിയുകയാണ്. ഐടി രംഗത്ത് ഉണ്ടായിട്ടുള്ള വലിയ തൊഴിൽസാധ്യത അവസരമാക്കി കൊച്ചിയിൽ കുടിയേറിയിട്ടുള്ള യുവ സമ്പന്ന സമൂഹമാണ് ഏത് അഴിഞ്ഞാട്ടത്തിനും മുന്നിട്ടിറങ്ങുന്നത്. ലഹരിയാണ് പലപ്പോഴും അവരുടെ തലച്ചോറിനെ പൊതിയുന്നത്.

അതിനുള്ള അവസരം തേടി സംഘം ചേരുന്ന പല സംഭവങ്ങളുടെയും വാർത്തകൾ പുറത്തുവരുന്നുണ്ട്. യുവാക്കളായാലും മുതിർന്നവരായാലും മലയാളത്തിന്റെ നല്ല ശീലങ്ങളെ അപ്പാടെ അവഗണിച്ചുള്ള പ്രവൃത്തികളിലേക്ക് തിരിയരുത്. പക്വതയിലെത്തിയ മുതിർന്ന സമൂഹം കാലാകാലങ്ങളിലുണ്ടാകുന്ന അപക്വതയാർന്ന പ്രവർത്തനങ്ങളെ തുടക്കത്തിലേതന്നെ തടയാൻ രംഗത്തിറങ്ങണം. അല്ലാതെ വന്നാൽ ഭാവിയിൽ നല്ല കേരളം എന്ന സ്വപ്‌നം പേറുന്ന നമുക്ക് വലിയ നഷ്ടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.