അഭിസാരിക പാതിവ്രത്യത്തെ പറ്റി പറയുന്നത് പോലെയാണ് ഗണേഷ് കുമാർ രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പറയുന്നതെന്ന് വീക്ഷണം ദിനപത്രം

കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് മുഖപത്രം. ഗണേഷ് കുമാറിന്റെ വാക്കുകൾക്ക് കാവിയുടെ നിറവുമാണെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
 | 

അഭിസാരിക പാതിവ്രത്യത്തെ പറ്റി പറയുന്നത് പോലെയാണ് ഗണേഷ് കുമാർ രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പറയുന്നതെന്ന് വീക്ഷണം ദിനപത്രം
കൊച്ചി:
കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് മുഖപത്രം. ഗണേഷ് കുമാറിന്റെ വാക്കുകൾക്ക് കാവിയുടെ നിറവുമാണെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. യു.ഡി.എഫിൽ നിന്ന് കലഹിച്ചു പോയാൽ എൽ.ഡി.എഫ് ഏറ്റെടുക്കുമെന്നുറപ്പില്ലാതായപ്പോഴാണ് സംഘ് പരിവാറിൽ അദ്ദേഹം ആകൃഷ്ടനാവുന്നത്. സിനിമാ പ്രവർത്തകർ കൂട്ടമായും ഒറ്റയായും കാവിക്കച്ചയണിയാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഗണേഷ് കുമാറിനും കാവി മോഹം മൊട്ടിട്ടതെന്നും വീക്ഷണം പറയുന്നു.

ബാലകൃഷ്ണപിള്ളയുടെ ഇഷ്ടം നോക്കാതെ ഉമ്മൻചാണ്ടി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കി. ഇതിന്റെ പേരിൽ അച്ഛനും മകനും നടത്തിയ മല്ല യുദ്ധങ്ങളും ഒത്തുതീർപ്പും വീണ്ടും കലഹവും യുഡിഎഫിനുണ്ടാക്കിയ നാണക്കേട് ചില്ലറയായിരുന്നില്ല. അതിനിടയിലാണ് ഗണേഷിന്റെ കുടുംബവഴക്കും പെൺവിവാദങ്ങളുമൊക്കെ മസാല സിനിമകളുടെ എരിവും പുളിവോടെയും മറനീക്കി പ്രദർശിക്കപ്പെട്ടതെന്നും വീക്ഷണം പറയുന്നു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ബി.ജെ.പി സീറ്റ് ലക്ഷ്യം വച്ചാണ് ഗണേഷ് പത്രസമ്മേളനം നടത്തിയത്. മന്ത്രിസ്ഥാനം കിട്ടില്ല എന്നുറപ്പായപ്പോഴാണ് യു.ഡി.എഫ് വിടുന്നത്. ആരാച്ചാർ അഹിംസയെപ്പറ്റി സംസാരിക്കുന്നത് പോലെയാണ് ഗണേഷ് സംസാരിക്കുന്നത്. അഭിസാരിക പാതിവ്രത്യത്തെ പറ്റി പറയുന്നത് പോലെയാണ് ഗണേഷ് രാഷ്ട്രീയ സദാചാരത്തെ കുറിച്ച് പറയുന്നത്. വയറ്റിലെ കുഞ്ഞിനെ പ്രതീക്ഷിച്ച് ഗണേഷ് കൈയിലെ കുഞ്ഞിനെ കളയരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം

യു ഡി എഫിലിരുന്നു മുത്ത് അളന്ന കൈക്കൊണ്ട് കാവി കൂടാരത്തിൽ പോയി മോര് അളക്കാനാണ് കെ ബി ഗണേഷ് കുമാറിന്റെ ശ്രമം. ഏതാനും ദിവസം മുമ്പ് നിയമസഭയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചു പ്രതിപക്ഷത്തിന്റെ കൈയ്യടി നേടിയ കെ ബി ഗണേഷ് കുമാറിന്റെ ഇന്നലത്തെ വാക്കുകൾക്ക് കാവിയുടെ നിറവും മണവുമുണ്ടായിരുന്നു. യു ഡി എഫിൽ നിന്ന് കലഹിച്ചു പോയാൽ എൽ ഡി എഫ് ഏറ്റെടുക്കുമെന്നുറപ്പില്ലാതായപ്പോഴാണ് സംഘ് പരിവാറിൽ അദ്ദേഹം ആകൃഷ്ടനാവുന്നത്. സിനിമാ പ്രവർത്തകർ കൂട്ടമായും ഒറ്റയായും കാവിക്കച്ചയണിയാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഗണേഷ് കുമാറിനും കാവി മോഹം മൊട്ടിട്ടത്. ബി ജെ പിയിൽ അംഗത്വവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് താമര ടിക്കറ്റും ഉറപ്പിച്ചായിരുന്നു ഗണേഷ് കുമാർ ഇന്നലെ പത്രസമ്മേളനവും അഴിമതിക്കെതിരെയുള്ള പോരാട്ട പ്രഖ്യാപനവും നടത്തിയത്.

അനേകം നന്ദികേടുകളുടെയും നാണക്കേടുകളുടെയും നാറുന്ന ഭാണ്ഡക്കെട്ടുകൾ യു ഡി എഫിൽ നിക്ഷേപിച്ചാണ് പത്തനാപുരം എം എൽ എ യു ഡി എഫിൽ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഏതാണ്ടുറപ്പായപ്പോൾ പിന്നെ പാല് കൊടുത്ത കൈകളിൽ കടിച്ചിട്ടാകാം പിണങ്ങി പോക്കെന്ന് ഗണേഷൻ തീരുമാനിച്ചിട്ട് നാളേറെയൊന്നും ആയില്ല. യു ഡി എഫിൽ ഇരുന്നു കൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള ഗണേഷിന്റെ കൊലച്ചതി അനുവദിക്കില്ലെന്ന് യു ഡി എഫ് പ്രഖ്യാപിച്ചതോടെ അദ്ദേഹം തയ്യാറാക്കി വെച്ച തിരക്കഥയനുസരിച്ചുള്ള അഭിനയം ആരംഭിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന പേരിട്ട് തന്റെ നെറികേടിന് ആദർശ പരിവേഷം നൽകാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു. ആരാച്ചാർ അഹിംസയെപ്പറ്റി സംസാരിക്കുന്നത് പോലെയാണ് ഗണേഷ് കുമാർ അഴിമതിക്കെതിരെ സംസാരിക്കുന്നത്.

അഭിസാരിക പാതിവ്രത്യത്തെപറ്റി പറയുന്നത് പോലെയാണ് അദ്ദേഹം രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് വിലപിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം ഗണേഷ് ആരംഭിക്കേണ്ടത് യു ഡി എഫിൽ നിന്നല്ല. എവിടെ നിന്നാണെന്ന് ഞങ്ങൾ പറയുന്നില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം ആർക്കെതിരെ തുടങ്ങണമെന്നും പറയുന്നില്ല. വയറ്റിലെ കുഞ്ഞിനെ വിശ്വസിച്ചു കൈയിലെ കുഞ്ഞിനെ കളയുരതെന്നേ പത്തനാപുരം എം എൽ എയോട് പറയാനുള്ളൂ. അച്ഛന്റെ തുണയും സിനിമയിലെ മേൽവിലാസവും കൊണ്ട് മാത്രമായിരുന്നില്ല ഗണേഷൻ പത്തനാപുരത്ത് ജയിച്ചത്. ആയിരക്കണക്കിന് യു ഡി എഫ് പ്രവർത്തകരുടെ അഹോരാത്ര പ്രവർത്തനമായിരുന്നു പത്തനാപുരത്ത് ഗണേഷിനെ വിജയിപ്പിച്ചത്.

2001ലെ മന്ത്രിസഭയിൽ പിള്ളയ്ക്ക് മന്ത്രിയാകാനുള്ള സാങ്കേതിക തടസ്സം മകന് അനുഗ്രഹമായി മാറുകയായിരുന്നു. വേണമെങ്കിൽ ഭരണപരിചയ കുറവ് ചൂണ്ടിക്കാണിച്ചു എ കെ ആന്റണിക്ക് ഗണേഷ് കുമാറിനെ മാറ്റിനിർത്തമായിരുന്നു. പക്ഷെ; മുന്നണി രാഷ്ട്രീയത്തിലെ മര്യാദയനുസരിച്ച് കന്നി എം എൽ എയായ ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ കോൺഗ്രസും യു ഡി എഫും തയ്യാറായി. 2011ലെ തിരഞ്ഞെടുപ്പിൽ അച്ഛന്റെ അഭാവം വീണ്ടും ഗണേഷ് കുമാറിനെ തുണച്ചു. പിള്ളയുടെ ഇഷ്ടം നോക്കാതെ ഉമ്മൻചാണ്ടി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കി. ഇതിന്റെ പേരിൽ അച്ഛനും മകനും നടത്തിയ മല്ല യുദ്ധങ്ങളും ഒത്തുതീർപ്പും വീണ്ടും കലഹവും യു ഡി എഫിനുണ്ടാക്കിയ നാണക്കേട് ചില്ലറയായിരുന്നില്ല. അതിനിടയിലാണ് ഗണേഷന്റെ കുടുംബവഴക്കും പെൺവിവാദങ്ങളുമൊക്കെ മസാല സിനിമകളുടെ എരിവും പുളിവോടെയും മറനീക്കി പ്രദർശിക്കപ്പെട്ടത്.

ഈ വിവാദമായിരുന്നു ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് താണുകൊണ്ടിരുന്ന ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താനാവാതെ പോയത് യു ഡി എഫിന്റെ കൂടോത്രമോ ഉമ്മൻചാണ്ടിയുടെ ചാത്തൻ സേവയോ ആയിരുന്നില്ല; സ്വന്തം പ്രവർത്തികളിലെ കണ്ടകശനി കൊണ്ടായിരുന്നു. അതിനെയാണ് സ്വയംകൃതാനർത്ഥമെന്ന് പറയുന്നത്. പടയിറങ്ങിപോകുമ്പോൾ മറ്റുള്ളവരെ പുളിച്ച തെറി പറയുന്ന ഗണേഷ് കുമാർ ഇന്നലകളെ വിസ്മരിക്കരുത്. സ്വന്തം ശ്രേയസ്സിനായി കുടുംബബന്ധങ്ങളും രക്തബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞ അദ്ദേഹത്തിന് കാവിലഹരി മൂക്കുമ്പോൾ രാഷ്ട്രീയ ബന്ധങ്ങളും നിഷ്പ്രയാസം പറിച്ചെറിയാനാകും.

സിനിമയിലെ വേഷങ്ങൾ മാറുന്നത് പോലെ ലളിതമല്ല; രാഷ്ട്രീയത്തിലെ വേഷങ്ങൾ മാറുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ തണലിൽ വളർന്ന ഗണേഷ് കുമാർ സംഘ് പരിവാറിന്റെ താലമെടുത്താണ് എഴുന്നെള്ളിപ്പിന് അണിനിരക്കുന്നതെങ്കിൽ അത് ആത്മഹത്യാപരമായ ഒന്നായിരിക്കും. കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ഗണേഷ് കുമാറിന്റെ നീക്കങ്ങൾക്ക് നിഗൂഢതയുടെ പരിവേഷമുണ്ടായിരുന്നു. മോങ്ങാനിരുന്ന അദ്ദേഹത്തിന്റെ തലയിൽ വീണ തേങ്ങയായിരുന്നു പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ.