ആഷിഖ് അബുവിന്റെ ‘വേശ്യാ’ പരാമർശം: സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കൊക്കൈൻ കേസുമാസി ബന്ധപ്പെട്ട് മംഗളം വാർത്തയെക്കുറിച്ച് ആഷിഖ് അബു ഫേസ്ബുക്കിൽ എഴുതിയ സ്റ്റാറ്റസിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം. സ്റ്റാറ്റസിലെ 'വേശ്യാ ' പ്രയോഗമാണ് വിമർശനത്തിനിടയാക്കിയത്. ആഷിഖിന്റെ പദപ്രയോഗം സ്ത്രീവിരുദ്ധമാണെന്ന് പലരും പ്രതികരിച്ചു
 | 
ആഷിഖ് അബുവിന്റെ ‘വേശ്യാ’ പരാമർശം: സോഷ്യൽ മീഡിയയിൽ പ്രതിഷേധം

 

കൊച്ചി: കൊക്കൈൻ കേസുമാസി ബന്ധപ്പെട്ട് മംഗളം വാർത്തയെക്കുറിച്ച് ആഷിഖ് അബു ഫേസ്ബുക്കിൽ എഴുതിയ സ്റ്റാറ്റസിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം. സ്റ്റാറ്റസിലെ ‘വേശ്യാ ‘ പ്രയോഗമാണ് വിമർശനത്തിനിടയാക്കിയത്. ആഷിഖിന്റെ പദപ്രയോഗം സ്ത്രീവിരുദ്ധമാണെന്ന് പലരും പ്രതികരിച്ചു.

മാധ്യമ പ്രവർത്തകയായ അനുപമ വെങ്കിടേഷിന് പറയാനുള്ളതിങ്ങനെയാണ്. ‘പ്രതിസന്ധിവന്ന നേരത്ത്, രോഷം പ്രകടിപ്പിക്കാൻ താങ്കൾ ഉപയോഗിച്ച ഭാഷ അപലപിക്കപ്പെടേണ്ടതു തന്നെയാണ് ആഷിഖ് അബു. ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രവും അടിസ്ഥാനപരമായി മനസിലുറച്ചു പോയ ചില ചിന്തകളും തമ്മിലുള്ള ഈ പൊരുത്തക്കേട് അപകടകരം തന്നെയാണെന്ന് താങ്കളും മനസിലാക്കുന്നുണ്ടാകുമല്ലോ.. മുറിവുണ്ടാക്കുന്ന അപമാനകരമായ വാക്കുകളായിരുന്നു.. തിരുത്തുമെന്നു കരുതുന്നു..’

വേശ്യാവൃത്തി ചതിയുടെ തൊഴിലല്ലെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് മായാ ലീല പറയുന്നു. ‘കള്ളത്തരത്തിന്റെ ചെയ്തിയുമല്ല. വഞ്ചനയോ ഒറ്റുകൊടുക്കലോ പദ്ധതികൾ ആസൂത്രണം ചെയ്ത് ആളുകളെ കുഴിയിൽ ചാടിക്കലോ അല്ല. ഒരു സ്ത്രീ അവരുടെ ശരീരം ഉപയോഗിച്ച് തൊഴിലെടുത്ത് ജീവിക്കുന്നു. ആഷിഖ് അബു അറിയാൻ; അങ്ങേയറ്റം നാണം കെട്ട കള്ളത്തരങ്ങളും ചതിയും നടത്തുന്ന മാധ്യമപ്രവർത്തകരെ വേശ്യകളെന്ന് ഉപമിച്ചും അങ്ങനെ വിളിച്ച് അപമാനിക്കാൻ ശ്രമിക്കുന്നതായും കണ്ടു.

നിങ്ങളുടെ രോഷം സ്വാഭാവികം, പക്ഷേ നിങ്ങൾ സിനിമകളിലൂടെ വിളമ്പുന്ന സ്ത്രീവിരുദ്ധത പോരാഞ്ഞിട്ടാണോ ധാർമ്മിക രോഷത്തിന്റെ പേരിലെ ഈ പ്രകടനം? പുരുഷന്മാരെന്ന സ്വാർത്ഥ ലാഭ മോഹികൾ ചെയ്യുന്ന അത്ര വഞ്ചനയൊന്നും വേശ്യാവൃത്തിയിലില്ല.’ കൂട്ടിക്കൊടുപ്പ് നടത്തുന്ന പുരുഷന്റെ അത്ര തരം താഴ്ന്നവളല്ല വേശ്യയെന്നും മായ തന്റെ സ്റ്റാറ്റസിൽ പറയുന്നു.

ആഷിഖ് അബുവിന്റെ പോസ്റ്റിലെ ചില വാക്കുകളോടുള്ള വിയോജിപ്പ് മാധ്യമ പ്രവർത്തക സിതാര ശ്രീലയവും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. ‘മുക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും നമ്മുടെ ഭാഷ രൂക്ഷമാകും. പക്ഷേ വേശ്യാപ്രയോഗം എനിക്ക് അംഗീകരിക്കാൻ വയ്യ. സ്ത്രീയെ ശരീരമായി കാണുന്ന ആൺകോയ്മാ സംസ്‌കാരമാണ് വേശ്യകളെ സൃഷ്ടിക്കുന്നത് എന്നിരിക്കെ താങ്കൾ ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തനം വേശ്യാവൃത്തിയോടല്ല താരമത്യപ്പെടുത്തേണ്ടിയിരുന്നത്. താങ്കളെപ്പോലെ പ്രതികരണശേഷിയുള്ളവർ മെയിൽ ഷോവനിസ്റ്റ് ചിന്തകളിൽ കുരുങ്ങിക്കിടക്കുന്നു എന്ന് തോന്നിപ്പിക്കും വിധമുള്ള എഴുത്ത് എന്നെ നിരാശയാക്കുന്നു’ വന്നും സിതാര കുറിക്കുന്നു.

മാധ്യമ പ്രവർത്തകനായ ഇ സനീഷ് എഴുതുന്നത് ഇങ്ങനെയാണ്. ‘നിരന്തരം നമ്മൾ അറിയാതെ ഉപയോഗിക്കുന്ന പല വാക്കുകളും പെൺവിരുദ്ധമായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നുണ്ടണ്ടെന്ന് മനസ്സിലാക്കേണ്ടത്, രാഷ്ട്രീയാഭിപ്രായം പറഞ്ഞ് ജീവിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതുകൊണ്ടൊക്കെയാണ് വേശ്യ ചീത്തവാക്കാകുന്നതിന് രാഷ്ട്രീയകാരണങ്ങളുണ്ടെന്ന് പറയുന്നത്. അത് ചീത്തവാക്കായി ഒരു പൊതുസ്ഥലത്ത് പ്രയോഗിക്കുമ്പോൾ നിങ്ങൾ ആരായാലും ആ സ്ത്രീവിരുദ്ധമനോനിലയാണ് പ്രകടിപ്പിക്കുന്നത്.

‘പുരുഷന് ഇഷ്ടമാകാത്ത സ്ത്രീകളെ വിശേഷിപ്പിക്കാനുള്ളത് ആയതിനാലാണ് ആ വാക്ക് തെറിവാക്കാകുന്നത്. ഒരാൾ അത് പ്രയോഗിക്കുമ്പോൾ വിശാലമായ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ വാഹകനാകുന്നുവെന്ന്’ സനീഷ് പറയുന്നു. ‘ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഞാൻ ആഷിക് അബുവിന്റെ വാളിൽ ചെന്നു നോക്കുന്നുണ്ട്. മൂപ്പരത് മാറ്റുമായിരിക്കും’ സനീഷ് കൂട്ടിച്ചേർക്കുന്നു.

ആഷിഖ് അബുവിന്റെ പോസ്റ്റ്