മാതൃഭൂമിയോട് ആഷിഖ് അബുവിന്റെ അഭ്യർത്ഥന; ”മനോരോഗികളെ ലേഖകൻമാരായി നിയമിക്കരുതേ”

ആദിവാസികളുടെ നിൽപ്പ് സമരത്തെ കളിയാക്കി മാതൃഭൂമി ദിനപത്രത്തിൽ വന്ന ലേഖനത്തിന് സംവിധായകൻ ആഷിഖ് അബുവിന്റെ മറുപടി. നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിനിമ പ്രവർത്തകരെ വിമർശിച്ചാണ് മാതൃഭൂമി സിനിമാ സെപ്ഷ്യൽ പേജിൽ ലേഖനം വന്നത്. സിനിമാ പ്രവർത്തകരുടെ ഐക്യദാർഢ്യം ഫേസ്ബുക്കിലും ക്യാമറയ്ക്കും മുൻപിൽ പ്രകടിപ്പിക്കാൻ മാത്രമുള്ളതാണെന്ന് ലേഖനത്തിൽ പറയുന്നു.
 | 

കൊച്ചി: ആദിവാസികളുടെ നിൽപ്പ് സമരത്തെ കളിയാക്കി മാതൃഭൂമി ദിനപത്രത്തിൽ വന്ന ലേഖനത്തിന് സംവിധായകൻ ആഷിഖ് അബുവിന്റെ മറുപടി. നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിനിമ പ്രവർത്തകരെ വിമർശിച്ചാണ് മാതൃഭൂമി സിനിമാ സെപ്ഷ്യൽ പേജിൽ ലേഖനം വന്നത്. സിനിമാ പ്രവർത്തകരുടെ ഐക്യദാർഢ്യം ഫേസ്ബുക്കിലും ക്യാമറയ്ക്കും മുൻപിൽ പ്രകടിപ്പിക്കാൻ മാത്രമുള്ളതാണെന്ന് ലേഖനത്തിൽ പറയുന്നു. വംശീയമായി ആദിവാസികളെ കളിയാക്കുന്ന തരത്തിലുള്ള വാക്കുകളും ലേഖനത്തിലുണ്ട്. ആദിവാസി സ്‌നേഹം..ഹോ എന്ന തലക്കെട്ടിലെഴുതിയ ലേഖനം ‘കട്ട് കട്ട് ഉപോദ്ബലകൻ’ എന്ന പേരിലുള്ള ആക്ഷേപ ഹാസ്യ പംക്തിയാണ് തയ്യാറാക്കിയത്.

”മഹത്തായ ചരിത്രമുള്ള മാതൃഭൂമി കുടുംബത്തോട് എളിയ അപേക്ഷ, മനോരോഗികളെ ലേഖകന്മാരായി നിയമിക്കരുതേ…!” എന്നാണ് ഫേസ്ബുക്കിലൂടെ മാതൃഭൂമിക്ക് ആഷിഖ് അബു നൽകിയ മറുപടി. ആഷിഖ് അബു, ശ്രീനാഥ് ഭാസി, മൈഥിലി തുടങ്ങിയവരായിരുന്നു നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തെത്തിയത്. ഇവർ മൂവരേയുമാണ് രൂക്ഷമായ ഭാഷയിൽ മാതൃഭൂമി അധിക്ഷേപിച്ചിരിക്കുന്നത്. പെരുച്ചാഴി സിനിമയിലെ അട്ടപ്പാടി പ്രയോഗത്തിനെതിരെ പ്രതികരിച്ച ഡോ. ബിജുവിനേയും ലേഖനത്തിൽ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. ആദിവാസികളെ അപരിഷ്‌കൃതരായാണ് ലേഖനത്തിന്റെ കൂടെയുള്ള കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. കാർട്ടൂണിൽ ആദിവാസികളെ കറുത്ത വർഗ്ഗക്കാരുടെ രൂപത്തിലും വൃത്തിയില്ലാത്തവരുമായുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

”കഴിഞ്ഞയാഴ്ച്ച അങ്ങനെ മൃഷ്ടാന്നം ഭുജിച്ച് മലർന്നുകിടക്കുന്ന സമയത്ത് ചിലരുടെ പള്ളയ്‌ക്കൊരു പിടുത്തും. എല്ലിന്റെ ഇടയിൽ എന്തോ കുത്തിക്കൊള്ളുന്നു. ഇനി ആരുടെയെങ്കിലും മുതുകത്ത് പാഞ്ഞുകയറിയേ പറ്റു. എന്നാൽ പിന്നെ കാട്ടിലേക്ക് കയറാം. കുറേനാളായി വിചാരിക്കുന്ന ഈ ആദിവാസി ആദിവാസി എന്ന പറയുന്ന ടീമിനെ ഒരരുക്കാക്കണമെന്ന്” അങ്ങനെയാണ് സിനിമാ പ്രവർത്തകർ ആദിവാസികൾക്ക് പിന്തുണമായെത്തിയതെന്ന് ലേഖനത്തിൽ പറയുന്നു.

ബ്രോ എന്ന് വിളിക്കുന്ന പാലുപയ്യൻ ഇടുക്കി ഗോൾഡുണ്ടാക്കുന്നവരെ കാണിച്ച തരാമെന്ന് പറഞ്ഞത് കൊണ്ടാണ് സമരം പന്തലിലേക്ക് വന്നതെന്നും നിൽപനടിയിൽ ബഹുകേമിയും അടിച്ചുപൂക്കുറ്റിയായാൽ നേരെ നിൽക്കാൻ പറ്റത്തവളാണ് സമരപന്തലിലെത്തിയ നായികയെന്നും ലേഖനത്തിൽ പറയുന്നു.