Monday , 13 July 2020
News Updates

സൈക്കിള്‍ യാത്ര ഇഷ്ടമാണോ? എന്നാല്‍ ഈ കുറിപ്പ് വായിച്ചോളൂ

സൈക്കിള്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെയും ശീലമാക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. വിദേശങ്ങളില്‍ സൈക്കിള്‍ യാത്ര ശീലമാക്കുന്നവര്‍ക്കായി വിവിധ തരത്തിലുള്ള സൈക്കിളുകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ സൈക്കിളുകളുടെ വൈവിധ്യം ഇന്ത്യയിലുണ്ടോ? സാധാരണ സവാരികള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും യോജിച്ച സൈക്കിളുകള്‍ ഏതാണ്? സൈക്കിള്‍ യാത്രാ പ്രേമിയായ അരുണ്‍ തഥാഗത് ഫെയിസ്ബുക്കിലെ സഞ്ചാരി ട്രാവല്‍ ഫോറം ഗ്രൂപ്പില്‍ എഴുതിയ കുറിപ്പ് വായിക്കാം

രണ്ട് ലക്ഷം രൂപയോ!
ഒരു സൈക്കിളിനോ?

എന്തു കൊണ്ടാണ് സൈക്കിളിനിത്ര വില?

ഇന്ത്യയിലെ സൈക്കിളുകളുടെ കാര്യം വലിയ തമാശയാണ്. സായിപ്പ് ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നപ്പോള്‍ നമ്മളെ ഏല്‍പിച്ചു പോയ അതേ സൈക്കിള്‍ തന്നെയാണ് നമ്മളിന്നും ഉപയോഗിക്കുന്നത്. ഒരു ചെയിനില്‍ പോലും വ്യത്യാസമില്ല. പക്ഷേ വിദേശീയര്‍ ഈ കാലം കൊണ്ട് ആയിരം മടങ്ങ് മുന്നോട്ട് പോയി. അപ്പോഴും ‘Basic concept’ വിടാന്‍ അവര്‍ ഇപ്പോഴും തയ്യാറല്ലെന്നുള്ളതാണ് വേറെ കാര്യം. അതായത് അവരുടെ Priority ‘ non moterized ‘ ആയിരിക്കണം എന്നതാണ്. എന്ന് പറഞ്ഞാല്‍ നമ്മള്‍ തന്നെ ചവിട്ടി സ്വന്തം ഊര്‍ജ്ജത്താല്‍ പ്രവര്‍ത്തിപ്പിക്കുന്നത് (പെട്രോളിയം ഉല്‍പന്നങ്ങള്‍ ഒന്നും കൂടാതെ ഓടുന്നതായിരിക്കണം). ഈ ഒരു കണ്‍സപ്റ്റില്‍ നിന്ന് കൊണ്ട് എന്നാല്‍ എങ്ങനെ ഏറ്റവും സ്മൂത്തായും കംഫര്‍ട്ടബിളായും ഓടിക്കാമെന്നതാണ് അവരുടെ ഗവേഷണങ്ങള്‍, അപ്‌ഡേറ്റുകള്‍ എല്ലാം.

പക്ഷേ നമ്മള്‍ ഇപ്പോഴും പണ്ടത്തേപ്പടി. ഇതില്‍ ഏറ്റവും വലിയ രസം, ഇവിടെയാണെങ്കില്‍ ആളുകള്‍ കരുതുക, ‘ഇത്രേം പൈസ മുടക്കി ചെയ്യുന്നതല്ലേ, അപ്പോ പെട്രോള്‍ വണ്ടിയോ മറ്റോ ആക്കാമെന്നാണ്. പക്ഷേ സായിപ്പ് അതിലൊരു കോംപ്രമൈസും ചെയ്യില്ല. basic concept വിട്ടൊരു കളിയുമില്ല. ഈ പ്രതിബദ്ധതയാണ് അവരുടെ മുഖമുദ്ര. ഏതൊരു പ്രവൃത്തിയിലും ഈ committment ഉം professionalism വും അവിടെയുണ്ടാകും. നമ്മളെപ്പോലെ എങ്ങനെയും ഒപ്പിക്കല്‍ എന്ന പരിപാടി അവര്‍ക്കില്ല. അങ്ങേയറ്റത്തെ പെര്‍ഫെക്ഷന്‍ ഉണ്ടാകണം എന്ന നിശ്ചയ ദാര്‍ഢ്യം അവരുടെ ശീലമാണ്.

ഓരോ ആവശ്യത്തിനും അനുസരിച്ച് ഓരോ Specification ഉള്ള സൈക്കിളാണ് .വേഗത്തില്‍ കൂടുതല്‍ ദൂരം കവര്‍ ചെയ്യാനായി റോഡ് ബൈക്ക് എന്ന സെഗ്മെന്റില്‍ വരുന്ന സൈക്കിളുകളാണ് അവര്‍ ഉപയോഗിക്കുക. എന്നാല്‍ ലോഡ് കയറ്റാന്‍ പറ്റില്ല എന്നതും മികച്ച റോഡുകളിലൂടെ മാത്രമേ ഓടിക്കാനാവൂ എന്നതിനാലും പഞ്ചര്‍ ആകാന്‍ സാധ്യത ഏറെയാണ് എന്നതുകൊണ്ടും ടയര്‍ ആയുസ്സ് കുറവാണ് എന്നതിനാലും റോഡ് ബൈക്ക് റേസുകളിലും സമാന സ്വഭാവമുള്ള യാത്രകളിലുമാണ് ഉപയോഗിക്കുക. ഇവിടെ കൂടുതല്‍ അനുയോജ്യം ഹൈബ്രിഡ് ബൈക്കുകളാണ്. റോഡ് ബൈക്കിന്റെ അത്ര വേഗത ഉണ്ടാവില്ലെങ്കിലും അത്യാവശ്യം നമ്മുടെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ ഇതാണനുയോജ്യം.

നമ്മള്‍ ‘സൈക്കിള്‍’ എന്ന് വിളിക്കുമ്പോള്‍ സായിപ്പ് അതിനെ പറയുന്നത് ‘ബൈക്ക്’ എന്നാണ്. നമ്മുടെ നാട്ടിലെ ബൈക്ക് എന്ന് വിളിക്കുന്നതിനെ അവര്‍ മോട്ടോര്‍ സൈക്കിളെന്നും. ഇതെല്ലാം നമുക്ക് തന്ന അവര്‍ വിളിക്കുന്ന പേര് തന്നെയാണ് നമ്മളും വിളിക്കേണ്ടത്. കാരണം ഇതൊന്നും, ഇതില്‍ ഒരു ചെയിന്‍ പോലും, നമ്മള്‍ നമ്മള്‍ കണ്ടു പിടിച്ചതല്ലല്ലോ. നമ്മള്‍ എല്ലായിടത്തും ഉള്‍ട്ട ആയിപ്പോയി. എന്തു പറയാനാ!

വേറെ എടുത്ത് പറയേണ്ടത്, ടൂറിംഗ് ബൈക്കുകളെക്കുറിച്ചാണ്. വളരെ അപൂര്‍വ്വമായൊരു സെഗ്മെന്റാണത്. വിദേശങ്ങളില്‍ ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ സൈക്കിള്‍ സഞ്ചാരികളാണ്. മാസങ്ങളും പലപ്പോഴും വര്‍ഷങ്ങളും നീണ്ട് നില്‍ക്കുന്ന നിരന്തര wanderlust യാത്രകള്‍ അവരുടെ സംസ്‌കാരമാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു സംവിധാനം പോലുമില്ലാത്തത് കൊണ്ട് നമുക്കിത് മനസ്സിലാകുക പോലുമില്ല.
ഇത്തരം യാത്രകള്‍ക്കുപയോഗിക്കുന്ന ടൂറിങ്ങ് ബൈക്കിന് മറ്റുള്ള സൈക്കിളില്‍ നിന്നുണ്ടാകേണ്ട പ്രധാന വ്യത്യാസങ്ങളിലൊന്ന് അതിലൊരുപാട് ലോഡ് കയറ്റാന്‍ പറ്റണം എന്നുള്ളതാണ്. ഡ്രസ്സ്, കിറ്റ്, ഭക്ഷണ സാധനങ്ങള്‍, ക്യാമറ, അല്‍ക്കുല്‍ത്തകള്‍,
വഗേര.

ഇവയെല്ലാം കയറ്റി ഏത് കയറ്റവും പൊട്ടിപ്പൊളിഞ്ഞ റോഡുകളും മണല്‍പ്പരപ്പുകളും നോണ്‍ സ്റ്റോപ്പ് ആയി നീങ്ങാന്‍ പറ്റണം. അതാണ് അവരുടെ പ്രാഥമിക ആവശ്യം. പിന്നെ അറ്റകുറ്റപ്പണികള്‍ സ്വയം ചെയ്യാനും പറ്റണം. കാലങ്ങളോളം ചെളിയിലും എല്ലാം കിടന്നാലും തുരുമ്പെടുക്കാത്തത്ര quality മെറ്റല്‍ ആകണം.
കുണ്ടിലും കുഴിയിലും വീണാലും പൊട്ടിപ്പോകാത്തത്ര strong ആകണം. എല്ലാറ്റിനുമുപരിയായി യാത്രാസുഖവും വേണം. ആയാസമില്ലാതെ കയറ്റം കയറാനും പറ്റണം. ആയുസ്സുണ്ടാവണം.
ഈ രീതിയിലാണവര്‍ ടൂറിങ്ങ് ബൈക്ക് എന്ന സെഗ്മെന്റ് ഡിസൈന്‍ ചെയ്യുന്നത്.

ഇപ്പോ നമ്മുടെ നാട്ടിലും ഗുണനിലവാരമുള്ള സൈക്കിള്‍ എത്തിത്തുടങ്ങുന്നുണ്ട്. അത് റോഡ് ബൈക്കിലും ഹൈബ്രിഡു കളിലും പൊട്ടിപ്പൊളിഞ്ഞ മലമ്പാതകള്‍ കയറാനുപയോഗിക്കുന്ന എംടിബികളിലും എത്തിയിട്ടുണ്ട്. പക്ഷേ ടൂറിംഗ് ബൈക്ക് ഇവിടെ ആരും വാങ്ങിയിട്ടില്ല. കാരണം നമുക്കങ്ങനെ അലസയാത്ര എന്നൊരു കണ്‍സപ്റ്റ് തന്നെയില്ല. അതിനാല്‍ ഇത് Import ചെയ്യേണ്ടി വന്നു. ഞാനിതിന് വേണ്ടി ഒരു മൂന്ന് നാല് വര്‍ഷം പഠിക്കുകയും അലയുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഇങ്ങനെയൊരു സെഗ്മെന്റുമില്ല, അതിന് വേണ്ടിയുള്ള ധാരണകളുമില്ല. സൈക്കിള്‍ ഷോപ്പുകാര്‍ക്കും വലിയ ധാരണയില്ലെന്നതാണ് ഇവിടുത്തെ അവസ്ഥ. ആകെ ചെയ്യാന്‍ പറ്റുന്നത് ഗൂഗിള്‍ ഭഗവാനിലും യൂ – ട്യൂബ് ദേവിയിലും അഭയം പ്രാപിക്കുക മാത്രം.

ഞാനിങ്ങനെ അഞ്ചാറ് മാസം യൂട്യൂബ് വീഡിയോസും ലോകയാത്രികരുടെ അനുഭവങ്ങളും റിവ്യൂകളും നിരന്തരം നോക്കി നോക്കി ഒടുവിലാണ് ടൂറിംഗ് ബൈക്ക് തിരഞ്ഞെടുത്തത്. പത്തുലക്ഷത്തിനും മുകളില്‍ വിലയുള്ള സൂപ്പര്‍ ഐറ്റംസ് ഉണ്ട്. പക്ഷേ, അത്രയൊന്നും നമുക്ക് പോകാന്‍ പറ്റില്ലല്ലോ???
സെഗ്മെന്റ് തുടങ്ങുന്നത് തന്നെ ഏകദേശം ഒരു ലക്ഷത്തിലാണ് .
നുമ്മ എത്തിച്ചേര്‍ന്നത് surley Disc Trucker ‘ എന്ന അമേരിക്കന്‍ മോഡലാണ്. നുമ്മ സോഷ്യലിസവും കമ്മ്യൂണിസവും വിട്ട് അമേരിക്കയുമായുള്ള അന്തര്‍ധാര സജീവമാക്കുന്നതിന്റെ ഭാഗമായിക്കൂടെയാണ് അമേരിക്കന്‍ നിര്‍മ്മിത മോഡല്‍ തിരഞ്ഞെടുത്തത്.

കാര്യം സൈക്കിള്‍ എഞ്ചിനീയറിംഗില്‍ ജര്‍മ്മന്‍ – ഇറ്റാലിയന്‍ ബ്രാന്‍ഡ് കമ്പനികള്‍ സൂപ്പറാണെങ്കിലും ടൂറിംഗ് ബൈക്കില്‍ അമേരിക്ക അവരെ കടത്തി വെട്ടുന്നു. സൈക്കിള്‍ മേഖലയില്‍ ക്വാളിറ്റിയില്‍ അമേരിക്കന്‍ കമ്പനികളുടെ പടയോട്ടമാണ്. ലോക സഞ്ചാരികളുടെ റിവ്യൂകളില്‍ നിരന്തരം ഒന്നാം സ്ഥാനം surly LHT (disc brake ഇല്ലാത്ത model) യ്ക്കാണ്. ഏറ്റവും മികച്ച ഒന്നാണിത്. കേരളത്തിലോ ഇന്ത്യയിലോ ഇതെടുത്ത ഒരു മനുഷ്യനുമില്ല. അത്‌കൊണ്ട് അഭിപ്രായം ഒന്നും ചോദിച്ച് എടുക്കാന്‍ പറ്റിയില്ല. എടുത്ത ആളെപ്പോയിട്ട് ഈ യശസല കണ്ടിട്ടുള്ള ആള്‍ പോലും ഇവിടില്ല.

അപ്പോ അതേ രണ്ടും കല്‍പ്പിച്ചെടുക്കുക മാത്രമേ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ. ഇപ്പോ ഉപയോച്ച് നോക്കിയപ്പോഴാണ് കൂടുതല്‍ ഇഷ്ട്ടമായത്.ഏത് വന്‍ കയറ്റവും ലോഡും വച്ച് സുഖമായി ചവിട്ടി കയറ്റാം. ആദ്യ ദിവസം തന്നെ 90 കിലോമീറ്റര്‍ കോഴിക്കോട് നിന്നും മണ്ണാര്‍ക്കാടിനടുത്ത് വരെ കുത്തനെയുള്ള കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചതിനാല്‍ ഇത് നല്‍കിയ ആത്മ വിശ്വാസം ചെറുതല്ല. നിരപ്പായ റോട്ടില്‍ 180 കിലോമീറ്റര്‍ ചവിട്ടുന്നതിന് സമാനമാണിത്.
surly സംഭവം സൂപ്പറാണ്.

സെപ്തംബറില്‍ തീരുമാനിച്ചിരുന്ന അഖിലേന്ത്യാ പര്യടനവും തുടര്‍ന്നുള്ള ലോക പര്യടനത്തിന്റെ ഒന്നാം ഘട്ടം തായ്‌ലാന്റ് പര്യടനവും നടത്താന്‍ അത് വരെ കാത്തിരിക്കാന്‍ വയ്യേ. പേപ്പറുകള്‍ ശര്യായാല്‍ ദിപ്പ ഒടനുണ്ടാകും.

വാല്‍ക്കഷണം:
ഫോറിന്‍ സൈക്കിളുകള്‍ മിക്കതിന്റേയും ബ്രേക്ക് നമ്മുടേതില്‍ നിന്നും ഉള്‍ട്ട ആണ്. അതായത് വലത്തേ ബ്രേക്ക് പിടിച്ചാലേ ബാക്ക് വീല്‍ നില്‍ക്കൂ. ശീലം വച്ച് ഇടത്തേ ബ്രേക്ക് പിടിച്ചാല്‍ ഫ്രണ്ട് വീല്‍ മാത്രം നില്‍ക്കുകയും വണ്ടി തലകുത്തി മറയുകയും ചെയ്യും. ഇത്രയും കയറ്റിറക്കങ്ങള്‍ ഓടിച്ച് 3 ദിവസം കഴിഞ്ഞിട്ടാണ് ഞാനീ സംഭവം അറിയുന്നത്. ഒന്നുമറിയില്ലായിരുന്നു അവിടെ പലയിടത്തും റോഡ് പണി നടക്കുന്നതിനാല്‍ കുത്തനെ ഇറക്കത്തില്‍ പലപ്പോഴും പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നിരുന്നു. ഭാഗ്യത്തിന് രണ്ട് ബ്രേക്കും ഒരുമിച്ച് ഉപയോഗിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍….

2) ബൈക്കിനെപ്പറ്റിയും എന്തിന് ടൂറിംഗ് ബൈക്കിനെപ്പറ്റി മാത്രം ഡീറ്റെയില്‍ ആയി പ്രതിപാദിക്കുന്ന ബുക്കുകള്‍ വിദേശത്ത് ലഭ്യമാണ്.
ബൈക്ക് ഫിറ്റര്‍ എന്ന പേരില്‍ തിരഞ്ഞെടുത്ത ഏത് ബ്രാന്‍ഡ് ബൈക്കും ആകട്ടെ, ഓരോരുത്തരുടെയും നീളം, കാല്‍ നീളം, ഷോള്‍ഡര്‍ നീളം ഇങ്ങനെ പല ജ്യോമട്രികളും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിക്കും അനുസരിച്ച് ബൈക്ക് സൈസ് പലതാണ്. ഇത് തീരുമാനിക്കുന്നത് ബൈക്ക് ഫിറ്റര്‍ ആണ്.
അതിനവര്‍ക്ക് കനത്ത ചാര്‍ജ് ഉണ്ട്. ഇങ്ങനെ സൈക്കിള്‍ എന്ന മഹാസമുദ്രത്തിലെ ഏതാനും മണല്‍ത്തരികള്‍ മാത്രമാണ് ഇവിടെ പകര്‍ന്നിട്ടുള്ളത്. കേരളത്തിലെ മിക്കവാറും എല്ലാ ബൈക്ക് ഷോറൂംകാരും ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ തക്ക അറിവുള്ളവരാണ്. അവര്‍ക്കത് അങ്ങേയറ്റത്തെ സന്തോഷവുമാണ്.

surly Disc Trucker Bike കമ്മീഷനില്ലാതെ ഇംപോര്‍ട്ട് ചെയ്ത് തന്ന കോഴിക്കോട്ടെ Boat rider Bike shop നും അതിന്റെ ഉടമ പ്രിയ സുഹൃത്ത് സാനന്ദിനും നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നിര്‍ദ്ദേശങ്ങളുമായി സ്‌നേഹപൂര്‍വ്വം ഒപ്പം നിന്ന വിവിധ Bike show room proprieter സുഹൃത്തുക്കള്‍ക്കും നന്ദി.
അരുണ്‍ തഥാഗത്

DONT MISS