വ്യാജ പേജിനെതിരെ പരാതി; സുബ്രഹ്മണ്യം സ്വാമിയുടെ യഥാർത്ഥ പേജ് ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ കാര്യത്തിൽ ഇപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നത്. വ്യാജനാണെന്ന് കരുതി അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് പേജ് ആരാധകർ സംയുക്തമായി ചേർന്ന് നിശ്ചലമാക്കിയിരിക്കുന്നു.
 | 

വ്യാജ പേജിനെതിരെ പരാതി; സുബ്രഹ്മണ്യം സ്വാമിയുടെ യഥാർത്ഥ പേജ് ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു
ബംഗളൂരു:
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ കാര്യത്തിൽ ഇപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നത്. വ്യാജനാണെന്ന് കരുതി അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് പേജ് ആരാധകർ സംയുക്തമായി ചേർന്ന് നിശ്ചലമാക്കിയിരിക്കുന്നു.

രണ്ടു പേജും തമ്മിൽ അത്രക്ക് സാമ്യം ഉണ്ടായിരുന്നു എന്നാണ് വിമർശകർ പറയുന്നത്. രണ്ടിലും അവിശ്വസനീയ കഥകളുടെ ഘോഷയാത്രയായിരുന്നു. സംഭവങ്ങളുടെ തുടക്കം കഴിഞ്ഞയാഴ്ചയാണ്. കൃത്യമായി പറഞ്ഞാൽ, തന്റെ വ്യാജ ഫേസ്ബുക്ക് പേജിനേക്കുറിച്ച് സ്വാമി ട്വിറ്ററിൽ എഴുതിയത് മുതൽ. ട്വിറ്റർ അക്കൗണ്ട് വേരിഫൈഡ് ആയതിനാൽ സംഘപരിവാർ അനുയായികളായ സ്വാമി ആരാധകർ ആ കുറിപ്പിനെ അവിശ്വസിച്ചില്ല. മണ്ടത്തരങ്ങൾ തുടർച്ചയായി പോസ്റ്റ് ചെയ്ത് രാജ്യത്തെ പരിവാർ സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വ്യാജനെതിരെ സംഘടിതമായി പരാതികളയക്കാൻ തുടങ്ങി. മാസ് റിപ്പോർട്ടിംഗ് എന്ന് പറയുന്ന പരിപാടി മുൻപും പലരുടേയും പ്രൊഫൈൽ നാശത്തിന് കാരണമായിട്ടുണ്ട്.

സ്വാമി ആരാധകരുടെ സംഘം ചേർന്നുള്ള പരാതി അയക്കലിന് ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് ഒരാഴ്ച കൊണ്ട് മറുപടി വന്നു. ആ പേജ് സസ്‌പെൻഡ് ചെയ്തു. അപ്പോഴാണ് സുബ്രഹ്മണ്യം സ്വാമി മനസിലാക്കിയത് തന്റെ യഥാർത്ഥ പേജിനെതിരെയായിരുന്നു അനുയായികളുടെ കൂട്ടയാക്രമണമെന്ന്. എന്തായാലും 19,000 ലൈക്കുമായി വ്യാജ പേജ് സോഷ്യൽമീഡിയയിൽ ഇപ്പോഴും സജീവമാണ്. പത്തുലക്ഷം ലൈക്കുകൾ ഉണ്ടായിരുന്ന യഥാർത്ഥ പേജ് പോയി. രണ്ടും വേരിഫൈഡ് അല്ലായിരുന്നു എന്ന കാര്യം ഓർക്കാതെ ട്വിറ്ററിൽ വ്യാജനേക്കുറിച്ച് എഴുതിയതാണ് സ്വാമിക്ക് വിനയായത്.

ശംഖനാഥ് എന്നയാളായിരുന്ന സ്വാമിയുടെ യഥാർത്ഥ പേജ് കൈക്കാര്യം ചെയ്തിരുന്നത്. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാനുള്ള ഫേസ്ബുക്ക് പോളിസികളാണ് സ്വാമിയുടെ പേജിനും പാരയായത്.