ട്വിറ്ററിൽ ചരിത്രം കുറിച്ച് ‘ജെസ്യൂസ് ഷാർളി’ ഹാഷ് ടാഗ്

ട്വിറ്ററിന്റെ ചരിത്രത്തിലെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് 'ജെസ്യൂസ് ഷാർളി' (ഞാനും ചാർളിയാണ്) എന്ന ഹാഷ് ടാഗ്.
 | 
ട്വിറ്ററിൽ ചരിത്രം കുറിച്ച് ‘ജെസ്യൂസ് ഷാർളി’ ഹാഷ് ടാഗ്

 

ന്യൂയോർക്ക്: ട്വിറ്ററിന്റെ ചരിത്രത്തിലെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ‘ജെസ്യൂസ് ഷാർളി’ (ഞാനും ഷാർളിയാണ്) എന്ന ഹാഷ് ടാഗ്. പാരീസിലെ ആക്ഷേപഹാസ്യ മാസികയായ ഷാർളി എബ്ദോയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 50 ലക്ഷത്തിലധികം തവണയാണ് ടാഗ് ട്വീറ്റ് ചെയ്യപ്പെട്ടത്. ട്വിറ്റർ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശരാശരി മിനിറ്റിൽ 6,300 തവണയാണ് ഹാഷ് ടാഗ് ട്വീറ്റ് ചെയ്യപ്പെടുന്നത്. ഫേസ്ബുക്കിലും ഈ ഹാഷ് ടാഗ് വ്യാപകമായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് പാരീസിലെ ഷാർളി എബ്ദോ എന്ന ആക്ഷേപഹാസ്യ മാസികയിൽ മൂന്ന് അക്രമികൾ വെടിവെയ്പ്പ് നടത്തിയത്. ആക്രമണത്തിൽ പത്രാധിപരടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.

ഫെർഗൂസൺ ഹാഷ് ടാഗാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തവണ ട്വീറ്റ് ചെയ്യപ്പെട്ടത്. മിസൂറി നഗരത്തിൽ കറുത്ത വർഗക്കാരനായ യുവാവിനെ വെള്ളക്കാരനായ പോലീസ് വെടിവെച്ച് കൊന്ന വംശീയഹത്യയ്‌ക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണിത് പ്രചരിച്ചത്. നൈജീരിയയിൽ ബൊക്കോ ഹറാം തീവ്രവാദികൾ തടവിലാക്കിയ പെൺകുട്ടികളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ‘ബ്രിംഗ് ബാക്ക് അവർ ഗേൾസ്’ ഹാഷ് ടാഗും വൻ പ്രചാരം നേടിയിരുന്നു.