രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ക്യാംപയ്ന്‍

മലയാള സിനിമാ താരങ്ങളുടെ സംഘടനയില് നിന്ന് രാജിവെച്ച നടിമാര്ക്ക് പിന്തുണയുമായി മാധ്യമ പ്രവര്ത്തകരുടെ സോഷ്യല് മീഡിയാ ക്യാംപയ്ന്. സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്കിറങ്ങി വരാനുള്ള ആ നാല് സ്ത്രീകളുടെ തീരുമാനത്തെ ഞങ്ങള് മാധ്യമ പ്രവര്ത്തകര് ബഹുമാനിക്കുന്നുവെന്ന് ക്യാംപയ്ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഫെയിസ് കുറിപ്പില് അവര് വ്യക്തമാക്കുന്നു.
 | 

രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ക്യാംപയ്ന്‍

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ക്യാംപയ്ന്‍. സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്കിറങ്ങി വരാനുള്ള ആ നാല് സ്ത്രീകളുടെ തീരുമാനത്തെ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ബഹുമാനിക്കുന്നുവെന്ന് ക്യാംപയ്‌ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഫെയിസ് കുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നു.

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതികളിലൊരാളായ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു രാജി. ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചത്. സംഘടനുടെ പേര് അമ്മയെന്ന് അഭിസംഭോദന ചെയ്യാതെ A.M.M.A എന്നാണ് ക്യാംപയ്ന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രമുഖരായ പല മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ക്യാംപയ്ന്‍ ഏറ്റെടുത്തിട്ടുണ്ട്. #MediaWithTheSurvivor എന്ന ഹാഷ് ടാഗിലാണ് ക്യാംപയ്ന്‍.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

സിനിമാ അഭിനേതാക്കളുടെ സംഘടനയായ A.M.M.A യില്‍ നിന്ന്, നേതൃത്വത്തില്‍ അവിശ്വാസവും വിയോജിപ്പും പരസ്യമായി രേഖപ്പെടുത്തിക്കൊണ്ട് ധീരമായി രാജിവെച്ച ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍.

ലൈംഗികാക്രമണത്തെ അതിജീവിച്ച ആ അഭിനേതാവ് പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത് സമാനതകളില്ലാത്ത ഉദാഹരണമായാണ്. സ്വന്തം ശരീരത്തിനും ലൈംഗികതയ്ക്കും മനസ്സിനും മേല്‍ ആക്രമണം നടത്തിയവരേയും അതിന് ക്വട്ടേഷന്‍ കൊടുത്തവരേയും അതുകണ്ടുനിന്നവരേയും ആക്രമിച്ചവരെ സംരക്ഷിക്കാന്‍ ശ്രമിച്ചവരേയും ചോദ്യം ചെയ്ത് A.M.M.A എന്ന സംഘടനയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം ചരിത്രപരമായ ഒന്നാണ്. സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്കിറങ്ങി വരാനുള്ള ആ നാല് സ്ത്രീകളുടെ തീരുമാനത്തെ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ബഹുമാനിക്കുന്നു. ഒട്ടും എളുപ്പമല്ലാത്ത, അധികമാര്‍ക്കും എടുക്കാന്‍ കഴിയാത്ത ആ രാജി തീരുമാനം ഭാവനയും റിമയും ഗീതുവും രമ്യയും എടുത്തിട്ടുണ്ടെങ്കില്‍ അത് നിയമവ്യവസ്ഥയോടും രാഷ്ട്രീയ നേതൃത്വങ്ങളോടും മനുഷ്യരോടും മാധ്യമങ്ങളോടുമുള്ള വിശ്വാസം കൊണ്ടാണ്. അവര്‍ മനുഷ്യരോടും നിയമത്തോടും മാധ്യമങ്ങളോടും ജനാധിപത്യത്തോടും പുലര്‍ത്തുന്ന വിശ്വാസം ഞങ്ങളുടെ കൂടി വിശ്വാസമായി ഏറ്റെടുക്കുന്നു. നിരുപാധികം അവര്‍ക്കൊപ്പം നില്‍ക്കുന്നു.

#MediaWithTheSurvivor