കല്യാൺ സാരീസ് മുതലാളി തകഴിയുടെ ‘തെണ്ടിവർഗ്ഗം’ വായിക്കണമെന്ന് എസ് ശാരദക്കുട്ടി

കല്യാൺ സാരീസ് മാനേജ്മെന്റ് തകഴിയുടെ 'തെണ്ടിവർഗ്ഗം' എന്ന നോവൽ വായിക്കണമെന്ന് പ്രമുഖ നിരൂപക പ്രൊ.എസ് ശാരദക്കുട്ടി.
 | 

കല്യാൺ സാരീസ് മുതലാളി തകഴിയുടെ ‘തെണ്ടിവർഗ്ഗം’ വായിക്കണമെന്ന് എസ് ശാരദക്കുട്ടി
കൊച്ചി: കല്യാൺ സാരീസ് മാനേജ്‌മെന്റ് തകഴിയുടെ ‘തെണ്ടിവർഗ്ഗം’ എന്ന നോവൽ വായിക്കണമെന്ന് പ്രമുഖ നിരൂപക പ്രൊ.എസ് ശാരദക്കുട്ടി. തൃശൂരിൽ നടക്കുന്ന ഇരിക്കൽ സമരത്തിന് പിന്തുണയർപ്പിച്ച് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ശാരദക്കുട്ടി ടീച്ചർ കല്ല്യാൺ ഉടമകൾക്ക് മുന്നറിയിപ്പ് നൽകുന്നത്. മുതലാളി വർഗം ചൂഷണം ചെയ്ത ജനതയുടെ പിൻ തലമുറ അവരോട് പ്രതികാരം ചെയ്യുന്നതിന്റെ കഥയാണ് തെണ്ടിവർഗം.

അതേ ഗതി നിങ്ങൾക്കും വരുമെന്ന് ടീച്ചർ കല്ല്യാൺ ഉടമകളോട് പറയുന്നു. അവകാശങ്ങളേക്കുറിച്ച് എക്കാലവും ഒരു ജനം  നിശ്ശബ്ദരായിരിക്കില്ലെന്നും അവർ സൂചിപ്പിക്കുന്നു. ദൃശ്യമാധ്യമങ്ങളും പത്രക്കാരും ഭരണകൂടവും നിങ്ങളുടെ കയ്യിലാണ്. പക്ഷേ ചരിത്രം നിങ്ങളെ കാണുന്നുണ്ടെന്ന് പ്രൊഫ.ശാദരക്കുട്ടി പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ വായിക്കാം.

തകഴിയുടെ തെണ്ടിവർഗ്ഗം എന്ന നോവലിലെ കേശു ഉയർന്നു നിൽക്കുന്ന ഓരോ മണിമാളികയിലെക്കും നോക്കിക്കൊണ്ട് ചോദിക്കുന്നുണ്ട് ‘എങ്ങനെയാണ് ഞങ്ങൾ തെണ്ടികളായത്’ എന്ന്. ഓരോരോത്തർക്കും ജീവിതത്തിൽ ഓരോ പദ്ധതികളുണ്ട്. കേശുവിന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു അവനെ മിടുക്കനായി പഠിപ്പിക്കണം എന്നും അവന്റെ ഭാര്യയും കുട്ടികളും ഒന്നിച്ചു ഒരു ചെറിയ കൂര പണിത് അതിൽ കഞ്ഞി വെച്ച് കുടിച്ചു കിടക്കണം എന്നും.പക്ഷെ മുതലാളി വർഗ്ഗം അവന്റെ അമ്മയുടെഉൾപ്പെടെ അനേകം സാധുക്കളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വലിയവരായി.

അവകാശങ്ങൾ ചോദിച്ചവരെ പിരിച്ചു വിട്ടു. നിശ്ശബ്ദരായ തെണ്ടികളിൽ നിന്നും വീണ്ടും പുതിയവരെ പണിക്കെടുത്തു. അവരും ശബ്ദമുള്ളവർ ആയപ്പോൾ, സംഘടിക്കുമ്പോൾ അവരെയും പിരിച്ചു വിട്ടു. അങ്ങനെ മുതലാളിമാർ വലിയവരായി. മണിമാളികകൾ പണിത്, അതിൽ സുഖമായി ഉറങ്ങി. കേശുവിന്റെ അമ്മ തെരുവിൽ അവനും പെങ്ങൾക്കുംകഞ്ഞി വെച്ച് കൊടുത്ത്. തെരുവിൽ കിടന്നു മരിച്ചു.

ഇങ്ങനെ തെണ്ടികളെ പെറ്റ് കൂട്ടുവാൻ അല്ലായിരുന്നു ഞങ്ങളുടെ പദ്ധതി എന്ന് അവർ നെടുവീർപ്പിട്ടു. അതിനായിരുന്നില്ല ഞങ്ങൾ പാടത്തും പറമ്പിലും പണിതത് എന്നവർ നിലവിളിച്ചു. കേശുവിന്റെ പെങ്ങൾ മുതലാളിമാരുടെ ആരുടെയോ കുഞ്ഞിനെ പെറ്റ് തെരുവിൽ അലഞ്ഞു തെരുവിൽ കിടന്നു മരിച്ചു. കേശു തന്റെ അമ്മയുടെ, അനേകം അമ്മമാരുടെ പദ്ധതികൾ പൊളിച്ചു കളഞ്ഞ മുതലാളിമാരുടെ മണി മാളികകളിലേക്ക് അരയിൽ തിരുകിയ കഠാരയും മനസ്സിൽ പുകയുന്ന പകയുമായി തക്കം പാർത്തു നടന്നു.

കല്യാൺ സിൽക്‌സ് ഉൾപ്പെടയുള്ള വ്യാപാര സ്ഥാപങ്ങളിലെ മുതലാളിമാർ വായിക്കണം ആ നോവൽ. കഠാരയുമായി ഒളിച്ചും പാർത്തും തക്കം നോക്കി നടക്കുന്ന ഒരു മകൻ നിങ്ങൾക്ക് ചുറ്റും ഉണ്ടെന്ന ജാഗ്രത വേണം. ദൃശ്യമാധ്യമങ്ങളും പത്രക്കാരും ഭരണകൂടവും നിങ്ങളുടെ കയ്യിലാണ്. നിങ്ങളാണ് തെണ്ടി വർഗ്ഗത്തെ ഉണ്ടാക്കുന്നത്. നിങ്ങളാണ് അമ്മമാരെ കൊല്ലുന്നത്. നിങ്ങളാണ് കൊലപാതകികളെയും ബാലാൽസംഗക്കാരെയും സൃഷ്ടിക്കുന്നത്.

ഇരിക്കൽ സമരപ്പന്തലിൽ തകഴിയുടെ തെണ്ടി വർഗ്ഗം എന്ന നോവൽ വായിക്കപ്പെടണം. മുതലാളി വർഗ്ഗം കേൾക്കെ അത് അവിടെ മുഴങ്ങട്ടെ.